Veloor Krishnankutty AI image by Surya
വേളൂർ കൃഷ്ണൻകുട്ടിയുടെ എഐ ചിത്രം/ സൂര്യ

വേളൂർ കൃഷ്ണൻകുട്ടി; ഹാസ്യസാഹിത്യത്തിലെ കുലപതി

ലയാളത്തിലെ ഹാസ്യസാഹിത്യകാരനായിരുന്ന വേളൂർ കൃഷ്ണൻകുട്ടി എന്ന എൻ. കെ. കൃഷ്ണൻകുട്ടി, കോട്ടയം ജില്ലയിലെ വേളൂരിലെ നടുവിലേക്കര വീട്ടിൽ, എൻ. എൻ. കുഞ്ഞുണ്ണിയുടെയും പാർവതി അമ്മയുടെയും മകനായി 1927 സെപ്റ്റംബർ 19നു ജനിച്ചു.

കോട്ടയം സി. എം. എസ്. കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം ദീപികയിൽ പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, പത്രപാരായണൻ എന്ന തൂലികാനാമത്തിലാണ് എഴുതി തുടങ്ങിയത്. പിന്നീട് അദ്ദേഹം ദീപിക വാരികയുടെ എഡിറ്ററായി. കേരളദ്ധ്വനി, ഈ നാട് എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗം ആയിരുന്നു. കൊച്ചി സർവകലാശാലയുടെ സെനറ്റിലും ആകാശവാണി തിരുവനന്തപുരം നിലയത്തിലെയും കേരളാ സ്റ്റേറ്റ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഉപദേശക സമിതികളിലും അംഗമായിരുന്നു.

ജനപ്രിയ ആക്ഷേപഹാസ്യ മലയാളത്തിൽ 159-ലധികം പുസ്തകങ്ങൾ രചിച്ചു. നർമ്മം കലർന്ന സാമൂഹിക വിമർശനമാണ് അദ്ദേഹത്തിൻ്റെ കൃതികളുടെ പ്രത്യേകത. ‘ദൈവത്തെ തൊട്ടാൽ തൊട്ടവനെ തട്ടും’, ‘വേല മനസ്സിലിരിക്കട്ടെ’, ‘മാസപ്പടി മാതുപിള്ള’, ‘പഞ്ചവടിപ്പാലം’, ‘അമ്പിളി അമ്മാവൻ’, ‘ജർമ്മൻ കിസ്സ്’, ‘വീണപൂവിലെ സാത്വികഹാസ്യം’, ‘അവലോസുണ്ട’, ‘അഖില കേരള വയസൻസ് ക്ലബ്’, ‘ഇലക്ഷൻ ഇട്ടൂപ്പ്’, ‘ഏപ്രിൽ ഫൂൾ’, ‘ഏലിയാമ്മ മെമ്മോറിയൽ’, ‘മാസപ്പടിയുടെ ബെർലിൻ യാത്ര’, ‘മാസപ്പടി പ്രൊഡക്ഷൻസ്’, ‘ഒന്നു വെച്ചാൽ രണ്ടു കിട്ടും’, ‘അമേരിക്ക ബഹുത് അച്ചാ ഹെ’, ‘ചിരിയുടെ ചരിത്രം’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

1973-ൽ, അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൊന്നായ ‘മാസപ്പടി മാതുപിള്ള’, അതേ പേരിൽ സിനിമയായി. എ.എൻ. തമ്പി ആണ് സംവിധാനം ചെയ്തത്. 1984-ൽ, കെ. ജി. ജോർജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാലം’ ചലച്ചിത്രം അതേ പേരിലുള്ള വേളൂർകൃഷ്ണൻകുട്ടിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ‘അമ്പിളി അമ്മാവൻ’ പുസ്തകം സിനിമയാക്കിയപ്പോൾ, അതിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് കൃഷ്ണൻകുട്ടിയായിരുന്നു.

‘വേല മനസ്സിലിരിക്കട്ടെ’ പുസ്തകത്തിന് 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കൂടാതെ, ഇ. വി. കൃഷ്ണപിള്ള മെമ്മോറിയൽ അവാർഡ് (1984), കേരള ഗണക മഹാ സഭ അവാർഡ് (1992), ഇ വി ജന്മശതാബ്ദി പുരസ്കാരം (1995), കെ. കരുണാകരൻ സപ്തതി സ്മാരക സേവാസംഘം അവാർഡ് (1995), ശ്രീ ചിത്തിര തിരുനാൾ സാംസ്കാരിക വേദിയുടെ ‘തിരുമനസ് പുരസ്കാരം’ (2001), കണ്ണശ്ശ സാഹിത്യ പുരസ്‌കാരം (2001), കോട്ടയം നഗരസഭാ സാഹിത്യ അവാർഡ് (2001), തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Read Also  ദേശമംഗലം രാമകൃഷ്ണൻ

ജർമ്മനി, അമേരിക്ക, അബുദാബി, ദുബായ്, ഷാർജ, തുടങ്ങി നിരവധി രാജ്യങ്ങളിൽ ചിരിയരങ്ങുകൾ നടത്തിയിട്ടുള്ള വേളൂർ, ആകാശവാണിയിൽ 30 വർഷത്തിലേറെ കാലം ഹാസ്യപ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. രാജവീഥി, ചുഴലി, ക്ലാരമ്മയുടെ ക്ലാ, അവൻ താൻ ഇവൻ എന്നീ ദൂർദർശൻ സീരിയലുകളുടെ ഭാഗവും ആയിട്ടുണ്ട്.

വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ കൈയ്യെഴുത്ത് പ്രതികള്‍ പുരാവസ്തു- പുരാരേഖ മ്യൂസിയം വകുപ്പ്, 2025 നവംബർ 5ന് ഏറ്റെടുക്കുകയുണ്ടായി. വേളൂരിന്റെ ഏറ്റവും പ്രധാനപ്പെട്ട 20 കൈയ്യെഴുത്ത് പ്രതികളാണ് ഏറ്റെടുത്തത്. കൃഷ്ണൻകുട്ടിയുടെ മക്കളായ വിനോദ്, കലാ വിനോദിനി എന്നിവരിൽ നിന്നും വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആണ് കൈയ്യെഴുത്ത് പ്രതികൾ ഏറ്റുവാങ്ങിയത്.

2003 ആഗസ്റ്റ് 22നായിരുന്നു വേളൂർ കൃഷ്ണൻകുട്ടി അന്തരിച്ചത്. ഭാര്യ: ശാന്ത. മക്കൾ: ബീന വിനോദിനി, വിനോദ്, കലാ വിനോദിനി.

റിട്ട. സെയിൽസ് ടാക്സ് ഓഫീസർ സതീഷ് കുമാർ കെ.ജിയാണ് ബീന വിനോദിനിയുടെ ഭർത്താവ്. സന്ദീപ്(ചാർട്ടേഡ് അകൗണ്ടന്റ്), സനൂപ് എൻജിനിയർ(അബുദാബി) എന്നിവർ മക്കളാണ്. മകൻ വിനോദ് എറണാംകുളത്ത് മെഡിക്കൽ ഡിസ്‌ട്രിബ്യൂട്ടർ ആണ്. സുജേതയാണ് ഭാര്യ. ഏകമകൾ കാലിക്കറ്റ് എൻ. ഐ. റ്റിയിൽ പി. എച്ച്. ഡി. ചെയ്യുന്നു. റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ ആയ ഹരിപ്രസാദ് ആണ് കലാ വിനോദിനിയുടെ ഭർത്താവ്. മകൻ: യുഎസ്ടി ഗ്ലോബലിൽ ഉദ്യോഗസ്ഥനായ അഭയ് കൃഷ്ണ.

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹