Prathibhavam First Onappathippu-2025
Onam Vannu-Malayalam poem by Raju Kanhirangad-Prathibhavam First Onappathippu-2025

കുമ്മാട്ടി വന്നു!
ചുവപ്പും മഞ്ഞയും ചായമടിച്ച,
മരം കൊണ്ടുള്ള തള്ളയുടെ മുഖംമൂടി.
ദേഹമാസകലം കനത്തിൽ കെട്ടി വെച്ച
കുമ്മാട്ടിപ്പുല്ല്.

”വാളൻ പുളിങ്ങ നിക്കണ് കണ്ടാൽ
എത്തിച്ചു പൊട്ടിക്കും കുമ്മാട്ടി;
കുണ്ടൻ കിണറ്റില് കുറുവടി പോയാൽ
കുമ്പിട്ടെടുക്കും കുമ്മാട്ടി!”

പിള്ളേരുടെ പാട്ടിനൊത്ത്
ഈറൻ വിട്ടുപോവും മുമ്പേ വളച്ചു കെട്ടിയ
പുത്തൻ മുളവില്ലിന്റെ കൊട്ടലിനൊത്ത്
പ്രായത്തിൽ മുതിർന്ന
കുമ്മാട്ടി ആടി, ചാടി, ഓടി,
വട്ടം കറങ്ങി, ഒടുവിൽ
വയ്‌ക്കോക്കുണ്ടയെ നമസ്‌കരിച്ചു പിൻവാങ്ങി.

അച്ഛനോടു വഴക്കിട്ട്,
ഇനി ഈ പടി കയറരുതെന്നു വിലക്കപ്പെട്ട
വീട്ടുമുറ്റത്ത് രാമദാസൻ!
മരത്തിന്റെ പൊയ്മുഖത്തോടെ,
തൃണാച്ഛാദിതമായ ദേഹത്തോടെ!
കുമ്മാട്ടി, കുമ്മാട്ടി…
ചേട്ടനെ തിരിച്ചറിയാതെ,
അനിയത്തിമാർ ആഹ്ലാദത്തിൽ ഉറക്കെക്കൂവി!

ചാടിക്കളിയ്‌ക്കൊടുവിൽ
നാലു പഴംനുറുക്കും
കുറച്ചുപ്പേരിയും
ഒരു വല്യപ്പടവും കിട്ടി
കുമ്മാട്ടിയ്ക്ക്,
ഒടുക്കം കയറിയ വീട്ടിൽ നിന്ന്!
ഓണത്തിന്റെ ഉച്ചയൂണ്!

അച്ഛനറിയാതെ അമ്മ പലപ്പോഴും വിളിച്ചിട്ടും
വാശിയാൽ ഓണമുണ്ണാൻ പോലുമെത്താതെ
വിലക്ക് പാലിച്ച രാമദാസന്,
അമ്മയുടെ കൈയിൽ നിന്ന് ഓണമൂട്ട്!

മുഖം മൂടിക്കകത്തു നിന്ന്
രണ്ടു തുള്ളി കണ്ണുനീര്‍
ചരൽ മുറ്റത്തിറ്റിച്ച്
വിലക്കുള്ള പടി ഒരിക്കല്‍ക്കൂടി
വേഗത്തിൽ കടന്ന്, കൂട്ടർക്കു മുമ്പേ,
തിരിഞ്ഞു നോക്കാതെ തിരിച്ചുപോയി
വീടിനു വേണ്ടി ചെറുപ്പത്തിലേ
നല്ലവണ്ണം കഷ്ടപ്പെട്ട രാമദാസൻ;
അല്ല, കുമ്മാട്ടി.

ആടാനും പാടാനും
ചാടാനും മാത്രമായി ആണ്ടിലൊരിക്കൽ മാത്രം
വീട്ടുമുറ്റത്ത് ക്ഷണിക്കപ്പെടാതെ വന്ന അതിഥി!

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹