Published on: April 12, 2025


മേടപ്പൊന്നണിഞ്ഞ കൊന്നകൾ
കണ്ണിനു മുന്നിൽ
തൂങ്ങി നിൽക്കുമ്പോൾ
വിഷുവ ദിനത്തിൽ
ഞങ്ങൾ വയലിലേക്ക്
നുരിയിടാൻ പോകും
കലപ്പ കോറിയ കണ്ടത്തിലെ മണ്ണിൽ
മൂരിക്കുട്ടൻമാരുടെ കിതപ്പ്
കിളഞ്ഞ മൺമാറിൽ
ആനന്ദ ഹിന്തോളം പാടും
തോട്ടിൻ വക്കിലെ
തെങ്ങോലപ്പിൽ നിന്നൊരു
വലിയ പുളളിമീൻകൊത്തി
തലയനത്തി തോട്ടിലെ
ജലത്തിനെ കീറും
പിടയ്ക്കുന്ന മീനേ…
മീനേയെന്ന് പറഞ്ഞൊരു കുതിപ്പുണ്ടതിന്
ജലപ്പരപ്പിനു മുകളിലേക്ക്
ഇണമീൻ്റെ കണ്ണിൽ പൊടിഞ്ഞ
നിലവിളിയുടെ തോർച്ച
ഇടയ്ക്കിടെ
ജലപ്പരപ്പിന് മുകളിലേക്ക്
പൊങ്ങി വന്ന്
ശ്വാസത്തിനെയന്വേഷിക്കും
ജീവനായിരുന്നവർ
ഒറ്റയ്ക്കാക്കിപ്പോവുക
എന്നതായിക്കും
ഏതൊന്നിനേയും
തകർക്കാനുള്ള
എളുപ്പവഴി
നുരിയിട്ടായസത്തിൽ
ഒഴിഞ്ഞ മുറവുമായ്
വീട്ടിലെത്തുമ്പോൾ
വിഷുപ്പക്ഷിയുടെ 
പാട്ടിൻ്റെ ചോട്ടിൽ
തൂശനിലയിൽ
തുമ്പപ്പൂച്ചോറ്
നാലു കറികളേയും
തൊട്ടു നിന്ന്
ചിരിച്ചു നിൽക്കും
എന്നും നിറയാത്ത
കുഞ്ഞു വയറുകൾക്ക്
സുഭിക്ഷതയുടെ
സ്വരാജ്യമേകാൻ

 
                        

 
 
 
 
 
 
 
 
 
 






 
                       
                       
                       
                      