പൂച്ചകളോട്,
‘എനിക്ക് ബുദ്ധിമുട്ടാണ്.
നിങ്ങൾ ഇങ്ങനെ ഇടയ്ക്ക് വരരുത്’
എന്ന് ഞാൻ പറയാറുണ്ട്.
പൂച്ചെടിയിൽ പറന്നിറങ്ങുന്ന തുമ്പികളോട്,
‘എപ്പോഴും എന്തിനാണ് നിങ്ങൾ എൻറെ
വീട്ടിലേക്ക് തന്നെ
പൂക്കൾ അന്വേഷിച്ചു വരുന്നതെന്ന്,
ചോദിക്കാറുണ്ട്.
മരക്കൊമ്പിൽ ഓടിക്കളിക്കുന്ന അണ്ണാനോട്,
‘ഒരു മാങ്ങപോലും വീഴ്ത്താതെ
ഒച്ചയുണ്ടാക്കി അടുക്കളയിൽ നിൽക്കുന്ന
എന്നെ ശല്യം ചെയ്യുന്നത്’
എന്തിനെന്ന് അന്വേഷിക്കാറുണ്ട്.
ഞാൻ ഉറങ്ങുന്നതിന് തൊട്ടുമുൻപ് വരെ
മുറിയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനോട്,
‘ഉറങ്ങി ഉണരുമ്പോഴും
അതേ നിലയിൽ തന്നെ കാണപ്പെടുന്നത്’
എന്തിനാണ് എന്ന് ചോദിക്കാറുണ്ട്.
കവികളായിത്തീർന്ന ആളുകളോട് മാത്രമാണ്
എനിക്ക് ഒന്നും ചോദിക്കാനില്ലാത്തത്.

കൊല്ലം ഏരൂർ ഗവ. എൽ.പി. സ്കൂളിലെ അദ്ധ്യാപികയാണ് ആശ ബി. ‘സിംഹവേട്ട’, ‘മാംസനിബദ്ധം’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.