രുപത്തിയെട്ട് വയസ്.

വായനക്കാരുടെ ഗോൾ വലയിൽ തുരുതുരെ മഴവിൽകിക്കുകൾ തീർത്തു കൊണ്ടിരുന്ന യുവ എഴുത്തുകാരൻ. റേഡിയോ പാർക്കിനരികിലുള്ള ബസ്റ്റാൻ്റിൽ ആ പെൺകുട്ടി വന്നത് അവനെ കാണാനാണ്.

അവൾക്ക് ഇരുപത്തിയൊന്ന് വയസ്. കണ്ടയുടൻ അവളോട് ഒരു രക്ഷകർത്താവിൻ്റെ ഗൗരവത്തോടെ അയാൾ ചോദിച്ചു:
“നിങ്ങൾ ഭക്ഷണം കഴിച്ചോ?” ആദ്യം ആ ചോദ്യം തന്നോടല്ലെന്ന് അവൾ കരുതി. ഒരു മൈനപ്പിടച്ചിലോടെ അവൾ ഇടംവലം തല വെട്ടിച്ച് നോക്കി. മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ചോദ്യത്തിലെ ‘നിങ്ങൾ’ അവളെ ശരിക്കും കണങ്കാലിൽ തന്നെ കൊത്തി. പ്രതീക്ഷയുടെ പത്തി താഴ്ന്നു. അവൾ ജ്വര മൂടിയൊരു സംഘർഷത്തിലേക്ക് വീണു.

ശരിക്കും അവൾ പ്രതീക്ഷിച്ചത്, “നീ” എന്ന വിളിയാണ്. അഹങ്കാരം എന്ന തിളങ്ങുന്ന കത്തി കൊണ്ട് നെടുകയും കുറുകയും വരഞ്ഞ് എരിപുരട്ടുന്ന ഒരു പുരുഷൻ്റെ വിളി. എത്ര ഊക്കുള്ള പെണ്ണിനും അത് കുറവുള്ളൊരു വാരിയെല്ലിൻ്റെ കരുത്തു നൽകും.

‘നീ എന്നോടൊപ്പം ഹോട്ടലിലേക്ക്… അല്ലെങ്കിൽ എൻ്റെ ഭാര്യയില്ലാത്ത വീട്ടിലേക്ക്….?’ അങ്ങനെയൊരു ക്ഷണവും അവൾ പ്രതീക്ഷിച്ചു. ചെറുപ്പക്കാരനായ എഴുത്തുകാരൻ ആ കരയിലേക്കെന്നല്ല, ആ വഴിയിലേക്ക് പോലും തിരിയുന്ന ഒരു സൂചന നൽകിയില്ല.

എത്ര നേരം… എത്ര നേരം വേണമെങ്കിലും അയാളോടൊത്തങ്ങനെ ചിലവിടാൻ അവൾ തയ്യാറായിരുന്നു. അയാളുടെ നെയിം. ഫെയിം. അതൊക്കെ ആരെയും മോഹിപ്പിക്കുന്നതായിരുന്നു. അവൾക്കറിയാം, അയാൾ സംതിംങ് സ്പെഷ്യലാണ്. എന്നുവച്ചാൽ ആ പ്രായത്തിലുള്ള മറ്റു പലരെക്കാളും മുന്തിയ ഒരിനം. ഏകാകി. ഇൻ്റെലക്ച്വൽ. നിർമ്മിത ബുദ്ധിയുടെ കാലത്ത് ഇങ്ങനെയൊരാൾ? അതും കാൽപ്പനികതയ്ക്ക് ഒരു പനിക്കാപ്പിയുടെ ഇക്കിൾപ്പിടുത്തം പോലും ഇല്ലാത്ത ഇക്കാലത്ത്!

“ഭൂതഭാരങ്ങളില്ലാത്ത തലമുറയെ ഇവർ വഴി തെറ്റിക്കും. ഈ വാക്കുകൾ പോലും എത്ര പഴഞ്ചനാണ്!” ഒരിക്കൽ അവളോട് അവളുടെ കാമുകൻ പറഞ്ഞിട്ടുണ്ട്.

എന്നാൽ ആരും കൊതിക്കുന്ന പ്രായത്തിൽ അയാൾ വളരെ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രണയം കരിമ്പു പോലെ മധുരിച്ച അയാളുടെ തിരക്കഥകൾ സൂപ്പർ ഹിറ്റായി. നിർമ്മാതാക്കളെ അയാൾ മോഹിപ്പിച്ചു. നോവലുകൾക്ക് അനേകം തർജമകൾ ഉണ്ടായി. പലതും കൂടുതൽ പതിപ്പുകൾ ഇറങ്ങി. പണവും പ്രശസ്തിയുമാണ് ഒരാളുടെ യൗവ്വനമെന്ന് അവനെ മാതൃകയാക്കാൻ ശ്രമിച്ചവർ ഉരുവിട്ടു. “വാർദ്ധക്യത്തിൽ കിട്ടുന്ന പ്രശസ്തിയും പണവും ഊന്നുവടിക്കു പോലും ഭാരമാണ്.” അയാൾ ഒരു കൃതിയിൽ അങ്ങനെ പറഞ്ഞു പോലും വച്ചു.

ശരിക്കും അയാൾക്ക് വേണമെങ്കിൽ എന്നും നഗരത്തിലെ ഏതെങ്കിലും മുന്തിയ ഹോട്ടലുകളിലോ ഫ്ലാറ്റുകളിലോ വില്ലകളിലോ ഒക്കെ കഴിയാം. വില കൂടിയ മദ്യം കഴിക്കാം. കൂടെ സുന്ദരികളായ നടികൾ, ആരാധികമാർ, മോഡലുകൾ… എന്നിട്ടും അയാൾ കഴിഞ്ഞത് നഗരത്തിരക്കുകളിൽ നിന്നും വളരെ അകലെയുള്ള ഒരു തണുത്ത ഗ്രാമത്തിലാണ്. വേനലിൽ മെലിഞ്ഞും വർഷത്തിൽ നിറഞ്ഞും ഒഴുകുന്ന ഒരു പുഴയുടെ കരയിൽ. അയാൾക്ക് കൂട്ടായി ഒരു തോണിക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മീൻ പിടിച്ചും അക്കരെ ഇക്കരെ മനുഷ്യരെ വള്ളത്തിൽ കടത്തിയുമാണ് ആ തോണിക്കാരൻ ജീവിച്ചിരുന്നത്. ആർക്കും അകാൽപ്പനികനാകാൻ കഴിയാത്ത ഒരിടം. ഗർഭപാത്രം പോലെ വിശുദ്ധമായ മണ്ണും വിണ്ണും. പക്ഷേ, തോണിക്കാരനു പോലും അയാളോട് സഹതാപമായിരുന്നു.

പുലർച്ചെ എണീറ്റാൽ ഉടൻ പുഴ കാണുന്ന വിധം വീട്ടിലെ കുഞ്ഞ് ജനാലകൾ തുറന്നിടും. തലേന്ന് രാത്രി വഴക്കിട്ടും തല്ലുകൂടിയും ചീത്ത പറഞ്ഞും പ്രണയിച്ചുമെല്ലാം കഴിഞ്ഞ കഥാപാത്രങ്ങളെ ആ പുഴയുടെ കരയിലും കൈതക്കാട്ടിലും മണൽത്തിട്ടയിലും ഒക്കെ ഇറക്കി വിടും. അവൾ വായിച്ചിട്ടുണ്ട്, പുഴയോട് വർത്തമാനം പറഞ്ഞിരിക്കുന്നത് അയാളുടെ ഒരു ശീലമായിരുന്നു. മിക്കവാറും രചനകളിൽ അയാൾ ഒരു പുഴയെക്കുറിച്ചു പറയും. പറയുന്നത് ഒരേ കഥയാണ്. മാറ്റിയും മറിച്ചും… അല്ലെങ്കിലും ഈ ഭൂമിയിൽ എല്ലാ മനുഷ്യർക്കും ഒരൊറ്റ കഥയല്ലേ ഉള്ളൂ..?

ഏതാനും വർഷം മുൻപ് അയാൾ തൻ്റെ ചുഴി എന്ന കൃതിയിൽ ഇങ്ങനെ എഴുതി:
“പുലർച്ചകളിലാണ് പുഴ സുന്ദരി. ഇവിടെ ഈ പുഴയ്ക്കരികിലുള്ള ഉലട്ടിമരത്തിലും പോങ്ങുമരത്തിലുമൊക്കെ രാവിലെ കുറേ പക്ഷികൾ വരും. പച്ചതത്തകൾ, ശവക്കുറുണികൾ, രക്തകണ്ണുള്ള ഉപ്പൻ, പുള്ളിക്കുയിൽ, കുശുമ്പും കുന്നായ്മയും ഉള്ള കാക്കപ്പെണ്ണുങ്ങൾ. കുഴി മടിയൻ കൊറ്റികൾ, ഗൗരവക്കാരൻ പരുന്ത്, പ്രാവ് അങ്ങനെ…
അവർ മണൽത്തിട്ടയിലും ചതുപ്പിലുമെല്ലാം പാഞ്ഞു നടന്ന് ശലഭപ്പുഴു, ഈയൽ, ഒച്ച്, ചെതുമ്പൂരം, കുണ്ടളപ്പുഴു തുടങ്ങിയവരെയൊക്കെ കൊത്തി വിഴുങ്ങും.”
അങ്ങനെയൊക്കെ അയാൾ എഴുതിയിട്ടുണ്ട്. ആ പെൺകുട്ടി അതെല്ലാം കുളിരോടെ താളുകൾക്കിടയിലിരുന്ന് വായിച്ചിട്ടുണ്ട്.

തീരുമാനങ്ങളിൽ കൊറ്റിയെ പോലെ, ഉൽസാഹത്തിൽ പുള്ളിക്കുയിലിനെപ്പോലെ, വാശിയ്ക്കാണെങ്കിൽ കുരുവി പെണ്ണിനെപ്പോലെ, ക്ഷമയോടുള്ള കാത്തിരിപ്പിനാണെങ്കിൽ പരുന്തിനെപ്പോലെ…. ഇങ്ങനെ പ്രകൃതി ഒരുക്കിയ ഒരു ജീവിതമായിരുന്നു ആ എഴുത്തുകാരൻ്റേത്.

അങ്ങനെയാണ് അവളിൽ ആ ആഗ്രഹം ഉണ്ടായത്. അവൾ കഥയിൽ ഒരു കംപ്യൂട്ടർ എഞ്ചിനീയറായിരുന്നു. എല്ലാ സുന്ദരിമാരേയും പോലെ അവൾക്കും ഒരു കാമുകൻ ഉണ്ടായിരുന്നു. ഒരു ചുള്ളൻ. ഫ്രീക്കൻ. മദ്യപിച്ച് താഴ്ന്ന സ്ഥായിയിൽ ഗസലുകളൊക്കെ പാടുന്നവൻ. ഉന്മാദത്തിൽ കൊറിയൻ സംഗീതത്തെ പുണരുന്നവൻ. ഒരു ദിവസം അവർ വഴക്കിട്ടു. വെറുതെ. വെറുതെ വഴക്കിടുന്നതാണ് പുതിയ കാലത്തിൻ്റെ രീതി. വഴക്ക് ചിരി പോല, വഴക്ക് പ്രണയം പോലെ, വഴക്ക് ഉന്മാദവും സങ്കടവും പോലെ. അങ്ങനെ…

രണ്ടു മണിക്കൂറോളം ഫോണിൽ കത്തിപ്പടർന്ന് സംസാരിച്ച ശേഷം എന്നന്നേക്കുമായി അവർ വേർപിരിഞ്ഞു. എഴുത്തുകാരനോട് ചില വായനക്കാർ ചോദിച്ചു: അതെന്തിനായിരുന്നു? അയാൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അല്ലെങ്കിലും പുതിയ കാലത്ത് ഒന്നിനും കൃത്യമായ മറുപടിയില്ല. ഒന്നും ഒന്നിൻ്റെയും തുടർച്ചയല്ല. ഒന്നും ഒന്നിനും ഉത്തരമല്ല. ഒന്നും ഒന്നിലേക്കുള്ള വഴിയോ വെളിച്ചമോ അല്ല. പെൺകുട്ടി അന്ന് പുറത്തുചാടിയതാണ്. അയാൾ ആർക്കും ഒന്നിനും മറുപടി കൊടുത്തില്ല.

അയാളോട് കുറേ വർത്തമാനം പറയണം. നീളെയും കുറുകയും കയറി ഇടയ്ക്ക് എന്തെങ്കിലും സംശയങ്ങൾ, കൗതുകം കലർന്ന ചില ചോദ്യങ്ങൾ. അതയാൾക്ക് ഒട്ടും അലോസരം ഉണ്ടാക്കാതെ. അതിനിടയിൽ വേണെമെങ്കിൽ അയാൾക്ക് കാപ്പിയോ ചായയോ ഡ്രിങ്ക്സുകളോ ഭക്ഷണമോ ഒക്കെ വാങ്ങിക്കൊടുക്കാം. അതെത്ര സന്തോഷമാണ്! അത്രയൊക്കെയേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ.

കാണാൻ ശ്രമിച്ചപ്പോഴൊക്കെ അയാൾ ഒഴിഞ്ഞുമാറി. തിരക്ക് നടിച്ചു. ഒടുവിൽ അവൾ തുനിഞ്ഞിറങ്ങുകയായിരുന്നു.
“ഞാൻ എൻ്റെ കുട്ടിക്കാലത്ത് നിങ്ങളുടെ മറ്റൊരു നോവലിലെ ഇല എന്ന കഥാപാത്രത്തെപ്പോലെ…”
അവൾ പലവട്ടം തൊണ്ടയിടറി പറയുവാൻ ശ്രമിച്ചു. അയാൾ ആ പറച്ചിലൊന്നും അത്ര കാര്യമായി ഗൗനിക്കാത്തതുപോലെ അവളോട് പറഞ്ഞു:
” തനിക്ക് ഈ പ്രായത്തിൽ ഒരു ജോലി പ്രധാനമാണ്. പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കണം. ഇത്രയും വിദ്യാഭ്യാസമൊക്കെ ഉള്ളതല്ലേ, ശ്രമിച്ചാൽ നല്ലൊരു തൊഴിൽ കിട്ടും. വേണമെങ്കിൽ ഞാനും ശ്രമിക്കാം.”

അവൾ ഉള്ളിലെ അമർഷം അടക്കിക്കൊണ്ട് മുന്നിൽ കിടന്ന ഒരു കോളയുടെ കപ്പിനെ ആഞ്ഞ് തൊഴിച്ചു.
അപ്രതീക്ഷിതമായ ഒരു നിമിഷം പൊടുന്നനെ ഇറക്കിവിട്ട ശേഷം, ‘വേണമെങ്കിൽ…’ എന്ന ആ പറച്ചിൽ അവൾക്ക് ഒട്ടും രുചിച്ചില്ല.

“എടാ, മരപ്പൊട്ടാ, എനിക്ക് നിൻ്റെ ഇത്തരം ഉപദേശങ്ങളൊന്നും വേണ്ട. നിങ്ങളുടെ കറുപ്പ് എന്ന നോവലിലെ മദ്ധ്യവയസ്കനായ നോബിൾ എന്ന കഥാപാത്രമില്ലേ, അയാളെപ്പോലെ നിങ്ങൾ എന്നെ നിങ്ങളുടെ വീട്ടിലേക്കോ, ഹോട്ടൽ മുറിയിലോക്കോ എവിടേക്ക് വേണമെങ്കിലും കൊണ്ടു പോകൂ. അവിടെ വച്ച് നിങ്ങൾ വലിയ വലിയ കാര്യങ്ങൾ പറഞ്ഞിട്ട് ഒടുവിൽ എല്ലാ ചെറിയ മനുഷ്യരേയും പോലെ നിങ്ങളുടെ ഇംഗിതത്തിന് എന്നെ…” അവൾ ചുണ്ടിനു മീതെ പതിയെ പറഞ്ഞു. അയാൾ അതൊന്നും കേട്ടില്ല.

ദൂരെ നിന്നും പൊടിപറത്തിക്കൊണ്ട് പാഞ്ഞു വരുന്ന ഒരു സൂപ്പർ ഫാസ്റ്റിനെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു:
“ഇനിയുള്ള കാലം ആർക്കും ആരോടും കടപ്പാടുകളൊന്നും സൂക്ഷിക്കേണ്ടതില്ല.
കഥാപാത്രങ്ങൾക്കു വരെ എഴുത്തുകാരനെ വിട്ട് കൃതികളിൽ നിന്നും സ്വതന്ത്രമനുഷ്യരായി ജീവിക്കുവാനുള്ള ഓപ്ഷനുകൾ ഉണ്ട്”

ഞാൻ ഇയാളെ കരിങ്കല്ലെടുത്ത് തലയ്ക്കടിച്ചു കൊല്ലും! അവൾ വീണ്ടും വിരലുകൾ ഞെരിച്ചു.
ഇയാളുടെ ഏത് കൃതിയിലാണ്, അല്ലെങ്കിൽ ഏത് കഥയിലാണ് രണ്ട് കഥാപാത്രങ്ങൾ ഇങ്ങനെ ഇത്രയും അരക്ഷിതമായ ഒരിടത്തു നിന്ന് വർത്തമാനം പറഞ്ഞിട്ടുള്ളത്?

“വരൂ, നമുക്ക് ആ റെസ്റ്റോറൻ്റിലേക്ക്…” അവൾ അവനെ ക്ഷണിച്ചു. അയാൾ അത് കേൾക്കാത്തതുപോലെ പിന്നെയും പറഞ്ഞു:
“ആരോഗ്യ ഇൻഷ്വറൻസ് പോളിസികളെക്കുറിച്ച് കേട്ടിട്ടില്ലേ? അതെടുക്കണം. രോഗം ഒരു മോശം അവസ്ഥയാണ്. കിടപ്പിലായിപ്പോയാൽ എല്ലാരും നമ്മളെ വെറുക്കും. കുട്ടികൾ… ഭർത്താവ്… എല്ലാം. കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു ഭാഗം അതിൽ ഇടൂ. ഒടുവിൽ അത്…”

ഇനി സഹിക്കാനാകില്ല.നിങ്ങളെ ഞാൻ കൊല്ലും! അവൾ പല്ലിറുമ്മി. അമ്മാവൻ സിൻഡ്രോവുമായി വന്നിരിക്കുന്നു!
“സിംഹരൂപൻ എന്ന നിങ്ങളുടെ ഒരു കഥാപാത്രം എത്ര മിടുക്കോടെയാണ് സ്വന്തം വിദ്യാർത്ഥിനിയെ, അതും, മകളെപ്പോലെ സ്നേഹിച്ച്…. ഒടുവിൽ കൊന്ന്…” അവൾ വീണ്ടും പറയാനാഞ്ഞു.

“കഴിയുമെങ്കിൽ ജീവിതത്തിൽ നിന്ന് കുട്ടികളെ ഒഴിവാക്കണം. ഇനി അതിന് പറ്റിയില്ലെങ്കിൽ എന്നും ഒപ്പം കൂട്ടണം. അവർ അമ്മയോടൊപ്പമാണ് വളരേണ്ടത്.” അയാൾ ഒട്ടും ഗൗരവം വിടാതെ പറഞ്ഞു.
“ഭർത്താവിനേയും കാമുകനേയും അടുത്തടുത്ത മുറികളിൽ പാർപ്പിച്ച് ഊഴം വച്ച് അവരെ തൃപ്തിപ്പെടുത്തുന്ന പിച്ചി എന്നൊരു കഥാപാത്രത്തെ എത്ര ഭംഗിയോടെ അവതരിപ്പിച്ച കഥാകാരനാണ് നിങ്ങൾ?” ഒടുവിൽ അവൾ സഹികെട്ട് ഇടയിൽ കയറി.

അപ്പോഴും അയാൾ അതൊന്നും കേട്ടതായേ ഭാവിച്ചില്ല. വേഗം അടുത്തു കണ്ട ഒരു പഴക്കടയിൽ കയറി ചെറിപ്പഴങ്ങളുടെ ഒരു കൂടെടുത്തു. മനോഹരമായി അലങ്കരിച്ച പഴങ്ങളായിരുന്നു അതിൽ. അയാൾ ശ്രദ്ധയോടെ അതിൻ്റെ മൂടി പൊട്ടിച്ചു. ഒരോ പഴങ്ങളായി എടുത്ത് സാവധാനം കഴിക്കുവാൻ തുടങ്ങി. ആദ്യത്തെ പഴം തനിക്കു തരും എന്നാണവൾ കരുതിയിയത്. മുഴുവൻ പഴങ്ങൾ തീർന്നതും അയാൾ കൂട് വലിച്ചെറിഞ്ഞ് ഒരു ഓട്ടോറിക്ഷക്ക് കൈ നീട്ടി. പിന്നൊന്നും പറയാതെ അതിൽ കയറി. തിരക്കിലേക്ക് അകന്നുപോയി. തന്നെത്തിരക്കി വരുന്ന മൂന്നാമത്തെ കഥാപാത്രത്തേയും ഒഴിപ്പിച്ചു വിട്ട ആശ്വാസത്തിൽ അയാൾ ഒരു സിനിമാ തിയേറ്ററിലേക്ക് ഓടി കയറി. അവിടെ, ‘അയാളും കഥാപാത്രങ്ങളും’ എന്ന സിനിമയാണ് പ്രദർശിപ്പിച്ചിരുന്നത്.