Published on: August 15, 2025


ഇതു ഭാരതം
ഇതുഭാരതം ലോക-
ത്തിൻറെയേതതിരിലും
അറിവിൻ വെളിച്ചമായ്
തെളിയും മഹാപുണ്യം.
ഹിമവാഹിനികളാം
നദികൾ മുടിച്ചാർത്തിൽ
മെടയും ശിരോഖണ്ഡ
രംഗവിസ്മയമാർന്നും
തഴുകും കാശ്മീരകം
പൂ ചൂടു,മൊരുകാവ്യ
നദിപോൽ സിന്ധൂതടം
ഹൃദയം പേറുമിടം!!
കന്യകുമാരീരവ-
മലയ്ക്കും തരംഗങ്ങ-
ളുണരും പ്രഭാതങ്ങ-
ളണിയും പൂങ്കുങ്കുമം!!
ഹരിതസാനുക്കളി
ലരുണകിരണമേ-
റ്റുണരും പ്രഭാതംപോൽ
തെളിയും വിളക്കുപോൽ
ഇതു ഭാരതം, പൂർവ്വ
സൂരികൾ കൊടുംതപ,
സ്സതിതീക്ഷ്ണമാമെത്ര
ത്യാഗങ്ങൾ സഹിച്ചിടം!!
വൈദേശികരു,മാജ്ഞാ
ചക്രത്തിലിട്ടു വല-
ച്ചക്രമിച്ചധികാര
ഗർവ്വമാടിയ ഇടം
ഇതുഭാരത,മെത്ര
തളർന്നിട്ടുമീ ലോക
ത്തുയർന്നു തുടിക്കുന്നി
ന്നത്ഭുതനക്ഷത്രമായ്!!
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

അനുഭൂതി ശ്രീധരൻ: കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂർ പിണയ്ക്കാമറ്റത്തില്ലത്ത് ജനിച്ചു. കോട്ടയം വി പബ്ലിഷേഴ്സിൽ മലയാള വിഭാഗം എഡിറ്റോറിയൽ അസിസ്റ്റന്റ്. ‘അനുഭൂതി കവിതകൾ’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ശാന്തി. മക്കൾ: അരുന്ധതി, അരുൺ.







