Published on: December 18, 2025

ഗുരുവായൂർ: മേൽപ്പുത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയത്തിന്റെ മലയാളം പതിപ്പായ വനമാല വ്യാഖ്യാനത്തിന് ഡോ. ഡോ. ടി എം രഘുറാം രചിച്ച തമിഴ് വിവർത്തനം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി. കെ. വിജയൻ പ്രകാശനം ചെയ്തു. ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പുസ്തകം ഏറ്റുവാങ്ങി.
ഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന നാരായണീയം എന്ന ശ്രീകൃഷ്ണ ഭക്തി കാവ്യം മേൽപ്പുത്തൂർ നാരായണ ഭട്ടതിരിപ്പാട് ഗുരുവായൂരപ്പന്റെ തിരുനടയിൽ സമർപ്പിച്ചതിന്റെ 439-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 14 വൈകുന്നേരം 5നു മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങിലാണ് പുസ്തകം പ്രകാശിപ്പിക്കപ്പെട്ടത്. ചടങ്ങിൽ വിവർത്തകൻ രഘുറാമിനെ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി. കെ. വിജയൻ പൊന്നാട അണിയിച്ച് ആദരിച്ചു.

പതിനാറാം നൂറ്റാണ്ടിലാണ്, ശ്രീമദ്ഭാഗവതത്തിലെ പതിനെണ്ണായിരം ശ്ലോകങ്ങളിൽനിന്നുള്ള സംക്ഷിപ്തമായി, ആയിരത്തി മുപ്പത്തിനാല് ശ്ലോകങ്ങളിലൂടെ ഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന നാരായണീയം മേൽപ്പുത്തൂർ ചിട്ടപ്പെടുത്തിയത്. സംസ്കൃതത്തിൽ രചിക്കപ്പെട്ട ഈ മഹാകാവ്യം, കൊല്ലവർഷം 762 വൃശ്ചികം 28(1586 ഡിസംബർ 13) നാണു മേൽപ്പുത്തൂർ നാരായണ ഭട്ടതിരിപ്പാട് ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചത്. 1978ലാണ്, നാരായണീയത്തിന്റെ മലയാളം പരിഭാഷ ‘വനമാല വ്യാഖ്യാനം’ എന്ന പേരിൽ ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ചത്.








