Published on: November 6, 2025

2019ൽ, സാഹിത്യ പ്രവർത്തക കോ- ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിദ്ധീകരിച്ച, സുറാബിന്റെ ‘നഗരത്തിൽ സംഭവിക്കുന്നത്’ എന്ന കഥാസമാഹാരത്തിലെ 21 കഥകളിൽ നാലാമത്തെ കഥയാണ്, ‘ഇതൊരു കുമാരേട്ടൻ ചിത്രം.’ ഈ സമാഹാരത്തിലെ മുഴുവൻ കഥകളും ഇവിടെ വായിക്കാം.
ഇതൊരു കുമാരേട്ടൻ ചിത്രം
ഇതാണ് ഞങ്ങളുടെ ശരിയായ കുമാരേട്ടൻ. സ്ഥലത്തെ ഷീലയെയും ശാരദയെയും സുജാതയെയും സുമിത്രയെയും വിധുബാലയെയും ജയഭാരതിയെയും ഒരേസമയം പ്രണയിച്ച സങ്കല്പ് പ്രണയത്തിന്റെ നൂൽപ്പാലത്തിലൂടെ നടത്തിച്ച് ഞങ്ങളുടെ സൂപ്പർസ്റ്റാർ.
(പൂർണ്ണമായും കത്തിക്കുത്ത്, വാൾപ്പയറ്റ്, അടി, ഇടി, ചവിട്ട് എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയിലേക്കു നീങ്ങുംമുമ്പ് കുമാരേട്ടന്റെ ബാഹ്യമായ പ്രകൃതം ഇപ്രകാരം. എല്ലാ സ്വഭാവങ്ങളോടുംകൂടിയ ഒരു സാധാരണ നാട്ടുമ്പുറത്തുകാരൻ. വണ്ണം, തൂക്കം, നിറം, നീളം എന്നിവ ശരാശരി ഒരു ഇന്ത്യൻ യുവത്വത്തിന്റെയും.)
മമ്മൂട്ടിയും മോഹൻലാലും സുപ്പർസ്റ്റാറാകുംമുമ്പ് കുമാരേട്ടനായിരുന്നു ഞങ്ങളുടെ സൂപ്പർസ്റ്റാർ. കുമാരേട്ടൻ ഒരു നടനോ സംവിധായകനോ ചമയക്കാരനോ നിർമ്മാതാവോ ക്യാമറാമാനോ സ്റ്റണ്ടു മാസ്റ്ററോ ആയിരുന്നില്ല. എന്നിട്ടും കുമാരേട്ടൻ ഒരു സൂപ്പർസ്റ്റാറായി. സ്ഥലത്തെ ഷീലയെയും ശാരദയെയും സുജാതയെയും സുമിത്രയെയും വിധുബാലയെയും ജയഭാരതിയെയും പ്രേമിച്ച് ഞങ്ങൾക്കിടയിൽ ഒരു ഹരിതനായകനായി.
കുമാരേട്ടന്റെ തൊഴിലിനെക്കുറിച്ചു പറഞ്ഞാൽ അതങ്ങനെ പറഞ്ഞു കൊണ്ടിരിക്കേണ്ടിവരും. അല്ലെങ്കിൽ തൊഴിലിലെന്തിരിക്കുന്നു എന്നൊരു മറുചോദ്യം ചോദിച്ച്, കിട്ടുന്ന കൂലിയിലല്ലേ അതിന്റെ വലുപ്പം എന്നുത്തരം പറഞ്ഞ്, ചോദ്യത്തിനുമേലെ മറിഞ്ഞുവീഴേണ്ടിയുംവരും. തൊഴിലെന്തുമാവട്ടെ. നമുക്കു കൂലി കിട്ടിയാൽ മതി. അതു മതി. അതുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.
ഇനി കുമാരേട്ടന്റെ ജാതി. ജാതി ചോദിക്കുക എന്ന കഥയിൽ ജാതി ചോദിക്കാത്ത ഒരു ജാതിയുണ്ട്. ആ ജാതിയിൽപ്പെട്ട ആളാണ് കുമാരേട്ടൻ. നേരു പറഞ്ഞാൽ ആരു ചവിട്ടിയാലും കുമാരേട്ടൻ എളുപ്പം കടിക്കും. അവിടെ ജാതി, ഉപജാതി, നടി, നടൻ, സംസ്ഥാന അവാർഡ്, ദേശീയ അവാർഡ് ഒന്നും നോക്കില്ല. അല്ലെങ്കിലും ജാതി നോക്കി അച്ഛന്റെ പിറകേ പോകുന്ന മകനൊന്നുമല്ല കുമാരേട്ടൻ. ആരുടെയും കാമുകിയേയോ മുറപ്പെണ്ണിനേയോ കുമാരേട്ടൻ ഇന്നുവരെ സ്വന്തമാക്കിയിട്ടില്ല. സ്വന്തം ആളെ നോക്കി ആരെയും പ്രോത്സാഹിപ്പിച്ചിട്ടുമില്ല.
മറ്റൊന്ന്, ഏതു ഹോട്ടലിലും പോയി കുമാരേട്ടൻ ചായ കുടിക്കും. അന്നത്തിനു മുന്നിൽ പേരും വേരും നോക്കുന്ന സ്വഭാവം കുമാരേട്ടനില്ല. ഏതു പാത്രത്തിലായാലും കുമാരേട്ടനു സ്വന്തം കഥാപാത്രമാണു മുഖ്യം. ഏതു കണ്ണാടിയായാലും സ്വന്തം മുഖമാണ് വലുത്. ഇത്തരത്തിലുള്ള ഒരുപാടു മുഖങ്ങളുള്ള ഒരു അസാമാന്യ കഥാനായകനാണ് ഞങ്ങളുടെ സൂപ്പർസ്റ്റാർ കുമാരേട്ടൻ.
ഇനി കുമാരേട്ടന്റെ കുടുംബം. ഷീല മുതൽ ജയഭാരതി വരെ ആറു നായികമാരെ പ്രേമിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഒരു മറുപടിയും തിരിച്ചിങ്ങോട്ടു കൈപ്പറ്റിയില്ല. അതുകൊണ്ട് ഒടുവിൽ കുമാരേട്ടൻ മാല ചാർത്തിയത് നാട്ടിൽത്തന്നെയുള്ള നാരായണിയെയാണ്. നാരായണി നല്ലൊരു നാരായണിയാണ്. ഈ നാരായണിയാണ് പിന്നീടു നാണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലത്തെ പ്രധാന പത്രപ്രവർത്തക. പത്രപ്രവർത്തനത്തിന്റെ പ്രാദേശികവർത്തമാനം പോലും അറിയാത്ത നാരായണി പിന്നെങ്ങനെയാണ് അറിയപ്പെടുന്ന നാണിയായത്? അതൊരു ചിന്തിപ്പിക്കുന്ന ചോദ്യമാണ്. ചോദ്യം ചോദിക്കുന്നതിലാണു കഴിവ്, ഉത്തരം കണ്ടെത്തുന്നതിലല്ല എന്നൊരു ഡയലോഗ് പണ്ടൊരു നടൻ ഏതോ പടത്തിൽ പറഞ്ഞതായി കേട്ടിട്ടുണ്ട്. എന്നുവച്ച് ആർക്കും എന്തും എപ്പോഴും ചോദിക്കാമെന്നുവച്ചാൽ?
മാന്യപ്രേക്ഷകരേ, നിങ്ങൾ ആരോടും ഒന്നും ചോദിക്കരുത്. ആരും ഒന്നും തുറന്നു പറയുകയില്ല. ഈ ലോകം വല്ലാത്തൊരു (വേഗത്തിലോടുന്ന) അത്ഭുതചിത്രമാണ്. അതുകൊണ്ട് കുമാരേട്ടന്റെ നാരായണിയെക്കുറിച്ചോർത്ത് ആരുമധികം വിങ്ങിപ്പൊട്ടേണ്ടതില്ല. നാണി എഴുതുകയോ എഴുതിക്കുകയോ വായിക്കുകയോ വായിപ്പിക്കുകയോ ചെയ്യട്ടെ. കുമാരേട്ടൻ അതെല്ലാം മനഃപാഠമാക്കി ചന്തയിൽ പോയി തുടയ്ക്കടിച്ചു പാടി വില്ക്കട്ടെ. നാലു കാശുണ്ടാക്കട്ടെ.
പ്രസാധകന്മാർ പുതിയ എഴുത്തുകാരെ പറ്റിക്കുന്നതിലാണ് ഇത്തരമൊരു ഏർപ്പാടെന്നു കുമാരേട്ടൻ തന്നെ പറയുന്നു. അല്ലെങ്കിലും ആളെ കിട്ടാത്ത കവിയരങ്ങിനെക്കാൾ എന്തുകൊണ്ടും നല്ലതാണ് പുതിയ ഈ ചന്തപ്പാട്ട്. എഴുത്തുകാർ പൊതുവേ ഒരുതരം കളരിഭാഷയാണ് ഉപയോഗിക്കുന്നതെന്ന് പ്രസാധകർ. അല്ല, കച്ചവടഭാഷയാണെന്ന് എഴുത്തുകാർ. കളരിക്കും കച്ചവടത്തിനുമിടയിൽ ശ്വാസം മുട്ടിപ്പോകുന്നത് വായനക്കാർക്കും. ഏതൊരു കൃതിയും അച്ചടിക്കുന്നതിലും വില്ക്കുന്നതിലും എഴുതുന്നതിനെക്കാൾ കഴിവു വേണമെന്ന് വീണ്ടും കുമാരേട്ടൻ പറയുന്നു. ഇല്ലെങ്കിൽ അക്ഷരങ്ങൾ ചതിക്കുമത്രെ. ഇങ്ങനെ കഴിവും യോഗ്യതയും പിന്നെ ഏതിലൊക്കെയാണ് ഇപ്പോൾ വേണ്ടാതായിട്ടുള്ളത്? എല്ലാ മേഖലയിലും ഇന്നു കഴിവു വേണം. ഒപ്പം കണ്ണും. ഇതിൽ ഒരു കണ്ണെങ്ങാനും ഇടയ്ക്കു ചിമ്മിപ്പോയാൽ മറ്റേ കണ്ണു പറന്നുപോകും. ഇങ്ങനെ ഒരുനാൾ ആരും കാണാതെ പറന്നു പോയതാണ് കുമാരേട്ടന്റെ നാണിയും.
ഇനി ഇടവേള. മൂത്രമൊഴിക്കുന്നവർക്കു മൂത്രമൊഴിക്കാം. അല്ലാത്തവർക്ക് സോഡ കുടിക്കാം. പുകവലിക്കാം.
കടുപ്പത്തിലുള്ള ചായയ്ക്കും ഏതാനും പരസ്യങ്ങൾക്കും ശേഷം കുമാരേട്ടന്റെ കഥ വീണ്ടും തുടങ്ങുകയാണ്. കുമാരേട്ടന് ഇപ്പോൾ ഒരു കണ്ണയുള്ളൂ. അയാൾ ഇതുവരെ വിഷമദ്യമൊന്നും കഴിച്ചിട്ടില്ല. എന്നിട്ടും കുമാരേട്ടൻ ഒറ്റക്കണ്ണനായി. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കാം, ഒറ്റക്കണ്ണൻ എങ്ങനെയാണ് സൂപ്പർസ്റ്റാറാവുന്നത് എന്ന്. നിങ്ങളുടെ സംശയം സ്വാഭാവികം.
എന്നാൽ കുമാരേട്ടന് ഇപ്പോൾ ഒറ്റക്കണ്ണു മാത്രമേയുള്ളൂ. ഈ ലോകം കാണാൻ ഒരു കണ്ണുതന്നെ ധാരാളം എന്ന മതത്തിലാണ് കുമാരേട്ടൻ. പാവം കുമാരേട്ടൻ. എന്നിട്ടും നാണി പോയ സങ്കടത്തിൽ ഒരുവരി ശോകഗാനം പോലും പാടാനാവുന്നില്ലല്ലോ… ചിലപ്പോൾ സ്ക്രിപ്റ്റിൽ അത്തരമൊരു രംഗം തിരക്കഥാകൃത്ത് തന്റെ തിരക്കുമൂലം എഴുതിയിട്ടുണ്ടാവില്ല. എന്തുണ്ടായില്ലെങ്കിലും കുമാരേട്ടൻ നാണിയോടും കുടുംബത്തോടും ചെയ്യുന്നത് വല്ലാത്തൊരു അപരാധം തന്നെ. ഒറ്റക്കണ്ണുകൊണ്ടല്ലേ ഇപ്പോൾ ഇയാൾ മറ്റൊരു പെണ്ണിനെ നോക്കുന്നത്. ചുറ്റിപ്പിടിക്കുന്നത്. കട്ട്.
സംവിധായകൻ കട്ട് പറയുന്നതിനുമുമ്പേ കുമാരേട്ടൻ മറ്റൊരു രംഗവേശം പകർന്നിരുന്നു. ഇപ്പോൾ കുമാരേട്ടനെ നിങ്ങൾ കാണുന്നത് എഴുപതുകളുടെ കാലഘട്ടത്തിലുള്ള ഒരു മെലിഞ്ഞ നായകനായിട്ടാണ്. മുടിയൊക്കെ നീട്ടി കോളറു നീണ്ട ഒരു ബെൽബോട്ടക്കാരനായിട്ട്. കാലം എഴുപതാണെന്നു പ്രത്യേകം ഓർമ്മ വേണം. തിളച്ചുമറിയുന്ന അന്തരീക്ഷം. സാംസ്കാരികമായും സാമൂഹികമായും ചൂടുപിടിച്ച കാലം. ചുറ്റും വസന്തത്തിന്റെ ഇടി മുഴങ്ങുന്നു. ചുരുക്കിപ്പറയട്ടെ. ഒടുവിൽ കുമാരേട്ടനിലും ഇടിമുഴങ്ങി. അങ്ങനെ അയാളും കബനീ നദിയോടൊപ്പം ചുവന്നു. ഇപ്പോഴത്തെ മിമിക്രി സംവിധായകരായിരുന്നെങ്കിൽ രംഗത്തിനൊപ്പിച്ച് ഒരു ചുവന്ന പാട്ട് കുമാരേട്ടനെക്കൊണ്ടു പാടിച്ചേനേ. എന്നാൽ അന്നത്തെ സംവിധായകരാരും മിമിക്രിക്കാരായിരുന്നില്ല. ജാതി നോക്കി നിറം കൊടുക്കുന്നവരായിരുന്നില്ല. അവർ ജീവിതത്തെ പച്ചയായി നേരിടുകയും പച്ചയായിത്തന്നെ ആവിഷ്കരിക്കുകയും ചെയ്യുന്നവരായിരുന്നു.
ഇതേ ലൊക്കേഷനിൽത്തന്നെ സംവിധായകനു മറ്റൊരു രംഗം കൂടി ചിത്രീകരിക്കാൻ ബാക്കിയുണ്ട്. അതുകൊണ്ട് തത്കാലം കുമാരേട്ടനെ പകൽ ആരുംതന്നെ ഇപ്പോൾ കാണാൻ പോകുന്നില്ല. പകരം അയാൾ വസന്തത്തിന്റെ ഇരുട്ടായി ഏതെങ്കിലും മാളത്തിലായിരിക്കും. കായ്കനികൾ ഭക്ഷിച്ച് കാട്ടരുവികളിൽനിന്നു വെള്ളം കുടിച്ചു ജീവിക്കുന്ന ഒരാദിമമനുഷ്യനായിട്ട്.

ഇതേ സമയത്താണ് നാണിയെ പൊലീസ് വാനിൽ ഒരുപറ്റം പൊലീസുകാർ സ്ഥലത്തെ പൊതുശ്മശാനത്തിനു മുന്നിൽ കൊണ്ടിടുന്നത്. നായ്ക്കൾ ചെന്നു നക്കി നോക്കിയപ്പോൾ ജീവനുണ്ട്. ഉരുട്ടലും പിഴിയലും മറ്റു ക്രിയകളും കഴിഞ്ഞു ബാക്കിയുള്ള ഇത്തിരി ജീവനോടെയാണ് പൊലീസുകാർ അവിടെക്കൊണ്ടിട്ടത്. അടിയന്തരാവസ്ഥ ആയതുകൊണ്ട് ആരുമൊന്നും മിണ്ടിയില്ല. ആരുമധികം നോക്കിയില്ല. അവരെല്ലാം നാണിയുടെ ജീവനുള്ള ജഡം കടന്ന് ഒന്നും മിണ്ടാതെ നടന്നു പോയി. എന്നാൽ അവരെല്ലാം ഒരു സത്യം സ്വകാര്യമായി ഏറ്റു പറഞ്ഞു കൊണ്ടിരുന്നു, “നാണിയുടെ മറ്റേക്കണ്ണും അടർന്നുപോയെന്ന്. അന്ധകാരത്തിലായെന്ന്.”
ഒരു കണ്ണ് നേരത്തേ പോയതാണ്. അതെല്ലാവരും സമ്മതിക്കുന്നുമുണ്ട്. പണ്ടത്തെ ചൂടുപിടിച്ച പത്രപ്രവർത്തനത്തിനിടയിൽ ഏറുകൊണ്ടുപോയതാണ് ആ കണ്ണ്. എന്നാൽ രണ്ടാം കണ്ണിന്റെ അവസ്ഥ, ഹൗ, അതു ദയനീയം തന്നെ, “മറ്റെന്തെടുത്താലും പൊലീസുകാർ രണ്ടാംകണ്ണുമാത്രം പറിച്ചെടുക്കുകയില്ല. അവരെപ്പോഴും ഒന്നുകൊണ്ട് കളിക്കുകയുള്ളൂ.” ”അതെന്താണ് അങ്ങനെ? അത്ര ഉറപ്പ്?” ഇടയ്ക്ക് ക്യാമറാമാന് ഒരു സംശയം. അയാളുടെ സംശയം തീർത്തുകൊടുക്കേണ്ട ചുമതല സംവിധായകനാണ്. സംവിധായകനാണെങ്കിൽ നായികയ്ക്ക് ഇപ്പോൾ പാവാടകെട്ടാൻ പഠിപ്പിച്ചുകൊടുക്കുന്ന തിരക്കിലാണ്. നായിക തിരിച്ചു സംവിധായകനെയും പലതും പഠിപ്പിക്കുന്നുണ്ട്. പഠിപ്പിനിടയിൽ ഷൂട്ടിംഗ് മുടങ്ങേണ്ട എന്നു കരുതിയാണ് ക്യാമറാമാൻ സംശയത്തോടെ നാണിയുടെ ആണ്ടുപോയ രണ്ടാംകണ്ണ് ഫോക്കസ് ചെയ്യുന്നത്. നാണിയുടെ ഈ ഫോക്കസിൽക്കൂടി വേണം ഇനി കുമാരേട്ടന്റെ ബാക്കിയുള്ള കഥ വെച്ചുപിടിപ്പിക്കാൻ. അതിനു നാണിയുടെ ഇല്ലാക്കണ്ണിലെ ആഴം കൊണ്ടുമാത്രം ഇരുട്ടിലൊളിച്ചിരിക്കുന്ന കഥാനായകനെ എങ്ങനെ വെളിപ്പെ ടുത്താനാവും?
ഇപ്പോൾ നിങ്ങൾ കാണുന്ന സീൻ മറ്റൊന്നാണ്. പണിതീരാത്ത ഒരു കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റക്കണ്ണും ഒറ്റച്ചെവിയും ഒറ്റക്കെയുമുള്ള ഒരൊറ്റയാൻ നടന്നുവരുന്നു. അടുത്തെത്തുമ്പോൾ ആളെ നമ്മൾ തിരിച്ചറിയുന്നു. അത് നമ്മുടെ കുമാരേട്ടൻ തന്നെയാണ്. കാലുമാത്രം രണ്ടുണ്ടെങ്കിലും ബാക്കിയെല്ലാം ഇയാൾക്ക് ഇപ്പോൾ ഒറ്റയാണ്. അങ്ങനെ ഒറ്റയാനായ, തീർത്തും ഏകാന്തപഥികനായ കുമാരേട്ടൻ ഗ്രാമത്തിൽ ഒരു ബാർബർഷാപ്പ് തുടങ്ങുന്നു. ഒറ്റക്കെ ഉപയോഗിച്ചുകൊണ്ടുള്ള കന്നിവെട്ട്. വെട്ടിവെട്ടി കുമാരേട്ടൻ നാട്ടിലുള്ള ചെറുപ്പക്കാരുടെ തല മുഴുവനും പരിഷ്കരിക്കുന്നു. അങ്ങനെ ചെറുപ്പക്കാർ ഇടയ്ക്കു താടി നീട്ടുകയും മുടി വെട്ടിക്കുകയും മുടി നീട്ടുകയും താടി വെട്ടിക്കുകയും ചെയ്യുന്നു. ഈ വെട്ടലിനും തിരുത്തലിനുമിടയിലാണ് ചെറുപ്പക്കാർക്ക് ഷീലയുടെയും വിധുബാലയുടെയും മറ്റും കഥ കുമാരേട്ടൻ പറഞ്ഞുകൊടുക്കുന്നത്. ബാർബർഷാപ്പിൽ ഫ്രെയിം ചെയ്തു തൂക്കിയ നടിമാരുടെ മുഴുത്ത ഫോട്ടോ നോക്കി അവരെല്ലാം കുമാരേട്ടന്റെ കഥ വിശ്വസിച്ചു. നാട്ടിലെ ജയഭാരതിയെയും നടി ജയഭാരതിയെയും അവർ പരസ്പരം കുമാരേട്ടന്റെ കണ്ണാടിയിൽ ഒട്ടിച്ചു. അവരെയൊക്കെ കുമാരേട്ടൻ പ്രേമിക്കുന്നതായിത്തന്നെ അവർ സങ്കല്പിച്ചു. ഇതിനിടയിലാണ് നാടൻ ക്രോപ്പു ചെയ്യാൻ നാട്ടിലെ നരച്ചു മൂത്ത മൂപ്പൻ കയറിവന്നത്. കുമാരേട്ടന്റെ ഒറ്റക്കയുടെ പ്രവർത്തനം കണ്ട് വടിയും കുത്തി നില്ക്കുന്ന മൂപ്പൻ സത്യത്തിൽ വിറച്ചു പോയി. വിറയലും കിതപ്പും കൂടിക്കലർന്ന് ഒടുവിൽ മൂപ്പൻ കുമാരേട്ടനോടു ചോദിച്ചു: “അല്ല കുമാരാ, നെന്റെ രണ്ടാം ഭാഗങ്ങളൊക്കെ ഏടെപ്പോയി…”
മൂപ്പന്റെ ചോദ്യം കേട്ട് ഒട്ടും പതറാതെ കത്രിക ചലിപ്പിച്ചുകൊണ്ട് കുമാരേട്ടൻ പറഞ്ഞു; “എന്റെ ഒരു കണ്ണും കൈയും ചെവിയും അങ്ങ് ദൽഹിയിലാണ്.”
“ആടെ എന്തെടുക്ക്വാ… അത്…. മുടിവെട്ടലുതന്ന്യാ….?” മൂപ്പന്റെ സംശയത്തിന് കുമാരേട്ടൻ പിന്നെയും മൂളി. “മുടിയും വെട്ടും, ആ കൈകൊണ്ടു ചോറും തിന്നും….”
“അപ്പം നീ ഏതു കൈകൊണ്ടാ കുമാരാ ചന്തി കഴുകാ…” മൂപ്പന്റെ ചോദ്യത്തിനു കുമാരേട്ടൻ പിന്നെയും ഉരുട്ടിക്കൊടുത്തു ഒരുരുള.
“അത് ഇടത്തേ കൈകൊണ്ടുതന്നെ.” കത്രിക നിശ്ശബ്ദമാക്കിക്കൊണ്ട് കുമാരേട്ടൻ വീണ്ടും തുടർന്നു: “ഈ ഒറ്റക്കെ അങ്ങോട്ടു നീട്ടിപ്പിടിക്കും. അപ്പോൾ അവിടുന്നിങ്ങോട്ടു മറ്റേകൈ വെള്ളം ഒഴിക്കും…..”
“അപ്പം കാലുമാറ്റം പോലെ ഇടയ്ക്കു കൈമാറ്റം വല്ലതും സംഭവിച്ചാൽ…?”
മൂപ്പൻ വിടുന്നമാതിരിയില്ലല്ലോ. കുമാരേട്ടൻ ഒരുനിമിഷം ആലോചിച്ച് നിശ്ശബ്ദനായിപ്പോയി. എന്നിട്ടു പെട്ടെന്നുദിച്ച ബുദ്ധിപോലെ മൂപ്പന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ടു പറഞ്ഞു:
“അങ്ങനെ സംഭവിച്ചാൽ ഞാൻ ഇടങ്കൈ വലയുടെ സ്ഥാനത്തു കുത്തി വെൽഡ് ചെയ്യും. ങ്ഹാ…” കുമാരേട്ടന്റെ പ്രതിഷേധം കണ്ടു വാപിളർന്നിരിക്കുന്ന മൂപ്പന്റെ മുഖത്ത് ക്യാമറ ഇപ്പോൾ നിശ്ചലമാകുന്നു. കട്ട്.
ബ്ലാക്ക് ആൻഡ് വൈറ്റിൽനിന്നു കുമാരേട്ടൻ ഇപ്പോൾ പതുക്കെ കളറിലേക്ക് ഇറങ്ങിവരുന്നു. ക്ലൈമാക്സിന്റെ അവസാനത്തിലേക്ക്. ഇതിനിടയിലാണ് കളറിൽത്തന്നെ നാണി ചോര ഛർദ്ദിച്ചതും. ഇതിനുമുമ്പ് ചോരയുടെ നിറം വെള്ളിത്തിരയിൽ കറുപ്പായിരുന്നു. ഇനി മുതൽ ചോര ചോരയായും നീരു നീരായും തന്നെ നമുക്ക് ദർശിക്കാം. അതിരിക്കട്ടെ. നേരത്തേ നാണി പ്രതക്കാരിയാണെന്നു പറഞ്ഞിരുന്നല്ലോ. അവളുടെ പത്രം ആരാണ് അടച്ചു പൂട്ടിച്ചത്? എന്തിനായിരുന്നു അത്? പിന്നീട് അവളെ ആരാണു തട്ടിക്കൊണ്ടു പോയത്? അവസാനം പൊലീസുകാരുടെ കൈയിൽ അവളെങ്ങനെയാണ് അകപ്പെട്ടത്? ഒടുവിൽ എല്ലാം കഴിഞ്ഞ പൊലീസുകാർ എന്തിനാണ് അവളെ ശ്മശാനത്തിനടുത്തുതന്നെ കൊണ്ടിട്ടത്?
ചോദ്യങ്ങൾക്കൊന്നിനും കുമാരേട്ടന്റെ കഥയിൽ ഉത്തരമില്ല. വെറുതേ ഒരു ഉത്തരത്തിനുവേണ്ടിയാണെങ്കിൽ നമുക്ക് ഇതൊക്കെ പുതിയ ഒരു സീരിയലിന്റെ പശ്ചാത്തലത്തിൽ കൊണ്ടിടാം. അല്ലെങ്കിൽ നാണിയെ മാരകമായ രോഗത്തിന്റെ പേരു പറഞ്ഞ് ഏതെങ്കിലും ശരണാലയത്തിൽ കൊണ്ടിടാം. കഥ പിന്നെ അവിടെനിന്നു പുതിയ മേച്ചിൽപ്പുറങ്ങളിലേക്കു വളർന്നുകൊള്ളും.
എന്നാൽ കുമാരേട്ടൻ നാരായണിയെ നാണിയാക്കിയതും എഴുത്തുകാരിയാക്കിയതും പത്രമുടമയാക്കിയതും പത്രാസുകാരിയാക്കിയതും ജീവിതത്തിന്റെ നല്ലൊരു ഭാഗം അഭിനയിച്ചുകൊണ്ടുതന്നെയായിരുന്നു. എന്നിട്ടും സാധാരണ സംഭവിക്കാറുള്ളതുപോലെ അവളും ഒരുനാൾ അപ്രത്യക്ഷയായി. ഒളിച്ചോട്ടം തന്നെ. ആരിൽനിന്നൊക്കെയോ. ഇപ്പോൾ വളരെ നേർത്ത ഒരു പശ്ചാത്തലസംഗീതം കേൾക്കുന്നുണ്ട്. താടിയൊക്കെ വളർത്തി കണ്ണടയും ജുബ്ബയുമിട്ട് നിരാശാകാമുകന്റെ നിഴൽപ്പാടിൽ. സംഗീതം നിലയ്ക്കുമ്പോൾ ഫ്ളാഷ് ബാക്കിന്റെ അവസാനതുണ്ടിൽ കുമാരേട്ടൻ വീണ്ടും പ്രത്യക്ഷപ്പെടുന്നു. പഴയ പ്രസരിപ്പോടെ. ഒന്നും സംഭവിക്കാത്തതുപോലെ. ഇതാണ് ഞങ്ങളുടെ ശരിയായ കുമാരേട്ടൻ. സ്ഥലത്തെ ഷീലയെയും ശാരദയെയും സുജാതയെയും സുമിത്രയെയും വിധുബാലയെയും ജയഭാരതിയെയും ഒരേസമയം പ്രണയിച്ച സങ്കല്പ് പ്രണയത്തിന്റെ നൂൽപ്പാലത്തിലൂടെ നടത്തിച്ച് ഞങ്ങളുടെ സൂപ്പർസ്റ്റാർ.
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സുറാബ്: ‘വടക്കൻ മലബാറിലെ മുസ്ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ’ എന്നറിയപ്പെടുന്ന, കാസർകോട് നീലേശ്വരം സ്വദേശി സുറാബിന്റെ യഥാർത്ഥ പേര് അബൂബക്കർ അഹമ്മദ് എന്നാണ്. കയ്യൂർ സമരത്തിന്റെ ചരിത്രം പറയുന്ന ‘അരയാക്കടവിൽ’ എന്ന മലയാളസിനിമയിലെ ‘കയ്യൂരിൽ ഉള്ളോർക്ക്’ എന്ന ഗാനത്തിന്റെ രചയിതാവായ സുറാബ് നോവൽ, കഥ, കവിത തുടങ്ങിയ വിഭാഗങ്ങളിലായി അമ്പതിലേറെ പുസ്തകങ്ങൾ രചിട്ടുണ്ട്. കുടുംബസമേതം ഏറെക്കാലം ഷാർജയിൽ ആയിരുന്നു. ഇപ്പോൾ, ബേക്കൽ കോട്ടയ്ക്കടുത്തുള്ള ബേക്കൽ കുന്നിൽ താമസിക്കുന്നു.







