പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കവി ആർതർ ക്ലാർക് കെന്നഡിയുടെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച കവിതയാണ് ‘ലാ മാർക്യുസെ ഡി പോംപദൂർ.’ 1891ൽ പ്രസിദ്ധീകൃതമായ ‘പിക്ചേഴ്സ് ഇൻ റൈമ്’ എന്ന 82 കവിതകളുടെ സമാഹാരത്തിലെ ആദ്യ കവിതയാണ് ഇത്.

നോക്കൂ അത് അവളല്ലോ

മദാം മാർക്യുസെ ഡി പോംപദൂർ.
നോക്കൂ ഇത് ഞാനല്ലോ
നായാട്ടുവേഷക്കാരൻ.
മുഖം മൂടികളിൽ നിന്നും
ചതിയൻ ചുഴികളിൽ നിന്നുമകന്ന്
ഇത്തിരിനേരം
ചുറ്റിയലഞ്ഞൂ ഞങ്ങൾ
മധുരിക്കുന്ന മനസ്സുകളായി.

കുളിരാർന്നു തനിച്ചായൊരു
മൂലയിൽ ഞങ്ങളിരുന്നു.
ഒരു തേനീച്ച കണക്കെ
ഓരോ മലരിലുമവളുടെ നാവു-
രുചിച്ചലയുന്നതു കണ്ടൂ
മദാം മാർക്യുസെ ഡി പോംപദൂർ
അവളല്ലോ.

ഹരിതമയം മേലാപ്പിനു മീതേ
ഒരു നിശ്ശബ്ദതയിഴഞ്ഞു കേറും മുമ്പേ
ഒരു പാടു പറഞ്ഞു ചിരിച്ചൂ ഞങ്ങൾ.

പ്രണയത്തിന്റെയപായ പഥങ്ങളിലേയ്ക്കാരോ

വഴി തെറ്റിയലഞ്ഞു വരുന്നതു കാൺകെ
നിലച്ചു, നർമ്മ മധുര വാണികൾ.

അന്നാദ്യം വരവേറ്റതു
ഞങ്ങടെ കൈകൾ തമ്മിൽ
പിന്നെ ഞങ്ങടെ മിഴികൾ ചുണ്ടുകൾ.
ആഹാ, ചെറുതെങ്കിലും
എത്ര മധുരതരമാ നിമിഷങ്ങൾ.
അവളെ നേടിയല്ലോ എൻ
ജീവോപഹാരമെനിക്കു കൈവന്നല്ലോ
മദാം മാർക്യുസെ ഡി പോംപദൂർ
അവളല്ലോ.
കണ്ടൂ നേടി, കൊണ്ടു നടന്നേനവളെ
അത്രയേ ഉള്ളൂവെങ്കിലും
അത്രത്തോളം.
ഏഴേ ഏഴു നാളുകൾ കൊണ്ടൻ
കാലം മാറി മറിഞ്ഞു.
അവളെൻ
മദാം ഡി പോംപദൂറല്ലോ
ഇനിയും എന്നും അങ്ങനെ തന്നെ.

കഷ്ടം,
കുളിരാർന്നൊരാ താഴ്വരയിൽ
മുനിഞ്ഞു മങ്ങിക്കത്തും
ചീനവിളക്കിനു കീഴിൽ
ചേതോഹരമവളുടെ മൂർധാവിൽ
പരിമളമെഴും ചുരുളൻ മുടിയിൽ

ചുണ്ടുകൾ ചേർത്തെന്നോ പലരും പലരും!

തമ്മിലുടമ്പടി വെച്ച ശിലാമഞ്ചമിത്
നാദധ്വനിയുയർത്തും ശിലാമഞ്ചമിത്
ധൂപാദികൾ സുഗന്ധത്തിന്നായ്
രാഗാദികൾ സംഗീതത്തിന്നായ് വെമ്പും
ശിലാമഞ്ചമിത് .
അതിനു കീഴിൽ
അത്ര കടുത്ത തണുപ്പിനെ
കൂസാതവൾ ഏഴുനാളുറങ്ങി.

ഭസ്മത്തൊടു ഭസ്മം ചേരട്ടെ
മണ്ണൊടു മൺപൊടി ചേരട്ടെ
മരിച്ചു പോയവർ സ്വന്തം മൃതരെ
മണ്ണോടു ചേർക്കട്ടെ.
എങ്കിലും,
അത്രയ്ക്കെൻ ഹൃദയത്തെ മുറുക്കി-
പ്പിടിക്കയാണെൻ മമതാ വിശ്വാസം,
മൈഥുനമില്ലാതെ തന്നെ
ദമ്പതിമാരാവാതെ തന്നെ.

Portrait of LA MARQUISE DE POMPADOUR
Illustration from 'Pictures in Rhyme' by Maurice Greiffenhagen