കഥാകൃത്തിന്റെ ശബ്ദത്തിൽ കഥ കേൾക്കാം.

ട്രാഫിക് ജാമിൽ കാർ പെട്ടെന്ന് നിന്നപ്പോഴാണ് അപർണ കണ്ണുതുറന്നത്. ഗ്ലാസ്‌ താഴ്ത്തി പുറത്തേക്ക് നോക്കിയപ്പോൾ മുന്നിലും പിന്നിലും അനേകം വണ്ടികൾ നിശ്ചലമായിരിക്കുന്നു. സൈഡിൽ, നിരത്തിന് തൊട്ടപ്പുറത്ത് ഒരു ബോർഡ് കണ്ടു. ഒരു പ്രത്യേകസമുദായത്തിന്റെ ശ്മശാനഭൂമിയാണതെന്ന് ബോർഡ് വായിച്ചപ്പോൾ മനസ്സിലായി.

നിരന്തരം ചലിക്കുന്ന, ശബ്ദമുഖരിതമായ തിരക്കുള്ള നിരത്തിന് തൊട്ട് നിശ്ശബ്ദമായ ഒരിടം. ജീവിച്ചിരിക്കുന്ന മനുഷ്യർക്കും മരിച്ചുപോയ മനുഷ്യർക്കും ഇടയിലുള്ള ദൂരം പോലെ.

ട്രാഫിക് ജാമിൽ നിന്ന് രക്ഷപ്പെട്ട വണ്ടി നഗരത്തിനുള്ളിലെ ഫ്ലാറ്റിന്റെ നാലാം ടവറിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഭവ്യതയോടെ മാറി നിന്നു.

ഫ്ലാറ്റിന്റെ, കറുപ്പിലും സ്വർണ്ണനിറത്തിലും എഴുതിയ, ‘അരാക്നി’ എന്ന പേരിൽ നോട്ടം പതിയുമ്പോഴെല്ലാം അത്ഭുതത്തോടെയാണ് ആ പേര് വായിക്കാറ്. ഈ ഫ്ലാറ്റിന് ആരായിരിക്കും ഇങ്ങനെയൊരു പേരിട്ടതെന്ന് ചിന്തിക്കും.

പണ്ടെങ്ങോ വായിച്ച ഗ്രീക്ക് പുരാണകഥയിൽ മാത്രമേ ആ പേര് കേട്ടിട്ടുള്ളൂ. ഗ്രീസിലെ മനുഷ്യരെ തുന്നൽവേലയിലെ കരവിരുതുകൊണ്ട് വിസ്മയിപ്പിച്ച പെൺകുട്ടിയായിരുന്നു അരാക്നി. വർണ്ണക്കുപ്പായങ്ങളിലും ചിത്രവിരിപ്പുകളിലും മനംകവരുന്ന ദൃശ്യങ്ങളും പൂക്കളും അവൾ തുന്നിപിടിപ്പിച്ചു.
അതിൽ ആകൃഷ്ടരായ വനദേവതമാരും അപ്സരസുകളും അവളുടെ പിന്നാലെ കൂടിയപ്പോൾ അവൾ അഹങ്കാരിയായി മാറി. ആ അഹങ്കാരം ശമിപ്പിക്കാൻ അഥീനിദേവി, അവളുടെ പാറിപ്പറന്ന തലമുടിയെ പട്ടുനൂലുകളും കൈവിരലുകളെ എട്ടുകാലികളുമാക്കി മാറ്റുകയും ചെയ്തു. അങ്ങനെ, ചിത്രത്തയ്യലിന്റെ നടുക്ക് ഒരു എട്ടുകാലിയായി അരാക്നി മാറുകയും ചെയ്തുവെന്നാണ് കഥ. അവൾക്കുണ്ടായ സന്താനപരമ്പരകളാണ് ചിലന്തികൾ എന്നും കഥയിലുണ്ട്.

ഓരോരോ ഭൂഖണ്ഡങ്ങളിൽ എന്നപോലെ ഓരോരോ മുറികളിലും ആകാവുന്നിടത്തോളം അകലം സൂക്ഷിച്ചു ജീവിക്കുന്ന ഫാമിലികളായിരുന്നു ആ ഫ്ലാറ്റിൽ. പക്ഷേ, പാർക്കിലോ സ്വിമ്മിംഗ് പൂളിലോ കണ്ടാൽ പരസ്പരം ഉരിയാടാൻ അവർ മടികാട്ടാറില്ല.

അഭിനവ് ഓഫീസ് വിട്ടുവരുന്നതുവരെ തനിച്ചിരുന്നാൽ മനസ്സിനെ അപ്പാടെ എകാന്തത കാർന്നു തിന്നുകളയും എന്ന ഭയം അപർണയ്ക്കുണ്ടായിരുന്നു. പകൽ ആരോടെങ്കിലും ഒന്നു മിണ്ടാൻ കൊതിതോന്നിയതുകൊണ്ടാണ്, അടുത്ത മുറിയിലെ ബിസ്സിനസ്സ്കാരന്റെ ഭാര്യ മെറ്റിൽഡയെയും പത്താം നമ്പർ റൂമിലെ സെലിബ്രിറ്റി ഗായിക മിനോറയേയും അവൾ പരിചയപ്പെട്ടത്.

ഒരു വൈകുന്നേരം അവൾ വാതിലിന്റെ ലോക്ക് മാറ്റി, താഴെ പാർക്കിലേക്ക് പോകാൻ വേണ്ടി ലിഫ്റ്റിനരികിലേക്കു നീങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് അടുത്ത റൂമിലെ മെറ്റിൽഡയുടെ ശബ്ദം ഉയർന്നു കേട്ടത്. സ്വർണ്ണക്കിളിയെ വഴക്കു പറയുകയാണെന്ന് അപർണ തീർച്ചയാക്കി. എന്നും കേൾക്കുന്നതാണ്.

ഫ്ലാറ്റുകളിൽ മണിക്കൂറുകൾ കണക്കാക്കി വീട്ടുജോലി ചെയ്തുപോകുന്ന സ്ത്രീകളാണ് പലരും.
മിനിട്ടുകൾ കണക്കാക്കി കനത്ത തുക കൈപ്പറ്റുന്ന അവരിൽ പലരും ആർഭാടജീവിതം നയിക്കുന്നവരാണ്. മെറ്റിൽഡയുടെ ജോലിക്കാരി, സ്വർണ്ണക്കിളി പക്ഷേ അങ്ങനെയല്ല. അച്ഛനും അമ്മയും മരിച്ചുപോയ, അനാഥയും നിരാലംബയുമായ പെൺകുട്ടി. ചോദിച്ചുവരാൻ ബന്ധുക്കളാരുമില്ലാത്ത ഒരു തമിഴ് പെൺകൊടി. കന്യാകുമാരിയിലോ മറ്റൊ ആണ് വീട്.

മെറ്റിൽഡയുടെ വഴക്കു തുടരുന്നതിനിടയിൽ അപർണ താഴെ ഇറങ്ങി.
“അപർണാ പാർക്കിലേക്ക് ആണോ?” മിനോറയാണ്.
“അതേ റൂമിൽ തനിച്ചിരുന്നു ബോറടിച്ചു.”
“എങ്കിൽ എന്റെ കൂടെ ഷോപ്പിങ്ങിന് വരൂ.”
മിനോറ ക്ഷണിച്ചപ്പോൾ അപർണക്ക് സന്തോഷമായി.

മിനോറ കാർ സ്റ്റാർട്ട്‌ ചെയ്യുന്ന നേരത്ത്, നിനച്ചിരിക്കാതെ മഴ വന്നു. ബംഗാൾ ഉൽക്കടലിൽ എങ്ങോ രൂപപ്പെട്ട ന്യൂനമർദ്ദം ചതിച്ചു. ചുരുങ്ങിയ നേരത്തിനുള്ളിൽ മഴ തെരുവിനെ അപ്പാടെ കുളിപ്പിച്ചുകളഞ്ഞു.

മുൻവിധികളില്ലാതെ വന്ന മഴയെ പഴിച്ചുകൊണ്ടവർ, മുന്നിൽക്കണ്ട, പലനിറങ്ങളിൽ ജ്വലിക്കുന്ന ഒരു മാളിൽ കയറി. ചാനലിലെ ഓരോ എപ്പിസോഡിലും പുതിയ ഡ്രസ്സ്‌ വേണമെന്നു മിനോറയ്ക്ക് നിർബന്ധമായിരുന്നു. അവൾ വാങ്ങിയ ഭംഗിയുള്ള ഇളം നീലയും ജ്വലിക്കുന്ന വെള്ളയും കല്ലുകൾ പതിപ്പിച്ച സാരികളുടെ പ്രൈസ് ടാഗ് നോക്കിയപ്പോൾ അപർണ അമ്പരന്നുപോയി.

രണ്ടുമണിക്കൂർ നേരത്തെ പർച്ചേസ് കഴിഞ്ഞ്, ടെക്സ്റ്റയ്ൽ ഷോപ്പിൽ നിന്നിറങ്ങി ഫാൻസിസ്റ്റോറിൽ കയറിയപ്പോഴാണ് സ്റ്റോറിന് മുന്നിൽ നനഞ്ഞൊട്ടി വിറക്കുന്ന സ്വർണ്ണക്കിളിയെ കണ്ടത്. സ്റ്റോറിന്റെ ഒരറ്റത്തു വെച്ചിരുന്ന ഹോംതീയേറ്ററിൽ മിന്നിമറയുന്ന പരസ്യങ്ങളിൽ കണ്ണുനട്ടു നിൽക്കുകയാണവൾ. പരസ്യങ്ങൾ മധ്യവർഗ്ഗത്തിന്റെ സങ്കല്പലോകത്തിൽ സ്വപ്നസൗധം പടുത്തുയർത്തുന്നു. അമ്പലങ്ങളും പള്ളികളും പുനരുദ്ധരിച്ചാൽ കിട്ടുന്ന സൗഭാഗ്യങ്ങളെയും ചില പരസ്യങ്ങൾ ഓർമ്മപ്പെടുത്തുന്നുണ്ട്.

ആ സമയം അവിടെ എത്തിയ മാധ്യമപ്രവർത്തകർ മിനോറയെക്കണ്ടു. അവരുടെ കണ്ണുകൾ വികസിച്ചു. എല്ലാ പ്രശ്നങ്ങളുടെയും അവസാനവാക്കെന്ന നിലയിൽ സെലിബ്രിറ്റികളോട് അഭിപ്രായം ആരായുന്ന സ്വഭാവമുള്ള അവർ ക്യാമറയും തൂക്കി മിനോറയുടെ അരികിലേക്കു വന്നു. ചോദ്യങ്ങൾക്കെല്ലാം എങ്ങും തൊടാത്ത ഉത്തരങ്ങൾ കൊടുത്ത് മിനോറ രക്ഷപ്പെട്ടു.

അവൾ സാരിക്ക് മാച്ച് ചെയ്യുന്ന ഫാൻസി ഐറ്റംസ് തെരയാൻ തുടങ്ങുമ്പോൾ, ഏതോ ഇരുണ്ടകാലത്തേക്ക് തിരിച്ചുപോകുന്ന ശിലായുഗമനുഷ്യരായി മാറുന്ന ഒരു ജനക്കൂട്ടം അപർണയുടെ മനസ്സിൽ തെളിഞ്ഞു.

വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ഒരു ധനാഗമശില്പം ചൂണ്ടി സെയിൽസ്മാനോട് സ്വർണ്ണക്കിളി ചോദിക്കുന്നു,
“ഇതുക്ക് എവളോ?”
“ആറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു.”
നിസ്സാരമട്ടിൽ സെയിൽസ്മാൻ.
“കൊഞ്ചം കമ്മി പണ്ണി തരുവിങ്കളാ?” അവൾ മലയാളം കലർന്ന തമിഴിൽ വിലപേശി.
സെയിൽസ്മാന്റെ മുഖത്ത് ചിരി പടരുന്നു. പ്രൈസ് ടാഗ് ചൂണ്ടി അവൻ പറഞ്ഞു,
“പറ്റില്ല.” പിന്നെ അതിശയപ്പെട്ടു ചോദിച്ചു,
“നിനക്കാണോ ഈ വിലപിടിച്ച ശില്പം?”
“എനക്കല്ല. ഞാൻ വേല ചെയ്യുന്നിടത്തെ അമ്മാവുക്കാ.”

ശില്പം വാങ്ങി സ്വർണ്ണക്കിളി മാളിന്റെ മറ്റൊരു വശത്തേക്ക് നീങ്ങി. മിനോറയുടെ കൂടെ തിരിച്ചു കാറിൽ കയറുമ്പോൾ അപർണക്ക് സ്വർണ്ണക്കിളിയെ കൂടെക്കൂട്ടണമെന്നു തോന്നിയെങ്കിലും മിനോറക്ക് അത് ഇഷ്ടമായില്ലെങ്കിലോ എന്നു വിചാരിച്ചു മിണ്ടിയില്ല.

മഴ ശമിച്ചിരുന്നു. സ്വർണ്ണക്കിളി ആ തിരക്കിനിടയിൽ എവിടെയോ മറഞ്ഞു.

റൂമിൽ തിരിച്ചെത്തിയിട്ടും മഴനൂല് പോലെയുള്ള ആ പെൺകുട്ടി അപർണയുടെ ചിന്തകളെ ചൂട് പിടിപ്പിച്ചു. അവളുടെ വിഷാദം നിറഞ്ഞ കണ്ണുകൾ എന്തുകൊണ്ടോ മനസ്സിനെ മുറിവേൽപ്പിച്ചുക്കൊണ്ടിരിക്കുന്നു.
ആ അസ്വസ്ഥതയിൽ നിന്ന് രക്ഷപ്പെടാൻ, ആക്സൻ മുൻതേയുടെ ‘സാൻ മിഷേലിന്റെ കഥ’ യെടുത്തു പേജുകൾ മറിച്ചു.

‘അതിസമ്പത്തിന്റെ ഭാരം കൊണ്ട് ഞരമ്പ് തളർന്നവർ വീണ്ടും ശൂന്യതയിലേക്ക് വിത്തിറക്കുന്നു.’

മെറ്റിൽഡ വാങ്ങാൻ ഏൽപ്പിച്ച ശില്പത്തെക്കുറിച്ച് അവൾ ഓർത്തു. തെളിയിക്കപ്പെടാത്ത വിശ്വാസങ്ങളിൽ കുരുങ്ങിപ്പോകുന്ന മനുഷ്യരെക്കുറിച്ചും.

ജാലകത്തിരശീലക്കപ്പുറത്തു നിന്ന്, ശമിക്കാത്ത മഴയ്ക്കും കാറ്റിനുമൊപ്പം ഏതോ ഒരു ഗാനം ഒഴുകിവന്ന് അപർണയെ തൊട്ടു. രാഗം ആഭേരിയാണെന്നും ചില ഗാനങ്ങൾക്ക് മനസ്സിനെ കരയിക്കാൻ ശക്തിയുണ്ടെന്നും അവൾക്കു മനസ്സിലായി. പെട്ടെന്നാണ് ഗാനം നിലച്ചത്.

തുടർന്ന് കേട്ട ശബ്ദം, അപ്പുറത്തെ റൂമിൽ നിന്നും സ്വർണ്ണക്കിളിയുടെ കരച്ചിലാണെന്ന് അവൾക്ക് തോന്നി.
കുറെ പുരുഷന്മാരുടെ അട്ടഹാസവും കേൾക്കുന്നുണ്ടോ എന്നവൾ സംശയിച്ചു.

‘തോന്നലാണോ… വെറും തോന്നൽ?’ അങ്ങിനെയാണ് എന്നാണ് അഭിനവും പറയുന്നത്. രാത്രിയിൽ മന:കാഴ്ച്ചയുടെ വിഭ്രാന്തിയിൽ, ഉന്മത്തമായ കിനാക്കളും മതിഭ്രമങ്ങളും നിറഞ്ഞ അശാന്തിയുടെ തീരത്തുകൂടിയായിരുന്നു അവളുടെ യാത്ര.

പെട്ടെന്ന്, അരാക്നി ഫ്ലാറ്റും അതിലെ അനേകം മുറികളും അതിവിദഗ്ധ ശില്പചാരുതയോടെ മെനഞ്ഞെടുത്ത വലിയ ഒരു ചിലന്തിവലയാണെന്നും അവിടെ, ഇരകളെ പാട്ടിലാക്കാൻ ഭീമാകാരം പൂണ്ട ചിലന്തികൾ ഒളിച്ചിരിപ്പുണ്ടെന്നും അപർണക്കു തോന്നി

ജാലകത്തിരശീലക്കപ്പുറത്തു നിന്ന്, ശമിക്കാത്ത മഴയ്ക്കും കാറ്റിനുമൊപ്പം ഏതോ ഒരു ഗാനം ഒഴുകിവന്ന് അപർണയെ തൊട്ടു. രാഗം ആഭേരിയാണെന്നും ചില ഗാനങ്ങൾക്ക് മനസ്സിനെ കരയിക്കാൻ ശക്തിയുണ്ടെന്നും അവൾക്കു മനസ്സിലായി. പെട്ടെന്നാണ് ഗാനം നിലച്ചത്.