അമാര അഡിബായോ/ ബിനീഷ് തോമസ് എഴുതിയ കഥ

അമാര അഡിബായോഅപ്പോൾ മുരിക്കിൻപൂവിന്റെ ഗന്ധമല്ല, വിശുദ്ധിയുടെ ഗന്ധമാണ് അവൾക്കെന്ന് അയാൾക്ക് തോന്നി…

നാമയിലേക്കുള്ള ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കാൻ തുടങ്ങിയിട്ട് ഏറെനേരമായിരുന്നെങ്കിലും അതിന്റെ മുഷിവ് അയാളെ ബാധിച്ചിരുന്നില്ല. ഇവിടെ വന്നതിനു ശേഷമുള്ള ഓരോ ബസ് യാത്രയും അയാൾക്ക് വ്യത്യസ്ഥങ്ങളായ അനുഭവങ്ങളാണ് സമ്മാനിച്ചിരുന്നത്. ബസിൽ അടുത്തിരുന്നയാളുടെ ദേഹത്തുനിന്ന് പ്രവഹിക്കുന്ന കടുത്ത പരിമളം അയാളെ അസ്വസ്ഥനാക്കിയിരുന്നു. ഫോണിൽ മുഖം പൂഴ്ത്തിയിരിക്കുന്ന സഹയാത്രികൻ തനിക്ക് ശല്യമൊന്നും ചെയ്യുന്നില്ലല്ലോ എന്നോർത്ത് അയാൾ സമാധാനിച്ചു.

തൊട്ടുമുമ്പിലുള്ള സീറ്റിലിരുന്ന ഫിലിപ്പിനോ പെണ്ണുങ്ങൾ പരസ്പരം അയാൾക്കറിയാത്ത ഭാഷയിൽ കലപില സംസാരിക്കുന്നുണ്ടായിരുന്നു. പെണ്ണുങ്ങൾ ഏത് രാജ്യക്കാരായാലും ഒരു പോലെയാണോ. അയാളോർത്തു. അയാളുടെ മനസ്സ് പതിവില്ലാത്ത വിധം സന്തോഷഭരിതമായിരുന്നു. ഏറെക്കാലത്തെ ഹൃദയബന്ധമുള്ള ഒരാളെ ആദ്യമായി കാണുവാനായിരുന്നു ആ യാത്ര.

അവരെ താൻ എപ്പോഴാണ് ആദ്യമായി പരിചയപ്പെട്ടത്. ഒരു ദിവസം ഓഫീസിൽ തിരക്കിട്ട ജോലികൾക്കിടയിലാണ് ആ ഫോൺ വന്നതെന്ന് അയാൾ ഓർമ്മിച്ചെടുത്തു. ഹെഡ് ഓഫീസിലേക്ക് അത്യാവശ്യമായി കുറച്ചു ഫയലുകൾ അയയ്ക്കേണ്ടതുണ്ടായിരുന്നതിനാൽ തലേന്ന് വൈകിയാണ് അയാൾ ഓഫീസിൽ നിന്നിറങ്ങിയത്. വൈകി ഇറങ്ങുന്നത് അടുത്ത ദിവസം വൈകി വരാനുള്ള ന്യായീകരണമല്ല എന്ന് മാനേജർ എപ്പോഴും ഓർമ്മിപ്പിക്കുന്നത് അയാളുടെ മനസ്സിലുണ്ടായിരുന്നു. തലേന്നത്തെ ഉറക്കച്ചടവും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇടയ്ക്കിടെ അയാളെ അലട്ടിയിരുന്ന നിരാശയും തീർത്ത ബുദ്ധിമുട്ടുകൾക്കിടയിൽ കൈമുട്ടുകളൂന്നി ഇരിക്കുമ്പോഴാണ് ആ ഫോൺ വന്നത്.

ഒരുസ്ത്രീയായിരുന്നു. അയാളാദ്യം ഒന്നമ്പരന്നു. തന്നെ വിളിക്കാൻ ഒരു സ്ത്രീയോ. ഓഫീസ് ഫോൺ പോലും അയാൾക്ക് അറ്റൻഡ് ചെയ്യേണ്ട സാഹചര്യം അതുവരെ വന്നിട്ടുണ്ടായിരുന്നില്ല. തന്റെ കണക്കുകൾക്കിടയിൽ മാത്രമായിരുന്നു ഒരർഥത്തിൽ അയാളൂടെ ജീവിതം. ഓഫീസ് സമയം കഴിഞ്ഞാൽ തന്റെ ഷെയറിങ് റൂമിലെത്തും. ബെഡ്ഡിൽ മലർന്നുകിടന്നുകൊണ്ട് കുറച്ചുസമയം ഫോണിൽ ചുരമാന്തും. അതിനുശേഷം തന്റെ ദുർവിധിയെ പഴിച്ചൂകൊണ്ട് കുറച്ചുനേരം ഫാനിൽ നോക്കിക്കിടക്കും. അധികം കാര്യങ്ങളിൽ ഇടപെട്ട് മനസ്സിനെ അസ്വസ്ഥമാക്കാത്തതുകൊണ്ട് ഉറക്കം അയാളെ വേഗം അനുഗ്രഹിച്ചിരുന്നു. സ്വന്തം ഫോണിൽ അപൂർവമായി മാത്രമാണ് കോളുകൾ വരുന്നതെന്ന സത്യം അയാൾക്ക് മനസ്സിലായിരുന്നു. പ്രവാസിയെ ആരും ഇങ്ങോട്ടു വിളിച്ച് വിശേഷം പറയാറില്ല. അങ്ങോട്ടുള്ള വിളികൾക്ക് ആരുമത്ര വിസ്തരിച്ച് മറുപടി പറയാറുമില്ല. അതുകൊണ്ടുതന്നെ ഫോണിലെ സ്ത്രീശബ്ദം അയാളെ അതിശയിപ്പിച്ചു.

ഉച്ചാരണം വ്യക്തമല്ലാത്ത ഇംഗ്ലീഷിൽ ആ സ്ത്രീ സഹായം അഭ്യർഥിക്കുകയാണെന്ന് അയാൾക്ക് മനസ്സിലായി. വ്യക്തമായി മനസ്സിലായില്ലെങ്കിലും ഒരു വീട്ടിൽ ഹൗസ് മെയ്ഡായി ജോലി ചെയ്യുകയാണെന്നും ഭക്ഷണം പോലും കിട്ടാതെ വിഷമിക്കുകയാണെന്നും അവർ പറഞ്ഞത് അയാൾ ഊഹിച്ചെടുത്തു. തന്റെ നമ്പർ അവർക്ക് എവിടെനിന്ന് കിട്ടി എന്ന് അയാൾ അതിശയിച്ചു. എന്നാൽ അത് ചോദിക്കാനുള്ള സമയം അതല്ല, അയാളിലെ ഇനിയും കൈമോശം വരാത്ത മനുഷ്യൻ ഉപബോധമനസ്സിലിരുന്ന് മന്ത്രിച്ചു.

തിരിച്ചുവിളിക്കാം എന്നു പറഞ്ഞ് കോൾ കട്ടു ചെയ്ത അയാൾ തനിക്ക് എന്തുചെയ്യാൻ പറ്റും എന്ന് ആലോചിച്ചു. അപ്പോഴാണ് കൊടിയത്തൂർ ഫാസിലിന്റെ മുഖം അയാൾക്കോർമ്മ വന്നത്. ഒരു മെഡിക്കൽ ക്യാമ്പിൽ വെച്ചാണ് ഫാസിലിനെ പരിചയപ്പെട്ടത്. സാമുഹികപ്രവർത്തനമൊക്കെയുണ്ടെന്നും ബിസിനസ്സുകാരനാണെന്നും അയാൾ പറഞ്ഞിരുന്നു. എന്തെങ്കിലൂം ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞ് അയാൾ തന്റെ വിസിറ്റിങ് കാർഡ് തന്നിരുന്നു. കാർഡിനായി അയാൾ പേഴ്സിൽ പരതി. ഭാഗ്യം. അതവിടെത്തന്നെയുണ്ട്. നമ്പരെടുക്കുകയും കാര്യം പറഞ്ഞു. ആ സ്ത്രീയുടെ നമ്പർ അയാൾക്ക് കൊടുത്തു. തനിക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തു എന്ന അഭിമാനത്തോടെ അയാൾ ഓഫീസിൽ നിന്നിറങ്ങി. പിന്നീട് ആ സംഭവം തന്നെ മറക്കുകയും ചെയ്തു.

അങ്ങനെ രണ്ടു മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് ആ കാൾ വീണ്ടും വന്നത്. തന്റെ പേര് അമാര അഡിബായോ എന്നാണെന്നും കെനിയയാണ് സ്വദേശമെന്നും അവർ പറഞ്ഞു. തന്നെ സഹായിച്ചതിന് നന്ദിയൂണ്ടെന്നും ഇപ്പോൾ മെച്ചപ്പെട്ട ജോലി ലഭിച്ചെന്നും പറഞ്ഞപ്പോൾ എന്തിനെന്നില്ലാതെ ആശ്വാസം തോന്നി. വിളിച്ചതിനു നന്ദി പറഞ്ഞതിനുശേഷം അയാൾ ചിന്നു അച്ചബയെ അറിയാമോ എന്ന് ചോദിച്ചു. അതാരാണെന്ന അവളുടെ ചോദ്യത്തിന് താൻ വായിച്ച ഒരു കെനിയൻ സാഹിത്യകാരനാണെന്ന് മറുപടി പറഞ്ഞു. അറിയില്ലെന്ന മറുപടിയിൽ അയാൾക്ക് വിഷമമമെന്നും തോന്നിയില്ല. ജീവിക്കാനായി കഷ്ടപ്പെടുന്ന ഒരു വീട്ടുജോലിക്കാരി ഒരു സാഹിത്യകാരനെ അറിയാതിരിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല. പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് അവർ ഫോൺ വെച്ചപ്പോൾ അയാൾക്ക് ചെറുതായി വിഷമം തോന്നി.

ഏകദേശം ഒരാഴ്ച കഴിഞ്ഞായിരുന്നു പിന്നീടുള്ള അവരുടെ വിളി. അവരുടെ നാട്ടിലെ പല കാര്യങ്ങളും ഒരു സ്കൂൾ കുട്ടിയൂടെ കൗതുകത്തോടെ അയാൾ ചോദിച്ചറിഞ്ഞു. പല വിഷമങ്ങളും അവർ മനസ്സു തുറന്നു പറഞ്ഞപ്പോൾ പലപ്പോഴും തന്റെ മനസ്സ് ആർദ്രമാകുന്നത് അയാളറിഞ്ഞു. പിന്നീട് അവരുടെ കാളുകൾ വരാതിരിക്കുമ്പോൾ അസ്വസ്ഥനാകാൻ തുടങ്ങി.

തനിക്കവളോട് പ്രേമമാണോ? അയാൾ ഒരുനിമിഷം ഒന്നു സന്ദേഹിച്ചു. കാപ്പിരിത്തലമുടിയുള്ള കുഞ്ഞുങ്ങൾ തൃശൂരിലെ തറവാട്ടുമുറ്റത്തുകൂടി ഓടി നടക്കുന്ന കാര്യം സങ്കൽപിച്ചതോടെ അല്ല എന്ന് തീർച്ചപ്പെടുത്തി. എങ്കിലും ആ വിളിക്കായി വാരാന്ത്യങ്ങളിൽ കാതോർത്തിരുന്നു. ഒരിക്കൽ നേരിൽ കാണാമെന്ന് അവൾ പറഞ്ഞപ്പോൾ അയാൾ സന്തോഷിച്ചു. സൗഹൃദത്തിന് രാജ്യവും അതിർത്തിയുമില്ല എന്ന ചിന്തയിൽ അയാൾക്ക് ആദ്യമായി തന്നെക്കുറിച്ച് അഭിമാനം തോന്നി. ആഫ്രിക്കൻ പെണ്ണുങ്ങൾക്ക് മുരിക്കിൻ പൂവിന്റെ മണമായിരിക്കുമോ? തനിക്ക് അങ്ങനെ തോന്നാൻ കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ആഫ്രിക്കയിൽ മുരിക്കും മുരിക്കിൻ പൂവും ഉണ്ടാകുമോ…

അങ്ങനെ ആ ദിനം വന്നിരിക്കുകയാണ്. ഫോണിലൂടെ മാത്രം കേട്ടുകൊണ്ടിരുന്ന ശബ്ദഉടമയെ കാണാൻ പോകുന്നു. അക്കാര്യം അവൾ വ്യാഴാഴ്ച രാത്രിയാണ് അറിയിച്ചത്. വെള്ളിയാഴ്ചകളിൽ നേരത്തെ എഴുന്നേൽക്കാറില്ലെങ്കിലും അന്ന് രാവിലെ തന്നെ അയാൾ ഒരുങ്ങി. തന്റെ നര കയറാൻ തുടങ്ങിയ മുടി കണ്ണാടിയിൽ അന്നാദ്യമായി കണ്ടു. സാധാരണ അതൊന്നും ശ്രദ്ധിക്കാറില്ല.

ബസിൽ മനാമയിലെത്തുമ്പോൾ അയാളൂടെ കണ്ണുകൾ ബസ്റ്റാൻഡിൽ നിൽക്കുന്നവരുടെ ഇടയിലായിരുന്നു. ഫിലിപ്പിനോകൾ കലപില സംസാരിച്ചുകൊണ്ട് ബസിൽ നിന്നിറങ്ങാൻ തുടങ്ങി. അവരിറങ്ങാനായി പിന്നിൽ കാത്തുനിൽക്കുമ്പോൾ അയാളൂടെ മനസ്സ് വേഗം വേഗം എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു. ബസിറങ്ങി അയാൾ അവിടെയുണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നു.

പെട്ടന്നാണ് അയാളുടെ പേരിന്റെ വിളിശബ്ദം കേട്ടത്. ഞെട്ടി എഴുന്നേറ്റ അയാൾ അത് അമാരയാണെന്ന് ക്ഷണം തിരിച്ചറിഞ്ഞു. അവൾ അയാളൂടെ കൈ പിടിച്ചമർത്തി സ്നേഹം പ്രകടിപ്പിച്ചു. കടലുകൾക്കും ഭൂഖണ്ഡങ്ങൾക്കുമപ്പുറത്തുനിന്നുള്ള സൗഹൃദം.

അയാളൂടെ മനസ്സ് ദീപ്തമായി. വിയർത്തുകുളിച്ച ആ തടിച്ച ശരീരം അയാൾ ശ്രദ്ധിച്ചില്ല. ആ മനസ്സിന്റെ ഉള്ളിലേക്കാണയാൾ നോക്കിയത്. അവിടെ സ്നേഹത്തിന്റെ വെളിച്ചം അയാൾ കണ്ടു. അൽപസമയം അയാൾക്കടുത്ത് നിന്ന ശേഷം അവൾ യാത്ര ചോദിച്ചു. വേഗം തന്നെ ജോലിസ്ഥലത്തെത്തേണ്ടതുണ്ട്. അയാൾ അവളെ പോകാനനനുവദിച്ചു. അവൾ ബസിൽ കയറി പോകുന്നത് നോക്കി നിന്നു.

അപ്പോൾ മുരിക്കിൻപൂവിന്റെ ഗന്ധമല്ല, വിശുദ്ധിയുടെ ഗന്ധമാണ് അവൾക്കെന്ന് അയാൾക്ക് തോന്നി■■■