Published on: July 27, 2025
എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
കെ. ആർ. മീര: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ വോട്ട് ഉണ്ടായിരുന്നെങ്കിൽ എന്റെ വോട്ട് സാന്ദ്ര തോമസിന്.
ദോഷൈകദൃക്ക്:
സൂക്ഷിച്ചു വെച്ചേക്കാം… കാസ്റ്റിങ് വോട്ടിനു സാധ്യതയുണ്ട്…

പിൻകുറിപ്പ് :
മലയാളത്തിലെ സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസിനെ പിന്തുണച്ച് എഴുത്തുകാരി കെ.ആര്‍. മീര ഇട്ട എഫ് ബി പോസ്റ്റ് വിവാദത്തിൽ അകപ്പെടുകയുണ്ടായി.
“പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ വോട്ട് ഉണ്ടായിരുന്നെങ്കിൽ എന്റെ വോട്ട് സാന്ദ്ര തോമസിന്.” എന്നാണ് എഫ് ബിയിൽ മീര കുറിച്ചത്. പോസ്റ്റിനൊപ്പം കൊടുത്ത, സാന്ദ്രയുടെ പർദ്ദ ധരിച്ച ഫോട്ടോയാണ്, മീരയുടെ ‘സാങ്കല്പിക വോട്ടിനെ’ വ്യാപകമായ വിമർശനത്തിന് ഇടയാക്കിയത്. ഓഗസ്റ്റ് 14നു നടക്കാൻ പോകുന്ന അസോസിയേഷന്‍ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമപ്പിക്കാൻ കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ സാന്ദ്ര പർദ ധരിച്ചാണ് എത്തിയത്.
എന്നാൽ, മീരയുടെ ഈ ‘വോട്ടും’ പിന്തുണയും പാഴാണെന്നും അതു സാന്ദ്രയ്ക്കു ഗുണകരമാകില്ല എന്നുമാണു സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. തന്നെയുമല്ല, ഈ പോസ്റ്റ് മീരയുടെ ആരാധകർക്കിടയിൽ പരിഹാസ്യമാകുകയും ചെയ്തു.
“സ്വന്തമായി അഭിപ്രായം ഉള്ള ഒരു യുവതി എന്നു പറയുമ്പോഴും കേരളത്തിൽ പർദ്ദയിലാണ് സ്ത്രി സുരക്ഷിത എന്നു പറയുമ്പോൾ അത് കേരളത്തിനോടും പർദ്ദ ധരിക്കാത്ത സ്ത്രീകളോടും ഉള്ള കൊഞ്ഞനം കുത്തലായാണ് കാണുന്നത്.” എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒരു വനിത പോസ്റ്റിൽ നടത്തിയ പ്രതികരണം. ‘എല്ലിൻ കഷ്ണങ്ങൾക്കു വേണ്ടിമാത്രമുള്ള വാഴ്ത്തുപാട്ടുകളാണ് ഇതൊക്കെ എന്നും പ്രീണനം നിർത്തി എഴുത്തിൽ ശ്രദ്ധിക്കുക’ എന്നും പറയുന്ന കമന്റുകളും ഉണ്ട്. മീരയുടെ ‘സാങ്കല്പിക വോട്ടിനെ’ നെതിരെ, ‘നിങ്ങടെ ഈ ഡയലോഗ് കൊണ്ട് തോറ്റവർ നിരവധി ആണ്’, ‘നിങ്ങൾക്ക് എവിടെയൊക്കെയാ വോട്ട് വേണ്ടത്’, ‘എല്ലാ തരം ഇലക്ഷനിലും സ്ഥാനാർത്ഥികളെ സപ്പോർട്ട് ചെയ്ത് തോൽപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തോ.’ തുടങ്ങിയ മട്ടിലുള്ള പരിഹാസ കമന്റുകളുമാണ്, പോസ്റ്റിൽ അധികവും.
കഴിവു തെളിയിക്കാൻ എല്ലാവർക്കും അവസരം വേണം: സാന്ദ്ര തോമസ്

അതേസമയം, തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ലൈംഗികാധിക്ഷേപം നടത്തിയെന്നും ആരോപിച്ചുകൊണ്ട് അസോസിയേഷനിലെ ചിലർക്കെതിരെ സാന്ദ്ര കേസ് കൊടുത്തിരുന്നു.
ഗൗരവകരമായ തൻ്റെ ഈ പരാതിയിൽ പൊലീസ് കുറ്റപത്രം നൽകിയിട്ടും പ്രതികളായവർ നിർമാതാക്കളുടെ സംഘടനയിൽ ഭരണാധികാരികളായി തുടരുകയാണ്. ആരോപണവിധേയരായ ഇവർതന്നെ വീണ്ടും മത്സരിക്കുന്നു. ഇങ്ങനെയുള്ള ഭാരവാഹികൾ ഉള്ളയിടത്തു വരുമ്പോൾ ധരിക്കാൻ ഏറ്റവും ഉചിതമായ വസ്ത്രം പർദയായതിനാലാണ് ഇതിട്ടു വന്നത്.” സാന്ദ്രാ തോമസ് പറഞ്ഞു.
മലയാള ചലച്ചിത്ര നിർമാതാക്കളുടെ സംഘടന പുരുഷന്മാരുടെ കുത്തകയാണെന്നും സംഘടനയെ കയ്യടക്കിവെച്ചിട്ടുള്ള കുത്തകകളുടെ മാറ്റത്തിനാണു തന്റെ മത്സരമെന്നും സാന്ദ്ര പറയുന്നു.
മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളെയും പ്രതിസന്ധികളെയും കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട ഹേമ കമ്മീഷന്റെ റിപ്പോർട്ടിനെ തുടർന്ന്, അസോസിയേഷനെതിരെ സാന്ദ്ര നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും തുടർന്ന്, സാന്ദ്ര അച്ചടക്ക ലംഘനം നടത്തി എന്നു ചൂണ്ടിക്കാട്ടി അസോസിയേഷൻ അവരെ പുറത്താക്കുകയും ചെയ്തിരുന്നു.
അസോസിയേഷന്റെ ഈ നടപടിയ്ക്കെതിരെ സാന്ദ്ര എറണാകുളം സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ സാന്ദ്രയെ സംഘടനയില്‍നിന്ന് പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രയ്ക്കു കഴിയുന്നത്.
എന്നാൽ, തന്‍റെ പത്രിക തള്ളാന്‍ ശ്രമം നടക്കുന്നുണ്ടെന്നു സാന്ദ്ര പറയുന്നു. ‘രണ്ട് സിനിമകള്‍ മാത്രം നിര്‍മ്മിച്ച ആള്‍ എന്നും പറഞ്ഞാണ് അവർ അതിനു ശ്രമിക്കുന്നത്. എന്നൽ, വസ്തുത അതല്ല. ഞാൻ പതിനാറ് സിനിമകൾ നിർമിച്ചിട്ടുണ്ട്. എന്റെ സ്വന്തം പേരിൽ ഒൻപത് സിനിമകൾ സെൻസർ ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ രണ്ട് സിനിമകൾ വെച്ചിട്ടാണ് അവർ പത്രിക തള്ളാൻ ശ്രമിക്കുന്നത്.
ആദ്യമായാണ് ഒരു വനിത പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രസിഡന്റായി ജയിച്ച് വരികയാണെങ്കിൽ അടുത്ത തവണ മത്സരിക്കില്ല. പുതിയ ആളുകൾക്ക് അവസരം ഉണ്ടാകണം. ചിലർ പത്ത് പതിനഞ്ച് വർഷം തുർച്ചയായി ഭരിക്കുന്നു. ഇതു ശരിയല്ല. മാറ്റം വേണം. കഴിവുതെളിയിക്കാൻ എല്ലാവർക്കും അവസരം വേണം.’ എന്നും സാന്ദ്ര പറഞ്ഞു.








