സന്ധ്യയുടെ നിഴൽവെളിച്ചത്തിൽ മറ്റൊരു നിഴലായ് നിന്നിരുന്ന അവളോട്‌ മറ്റൊന്നും പറയാതെ തിരികെ നടന്നു. ആസമയം ആ സത്യം താൻ തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും…

വൾ! അവളാരായിരുന്നു തനിക്ക്?

ആരുമായിരുന്നില്ല. ആരൊക്കെയോ ആകാൻ കൊതിച്ചിരുന്നു, ഒരുകാലത്ത്. മഴമേഘങ്ങൾ പോലെ, ഓർമ്മകൾ തലയുയർത്തുന്നു.

കോളേജ് കാലം. കാന്റീനിലേക്ക് പോകുമ്പോൾ… ലൈബ്രറിയുടെ മുന്നിൽ… കൂട്ടുകാരുമൊത്ത് നില്ക്കുമ്പോൾ… അങ്ങനെ, എപ്പോഴൊക്കെയോ മിഴികളുമായി ഉടക്കി. അവളുടെ നോട്ടം തന്നിൽ എവിടെയൊക്കെയോ തറച്ചുകയറുന്നുണ്ട്. ആദ്യം ഒന്നും അറിയാത്തവനെ പോലെ നടന്നു. പിന്നെ പിന്നെ, അറിഞ്ഞും അറിയാതെയും അവളുടെ മുന്നിൽ ചെന്നുപെട്ടു.

“ഈ വരികളുടെ അർത്ഥം ഒന്ന് പറഞ്ഞു തരാമോ?”
ഒരു ഇംഗ്ലീഷ് പുസ്തകം നീട്ടികൊണ്ട് മുന്നിലവൾ നിന്നപ്പോൾ കൂട്ടുകാർ കണ്ണിറുക്കി. തന്നോടൊന്ന് മിണ്ടാൻ അവസരം ഉണ്ടാക്കിയെടുത്തതാണെന്നു മനസിലായി. പുസ്തകത്തിലേക്കും അവളുടെ മുഖത്തേക്കും മാറിമാറി നോക്കി. മഴ തോർന്ന നടപ്പാതയിൽ ഉതിർന്നുവീണ പവിഴമല്ലി പൂവിതൾ പോലെ, അവളുടെ നനുത്ത നെറ്റിയിലും കഴുത്തിലും സ്വേദകണങ്ങൾ പൊടിഞ്ഞു നില്ക്കുന്നു. കവിളുകൾ ചുവക്കുന്നതും അധരങ്ങളിലെ പിടച്ചിലും കണ്ടു. നീൾമിഴികളിൽ ഒരപേക്ഷയുടെ സ്ഫുരണം.

അവളെ ശ്രദ്ധിക്കാൻ തുടങ്ങിയ നാളുകൾ. പക്ഷെ, ഒന്നും അറിയാത്തവനെ പോലെ നടക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്തോ ഒരുൾഭയം. പലപ്പോഴും, ഒരു പുഞ്ചിരിമാത്രം സമ്മാനിച്ച് ആൾക്കൂട്ടത്തിലേക്ക് മാറി. എന്നാലും, തേജസ്സാർന്ന ആ നീൾമിഴിപ്പൂക്കൾ ഉള്ളിലെവിടെയോ വിടർന്നുനിന്നിരുന്നു. വെളുത്തു മെലിഞ്ഞ ശരീരം. നിറഞ്ഞുക്കിടക്കുന്ന, കരിമേഘക്കൂട്ടങ്ങൾപോലെ ചുരുൾമുടി. സദാ സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതം. ക്യാമ്പസ്സിലാകെ ഓടിനടക്കുന്നു കാട്ടിക്കൂട്ടുന്ന കുസൃതികൾ. ഓരോവട്ടവും ഒരു പുതുമഴ പോലെ ഉള്ളിൽ അവൾ പെയ്തും തോർന്നും കൊണ്ടിരുന്നു.

ഒരിക്കൽ കലോത്സവം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ, അവൾ കയറിയ ബസ്സിൽ ബോധപൂർവം കയറി. തനിക്കു പോകേണ്ട ബസ്സല്ല അതെന്ന് അവൾക്കും അറിയാം. തന്റെ തൊട്ടുമുന്നിലായി അവൾ വന്നുനിന്നു. കാറ്റത്തു പാറുന്ന മുടിയിഴകൾ മൂക്കിൻതുമ്പിനെ അലോസരപ്പെടുത്തിയിട്ടും ആസ്വദിച്ചുനിന്നു.

സന്ധ്യ മയങ്ങിയ സമയം. ഇറങ്ങാൻ നേരം അവൾ ചോദിച്ചു,
“വരുന്നോ, കൂട്ടിന്?”

നിഷേധിക്കാനായില്ല. പിറകെ നടന്നു. കലോത്സവത്തിലെ പുത്തൻ പ്രവണതകളെ വിമർശിച്ചുകൊണ്ട് അവൾ സംസാരം തുടങ്ങി. വീടെത്തിയപ്പോൾ ചോദിച്ചു,
“കയറുന്നോ”
“ഇല്ല. വൈകിയാൽ ബസ്സ് കിട്ടില്ല.”

സന്ധ്യയുടെ നിഴൽവെളിച്ചത്തിൽ മറ്റൊരു നിഴലായ് നിന്നിരുന്ന അവളോട്‌ മറ്റൊന്നും പറയാതെ തിരികെ നടന്നു. ആസമയം ആ സത്യം താൻ തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും…

ഫൈനൽ പരീക്ഷ കഴിഞ്ഞുള്ള ക്യാമ്പസ്സിലെ ശൂന്യത. ഓരോ മരത്തിന്റെ ചുവട്ടിലും ഓരോ മുക്കിലും മൂലയിലും വിടചൊല്ലലിന്റെ നൊമ്പരസ്വനങ്ങൾ. ചിലത്, താല്ക്കാലികം. ചിലത്, എന്നന്നേക്കുമായി. ഉള്ളിലൊരു നൊമ്പരപൂവിനെ പൊതിഞ്ഞുവെച്ച് ക്യാമ്പസ്സിന്റെ പടിയിറങ്ങി.

കാലമെത്ര കഴിഞ്ഞു. ജോലി, വിവാഹം, കുട്ടികൾ, അവരുടെ വിവാഹം, ഭാര്യയുടെ മരണം. ഇതിനിടയിൽ ഒരിക്കൽ പോലും അവളെ കണ്ടുമുട്ടിയില്ല. അന്വേഷിക്കാനുള്ള ധൈര്യം ഉണ്ടായില്ല. ഭീരുത്വം, എന്നത്തേയുംപോലെ…

അവധിക്ക്‌ നാട്ടിലെത്തിയ മകൻ പറഞ്ഞു, “അച്ഛാ, എത്രകാലമെന്നുവച്ചാ അച്ഛനിങ്ങനെ ഒറ്റയ്ക്ക്. എനിക്കും വിധുവിനും ഇവിടെ വന്നുനിൽക്കാനാവില്ലല്ലോ. അതുകൊണ്ട്, ഒരു വിവാഹത്തെക്കുറിച്ച് അച്ഛൻ എന്തു പറയുന്നു?”

വിവാഹമോ? ഞെട്ടിപ്പോയി. പിന്നെ, ഒരു തമാശ കേട്ട പോലെ പൊട്ടിച്ചിരിക്കാൻ തോന്നി. എങ്കിലും, ഗൗരവത്തോടെ പറഞ്ഞു,
“വേണ്ട. ഈ പ്രായത്തിലിനിയൊരു വിവാഹം ശരിയാവില്ല. മാത്രമല്ല, നിന്റമ്മയുടെ ആത്മാവിനെ വേദനിപ്പിക്കുന്നതും ശരിയല്ല.”

അവൻ എതിർത്തു.
“അങ്ങിനൊയൊന്നും ചിന്തിക്കേണ്ട. ജീവിതസായാഹ്നത്തിൽ ഒരൂന്നുവടി. അത്ര കണക്കാക്കിയാൽ മതി. കൂട്ടിന് ആരുമില്ലാതെ അച്ഛൻ കഷ്ടപ്പെടുന്നത് എന്തായാലും അമ്മ ഇഷ്ടപ്പെടുമെന്നും തോന്നുന്നില്ല.”

അവനൊന്ന് നിർത്തി. എന്നിട്ട് മെല്ലെ പറഞ്ഞു, വിധുവിന്റെ ഫ്രണ്ട്ന്റെ ഒരു ആന്റിയുണ്ട്. അവരുടെ ഭർത്താവ് ആക്‌സിഡന്റിൽ മരിച്ചു. കുട്ടികളില്ല. ഞങ്ങൾ സംസാരിച്ചു. അവർക്ക് വിരോധമില്ല. അച്ചനെ അവരറിയും. ഒരുമിച്ച് കോളേജിൽ പഠിച്ചിട്ടുണ്ടെന്ന്.”

അവസാനവാചകം ഒരു ആന്തലോടെയാണ് കേട്ടത്. പല മുഖങ്ങളും ഓർമയുടെ തീരത്തെത്തി. ഉറപ്പുള്ള ഒരു മുഖമൊഴികെ മറ്റെല്ലാം ക്ഷണം മാഞ്ഞു. എന്നിട്ടും, ആളാരാണെന്ന് ചോദിക്കാൻ മനസ്സു വന്നില്ല. ധൈര്യം കിട്ടിയില്ല.

മകന്റെ ചോദ്യമുനയുള്ള നോട്ടത്തിന് എതിർത്തൊന്നും പറയാൻ നില്ക്കാതെ അവനിൽ നിന്നും അകന്നു മാറുമ്പോൾ, രണ്ട് നീൾമിഴിപ്പൂക്കൾ സൗഗന്ധികങ്ങളായി തനിക്കു ചുറ്റുമുള്ളതുപോലെ അയാൾക്ക് തോന്നി