Published on: May 24, 2025

അച്ചന്റെ ഷർട്ട്
കുട്ടിക്കാലത്ത്
അച്ചനെ പോലെ വളരാനുള്ള
തിടുക്കത്തിലായിരിന്നു ഞാൻ
കുട്ടിയെന്ന് അച്ചൻ വിളിച്ചപ്പോൾ
എന്നേക്കാൾ വലിയ
എന്റെ നിഴലുകലാണ്
എന്നെ ആശ്വസിപ്പിച്ചത്
യാത്രകളിൽ
അച്ചൻ എനിക്കെടുത്തിരുന്ന
അര ടിക്കറ്റുകൾ
എന്റെ ആത്മാഭിമാനത്തെ
മുറിപ്പെടുത്തിയിരിന്നു
എട്ടാം ഭാവത്തിൽ
രാഹു കയറി കൂടിയതാണ്
എന്റെ വളർച്ചക്ക് വിഘ്നമെന്ന്
നാട്ടിലെ ജോത്സ്യൻ
കഞ്ഞിയിൽ
വറ്റുകൾ കുറവായത് കൊണ്ടാണെന്ന്
കൂട്ടുകാരുടെ സ്വകാര്യം പറച്ചിൽ
ഓണനാളുകളിൽ
വെളുത്ത വറ്റുകളെ
വയറ്റിലേക്ക് തള്ളിവിടുമ്പോൾ
വളർച്ചയുടെ സൂചിക മാറുന്നത്
ഞാനറിഞ്ഞു
കരിപുരണ്ട തീപ്പെട്ടി കോലുകൊണ്ട്
മീശ വരച്ചപ്പോൾ
എനിക്കും വളരാമെന്ന
വിശ്വാസം വന്നു
എന്നേക്കാൾ വലിയ
അച്ചന്റെ ഷർട്ട് ധരിച്ചപ്പോൾ
അച്ചനേക്കാൾ വളർന്നിരിക്കുന്നുവെന്ന
ബോധ്യവും വന്നു
വളർച്ചയെന്നാൽ മരണമാണന്ന്
അച്ചന്റെ മരണം
സാക്ഷ്യപ്പെടുത്തിയപ്പോൾ
അച്ചന്റെ ഷർട്ട് ഊരി
ദൂരത്തേക്ക് എറിഞ്ഞു
വളർച്ചയില്ലാത്ത കാലമാണ് നല്ലതെന്ന്
ഇരുട്ടിലിരുന്ന് ആരോ പറഞ്ഞപ്പോൾ
വളർച്ച തടയാനുള്ള
ശാസ്ത്രം തേടി ഞാൻ നടന്നു!
പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം








