Vayalar Ramavarma AI illustration by Surya
വയലാർ രാമവർമ്മയുടെ എഐ ചിത്രം/ സൂര്യ

സർഗാത്മക കാവ്യതീരത്തിലൂടെ

ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി…
എനിക്കിനിയൊരു  ജന്മം കൂടി

അര നൂറ്റാണ്ട് പിന്നിട്ട വയലാർ ഓർമ്മ:

യലാറിന്റെ വരികളെ എടുക്കുമ്പോൾ, അവ തൊടുക്കുമ്പോൾ; ‘പത്ത്‌ കൊള്ളുമ്പോൾ ആയിരം’ എന്നപോലെ, പതിരില്ലാത്ത ഒരു ചൊല്ലിനെ ഓർമിപ്പിക്കുന്നു.

2025 ഒക്ടോബർ 27.
വയലാർ എന്ന വയലാർ രാമവർമ്മ ഓർമ്മയായിട്ട് നീണ്ട അമ്പതു വർഷങ്ങൾ; കാലത്തിനു മുൻപെ സഞ്ചരിച്ചൊരാൾ; കാലത്തിനു മായ്ക്കാനോ മറക്കാനോ കഴിയാത്ത ഓർമ്മകൾ!

1928 മാർച്ച് 25ന് കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ, അകവൂര്‍മനയിലെ കാര്യസ്ഥനായിരുന്ന ആലുവ വെള്ളാരപ്പള്ളി കളപ്പാട്ടുർമഠത്തിലെ കേരളവര്‍മ്മ. അമ്മ, വയലാറിലെ രാഘവപറമ്പ് കോവിലകത്ത് അംബാലിക തമ്പുരാട്ടി. തൈക്കാട്ടുശ്ശേരി പരമേശ്വരന്‍ മൂസതിന്റെയും വാരനാട്ട് കെ.പി. ശാസ്ത്രികളുടെയും കീഴിൽ പരമ്പരാഗത ഗുരുകുല വിദ്യാഭ്യാസത്തിനു ശേഷം സംസ്കൃത സ്കൂളിലും ചേർത്തല ഇംഗ്ലീഷ് സ്കൂളിലും ഔപചാരിക വിദ്യാഭ്യാസം നേടി.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം കവിതയെഴുതാൻ തുടങ്ങി. ക്ഷേത്രപ്രവേശനവിളമ്പരം നടത്തിയ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന് ആശംസ അർപ്പിച്ചു കൊണ്ട് രചിച്ച ‘വഞ്ചീശ ദീപം’ എന്ന കവിതയാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്. മുട്ടത്തുവർക്കി എഡിറ്ററായിരുന്ന കാലത്ത്, ദീപികയിൽ വന്ന ‘നിലവിളക്ക്’ എന്ന കവിതയാണ് രണ്ടാമതായി പ്രസിദ്ധീകരിക്കപ്പെട്ടത്. തുടർന്ന്, ‘അരുണോദയം’, ‘ചക്രവാളം’ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചുവരാൻ തുടങ്ങി. 1951ൽ , ‘ജനാധിപത്യം’ എന്ന പേരിൽ വാരിക ആരംഭിച്ചു.

1948ൽ, ആദ്യത്തെ കവിതാ സമാഹാരം, ‘പാദമുദ്രകൾ’ പുറത്തിറങ്ങി. ഗാന്ധിയൻ ആദർശങ്ങളോടുള്ള അദ്ദേഹത്തിന്റെ അടുപ്പം അക്കാലത്തെഴുതിയ കവിതകളിൽ പ്രതിഫലിച്ചു. ജാതി- സാമുദായിക വ്യവസ്ഥകൾക്കെതിരായ ശ്രദ്ധേയമായ നിരവധി കൃതികളെഴുതി. തന്റെ ‘സർഗ്ഗ സംഗീതം’ എന്ന കവിതയിലൂടെ അദ്ദേഹം പ്രതിഫലിപ്പിക്കുന്ന ഇന്ത്യൻ സംസ്കാരത്തോട് അഭേദ്യമായ അടുപ്പം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

1950നും 1961നും ഇടയിൽ, കൊന്തയും പൂണൂലും, നാടിൻ്റെ നാദം, എനിക്ക് മരമമില്ല, മുളങ്കാട്, ഒരു ജൂദാസ്‌ ജനിക്കുന്നു, എൻ്റെ മാറ്റൊലിക്കവിതകൾ എന്നിങ്ങനെ നിരവധി കവിതാ സമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.

കവിതാ സമാഹാരങ്ങൾക്കു പുറമെ, ആയിഷ എന്ന ഖണ്ഡകാവ്യവും രക്തം കലർന്ന മണ്ണ്, വെട്ടും തിരുത്തും എന്നീ കഥാസമാഹാരങ്ങളും  പുരുഷാന്തരങ്ങളിലൂടെ എന്ന യാത്രാവിവരണവും പ്രസിദ്ധീകരിച്ചു. 1956-ൽ, ഡൽഹിയിൽ ഏഷ്യൻ എഴുത്തുകാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിന്റെ അനുഭവങ്ങളാണ് യാത്രാവിവരണത്തിലുള്ളത്.

1956-ൽ, കെ. രാഘവൻ സംഗീതം നൽകിയ കൂടപ്പിറപ്പ് എന്ന ചിത്രത്തിന് വരികൾ എഴുതാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇതിനായി അദ്ദേഹം 10 ഗാനങ്ങൾ രചിച്ചു. മൊത്തത്തിൽ മലയാള സിനിമകൾക്കായി 1300-ലധികം ഗാനങ്ങളും  സംഗീത ആൽബങ്ങൾക്കായി 135 ഗാനങ്ങളും നിരവധി നാടകങ്ങൾക്കുമായി അദ്ദേഹം എഴുതി.

Read Also  ഒരാളുടെ ലോകം/ വി കെ റീന എഴുതിയ ഓർമക്കുറിപ്പ്

ജി. ദേവരാജനുമായുള്ള അദ്ദേഹത്തിന്റെ സഹകരണം മലയാള ചലച്ചിത്ര സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമിട്ടു. ഈ സർഗ്ഗ പ്രതിഭകൾ ഒരുക്കിയ ഗാനങ്ങൾ മലയാളത്തിലെ ക്ലാസിക്കുകളായി.

1947ൽ, ഇന്ത്യയിലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ ലഭിച്ചു. 1962-ൽ രാമവർമ്മയ്ക്ക് സർഗസംഗീതം എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1969-ൽ മികച്ച ഗാനരചയിതാവിനുള്ള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിനായി നദി, കടൽപ്പാലം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരഞ്ഞെടുത്തു. 1972-ൽ ചെമ്പരത്തി, 1974-ൽ നെല്ല്, അതിഥി, 1975-ൽ ചുവന്ന സന്ധ്യകൾ, സ്വാമി അയ്യപ്പൻ എന്നീ സിനിമകളിലൂടെ മൂന്ന് തവണ കൂടി അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് ലഭിച്ചു.

1975 ഒക്ടോബർ 27.
മനുഷ്യത്വത്തിന്റെ, സഹാനുഭൂതിയുടെ, സ്നേഹത്തിന്റെ എല്ലാം വറ്റാത്ത  ഉറവകൾ എക്കാലവും വകിഞ്ഞൊഴുകുന്ന കഥകളെ… കവിതകളെ… ഗാനങ്ങളെ… മലയാളിക്കു നല്കിയ ആ സാഹിതീ നക്ഷത്രത്തിന്റെ ജ്വലനം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ, നാല്പത്തിയേഴാം വയസിൽ അസ്തമിച്ചു.

പരേതരായ ചന്ദ്രമതി തമ്പുരാട്ടിയും അനിയത്തി ഭാരതി തമ്പുരാട്ടിയും ഭാര്യമാർ ആയിരുന്നു. ചന്ദ്രമതി തമ്പുരാട്ടിയിൽ കുട്ടികളുണ്ടാകാത്തതിനെ തുടർന്ന്, ആ ബന്ധം ഒഴിഞ്ഞാണ്, ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചത്. പ്രശസ്ത മലയാള ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉൾപ്പെടെ നാല് മക്കളാനുള്ളത്. യമുന, സിന്ധു, ഇന്ദുലേഖ എന്നിവരാണു മറ്റുള്ളവർ.

1977മുതൽ, വയലാർ രാമവർമ്മ സ്മാരക ട്രസ്റ്റ്‌ അദ്ദേഹത്തിന്റെ ചരമവാർഷികദിനമായ ഒക്ടോബർ 27 നു നൽകി വരുന്ന ‘വയലാർ രാമവർമ്മ സാഹിത്യ അവാർഡ്’ കേരളത്തിലെ ഏറ്റവും പ്രശസ്തമായ അവാർഡ് ആണ്.

ദൈവങ്ങളെക്കാൾ മനുഷ്യനെ സ്നേഹിച്ച ആ മനുഷ്യ സ്നേഹിക്ക്, മഹാ കവിക്ക് ശതകോടി പ്രണാമം! 

Vayalar Ramavarmma And Family
വയലാർ രാമവർമ്മയും അമ്മ അംബാലിക തമ്പുരാട്ടിയും ഭാര്യ ഭാരതി തമ്പുരാട്ടിയും മക്കളും. മക്കൾ മുകളിൽ ഇടത്തുനിന്നും: സിന്ധു, യമുന, ഇന്ദുലേഖ, ശരച്ചന്ദ്രൻ
Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹