മോക്ഷം പൂക്കുന്ന താഴ്വര/ നോവൽ/ ലാലി രംഗനാഥ്/ കെ.ആർ. മോഹൻദാസ് എഴുതിയ പുസ്തക അവലോകനം
കെ.ആർ. മോഹൻദാസ്
മനസ്സിൽ കുരുക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിയിലേക്ക്, മാനുഷിക ചിന്തകൾക്കതീതമായ കാൽപ്പനികഭാവങ്ങളോടെ യുക്തിഭദ്രമായി സംയോജിപ്പിച്ചെടുക്കുവാൻ സൃഷ്ടിയിൽ തികഞ്ഞ കൈയടക്കവും ചാരുതയുമുള്ള ഒരു ശൈലിയും അത്യന്താപേക്ഷിതമാണ്. മോക്ഷം പൂക്കുന്ന താഴ്വരയുടെ സൃഷ്ടിമൂല്യം ഉയർന്നു നില്ക്കുന്നതും ഈ അവബോധത്തിലാണ്.
മനുഷ്യമനസ്സുകളിലൂടെയുള്ള സഞ്ചാരമാണ് ലാലി രംഗനാഥിൻ്റെ ‘മോക്ഷംപൂക്കുന്ന താഴ്‌വര’. ഈ നോവലിലെ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു സംഗമബിന്ദു വേർപാടുകളുടെ അനിർവ്വചനീയമായ വിഷാദമാണ്.
സന്ധ്യയെ വാരിയണിഞ്ഞു നിൽക്കുന്ന ഹിമകൂടത്തിന്‍റെ ദൃശ്യം പോലെ അത്രമേൽ ഏകാന്തതയും ആനന്ദകരമായ വേദനയും ഈ നോവലിലെ മനുഷ്യകഥ നൽകുന്നുണ്ട്. മലയാളത്തെ കവർന്നുനിൽക്കുന്ന ഒരു ഭാരതീയ ഭാവം ഈ രചനയ്ക്കുണ്ട്. മഞ്ഞുപാളികൾക്കിടയിൽ മറഞ്ഞിരിക്കുന്ന സമുദ്രത്തിന്‍റെ മുഴക്കം കേൾക്കുന്നതുപോലെ ഒരനുഭവം മോക്ഷംപൂക്കുന്ന താഴ്വരയുടെ വായന നൽകുന്നുണ്ട്.
മനസ്സിൽ കുരുക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിയിലേക്ക്, മാനുഷിക ചിന്തകൾക്കതീതമായ കാൽപ്പനികഭാവങ്ങളോടെ യുക്തിഭദ്രമായി സംയോജിപ്പിച്ചെടുക്കുവാൻ സൃഷ്ടിയിൽ തികഞ്ഞ കൈയടക്കവും ചാരുതയുമുള്ള ഒരു ശൈലിയും അത്യന്താപേക്ഷിതമാണ്. മോക്ഷം പൂക്കുന്ന താഴ്വരയുടെ സൃഷ്ടിമൂല്യം ഉയർന്നു നില്ക്കുന്നതും ഈ അവബോധത്തിലാണ്.
അനാഥത്വത്തിൻ്റെ മാനസിക വ്യവഹാരങ്ങൾ അനുവാചക സമക്ഷം യുക്തിഭദ്രമായി അവതരിപ്പിക്കുവാൻ അമാല്‍ എന്ന കഥാപാത്രത്തിലൂടെ സൃഷ്ടികർത്താവിനു കഴിഞ്ഞിരിക്കുന്നു. വൈകല്യങ്ങളിൽ ബലിയാക്കപ്പെടുന്നവരുടെ ദുരവസ്ഥയെ പ്രതിനിധീകരിക്കുന്ന ഡോക്ടർ ദീപുവിന്റെ കഥാപാത്രത്തെ മികവുറ്റതാക്കാൻ ഇതിവൃത്തത്തിലും കഥാവതരണത്തിലും ശ്രദ്ധേയമായ തിരഞ്ഞെടുപ്പാണ് കഥാകാരി നടത്തിയിട്ടുള്ളത്. കരൾ പറിച്ചെടുത്തുകാട്ടുന്ന ആത്മാർത്ഥതയോടെയും തീവ്രതയോടെയും ലാലി രംഗനാഥ് കഥയുടെ ആത്മാവിലേക്കു നേരെ കടന്നുചെല്ലുകയും വായനക്കാരെ കൂടെ കൂട്ടുകയും ചെയ്യുന്നു.
നോവലിന്‍റെ വായനാനുഭവം ഇത്തരത്തിലുള്ള അനുഭവവേദ്യത അനുവാചകരിലെത്തിക്കുന്നുണ്ടെന്നത് കഥാകാരിയുടെ വിജയം തന്നെയാണ്. കൈവിരൽതുമ്പിലുതിരുന്ന അക്ഷരങ്ങളിലൂടെ തൻ്റെ മനസ്സിലൊഴുകുന്ന ഭാവനയെ ചടുലമായ ഭാഷയിൽ വായനയുടെ ഇമ്പത്തെ ഏറ്റിക്കൊണ്ട് ഏഴുതിപ്പോകുന്ന ഒരു ശൈലിയാണ് ലാലി രംഗനാഥിൻ്റേത്.
മുൻവിധികളില്ലാതെ, താനേ വാർന്നു വീഴുന്ന പ്രതീതിയോടെയാണ് ഇതിലെ എല്ലാ കഥാപാത്രങ്ങളും കഥയുടെ ഓരോ ഇടനാഴിയിലും എത്തിച്ചേരുന്നത്. അമാൽ, ഡോ. ദീപു, നവാസ് എന്ന നവി എന്നീ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ഈ നോവലിന്റെ കരുത്ത്, ലാലിയുടെ ഇതര രചനകളിലെന്ന പോലെ, തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളുടെ അസാധാരണത്വം, അതിൽ പാലിക്കുന്ന മിതത്വം, കഥപറച്ചലിൽ തെളിയുന്ന നിസ്സംഗത എന്നിവയൊക്കെ തന്നെയാണ്. കൂടാതെ, കഥയുടെ മുഖമുദ്രയായി നമുക്കനുഭവപ്പെടുന്ന മറ്റൊന്നാണ് സത്യസന്ധത. പ്രത്യേക രീതിയിലുള്ള മാനസികാവസ്ഥകളാണ് ഓരോ കഥാപാത്രവും നമ്മെ അനുഭവിപ്പിക്കുന്നത്. നായകനായ ദീപുവിന്‍റെ ജീവിതവഴികളിലെല്ലാം ഭീതിജനകവും അസാധാരണവുമായ ഒരു മാനസികാവസ്ഥ കാണാന്‍ കഴിയും. നോവലിന്‍റെ ഒരു ഘട്ടത്തിൽ അനാവരണം ചെയ്യപ്പെടുന്ന ദീപുവിന്‍റെ ഇരട്ടമുഖം അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ ഭീതിയുടെ താഴ്വരയിലേക്ക് വലിച്ചെറിയുന്നു. പലരും വായനയിലൂടെ മാത്രം അറിഞ്ഞിരുന്ന ശവഭോഗം, തന്‍റെ മുന്‍കാമുകി കൃഷ്ണയുടെ ജീവനറ്റശരീരത്തില്‍ ചെയ്യുന്ന ദീപു അനുവാചകമനസ്സില്‍ ഒരു നടുക്കമാവുന്നു.
യഥാർത്ഥത്തിൽ സംഭവിച്ച ഇത്തരം ഒരു ശവഭോഗത്തെ ഒരു സൗഹൃദ സംഭാഷണമധ്യേ അറിയാനിടയായപ്പോൾ ഉരുത്തിരിഞ്ഞു വന്ന ഇതിവൃത്തമാണ് ഈ നോവലെന്ന് കഥാകാരി സാക്ഷ്യപ്പെടുത്തുമ്പോൾ, ഒരു ഹീനപ്രവൃത്തിയായി ആധുനിക സമൂഹം വിലയിരുത്തുകയും നിയമവിരുദ്ധമാക്കുകയും ചെയ്തിട്ടുള്ള ഇത്തരം കൃത്യങ്ങൾ പെരുകി വരുന്നു എന്നറിമ്പോൾ ദീപുവിലൂടെ നമ്മളിലെത്തുന്ന നടുക്കം പൂർണ്ണമാകുന്നു. എന്നാൽ, സ്വബോധത്തോടെ ഒരാൾക്കും ഇതുപോലൊരു നീചപ്രവൃത്തിയിൽ ഏർപ്പെടാൻ കഴിയില്ല എന്ന ആഖ്യാനത്തോടെ ഈ നോവൽ പരിസമാപ്തിയിലെത്തുമ്പോൾ, ‘മോക്ഷം പൂക്കുന്ന താഴ്‌വര’ എന്ന ശീർഷകവും അർത്ഥപൂർണതയിലെത്തുന്നു.
പ്രസാധനം: ഐവറി ബുക്സ്, തൃശ്ശൂർ
വില: 150 രൂപ