Published on: September 25, 2025
സിൽവിയ- വാൻഗോഗ്- അയ്യപ്പൻ

സിൽവിയ
നിന്നെ തിരഞ്ഞു വരാറുള്ള സ്വപ്നങ്ങളുടെ
മഞ്ഞുതാഴ്വരകൾ
പ്രഭാതത്തിന്റെ അരുണവർണ്ണത്തിൽ
അലിഞ്ഞുപോകാതിരിക്കാൻ
എനിക്ക്
സമുദ്രത്തിലുദിച്ച്
മലമുകളിലസ്തമിക്കുന്ന സൂര്യനെ തരിക
അല്ലങ്കിൽ
പ്രണയത്തിന്റെ വജ്രസൂചികൊണ്ട്
എന്നെ കീറിമുറിക്കുക….
■

വാൻഗോഗ്
നീ വീണ്ടും ഒരു കാതു മാത്രം ചോദിക്കുന്നു.
ഞാനിന്ന്
കണ്ണും
കാതും
നാവും
കരളും പറിച്ചു നൽകാം.
ഇനി നീ
എന്റെ കണ്ണു കൊണ്ട് കാണുക.
കാതുകൊണ്ട് കേൾക്കുക.
നാവുകൊണ്ട് മിണ്ടുക.
കരളിൽ
സൂര്യകാന്തിപ്പൂക്കളുടെ സ്വപ്നം നിറയ്ക്കുക…
■

അയ്യപ്പൻ
മുറിച്ചുമാറ്റിയിട്ടും മണ്ണിലേക്കാഴ്ന്നിറങ്ങിയ
വേര് പൂക്കുന്നു.
കടും നീല നിറമുള്ള പൂവുകൾ.
വിഷം തീണ്ടാത്ത കവിതകൾ….
■
പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം
Trending Now








