Published on: November 5, 2025

വേളൂർ കൃഷ്ണൻകുട്ടിയുടെ കൈയ്യെഴുത്ത് പ്രതികള്‍ പുരാവസ്തു- പുരാരേഖ വകുപ്പ് ഏറ്റെടുത്തു.
തിരുവനന്തപുരം: മലയാളത്തിലെ ആക്ഷേപഹാസ്യ സാഹിത്യകാരനായിരുന്ന വേളൂർ കൃഷ്ണൻകുട്ടിയുടെ കൈയ്യെഴുത്ത് പ്രതികള്‍ സംസ്ഥാന പുരാവസ്തു- പുരാരേഖ വകുപ്പിന്റെ ആർക്കൈവ് ഡിപ്പാർട്ടുമെന്റ് ഏറ്റെടുത്തു. കൃഷ്ണൻകുട്ടിയുടെ മക്കളായ വിനോദ്, കലാ വിനോദിനി എന്നിവരിൽ നിന്നും വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് രേഖകൾ ഏറ്റുവാങ്ങിയത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ വെച്ചായിരുന്നു ചടങ്ങ്. രണ്ടായിരത്തോളം വരുന്ന കൃഷ്ണൻകുട്ടിയുടെ സാഹിത്യ രചനകളുടെ കൈയ്യെഴുത്തുകളിൽ നിന്നും ഇരുപത് രേഖകളാണ് ഏറ്റെടുത്തിട്ടുള്ളത്. വകുപ്പിന്റെ എറണാകുളം അസിസ്റ്റന്റ് ആർക്കൈവിസ്റ്റ് വിജിത്ത് പി., കൃഷ്ണൻകുട്ടിയുടെ വീട് സന്ദർശിച്ച്, പ്രബന്ധങ്ങൾ, പഠന കുറിപ്പുകൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിലുള്ള രേഖകൾ പരിശോധിച്ചാണ് ഏറ്റെടുക്കേണ്ടവ തിരഞ്ഞെടുത്തത്.








