ഇഷ്ടമാണ്…
എനിക്കും…

എന്നിട്ടെന്താണ് ഒരുമിച്ചു താമസിക്കാൻ
മുൻകയ്യെടുക്കാത്തത്?

ബട്ട്…
ബട്ട്?

അതെ, എന്റെ വിവാഹം കഴിഞ്ഞല്ലോ…
ഞാനറിയാതെയോ?
തനിക്കുമറിയാം,
അയാം വെഡ്ഡഡ് ടു പൊളിറ്റിക്സ്!

വേറൊരാൾക്കുകൂടി ഇടമില്ല?
സോറി…

എന്നാൽ നമുക്ക് *സാർതൃനേയും
*സിമോൺ ഡി ബുവയേയുംപോലെ
ജീവിക്കാം…

പക്ഷേ, ഇത് പാരിസല്ല. നാം
പാവം പാവം മലയാളികൾ…

ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനുശേഷം
ആദ്യം ചെയ്തത്
അയാളെ പോയി കാണുകയായിരുന്നു.
ചിരട്ടയും ഇലയും കൊണ്ടുള്ള
കഞ്ഞിയും കൂട്ടാനും കളി
അവസാനിപ്പിക്കാൻ പ്രായമായല്ലോ.
നമുക്കു രണ്ടു പേർക്കുമറിയാവുന്ന
ഡബ്ള്യു ഒത്താണ്, തന്റെ ജീവിതമിനി.

നോ അദർ വേ?
സോറി…
ഇത് കൂടുതലായി
പൊളിറ്റിക്കലാവേണ്ട കാലം.

ഒരുമിച്ച് ഊണ് കഴിച്ചാണ് പിരിഞ്ഞത്.
പക്ഷേ,
നിറഞ്ഞ കണ്ണുകൾ പരസ്പരം
കാണാതിരിക്കാൻ ഇരുവരും
വല്ലാതെ ബദ്ധപ്പെട്ടു…

പാർടിയുടെ സമ്പൂർണ യോഗമാണ്.
സഖാക്കൾ ഏതാണ്ടെല്ലാവരുമുണ്ട്.
പക്ഷേ,
പതിവിൽനിന്നു വ്യത്യസ്തമായി ആരും
തന്റെ നേർക്കുനേർ വരാൻ മടിക്കുന്നല്ലോ…
ഹസ്തദാനങ്ങൾക്കും
പഴയ ഊഷ്മളതയില്ല.

മെല്ലെ മെല്ലെ
താൻ ജയിലിൽ കിടന്ന കാലത്ത് നടന്ന
രാഷ്ടീയ- അട്ടിമറി വെളിപ്പെടുത്തപ്പെട്ടപ്പോൾ
ശരിക്കും തകർന്നുപോയി.

ഇനിയും താനൊരു രാഷ്ട്രീയ പാർടിയിൽ
തുടരുന്നതിലൊരു കാര്യവുമില്ല.
അവസാനിപ്പിക്കാമെല്ലാമെല്ലാം…

കേട്ടോ ദോസ്ത്,
സാന്ധ്യാകാശത്തിന്റെ ചെരുവിലൂടെ
നടന്നപ്പോൾ ഖേദം
ഒരൊറ്റ കാര്യത്തിൽ മാത്രം…

പാർട്ടി യോഗം രാവിലെയായിരുന്നേൽ
ഞങ്ങളിരുവരുടേയും ജീവിതം
മറ്റൊന്നാകുമായിരുന്നല്ലോ,
ദൈവമേ!

ഇതിന്നിടയിൽ എത്രയോ വർഷങ്ങൾ…
എന്നിട്ടുമിപ്പോഴും..,
അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു….

—–***—–

* 70കളിലെ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായിരുന്നു ഷാൺ-പോൾ സാർത്ര്. ലോകത്താദ്യമായി, നൊബേൽ പുരസ്‌കാരം തിരസ്‌കരിച്ച വ്യക്തിയാണ് സാർത്ര്. തന്റെ സ്വാതന്ത്ര്യത്തിന് പുരസ്‌കാരങ്ങൾ തടസ്സമാണെന്നു വിശ്വസിച്ചിരുന്ന സാർത്ര്, 1945ൽ ഫ്രാൻസിന്റെ ഉന്നത പുരസ്‌കാരമായ ‘ലീജിയൺ ഓഫ് ഓണറും’ തിരസ്‌കരിച്ചു. സാർത്രുമായി മരണംവരെ ബഹുഭർതൃബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഫ്രഞ്ച് സാഹിത്യകാരിയും അസ്തിത്വവാദചിന്തകയും സാമൂഹികസൈദ്ധാന്തികയും ആയിരുന്നു സിമോൺ ദ ബൊവ. സ്ത്രീസ്വാതന്ത്ര്യ വാദത്തെ ആഴ്ന്ന് അപഗ്രഥിക്കുന്ന അവരുടെ ‘ദ സെക്കൻഡ് സെക്സ്’ എന്ന കൃതി ലോകശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.