Kazhchakkurippukal-C.A. Krishnan

തൃശൂർ: എഴുത്തുകാരനും കേരള കൗമുദി ദിനപത്രത്തിന്റെ തൃശൂർ ബ്യൂറോ ചീഫുമായിരുന്ന സി എ കൃഷ്ണന്റെ ഫേസ് ബുക്ക് കുറിപ്പുകൾ ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിക്കുന്നു.

തൃശൂർ ചൂരക്കാട്ടുക്കര സ്വദേശിയായ കൃഷ്ണൻ, തന്റെ ജന്മദേശത്തെയും ജനങ്ങളെയും ജനജീവിതത്തെയും നാട്ടുകാഴ്ചകളെയും കോർത്തിണക്കി കുറിച്ചിട്ട ഈ കുറിപ്പുകൾ, കഴിഞ്ഞക്കാല കേരളീയ ഗ്രാമീണ കാഴ്ചയുടെ ഒരു നേർചിത്രംകൂടിയാണ്.

എഴുത്തുകാരൻ പറയുന്നു,
‘ഒരുകാലത്ത് നാടും നാട്ടുകാരും അപ്പനപ്പൂപ്പന്മാരും കടന്നുപോയ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ പെരുവഴികൾ. അവരുടെയൊക്കെ അടയാളപ്പെടുത്തലുകൾ. ഇന്നത് ഏഴതിരുകളും ലംഘിച്ച് വ്യാപിക്കുകയാണ്.

അക്കൂട്ടത്തിൽ കേട്ടറിവുള്ള കാര്യങ്ങൾ അക്ഷരത്തിൽ പകർത്തുന്ന ഒരു നിയോഗത്തിന്റെ ബാക്കിപത്രമാണ് ഈ കൃതി. ജനിച്ച നാട് കേരളത്തിന്റെ ഒരു പരിച്ഛേദമായ ചൂരക്കാട്ടുകരയിലെ കെടുതികളും കഷ്ടപ്പാടുകളും നിറഞ്ഞ ജനജീവിതം. പരസ്പരം താങ്ങായും തണലായും അവർ തലമുറകളെ വളർത്തി. ജീവിതമൂല്യങ്ങൾ ഉണ്ടാക്കി. അതിൽ അരുതെന്നും അരുതാത്തതെന്നും അതിർവരമ്പുകളുണ്ടാക്കി.

ആ കാലത്തിന്റേയും ജീവിതത്തിന്റേയും തിരിഞ്ഞുനോട്ടമാണിത്. അങ്ങനെ, തിരിഞ്ഞുനോക്കുമ്പോൾ ചൂരക്കാട്ടുകര എഴുത്തുകാരന്റെ മാത്രം ഗ്രാമമല്ലെന്നും അതിൽ നിങ്ങളും നിങ്ങളുടെ നാടും നിങ്ങളുടെ പ്രിയപ്പെട്ടവരും ഒക്കെ എവിടെയെങ്കിലും കടന്നുവരാതിരിക്കില്ലെന്നും ഈ ഓർമ്മക്കാലങ്ങളിലൂടെ ബോധ്യപ്പെടുത്തുന്നു.’

ഗ്രീൻ ബുക്ക്സ് പുസ്തകോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന പുസ്തകം ഡിസംബർ 20നു തൃശൂർ ടൌൺ ഹാളിൽ വെച്ച് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ ഡോ പി വി കൃഷ്ണൻ നായർ പ്രകാശനം ചെയ്യും. ചെറുകഥാകൃത്ത് പി ശങ്കരനാരായണൻ പുസ്തകം ഏറ്റുവാങ്ങും. മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

Read Also  ഓണം വന്നു/രാജു കാഞ്ഞിരങ്ങാട് എഴുതിയ ഓണക്കവിത/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

തൃശ്ശൂരിലെ പ്രധാന സ്ഥാപനങ്ങളെയും വ്യക്തികളെയും സംഭവങ്ങളെയും പ്രതിപാദിക്കുന്ന ‘അഞ്ചുവിളക്ക്’, കേരളത്തിലെ പൂരങ്ങളെയും ഉത്സവങ്ങളെയും ക്ഷേത്രാചാരാനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ‘ദേശവലത്ത്’, ‘സ്വാതന്ത്ര്യസമരസേനാനി വി ആർ കൃഷ്ണൻ എഴുത്തച്ഛൻ’ എന്നിവയാണ് സി എ കൃഷ്ണന്റെ മറ്റു കൃതികൾ.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹