Published on: October 11, 2025

ഹന കാതറീൻ മുള്ളൻസ്; അഥവാ, ഫുൽമോനിയുടെയും കരുണയുടെയും ചരിത്രം
ഹന മടങ്ങുമ്പോൾ, താൻ ജനിച്ചു വളർന്ന മണ്ണിൽ… തന്റെ ബംഗാളിന്റെ മണ്ണിൽ… അദൃശ്യമായ ഒരു കയ്യൊപ്പ് ഇട്ടിട്ടാണു മടങ്ങിയത്. ഇന്ത്യൻ സാഹിത്യ നഭോമണ്ഡലത്തിന്റെ സുവർണ്ണ രേഖയാണത്.
അതിന്റെ പേരാണ്, ‘ഫുൽമാനി ഓ കരുണാർ ബിബരൺ’; ഇന്ത്യയുടെ ആദ്യത്തെ നോവലിസ്റ്റ് ചാർത്തിയിട്ട സുവർണ്ണമുദ്ര!
ഇന്ത്യൻ സാഹിത്യത്തിൽ, നോവൽ എന്ന ശാഖയുടെ ആഖ്യാന രീതികളോ സിദ്ധാന്തങ്ങളോ ഉരുത്തിരിഞ്ഞിട്ടില്ലാത്ത കാലഘട്ടം. അക്കാലത്തെ മുഖ്യധാരാ ഇന്ത്യൻ എഴുത്തുകാരിലോ പ്രാദേശിക ഭാഷാ എഴുത്തുകാരിലോപോലും റിയലിസ്റ്റിക് ലിറ്ററേച്ചർ സങ്കല്പം, അതും ഗദ്യരൂപത്തിൽ അചിന്തനീയമായ കാലത്താണ്, ഇന്ത്യൻ സംസ്കാരത്തെയും ജീവിതത്തെയും പൂർണ്ണമായും ആവാഹിച്ചുകൊണ്ട് അങ്ങനെയൊരു നോവൽ ഇറങ്ങുന്നത്. അതും, ഒരു സ്ത്രീ എഴുതിയത്. അതിലും സവിശേഷമായത്, അതൊരു അന്യദേശ വംശജ എന്നുള്ളതും!
ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി എഴുതപ്പെട്ട ആ റിയലിസ്റ്റിക് നോവലാണ്, ‘ഫുൽമാനി ഓ കരുണാർ ബിബരൺ.’ ബംഗാളി ഭാഷയിൽ എഴുതപ്പെട്ട, ഇന്ത്യൻ നോവൽ പ്രസ്ഥാനത്തിന്റെ നാഴികക്കല്ലായി മാറിയ ഈ ചരിത്ര രചനയ്ക്കു കാലം നിയോഗിച്ച സ്വീഡൻ വംശജയാണ്, ഹന കാതറീൻ മുള്ളൻസ് (കാതറൈൻ ഹന്നാ മുള്ളൻസ്). ജനിതക വംശം കൊണ്ടു വിദേശിയും ജന്മംകൊണ്ടും കർമ്മംകൊണ്ടും മരണംകൊണ്ടും മനസുകൊണ്ടും ബംഗാൾ സ്വദേശിയുമായ ഇന്ത്യക്കാരി!
പുരാണ/ ഇതിഹാസ കഥാ കഥനങ്ങളെ കാവ്യരൂപത്തിൽമാത്രം അറിയുകയും വായിക്കുകയും എഴുതുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്ന ഇന്ത്യൻ മണ്ണിൽ തികച്ചും സ്വതന്ത്രവും ഭാവനാസാന്ദ്രവും അതേസമയം, റിയലിസ്റ്റിക്കുമായ ഒരു ഗദ്യസാഹിത്യം തീർക്കുമ്പോൾ കാതറീനും ഒരുപക്ഷെ, ചിന്തിച്ചിരിക്കാൻ ഇടയില്ല, തന്റെ രചന ഇന്ത്യൻ നോവൽ പ്രസ്ഥാനത്തിന് ആരംഭം കുറിക്കുകയാണെന്ന്.
1852ലായിരുന്നു, ഫുൽമാനി ഓ കരുണാർ ബിബരണിന്റെ ആ ചരിത്രപ്പിറവി. അറിഞ്ഞോ അറിയാതെയോ ഇന്ത്യൻ ഗദ്യസാഹിത്യ സംസ്കാരത്തിന്റെ അമരക്കാരിയായി മാറിയ ഹനയ്ക്ക്, കുടുംബപരമായുള്ള മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായി, ബംഗ്ലായിൽ ഈ നോവൽ എഴുതുമ്പോൾ പ്രായം ഇരുപത്തിന്നാലോ ഇരുപത്തിയഞ്ചോ വയസ്.
ലണ്ടനിലെ മിഷണറി സൊസൈറ്റി നിയോഗിച്ച, കൽക്കത്തയിലെ ഒരു മിഷണറി കുടുംബത്തിൽ, 1826 ജൂലൈ 1നാണ് ഹന ജനിച്ചത്. ഹനയ്ക്കു താഴെ മൂന്ന് സഹോദരിമാർ. പിതാവ് റവ. അൽഫോൺസ് ഫ്രാൻസിസ്. മാതാവ് ഹന ഹെർക്ലോട്ട്സ്.
പതിനഞ്ച് വയസുവരെ കൽക്കത്തയിൽ വളർന്ന ഹനയുടെ പ്രാദേശിക വിദ്യാഭ്യാസം, ബാല്യത്തിലെന്നോ ഒരു വർഷം കൽക്കത്തയിലെ ഒരു സ്‌കൂളിൽ പഠിച്ചതാണ്. പിന്നീടുള്ള ഹനയുടെ പഠിപ്പ് പ്രധാനമായും വീട്ടിൽതന്നെയായിരുന്നു. അമ്മയായിരുന്നു പ്രധാന അദ്ധ്യാപിക.
പതിനഞ്ചുമുതൽ പത്തൊൻപതു വയസുവരെയുള്ള ചെറിയൊരു ഇടവേളയിൽ ലണ്ടനിൽനിന്നു പാശ്ചാത്യ വിദ്യാഭ്യാസം നേടി എന്നതൊഴിച്ചാൽ ഔപചാരിക വിഭ്യാഭ്യാസം വേറെ ഇല്ല. ലണ്ടനിൽനിന്നും തിരിച്ചെത്തിയതും 1845ൽ, പത്തൊമ്പതാം വയസിൽ, വിവാഹവും നടന്നു.
പിന്നീട്, മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായി, ബംഗാളിലെ ഗ്രാമീണ ജീവിതത്തിൽ നിന്നാണ് ഒരുപാടു പാഠങ്ങൾ ഹന പഠിച്ചത്. ബംഗാളി ഭാഷ അനായാസേന കൈകാര്യം ചെയ്യുവാൻ അവർക്കു സാധിച്ചു.
പന്ത്രണ്ടോ പതിമൂന്നോ വയസുമുതൽ, പിതാവ് റവ. അൽഫോൺസ് ഫ്രാൻസിസിനൊപ്പം ഹനയും മിഷണറി പ്രവർത്തനങ്ങളിൽ സജീവമായി. ഭർത്താവ് റവ. ഡോ. ജോസഫ് മുളൻസും ഒരു മിഷണറി പ്രവർത്തകനായതിനാൽ വിവാഹശേഷവും ഹനയ്ക്ക് ഒരു മുഴുവൻ സമയ മിഷണറി പ്രവർത്തകയായി തുടരുവാൻ കഴിഞ്ഞു. കൊൽക്കത്തയിലെ ഭവാനിപൂർ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂപ്രണ്ടന്റ് ആയിരുന്നു ജോസഫ് മുളൻസ്. അൽഫോൺസ് ഫ്രാൻസിസും ജോസഫ് മുളൻസും സുവിശേഷ എഴുത്തുകാർ കൂടിയായിരുന്നു. ധാരാളം മിഷണറി പുസ്തകങ്ങൾ അവർ എഴുതിയിട്ടുണ്ട്.
ഈയൊരു പശ്ചാത്തലവും കുടുംബത്തിൽ നിന്നുള്ള പ്രോത്സാഹനവും ഹനയെയും എഴുത്തിന്റെ മേഖലയിലേക്കു കൊണ്ടുവന്നിരിക്കാം. ‘ഫുൽമോനിയെയും കരുണയെയും’ അക്കാലത്തെ ബംഗാളിലെ അഭ്യസ്തവിദ്യരും ദരിദ്രരുമായ സ്ത്രീ സമൂഹത്തിന്റെ രൂപകങ്ങളാക്കി ‘ഫുൽമോനി ഓ കരുണാർ ബിബരൺ’ പൂർത്തിയാക്കുമ്പോൾ, മിഷണറി പ്രചാരണത്തിനായി തദ്ദേശീയ ഭാഷയിൽ ഒരു എഴുത്ത് എന്നതിനപ്പുറം മറ്റൊരു മാനവും ഹനയോ കുടുംബമോ പ്രതീക്ഷിച്ചിരിക്കില്ല.
പക്ഷെ, അവരുടെ എല്ലാ കണക്കുക്കൂട്ടലുകളെയും മറിക്കടക്കുന്നതായിരുന്നു, ഫുൽമോനി ഓ കരുണാർ ബിബരന്റെ സ്വീകാര്യത. അത്, ബംഗാളും കടന്ന് ഇന്ത്യയുടെ വിവിധ ദേശങ്ങളിലേക്ക്, ഭാഷകളിലേക്ക് എത്താൻ അധികം കാലദൈർഘ്യം എടുത്തില്ല.
അക്കാലങ്ങളിൽ എഴുത്തുഭാഷയിലൂടെയുള്ള മിഷണറി പ്രചരണങ്ങൾ പൊതുവെ തദ്ദേശീയർക്ക് ഒട്ടും ഗ്രാഹ്യമില്ലാത്ത ആംഗലേയത്തിൽ ആയിരുന്നു എന്നത്, തങ്ങളുടെ തനതു ഭാഷയിൽ പുറത്തിറങ്ങിയ ഹനയുടെ എഴുത്തിനെ ബംഗാളി ജനത ഇരുകൈയും നീട്ടി സ്വീകരിക്കാനുള്ള പ്രധാന കാരണമായി.
മിഷണറി എഴുത്തായാലും ഇതര സാഹിത്യമായാലും അക്കാലത്ത് ഒരു കൃതി, അതിന്റെ ആദ്യ പതിപ്പ് മുവ്വായിരം കോപ്പിയിൽ ഇറങ്ങുക അചിന്തനീയമായോ അനിതരസാധാരണമോ ആയ കാര്യമാണ്. എന്നിട്ടും, ഒരു പ്രാദേശിക ഭാഷയിലെ ഹനയുടെ ആദ്യ ഉദ്ദ്യമംതന്നെ ഈ സാഹസികത ഏറ്റെടുത്തിട്ടുണ്ടെങ്കിൽ, അത് ആ എഴുത്തിന്റെ പ്രാഥമിക വായക്കാർ; ഒരുപക്ഷെ, ഹനയുടെ പിതാവോ ഭർത്താവോ പ്രസാധകരോ ആകാം, അവരുടെ ശക്തമായ ദീർഘവീക്ഷണം തന്നെയാകണം അതിനു പിന്നിൽ. അതിൽ അവരൊരുപക്ഷേ, ‘ഒരു മാസ്റ്റർ പീസ്’ കണ്ടിരിക്കാം. തദ്വാരാ, ഒരു മിഷണറി എഴുത്തിന്റെ അതുവരെയുള്ള വ്യാപ്തിയെ കൂട്ടാം എന്നൊരു കണക്കുകൂട്ടൽ ഉണ്ടായിരുന്നിരിക്കാം.
എന്നാൽ, അത്തരം എല്ലാ കണക്കുകൂട്ടലിനെയും മറിക്കടക്കുന്ന ചരിത്രമാണ്, അക്കാലത്തു ഫുൽമോനി ഓ കരുണാർ ബിബരണിനു ലഭിച്ചത്. ബംഗാളിൽ തരംഗമുണർത്തി ഒരു വർഷം തികയുമ്പോഴേയ്ക്കും ഇംഗ്ലീഷ് പരിഭാഷ ഇറങ്ങി. പരിഭാഷപ്പെടുത്തിയതും ഹനതന്നെ. ഇംഗ്ലീഷ് പരിഭാഷ പിന്നീട്, മലയാളം, കന്നഡ, തെലുങ്ക്, അസാമിയ തുടങ്ങി ഇന്ത്യയിലെ പന്ത്രണ്ടോളം ഭാഷകളിൽ ഇറങ്ങി. അക്കാലത്ത് അതും ഒരു ചരിത്ര സംഭവം തന്നെയായിരുന്നു.
മലയാളത്തിലെ ആദ്യകാല നോവലുകളായി വിലയിരുത്തപ്പെടുന്ന, 1887ൽ പ്രസിദ്ധീകരിച്ച അപ്പു നെടുങ്ങാടിയുടെ കുന്ദലതയ്ക്കും ഒ. ചന്തു മേനോന്റെ 1889ൽ ഇറങ്ങിയ ഇന്ദുലേഖയ്ക്കും തിക്കോടി പള്ളിക്കര ചെറുവലത്ത് ചാത്തു നായരുടെ 1890ൽ ഇറങ്ങിയ മീനാക്ഷിയ്ക്കും മുൻപേ ഹനയുടെ ‘ഫുൽമോനി ഓ കരുണാർ ബിബരൺ’ എന്ന നോവൽ മലയാളികൾ വായിച്ചിരുന്നു. അതും, അന്നത്തെ ശുദ്ധമായ മലയാളം ഭാഷയിലെ അച്ചടിയിൽതന്നെ. 1858ലായിരുന്നു അത്.
കുന്ദലതയ്ക്കും നാല് പതിറ്റാണ്ടുമുൻപേ, മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട ഈ പരിഭാഷാ കൃതിയെ പരിചയപ്പെടുത്തിയത്, മാവേലിക്കര കേന്ദ്രീകരിച്ച്, കേരളത്തിൽ മിഷണറി പ്രവർത്തനം നടത്തിയിരുന്ന റവ. ജോസഫ് പീറ്റ് ആണ്. ‘PHULMANI AND KARUNA’ എന്ന ഇംഗ്ലീഷ് പരിഭാഷയുടെ ഇംഗ്ലീഷിലുള്ള ടൈറ്റിൽ തന്നെയാണ്, മലയാള പരിഭാഷയ്ക്കും നല്കിയത്. ബംഗ്ളായിലും ഇംഗ്ലീഷിലും ഉള്ളതുപോലെ, ടൈറ്റിലിനൊപ്പം നോവലിന്റെ ഉദ്ദേശശുദ്ധിയുടെ സംക്ഷിപ്തം മലയാളത്തിൽ പരിഭാഷയിലും കൊടുത്തിട്ടുണ്ട്.
ജോസഫ് പീറ്ററിന്റെ ഈ പരിഭാഷ, മലയാളത്തിലെ ആദ്യത്തെ വിവർത്തന കൃതിയല്ല. ആർച്ച് ഡീക്കൻ കോശിയുമായി ചേർന്ന് 1847ൽ, പീറ്റ് മറ്റൊരു ഇംഗ്ലീഷ് കൃതിയുടെ വിവർത്തനം ചെയ്തിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ സുവിശേഷപ്രചാരകനായിരുന്ന ഇംഗ്ലണ്ടുകാരൻ ജോൺ ബന്യൻ 1628ൽ പ്രസിദ്ധീകരിച്ച ‘പിൽഗ്രിംസ് പ്രോഗ്രസ്'(തീർത്ഥാടകന്റെ വഴി) എന്ന കൃതിയുടെ പരിഭാഷ, ‘പരദേശി മോക്ഷയാത്ര’യായിരുന്നു അത്.
എന്നാൽ, ‘പിൽഗ്രിംസ് പ്രോഗ്രസ്’ എന്ന കൃതി ഒരു നോവൽ അല്ല; ഒരു ആലഗോറി(അന്യാപദേശം) മാത്രമാണ്. അതുകൊണ്ടുതന്നെ, ഒരു പരിഭാഷാ കൃതിയാണെങ്കിൽ കൂടിയും, മലയാളത്തിലെ ആദ്യത്തെ നോവൽ സാഹിത്യം ഏതാണെന്നു വിലയിരുത്തുമ്പോൾ ഫുൽമാനി ഓ കരുണാർ ബിബരണിനു ജോസഫ് പീറ്റ് എഴുതിയ ‘ഫുൽമാനിയും കരുണയും’ എന്നുതന്നെ പറയേണ്ടി വരും. ഈ നോവലിനെ ഒഴിവാക്കിക്കൊണ്ടുള്ള മലയാള നോവൽപഠനം അസാധ്യമാണ്.
അതേസമയം, പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യയൊട്ടാകെ ഏറെ ചർച്ച ചെയ്യപ്പെട്ടെന്നു പറയപ്പെടുന്ന ഹനയുടെ ഈ രചന ആ നൂറ്റാണ്ടിന്റെ അവസാനത്തോടെതന്നെ ഇന്ത്യൻ സാഹിത്യമണ്ഡലത്തിൽനിന്നും അപ്പാടെ അപ്രത്യക്ഷമാകുന്ന കാഴ്ച ഉണ്ടായി. ഇംഗ്ലീഷ് പരിഭാഷയ്ക്കുപോലും ആ നൂറ്റാണ്ടിൽ തുടർപതിപ്പുകളോ ചർച്ചയോ മറ്റ് അംഗീകാരങ്ങളൊ ലഭിച്ചില്ല.
അക്കാലത്തെ, മിഷണറിമാരുടെ രചനകൾ മിക്കവാറും, മിഷണറി പ്രവർത്തനങ്ങൾക്കുള്ള സുവിശേഷങ്ങളും പ്രബോധനങ്ങളും മാത്രമായി പരിമിതപ്പെട്ടിരുന്നതുകൊണ്ട്, ‘ഇതൊരു മിഷണറി രചന’ എന്ന പൊതുബോധത്തെ ഹനയുടെ മൂലകൃതിക്കും പരിഭാഷകൾക്കും നേരിടേണ്ടി വന്നുവെന്നു പറയപ്പെടുന്നു.
അന്നത്തെ ജനസാമാന്യങ്ങൾക്കിടയിൽ ഒരു സാഹിത്യ സൃഷ്ടിക്കു ലഭിക്കേണ്ടിയിരുന്ന സ്ഥാനമോ സ്വാധീനമോ അക്കാരണത്താൽ ഈ കൃതിക്കു ലഭിച്ചില്ല. ക്രിസ്ത്യൻ സമൂഹങ്ങൾക്കപ്പുറം, മുഖ്യധാര എഴുത്തുകാരുടെയോ നിരൂപകരുടെയോ വ്യാപകമായ ശ്രദ്ധയെ ആകർഷിക്കാനോ അക്കാദമിക് അംഗീകാരങ്ങൾക്കോ മറ്റോ ഉള്ള ഭാഗ്യമോ ഈ കൃതിക്കുണ്ടായില്ല. അതിന്റെ തിക്തഫലമാകാം പിന്നീട്, ഒരു നൂറ്റാണ്ടോളം ഈ കൃതി മറവിയുടെ ആഴങ്ങളിലേക്കു നിപതിച്ചുപോയത്.

പിന്നീട്, ഒരു നൂറ്റാണ്ടിനു ശേഷമാണ് ഇത് ഉയിർത്തെഴുന്നേൽക്കുന്നത്. കൽക്കത്ത നാഷണൽ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ഒരു പതിപ്പിൽ നിന്നും 1957ൽ ചിത്തരഞ്ജൻ ബാനർജി എന്ന വ്യക്തി ഒരു പകർപ്പ് എടുത്തു പ്രസാധനം ചെയ്തിരുന്നു. ലൈബ്രറിയിൽനിന്നു ലഭിച്ചതും പ്രസാധനം ചെയ്തതും ബംഗ്ളായിൽ എഴുതപ്പെട്ട മൂലകൃതിയാണോ ഇംഗ്ലീഷ് പതിപ്പാണോ എന്നു വ്യക്തമല്ല.
1989ൽ ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച, ജോസഫ് പീറ്റിന്റെ ‘ഫുൽമോനി…’ പരിഭാഷയുടെ രണ്ടാംഘട്ട പതിപ്പായ, ‘ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പ്രാചീന ഗ്രന്ഥ ഗവേഷകനായിരുന്ന സ്കറിയ സക്കറിയ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അദ്ദേഹം നേതൃത്വം നല്കിയ ഗവേഷകസംഘം വെസ്റ്റ് ജർമ്മനിയിലെ ട്യൂബിങ്ങൺ സർവ്വകലാശാലയിൽ സൂക്ഷിച്ചിരുന്ന ഹെർമൻ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരങ്ങളിൽ നിന്ന് ജോസഫ് പീറ്റിന്റെ മലയാളം പരിഭാഷ കണ്ടെടുത്തതോടെയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇങ്ങനെയൊരു കൃതിയെ മലയാളി പൊതുസമൂഹവും സാഹിത്യമണ്ഡലവും അറിയുന്നത്. ഡി. സിയ്ക്കു പുറമെ 2013ൽ, ചിന്ത പബ്ലിക്കേഷനും പരിഭാഷയുടെ രണ്ട് പതിപ്പുകൾ ഇറക്കുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ എഴുതപ്പെട്ട മലയാളത്തിലെ പതിനഞ്ച് നോവലുകള്‍, അവയുടെ പഠനം സഹിതം പുനഃപ്രസിദ്ധീകരിച്ച ‘നോവല്‍ പഴമ’ എന്ന സീരീസിന്റെ ഭാഗമായാണ് ഈ ചിന്ത പബ്ലിഷേഴ്സ് ഇതു പ്രസിദ്ധീകരിച്ചത്.
‘ഇന്ത്യൻ ഭാഷകളിലെ ആദ്യ നോവൽ’ എന്ന വിശേഷണവുമായാണ് ‘ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ’ ഡി സി പ്രസിദ്ധീകരിക്കുന്നത്. അതോടൊപ്പംതന്നെ, അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉടലെടുക്കുകയുണ്ടായി. ട്യൂബിങ്ങൺ സർവ്വകലാശാലയിൽ നിന്നും ജോസഫ് പീറ്റിന്റെ മലയാളം പരിഭാഷ കണ്ടെടുത്തതിനെ തുടർന്ന്, നൂറ്റിമുപ്പത് വർഷങ്ങൾക്കിപ്പുറം 1988ൽ, മലയാള മനോരമയിലെ ‘അക്ഷരങ്ങളും അക്ഷരങ്ങളും’ എന്ന പംക്തിയിൽ സ്കറിയ സക്കറിയ എഴുതിയ ഒരു ലേഖനത്തിലൂടെയാണ് ഈ കൃതി വീണ്ടും കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നത്.
ജവർലാൽ നെഹ്‌റു സർവ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറും പ്രശസ്ത ഇംഗ്ലീഷ് നിരൂപകയുമായിരുന്ന ഡോ. മീനാക്ഷി മുഖർജി, “മിഷണറിമാർക്കു നല്ല നോവലുകളെഴുതാൻ സാധ്യമല്ല” എന്നൊരു വാദം അക്കാലത്ത് ഉന്നയിച്ചിരുന്നതായി ഡി സി പതിപ്പിന്റെ ആമുഖത്തിൽ സ്കറിയ സക്കറിയ പറയുന്നു.
അതിന് അദ്ദേഹം പറയുന്ന മറുപടികളിൽ ശ്രദ്ധേയമായ കാര്യം, “സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ മിഷണറി രചനകളടെ മുഖ്യദൗർബല്യം അവയിലെ പ്രചാരണാശമാണ്. സോദ്ദേശ്യ സാഹിത്യസൃഷ്ടികൾക്കു സാമാന്യമായിക്കാണുന്ന ദൗർബല്യമാണിതു. പുരോഗമന സാഹിത്യത്തിന്റെ ലേബലിൽ മലയാളത്തിൽ പ്രത്യക്ഷപ്പെട്ട മുദ്രാവാക്യകവിതകൾ ഇതിനു നല്ല തെളിവാണ്. വിവിധ പ്രത്യയശാസ്ത്രങ്ങളുടെ പ്രചാരണത്തിൽ വ്യാപൃതരായിരിക്കുന്ന എഴുത്തുകാർ സാഹിത്യരചനയിൽ ഏർപ്പെടുമ്പോൾ പ്രബോധനാംശത്തിനു മുൻതൂക്കം നൽകുന്നു. മാർക്സിസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടി എഴുതപ്പെടുന്ന സാഹിത്യസൃഷ്ടികളിൽ മുഴച്ചുനില്ക്കുന്ന പ്രചാരണാംശം സാഹിത്യത്തിൽ കല്ലുകടിയായിത്തീരാറുണ്ടല്ലോ. പ്രബോധനം ഒഴിവാക്കി, ബോധവത്കരണം നടത്താൻ അസാധാരണമായ എഴുത്തുകാർക്കു മാത്രമേ കഴിയൂ. പ്രതിബദ്ധതയും സാഹിത്യസിദ്ധിയും കലാത്മകമായി സംയോജിപ്പിക്കുക എന്നത് എക്കാലത്തും സാഹിത്യകാരനും ഒരു വെല്ലുവിളിയാണ്. ഈ വിശാല പശ്ചാത്തലത്തിൽ വേണം മിഷണറി രചനകൾ വിലയിരുത്താൻ.” എന്നാണ്.
സ്കറിയ സക്കറിയയുടെ വാദമുഖങ്ങൾ എല്ലാം തന്നെ, ഹനയുടെ ബംഗ്ളാ നോവലിനെ ലക്ഷണമൊത്ത ആദ്യത്തെ ഇന്ത്യൻ നോവലായി ഉയർത്തിപ്പിടിക്കുന്നതായിരുന്നു. അതുപോലെതന്നെ, പീറ്റിന്റെ വിവർത്തനത്തെ, ‘വിവർത്തനമെന്നും അന്യദേശ- കഥാപാത്ര രചനയെന്നും’ ഉള്ള ആഖ്യാനങ്ങളെ ഒഴിവാക്കി, നോവലിന്റെ അടിസ്ഥാന ലക്ഷണങ്ങൾ എല്ലാം ഒത്തിണങ്ങിയ മലയാളത്തിലെ ആദ്യത്തെ നോവലായിതന്നെ കണക്കാക്കണമെന്നും അദ്ദേഹം ശക്തിയുക്തം വാദിക്കുകയുണ്ടായി.
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേ മാതരത്തിന്റെ രചയിതാവ്, ബങ്കിം ചന്ദ്ര ചാറ്റർജി 1864ൽ എഴുതിയ ‘രാജ്‌മോഹൻസ് വൈഫ്’ ആദ്യത്തെ ഇന്ത്യൻ നോവൽ എന്ന ബഹുമതി വഹിച്ചുകൊണ്ടുനടക്കുന്ന ഒരു കാലത്താണ് ദേശീയതലത്തിലും മലയാളത്തിലും സംഭവിച്ച ഫുൽമോനി ഓ കരുണാർ ബിബരണിന്റെ പുനർജ്ജന്മവും തുടർസംവാദങ്ങളും. അതേസമയം, ‘രാജ്‌മോഹൻസ് വൈഫ്’ എന്നത് ഒരു നോവൽ അല്ല നോവെല്ല(നോവലിനേക്കാൾ ചെറുതും ചെറുകഥയേക്കാൾ നീളമുള്ളതുമായ രചന) ആണെന്ന വസ്തുതയും ഉണ്ട്. ഈ പരിമിതിയെ മറികടക്കുന്നതാണ്, തൊട്ടടുത്ത വർഷം 1865-ൽ, ബങ്കിം ചന്ദ്ര ചാറ്റർജി ‘ദുർഗേശനന്ദിനി’ പ്രസിദ്ധീകരിച്ചത്. അക്ബർ ചക്രവർത്തിയുടെ സേനാനായകനായ മാൻസിങ്ങിന്റെ മകൻ ജഗത്സിങ്ങിനെ നായകസ്ഥാനത്ത് അവരോധിച്ചുകൊണ്ടുള്ള ഈ ചരിത്ര- പ്രണയ നോവൽ, ഇന്ദുലേഖയെപ്പോലെ, ബംഗാളി ഭാഷയിലെ ലക്ഷണയുക്തമായ ആദ്യ നോവലായി വിലയിരുത്തപ്പെടുന്നു. ഇംഗ്ലീഷ്, റോമൻ ഉൾപ്പെടെ നിരവധി ഭാഷകളിലേക്കു തർജ്ജമ ചെയ്യപ്പെട്ട ദുർഗേശനന്ദിനിയെ 1917ൽ, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്, സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ്.

ട്യൂബിങ്ങൺ സർവ്വകലാശാലയിൽനിന്നും ഈ കൃതി കണ്ടെടുക്കുന്നതിനും തൊട്ടുമുമ്പുവരെ, 1877ൽ പുറത്തിറങ്ങിയ കോളിൻസ് മദാമ്മയുടെ ‘ഘാതകവധം’ എന്ന മലയാളം പരിഭാഷയെ മലയാളത്തിലെ ആദ്യത്തെ നോവലായി പരിഗണിക്കണമെന്ന വാദവും ഉണ്ടായിരുന്നു. ആദ്യത്തെ മലയാളം-മലയാളം നിഘണ്ടുവിന്റെ കർത്താവെന്നറിയപ്പെടുന്ന റിച്ചാർഡ് കോളിൻസ് എന്ന മിഷനറിയുടെ ഭാര്യയായിരുന്നു ഫ്രാൻസെസ് റൈറ്റ് കോളിൻസ് എന്ന കോളിൻസ് മദാമ്മ. ഇവർ രണ്ടുപേരും ചേർന്നെഴുതിയ ‘ദി സ്ലേയർ സ്ലെയിൻ’ എന്ന ഇംഗ്ലീഷ് നോവലിന്റെ മലയാളം പരിഭാഷയാണ്, ഘാതകവധം. കോട്ടയം സെമിനാരിയുടെ വിദ്യാസംഗ്രഹം മാസികയിൽ 1864ൽ തുടങ്ങിയ ‘ദി സ്ലേയർ സ്ലെയിന്റെ’ പ്രസിദ്ധീകരണം ’66ലാണു പൂർത്തീകരിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികളാണ് ഈ നോവലിന്റെ പ്രതിപാദ്യ വിഷയം.
അതേസമയം, ഫുൽമാനി ഓ കരുണാർ ബിബരണിൽ നിന്നുള്ള പ്രചോദനമാണ് ഈ രചനയെന്ന ആക്ഷേപം ജോസഫ് പീറ്റിന്റെ പരിഭാഷയുടെ കണ്ടെടുപ്പോടെ ഉയർന്നു വരികയുമുണ്ടായി. ഫുൽമാനി… യുടെ ഇതിവൃത്തവുമായി ഈ കൃതിയ്ക്കുള്ള സാമ്യം അത്തരമൊരു വാദത്തിനു കാരണമായി. ഇംഗ്ലീഷിൽ നിന്നും തർജ്ജമ ചെയ്യപ്പെട്ട ആദ്യത്തെ മലയാളം നോവലായാണ് ഇപ്പോൾ ‘ഘാതകവധം’ ഗണിക്കപ്പെടുന്നത്.

ആരോഗ്യകരവും സന്തുഷ്ടിയും നിറഞ്ഞ ഒരു കുടുംബജീവിതമോ ജീവിതരീതിയോ വാർത്തെടുക്കത്തിന്, സദാചാരമൂല്യമുള്ള ഒരു ജീവിതക്രമം ദൈവവിശ്വാസത്തിലധിഷ്ഠിതമായി ചിട്ടപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയാണ്, ഫുൽമോനി ഓ കരുണാർ ബിബരണിന്റെ മൂലക്കഥ. മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഒരു ബംഗാളി ഗ്രാമത്തിന്റെ കഥയാണ് ഈ നോവൽ പറയുന്നത്. മൂല്യവത്തായ ഉന്നത ജീവിതം നയിക്കുന്നതിന് ഓരോ സമൂഹത്തിലും സ്ത്രീകൾ വിഭ്യാസമ്പന്നരാകണമെന്ന് ഈ നോവലിലൂടെ രണ്ട് നൂറ്റാണ്ടുകൾക്കു മുൻപേ ഹന കാതറിൻ ദീർഘദർശനം ചെയ്തിരിക്കുന്നു.
വിഭ്യാസമ്പന്നരാകുന്നതിനോടൊപ്പംതന്നെ തൊഴിൽപരമായും അവർ കുടുംബത്തിന്റെ ഒരു മികച്ച സാമ്പത്തികസ്രോതസുകൂടി ആകണമെന്നും കൃതിയിൽ എഴുത്തുകാരി ഉദ്‌ബോധനം ചെയ്യുന്നതു കാണാം. ‘സ്ത്രീകളുടെ സ്വാശ്രയത്വം’ പൊതുവായ ഒരു കൊളോണിയൽ കാഴ്ചപ്പാടാണെങ്കിലും തന്റെ ജന്മദേശമായ ബംഗാളിലും അതു നടപ്പായി കാണാൻ എഴുത്തുകാരി ആഗ്രഹിച്ചിരുന്നു എന്നുള്ളിടത്ത് അവരുടെ സാമൂഹിക പ്രതിബന്ധത സ്പടികം പോലെ കാണാൻ കഴിയുന്നു. തീർത്തും പരുഷവും പുരുഷകേന്ദ്രീകൃതവുമായ അന്നത്തെ ഇന്ത്യൻ ഗ്രാമീണ ജീവിത വ്യവസ്ഥിതിയിൽ ഇത്തരമൊരു വിഭാവനം ഒട്ടും നിസാരമല്ല; പ്രത്യേകിച്ചും എഴുത്തിൽ.
ഇങ്ങനെയൊരു കൃതിക്കുവേണ്ടി അക്കാലത്തവർ തുടർച്ചയായി ബംഗാൾ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുകയും അലസവും ജീവിതത്തിനോട് ഒട്ടും മമതയോ പ്രതിബന്ധതയോ ഇല്ലാത്തതുമായ ജനങ്ങളെ പഠിക്കുകയും സ്ത്രീകളുടെ ശോചനീയവും ദുരിതപൂർണ്ണവുമായ അവസ്ഥകളെ അടുത്തറിയുകയും ചെയ്തു എന്നതും അത്ര നിസാരമായ കാര്യമല്ല.
രചനാപരമായി, നോവലിലെ കഥാപാത്രങ്ങളെ സാങ്കല്പികം എന്നു പറയാമെങ്കിലും ബംഗാളിലെ ഉൾഗ്രാമങ്ങളിൽ അവർ കണ്ട ആളുകളിൽ നിന്നാണ് അവർ ഈ കഥാപാത്രങ്ങളെയെല്ലാം സ്വാംശീകരിച്ചെടുത്തത്. അവർ നടന്ന വഴികളാണ് അവരുടെ നോവൽ പരിസരം.
തന്റെ മനസ്സിലെ ഉലയിൽ ഉരുക്കി സ്വരുക്കൂട്ടിയെടുത്ത ഇതിവൃത്തത്തിനു വേണ്ട അനുരൂപ കഥാപാത്രങ്ങളെ ഒരുക്കിയെടുക്കുന്നതിലും അവർ തീർത്തും വിജയിച്ചിട്ടുണ്ട്. വെളുപ്പിനെ പ്രതിനിധീകരിക്കാൻ വെളിച്ചത്തെയും കറുപ്പിനെ പ്രതിനിധീകരിക്കാൻ ഇരുട്ടിനെയും കൂട്ടുപ്പിടിക്കുന്നതുപോലെ, കഥയിൽ, നന്മയെയും(സദ്ഗുണം) തിന്മയെയും(നിർഗുണം) പ്രതിനിധീകരിക്കാൻ ഫുൽമോനിയെയും കരുണ(കോരുണ) യെയും മറ്റു കഥാപാത്രങ്ങളെയും ആഖ്യാനപരിസരങ്ങളെയും അവർ അലഞ്ഞു കണ്ടുപിടിച്ചു.

ഫുൽമോനിയെ ദൈവഭയമുള്ളവളായും തികച്ചും സദാചാരക്കാരിയായും കഠിനാധ്വാനിയായും സർവ്വോപരി, ഒരു ഉത്തമ വീട്ടമ്മയായി പ്രതിഷ്ഠിച്ചു. കരുണയെ അതിനു നേർവിപരീതമായും പ്രതിഷ്ഠിച്ചു. സർവ്വസാധാരണമായ ഒരു ഇതിവൃത്തത്തെ കഴിയാവുന്നത്ര ലളിതമായി അവതരിപ്പിച്ചു.
സാധാരണ ബംഗാളി സംസാര ശൈലിയിൽ വാർത്തെടുത്ത ഈ പുസ്തകം ഒരു അനിതരസാധാരണമായ വായനാനുഭവമാണു സമ്മാനിക്കുന്നത്. ഒരു പ്രബന്ധ രചനയുടെ ചുവ ഉടനീളം അനുഭവപ്പെടാമെങ്കിലും, പൂർവ്വക്കാല സൃഷ്ടികളിൽ അതൊരു സാധാരണ പ്രയോഗ ശീലമാണ് എന്ന് ഉൾകൊള്ളാൻ കഴിഞ്ഞാൽ ആദ്യകാല രചനകളെ ആസ്വദിച്ചു വായിക്കാനും ഗവേഷണ ബുദ്ധിയോടെ വിലയിരുത്താനും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വായനയ്ക്കും സാധ്യമാകും.
തന്നെയുമല്ല, രണ്ട് നൂറ്റാണ്ടിനടത്ത ദൂരത്തിരുന്ന്, ഇന്ന് ഈ കൃതിയെ വിലയിരുത്തുമ്പോൾ, ഇതൊരു ‘മിഷണറി രചന’ യാണെന്ന സത്യവും (ആക്ഷേപം) മറന്നുപോകും. എഴുത്തുകാരിയെ സംബന്ധിച്ച്, ദൈവവിശ്വാസം എന്നതു ക്രിസ്തുമതവുമായും അതിനോടനുബന്ധിച്ചുള്ള മിഷണറി പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. സ്വാഭാവികമായും അതിന്റെ അതിപ്രസരം നോവലിൽ പ്രകടമാണ്.
മറ്റൊരുകാര്യം, ഇങ്ങനെയുള്ള ഒരു രചനയ്ക്ക് അവർ മുതിർന്നിട്ടുണ്ടാകുക, ഒരു സാഹിത്യകാരിയാകാനുള്ള ത്വരകൊണ്ട് ആയിരിക്കാൻ വഴിയില്ല എന്നതാണ്. സാഹിത്യരചന എന്ന തലത്തിലുമായിരിക്കില്ല എഴുതിയിട്ടുമുണ്ടാകുക. മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരെഴുത്ത്/ സാമൂഹ്യപ്രതിബദ്ധത എന്നതിനപ്പുറം മറ്റൊരു താല്പര്യത്തിനും ഇടയുണ്ടാകാനും വഴിയുണ്ടാകില്ല.
ഭാഷയും സാഹിത്യവും അനന്തതയോളം വളർന്നു മുറ്റിനില്കുന്ന ഇക്കാലത്ത്, ഇതെല്ലാം ഉൾകൊണ്ടുള്ള ഒരു വായനാക്ഷമത ഉണ്ടാകുന്നപക്ഷം, ‘എഴുതിയത് എന്തിന് എന്നതിനേക്കാൾ എഴുതിയതിൽ എന്തുണ്ട്’ എന്ന സത്യത്തെ ദർശിക്കാനാവും.

പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോൾ കൊൽക്കത്തയിലെ ഭവാനിപൂരിൽ പുതുതായി തുറന്ന മിഷൻ സ്കൂളിൽ അദ്ധ്യാപികയാകാനും തുടർന്ന്, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി വിവിധയിടങ്ങളിൽ സ്‌കൂളുകൾ സ്ഥാപിക്കാനും കഴിഞ്ഞ ഹന്നയുടെ നൈസർഗികമായ കഴിവിനെ കണ്ടെത്താൻ കഴിയാതിരുന്ന അഥവാ, മെനക്കെടാൻ തയ്യാറല്ലാതിരുന്ന വിമർശകവൃന്ദത്തെ മറക്കാം. കാരണം, ഭൂമിയിൽ തന്നെയേല്പിച്ച കർത്തവ്യങ്ങളെ അതീവകൃതജ്ഞതയോടെ നിറവേറ്റി, ആ അനുഗൃഹീത എഴുത്തുകാരി വിടപറഞ്ഞിട്ട് ഇപ്പോൾ രണ്ട് നൂറ്റാണ്ടോളം ദൂരമുണ്ട്.
1861 അവസാനത്തിൽ, ലണ്ടൻ മിഷണറി സൈസൈറ്റിയുടെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന്, ഇന്ത്യയിലെ മിഷനറി പ്രവർത്തനങ്ങൾ മതിയാക്കി, ജോസഫ് മുളൻസ് ലണ്ടനിലേക്കു മടങ്ങിയിരുന്നു. ഇന്ത്യയിലെ മറ്റുചില കാര്യങ്ങൾ തീർത്ത്, ഏതാനും നാളുകളുള്ളിൽ ഹനയും മക്കളും മടങ്ങാനിരിക്കെ, നവംബർ 21നായിരുന്നു ആകസ്മികമായ ആ വേർപ്പാട്. ഉദരസംബന്ധമായ കുടൽരോഗം വിലമതിക്കാനാകാത്ത ആ ജീവനെ അപഹരിച്ചു.
ഹന മടങ്ങുമ്പോൾ, താൻ ജനിച്ചു വളർന്ന മണ്ണിൽ… തന്റെ ബംഗാളിന്റെ മണ്ണിൽ… അദൃശ്യമായ ഒരു കയ്യൊപ്പ് ഇട്ടിട്ടാണു മടങ്ങിയത്. ഇന്ത്യൻ സാഹിത്യ നഭോമണ്ഡലത്തിന്റെ സുവർണ്ണ രേഖയാണത്.
അതിന്റെ പേരാണ്, ‘ഫുൽമാനി ഓ കരുണാർ ബിബരൺ’; ഇന്ത്യയുടെ ആദ്യത്തെ നോവലിസ്റ്റ് ചാർത്തിയിട്ട സുവർണ്ണമുദ്ര!

റവ. ജോസഫ് പീറ്റിന്റെ ‘ഫുൽമോനിയും കരുണയും’ വായിക്കാം
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.