Published on: September 16, 2025

ജോയ് വാഴയിൽ: ഡോ. വി. പി. ജോയ്. ശാസ്ത്രജ്ഞൻ, ഗവേഷകൻ, അഡ്മിനിസ്ട്രേറ്റർ. എറണാകുളം പൂത്തൃക്ക കിങ്ങിണിമറ്റം സ്വദേശി. ജോയ് വാഴയിൽ എന്ന തൂലികാ നാമത്തിൽ എഴുതുന്നു. നിലവിൽ, കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർപേഴ്സൺ.
കിങ്ങിണിമറ്റത്തും പൂത്തൃക്കയിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോയ് വാഴയിൽ 1985-ൽ, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന്, യുകെ ബർമിംഗ്ഹാം സർവകലാശാലയിൽ എംബിഎ, ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്മിനിസ്ട്രേഷനിൽനിന്നും എം.ഫിൽ., ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നും പിഎച്ച്. ഡി. എന്നിവ പൂർത്തിയാക്കി.
1987ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്(ഐ.എ. എസ്) ലഭിച്ചു. കേന്ദ്ര- കേരള സംസ്ഥാന സർക്കാരുകളിൽ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. 2021- 23 കാലയളവിൽ കേരള സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ജോയ് വാഴയിൽ, തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഗവേഷണ വിഭാഗം എഞ്ചിനീയറായി 1985ലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. സംസ്ഥാനത്തെ 47-ാമത്തെ ചീഫ് സെക്രട്ടറിയായിരുന്നു ജോയ്.
‘അറിവാഴം’, ‘ബന്ധനസ്ഥനായ ന്യായാധിപൻ’ എന്നീ നോവലുകളും ‘മണൽവരകൾ’, ‘നിമിഷജാലകം’, ‘മാതൃവിലാപം’, ‘രാമാനുതാപം’, ‘ശലഭയാനം’, ‘നിലാനിർഝരി’, ‘മലയാളഗസൽ’, ‘നക്ഷത്രരാഗം’, ’ഋതുഭേദങ്ങൾ’, ‘വീണക്കമ്പികൾ’, ‘കാണാമറ’, ‘മൗനഭാഷ’, ‘നിറമെഴുതും പൊരുൾ’, ‘നക്ഷത്രങ്ങൾ കൊഴിയുമ്പോൾ’ എന്നീ കവിതാ സമാഹാരങ്ങളും ‘കുന്നിക്കുരു’ എന്ന ബാലസാഹിത്യ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടാതെ, ‘ഉപനിഷദ് കാവ്യതാരാവലി’, ‘താവോയിസത്തിന്റെ ജ്ഞാനപ്പാന’ ‘പ്രവാചകൻ’ ‘വെങ്കലരൂപിയായ അശ്വാരൂഢൻ’ എന്നീ വിവർത്തനങ്ങളും മലയാളവൃത്തങ്ങളെകുറിച്ചുള്ള ‘വൃത്തബോധിനി’ എന്ന ഗ്രന്ഥവും സ്വാതന്ത്ര്യത്തെ ദാര്‍ശനികവും ശാസ്ത്രീയവുമായി വിശകലനം ചെയ്യുന്ന ‘സ്വാതന്ത്ര്യ ദാര്‍ശനം’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
‘Limits and Limitations of the Human Mind’, ‘Reflections on the Philosophy of Education’, ‘Facets of Freedom-A Moral and Political Analysis’ എന്നീ ഇംഗ്ലീഷ് കൃതികളും രചിച്ചിട്ടുള്ള ജോയ് വാഴയിൽ, അന്താരാഷ്ട്രജേർണലുകളിൽ നിരവധി ഗവേഷണപ്രബന്ധങ്ങളും ഊർജ്ജനയ സംബന്ധമായ പുസ്തകങ്ങളും ഗവേഷണ- തത്വശാസ്ത്ര- വിദ്യാഭ്യാസ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘നിമിഷജാലകം’ കവിതാ സമാഹാരത്തിനു എസ്. കെ. പൊറ്റെക്കാട് പുരസ്‌കാരവും ‘കാണാമറ’ കവിതാ സമാഹാരത്തിനു മഹാകവി ഉള്ളൂർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പഴശ്ശിരാജ സാഹിത്യപ്രതിഭാ പുരസ്കാരം, അക്ഷയ സാഹിത്യ പുരസ്കാരം, ഗവേഷണപ്രബന്ധത്തിനുള്ള ലിറ്റററ്റി നെറ്റ് വർക്ക് എക്സലൻസ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മാതാപിതാക്കൾ: വി. വി. പത്രോസ്, ഏലിയാമ്മ. ഭാര്യ: ഷീജ ജോയ്. മക്കൾ: സച്ചിൻ ജോയ്, ഡോ. ഷാരോണ്‍
പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് വായിക്കാം








