Published on: October 28, 2025
പ്രിയമുള്ളവനേ
നീ വിട ചൊല്ലവേ
വിതുമ്പാൻ മറന്നൊരു
വാടിക ഞാൻ
നീ വസന്തം വിടർത്തിയ
വാടിക ഞാൻ


പ്രിയ വിദ്യാലയത്തിനോടു വിട ചൊല്ലി 'ജ്ഞാനസാരഥി' മടങ്ങി; അഡ്വ. സി. കെ. നാരായണൻ നമ്പൂതിരിപ്പാടിന് 'ജ്ഞാനസാരഥി' യുടെ പ്രണാമം.
തൃശ്ശൂർ: പ്രമുഖ കഥകളി പ്രവർത്തകനും വിദ്യാദ്യാസ പ്രവർത്തകനും കേരള കലാമണ്ഡലം മുകുന്ദ രാജ സ്മൃതി പുരസ്കാര ജേതാവുമായ അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു.
തൃശ്ശൂർ കഥകളി ക്ലബ്ബിന്റെ സ്ഥാപകാഗവും എഴുത്തുകാരനുമായിരുന്ന സി. കെ. എൻ. എന്ന സി. കെ. നാരായണൻ നമ്പൂതിരിപ്പാട്, മൂന്നര പതിറ്റാണ്ടിലേറെക്കാലം തൃശ്ശൂർ കോട്ടപ്പുറം നമ്പൂതിരി വിദ്യാലയത്തിന്റെ മാനേജരായിരുന്നു.
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്കൂളായ നമ്പൂതിരി വിദ്യാലയം സ്ഥാപിച്ചവരിൽ പ്രധാനിയായിരുന്നു സി. കെ. എന്നിന്റെ അച്ഛൻ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാട്(ചിറ്റൂർ മനയിൽ കുഞ്ഞൻ നമ്പൂതിരിപ്പാട്). കേരളത്തിലെ നമ്പൂതിരി സമുദായത്തിന് പാശ്ചാത്യരീതിയിലുള്ള പൊതുവിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി 1919 ജൂണിൽ, യോഗക്ഷേമ സഭ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. വർഷങ്ങൾക്കു ശേഷം, മ്പത്തിക പരാധീനതയിൽ ഈ സ്‌കൂൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയുണ്ടായി.
തുടർന്ന്, സി. കെ. എന്നിന്റെ പരിശ്രമത്തിൽ ‘നമ്പൂതിരി വിദ്യാഭ്യാസ ട്രസ്റ്റ്’ രൂപീകരിക്കുകയും ട്രസ്റ്റിന്റെ സെക്രട്ടറി പദവിയും സ്‌കൂളിന്റെ മാനേജർ സ്ഥാനവും ഏറ്റെടുത്ത് അദ്ദേഹം മുപ്പത്തഞ്ച് വർഷത്തിലേറെ ഈ സ്‌കൂൾ നടത്തിക്കൊണ്ടുപോകുകയും ചെയ്തു.
അതിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളെയും അനുഭവിച്ച ക്ലേശങ്ങളെയും നമ്പൂതിരി വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ ആവിഷ്‌ക്കരിക്കുന്ന, ‘നമ്പൂതിരി വിദ്യാലയം’ സ്‌കൂൾ അദ്ധ്യാപകർ നിർമ്മിച്ച ഡോക്യുമെറിയാണ് ‘ജ്ഞാനസാരഥി.’ ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ട്രസ്റ്റിന്റെ ബാനറിൽ സതീഷ് കളത്തിൽ സംവിധാനം ചെയ്ത, ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം കേരളത്തിന്റെ ആദ്യകാല വിദ്യാഭ്യാസ സമ്പ്രദായങ്ങളെ സവിസ്തരം പ്രതിപാദിക്കുന്നു.

സി. കെ. എന്നും നമ്പൂതിരി വിദ്യാലയവും തമ്മിലുള്ള ബന്ധത്തെ കുറിച്ച്, കേരളത്തിലെ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായിരുന്ന പി. ചിത്രൻ നമ്പൂതിരിപ്പാടും വൈജ്ഞാനിക സാഹിത്യകാരനും ആണവ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എം. പി. പരമേശ്വരനും ഉൾപ്പെടെ നിരവധി വ്യക്തികൾ ഡോക്യുമെറിയിൽ അഭിപ്രായപ്പെട്ടത്, ‘അന്ന് അദ്ദേഹം ഈ സ്‌കൂളിനെ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ കേരളത്തിന്റെ ഈ ചരിത്ര വിദ്യാലയം ഇന്നുണ്ടാകുമായിരുന്നില്ല’ എന്നാണ്.
“ഞങ്ങളെല്ലാം ഭാരവാഹികളെന്നു പറയാം എന്നല്ലാതെ ഞങ്ങൾ കാര്യമായൊന്നും ചെയ്തിരുന്നില്ല. നമ്പൂതിരി വിദ്യാലയത്തിന്റെ എല്ലാ ഭാരവും ഏറ്റിരുന്നത് അദ്ദേഹമായിരുന്നു.” എന്നാണ്, നമ്പൂതിരി വിദ്യാഭ്യാസ ട്രസ്റ്റ് പ്രസഡന്റ് കൂടിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞത്.
‘പ്രിയമുള്ളവനേ നീ വിട ചൊല്ലവേ’ എന്ന ഡോക്യുമെറിയുടെ ടൈറ്റിൽ സോങ്ങ്, സി.കെ. നാരായണൻ നമ്പൂതിരിപ്പാടിനും നമ്പൂതിരി വിദ്യാലയത്തിനും തമ്മിലുണ്ടായിരുന്ന ഗാഢമായ ആത്മബന്ധത്തെ അടിവരയിടുന്നു(https://www.youtube.com/watch?v=za-Y2S08G2c).

1934 ഓഗസ്റ്റ് 24ന്, കുഞ്ഞൻ നമ്പൂതിരിപ്പാടിന്റെയും പാർവതി അന്തർജ്ജനത്തിന്റെയും മകനായി, ചേർപ്പ് തായം കുളങ്ങരയിലെ ചിറ്റൂർ മനയിൽ ജനിച്ചു. സെന്റ് തോമസ് കോളേജിലെ പഠനത്തിനുശേഷം എറണാകുളം ലോ കോളേജിൽനിന്നു നിയമബിരുദം നേടി. ധനലക്ഷ്മി ബാങ്ക് നെടുങ്ങാടി ബാങ്ക് പെരിങ്ങോട്ടുകര നമ്പൂതിരി യോഗക്ഷേമ സഭ എന്നിവയുടെ നിയമോപദേശകനായിരുന്നു. ദീർഘകാലം തൃശൂർ ബാർ അസോസിയേഷൻ ട്രഷറർ ആയിരുന്നു. തായം കുളങ്ങര ക്ഷേത്രം നവീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് സി. കെ. എന്നായിരുന്നു.
അയ്യന്തോൾ ഗ്രൗണ്ടിനു എതിർവശത്തുള്ള ചിറ്റൂർ മനയിലായിരുന്നു താമസം. ഭാര്യ: രമണി അന്തർജനം. മക്കൾ: രാജൻ, ജയ അവണൂർ. മരുമക്കൾ: സന്ധ്യ രാജൻ, ദാമോദർ അവണൂർ.







