അതിനിടക്ക് കാലത്തെ, ഓർമ്മകളെ പിന്നോട്ട് നടത്തിക്കുന്ന പാതകൾ പഴയ കത്തായോ കഥയായോ ഒക്കെ തെളിഞ്ഞു നിവരും. അങ്ങനെ ഒരു ഓർമ്മയിലേക്ക് നടത്തി എന്നെ, ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത ഗീതാ ഹിരണ്യൻ.
ഗീത വളരെ പ്രതിഭയുള്ള ഒരു കഥാകൃത്തായിരുന്നു. അകാലത്തിൽ ക്യാൻസർ ബാധയെ തുടർന്ന്, 2002 ൽ മരണപ്പെട്ടു. ഈയിടെ അന്തരിച്ച കവിയും എഴുത്തുകാരനുമായ ഹിരണ്യന്റെ പ്രിയ പത്നിയായിരുന്നു അവർ.
ഗീത തൃശ്ശൂരും ഞാൻ തിരുവനന്തപുരത്തുമാണ് താമസം. നേരിട്ട് കണ്ടിട്ടുള്ളത് അപൂർവ്വം സന്ദർഭങ്ങളിൽ മാത്രം. എൻറെ അന്തർമുഖ സ്വഭാവമാണ് അതിനു കാരണം. എന്നാൽ അക്കാലത്തൊരിക്കൽ വായിച്ച ഗീതയുടെ കഥയെ പറ്റി ഞാൻ ഗീതയ്ക്ക് അയച്ച കത്തിനുള്ള അവരുടെ ഒരു മറുപടിക്കത്ത് ഇപ്പോൾ വായിക്കുമ്പോൾ ചില നല്ല കലാ സൃഷ്ടികൾ നമ്മെ നമ്മുടെ തന്നെ കൂടുകൾ പൊളിച്ചു പുറത്തേക്കു വരാൻ നിർബന്ധിക്കും എന്ന് പറയുന്നതുപോലെ തോന്നിക്കുന്നു.
ഗീതയുടെ കഥയെ പറ്റി ഞാൻ എന്തെഴുതി എന്ന് ഇന്നെനിക്ക് ഓർമ്മയില്ല. ഏതു കഥയാണ് എന്നെ വാല്മീകം പൊട്ടിച്ചു പറക്കാൻ പ്രേരിപ്പിച്ചത് എന്നും ഓർമ്മയില്ല. എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ച നിമിഷങ്ങൾ ഉണ്ടായി എന്ന്, ഗീതയുടെ മൺമറയാത്ത ഓർമ്മ പേറുന്ന കത്ത് എന്നോട് പറയുന്നു.
ഇതെഴുതുമ്പോൾ മറ്റൊരു കാര്യം ഓർമ്മ വരുന്നു. സുകുമാർ അഴീക്കോട് അഭിമുഖത്തിൽ പറഞ്ഞതാണോ, പ്രസംഗിച്ചതാണോ അല്ലെങ്കിൽ എഴുതിയതാണോ എന്ന് തീർച്ചയില്ല. കുട്ടിക്കൃഷ്ണ മാരാർ ‘ഭാരത പര്യടനം’ എഴുതി, അത് പ്രസിദ്ധീകരിക്കപ്പെട്ട കാലം. വിശിഷ്ട ഗ്രന്ഥമായ ഭാരത പര്യടനം വായിച്ചു വിസ്മയാദരവിൽ അഴീക്കോട് മാരാർക്ക് ഒരു കത്തെഴുതി. പോസ്റ്റ് കാർഡിൽ പോസ്റ്റ് ചെയ്യാൻ വിട്ടുപോയ ആ കത്ത് പിന്നീട് പത്തു കൊല്ലത്തിനു ശേഷം ഭാരത പര്യടനത്തിന്റെ പേജുകളിലൊന്നിൽ വിശ്രമിക്കുന്നത് സുകുമാർ അഴീക്കോട് കണ്ടെത്തി. ‘ഭാരത പര്യടനം’ എന്ന പുസ്തകത്തെ പറ്റി പണ്ഡിതന്മാർ നിശ്ശബ്ദരായിരുന്നു, അത് പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത്.
ഇക്കാലത്ത് നാം കാണുന്ന തമസ്കരണം പോലെ തന്നെ അതിൽ മാരാർ ദു:ഖത്തിലും ആയിരുന്നു. പത്തു വർഷത്തിനു ശേഷം, പോസ്റ്റ് കാർഡിൽ എഴുതി വെച്ചിട്ടും അയക്കാതിരുന്ന അല്ലെങ്കിൽ അയക്കാൻ മറന്നു പോയ ആ കത്തിനെക്കുറിച്ച് അഴീക്കോട് മാരാരോട് പറഞ്ഞപ്പോൾ, “ആ കത്ത് അന്നെനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ അതു പോലെ രണ്ടു പുസ്തങ്ങൾ കൂടി എഴുതുമായിരുന്നു” എന്നാണ് അദ്ദേഹം വിഷാദത്തോടെ പ്രതികരിച്ചത്.
ഇങ്ങനെ സുകുമാർ അഴീക്കോടും കുട്ടികൃഷ്ണ മാരാരും ഭാരത പര്യടനവും മറ്റും മനസ്സിലേക്ക് കയറിവരാൻ ഇടയാക്കി ഗീതയുടെ കത്ത്. ഗീതയെക്കുറിച്ചുള്ള സ്നേഹസ്മരണ എന്നിൽ ശേഷിപ്പിക്കുന്ന ആ കത്ത് ഇതാ ഇങ്ങനെയാണ്….
“എനിക്കു ആ കഥയെപ്പറ്റി എഴുതിയ ആദ്യത്തെ സ്ത്രീ സാവിത്രിയാണ്. സാവിത്രി ആ കഥക്കു ചെയ്ത സഹായങ്ങൾ, ഫോട്ടോ കോപ്പി ചെയ്തു കൂട്ടുകാർക്ക് അയക്കുക, അതിനെപ്പറ്റി കൂട്ടുകാരോടു പറയുക, ഒക്കെ മറ്റൊരു എഴുത്തുകാരിയും എന്നോട് ചെയ്യാത്തതാണ്.”
16. July. 2001
തൃശൂർ.
പ്രിയപ്പെട്ട സാവിത്രി,
സ്നേഹപൂർവ്വം അയച്ച കത്ത് കിട്ടി. വലിയ സന്തോഷമായി. കളവല്ല. കഥയെപ്പറ്റി സാവിത്രി എഴുതിയത് വായിച്ചിട്ട്. തുറന്നു പറയാം. എനിക്കു ആ കഥയെപ്പറ്റി എഴുതിയ ആദ്യത്തെ സ്ത്രീ സാവിത്രിയാണ്. സാവിത്രി ആ കഥക്കു ചെയ്ത സഹായങ്ങൾ, ഫോട്ടോ കോപ്പി ചെയ്തു കൂട്ടുകാർക്ക് അയക്കുക, അതിനെപ്പറ്റി കൂട്ടുകാരോടു പറയുക, ഒക്കെ മറ്റൊരു എഴുത്തുകാരിയും എന്നോട് ചെയ്യാത്തതാണ്. ആ വിശാലമനസ്സിനു എനിക്കു വലുതായ, വളരെ വലുതായ നന്ദിയും സന്തോഷവും ഉണ്ട്.
എൻ്റെ ഇപ്പോഴത്തെ അവസ്ഥക്കു സുഖമെന്ന് പറയാമോ? എങ്കിൽ എനിക്കു സുഖമാണെന്നു പറയാം . കോളേജിൽ നിന്നും ലീവെടുത്തു. പക്ഷേ കൂട്ടുകാർ വരുന്നുണ്ട്. മുടങ്ങാതെ. മാത്രമല്ല സംസാരിക്കുന്നതു മനസ്സിലാകുന്നില്ല എന്നത് അവർ സമ്മതിക്കുകയേയില്ല. ഞങ്ങൾക്കൊക്കെ മനസ്സിലാകും, മനസ്സിലാകും എന്നാണ് അവർ പറയാറ്. മനസ്സിലായേക്കും. മനസ്സിന്റെ ഭാഷ കൂട്ടുകാർക്കു മനസ്സിലാവാതെ വരുമോ?
23 നു തിരുവനന്തപുരത്ത് വരുന്നുണ്ട്. ഡോക്ടറെ കാണാൻ. സംസ്കൃത സർവ്വകലാശാല തിരുവനന്തപുരത്ത് എവിടെയാണ്. പറ്റിയാൽ കാണാം.
സാവിത്രിയുടെ കവിതകൾ എനിക്കു ഇഷ്ടമാണ്. 95 – ൽ ഞാൻ ആ കവിതകളെ ക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. കെ. സി നാരായണനു എന്റെ ലേഖനം അത നന്നായിട്ടില്ല എന്നു എനിക്കു വിചാരമായി. അതിനാൽ പ്രസിദ്ധീകരിച്ചില്ല. ഇത് ഭംഗിവാക്കല്ല.
സാറിനോട് എന്റെ അന്വേഷണങ്ങൾ പറയുക.
ഇനി പിന്നെ
സ്നേഹപൂർവ്വം
ഗീത
Gita Hiranyan
28 / 537 / Ullannoor,
West Palace Road
Vadakke Chira
T C R – 20.
പഴയ പുസ്തകങ്ങൾ,
കടലാസുകൾ ഇവയൊക്കെ അടുക്കി ഒതുക്കി വയ്ക്കാനുള്ള ശ്രമമായിരുന്നു കുറച്ചു ദിവസമായി.
അനുബന്ധം:
ഒരു പക്ഷേ, നമ്മളോരുത്തരുടെ ഉള്ളിലും ഉണ്ടാവാം പ്രകടിപ്പിക്കാൻ മറന്ന വിചാരങ്ങളും വികാരങ്ങളും അതിനെക്കുറിച്ചുള്ള പരിഹാരമില്ലാത്ത വ്യസനങ്ങളും. ജീവിച്ചിരിക്കുമ്പോൾ തന്റെ ചുറ്റുമുള്ളവരോട്, അല്ലെങ്കിൽ ഈ ലോകത്തോട് തന്നെ നല്ല വാക്കോതുവാൻ ത്രാണി ഉണ്ടാക്കുകയാണ്, വാക്കുകൾക്ക് അണകെട്ടാതെ പ്രസാദത്തോടെ പുറത്തേയ്ക്ക് ഒഴുക്കുക മാത്രമാണ് അതിനുള്ള ഏക വഴി എന്ന് തോന്നുന്നു.
– സാവിത്രി രാജീവൻ.



സാവിത്രി രാജീവൻ: മലപ്പുറം ഏറനാട് സ്വദേശിനി. നിലവിൽ, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം. ലളിത കലാ അക്കാദമി വൈസ് ചെയർ പേഴ്സൺ, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്, ഒരു ചിത്രകാരികൂടിയായ സാവിത്രി രാജീവൻ.