AI illustration by Surya for the Malayalam story Oridathu Oru Maramundu written by Surab

2019ൽ, സാഹിത്യ പ്രവർത്തക കോ- ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിദ്ധീകരിച്ച, സുറാബിന്റെ ‘നഗരത്തിൽ സംഭവിക്കുന്നത്’ എന്ന കഥാസമാഹാരത്തിലെ 21 കഥകളിൽ അഞ്ചാമത്തെ കഥയാണ്, ‘ഒരിടത്ത് ഒരു മരമുണ്ട്.’ ഈ സമാഹാരത്തിലെ മുഴുവൻ കഥകളും ഇവിടെ വായിക്കാം.

ഒരിടത്ത് ഒരു മരമുണ്ട്

പിന്നീട് കഥ ഇങ്ങനെ അവസാനിക്കുന്നു. മരുഭൂമിയിൽ ഒരിടത്ത് ഒരു മരമുണ്ട്. ഈന്തപ്പഴം കായ്ക്കുന്ന ഒരു വൻമരം. അതിനൊരുപാട് വേരുകളും ചില്ലകളുമുണ്ട്. അതിൽ ഒരായിരം പറവകൾ ചേക്കേറുന്നു. അതിനു മുകളിൽ നിലാവ് പെയ്തിറങ്ങുന്നു. കാറ്റ് ഓളം തല്ലുന്നു.

ണ്ടൊരു മത്സ്യം മോതിരം വിഴുങ്ങി. അതിന്റെ പശ്ചാത്തലവും പരിസരവും പ്രേമത്തിൽ മുങ്ങിയ മറവിയുടെ ഏടാകൂടമായിരുന്നു. അങ്ങനെ പണ്ടുപണ്ട് പുരാണകാലത്തും അതിപുരാണകാലത്തും കഥയിൽ മത്സ്യം കഥാപാത്രമായി. എന്നിട്ടും ഒരു മത്സ്യവും ജലാശയം നിർമ്മിച്ചില്ല. (സത്യമേവ ജയതേ…) അതുകഴിഞ്ഞ് അവിടന്നിങ്ങോട്ട് എത്ര കടലും കടലോരവുമാണ് മലയാളകഥാ ചക്രവാളത്തിൽ ചേക്കേറിയത്! വായനക്കാരെ അമ്പരപ്പിച്ചത്! ഇതിൽ ആരൊക്കെ എന്തൊക്കെ വിഴുങ്ങി എന്നത് അപ്രസക്തം. അല്ലെങ്കിൽ വിഴുങ്ങൽ ആഗോളതലത്തിൽ ഇന്നൊരു വിനോദം. പ്രത്യേകിച്ച് വെട്ടിവിഴുങ്ങൽ. ഇവയ്ക്കിടയിൽ ഇവിടെയിതാ വെട്ടാതെ വിഴുങ്ങിയ ഒരു പാമരൻ. അവന്റെ ശരിയായ പേര് പാണ്ടിക്കാട്ട് മറുദം വീട്ടിൽ രത്നാകരൻ. പേരിന്റെ നീളം കുറയ്ക്കാൻ അങ്ങനെ അവനും ഒരു സുപ്രഭാതത്തിൽ പാമരനായി. പിലാവളപ്പിൽ രാമൻകുട്ടി അനന്തൻ പിരാന്തൻ ആയതുപോലെ.

സുപ്രഭാതങ്ങളിലെ പേരുമാറ്റൽ ചിലർക്ക് ഒരു ചടങ്ങാണ്. ചെറിയൊരു സ്ഥലവും അതിനോടു ചേർന്ന കുളവും ഒരു നെയ്വിളക്കും മതി. കുളിച്ച് ഈറൻ മാറ്റി നെയ്വിളക്കു കത്തിച്ച് ഒന്നു വിറയ്ക്കുക. ഇവിടെ സ്പെയിസു വേണ്ട. വിറയൽ മാറ്റി വിളക്കിനു മുന്നിൽ പഴയ പേരും പുതിയ പേരും എഴുതി മായിച്ചു കളയുക. വീണ്ടും പുതിയ പേരെഴുതുക. വിറയ്ക്കുക. തിരിയൂതുക. ഇപ്പോൾ സേവ് ആയി. മൊബൈൽ ഫോൺ ഉപയോഗിക്കാൻ അറിയുന്നവർക്ക് ഇതെളുപ്പം ചെയ്യാനാവും. അങ്ങനെ പാമരന്റെ പേരും ഇ-മെയിലിലും ഇന്റർനെറ്റിലും വളരെ വേഗം സ്ഥാനം പിടിച്ചു. അവൻ വലുതായി. എന്നിട്ടും അവൻ പാമരനിൽനിന്നും ഉയർന്നില്ല. പിന്നീടൊരിക്കലും പേരുമാറ്റാൻ കഴിഞ്ഞില്ല.

ലോകത്ത് ബംഗാളി, സിലോണി, പാക്കിസ്ഥാനി, ഫിലിപ്പീനി എന്നിവരുടെ തസ്തികയിലാണ് ഇന്ത്യക്കാരനായ പാമരൻ വന്നുപെട്ടിട്ടുള്ളത്. ഈ പറയപ്പെടുന്നവരൊക്കെ ഇഷ്ടംപോലെ മഴയും വെയിലും കൊടുങ്കാറ്റും വെള്ള പൊക്കവും വിശപ്പും മഹാരോഗങ്ങളും ഉള്ളവരാണ്. കടവും കടപ്പാടും ദാരിദ്യവും കൂട്ടുകുടുംബവും ഉള്ളവരാണ്. എത്ര കഠിനമായ ജോലിചെയ്യാനും എങ്ങോട്ടു വേണമെങ്കിലും ഇറങ്ങിപ്പുറപ്പെടാൻ തയ്യാറുള്ളവർ. അതുകൊണ്ടാണ് അന്യരാജ്യത്ത് ഇവരൊക്കെ സ്വന്തം പേരിൽ അറിയപ്പെടാതെപോകു ന്നത്. ഹിന്ദി, പാക്കിസ്ഥാനി, ബംഗാളി, സിലോണി, ഫിലിപ്പീനി എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്നത്. നാടു വിട്ടാൽ പിന്നെ മലയാളിയും മദ്രാസിയും ഗുജറാത്തിയും മറാത്തിയുമില്ലാതെ എല്ലാവരും ഹിന്ദികളായി ഒറ്റപ്പേരിൽ വിദേശങ്ങളിൽ അറിയപ്പെടുന്നു. എന്തൊരു മറിമായം. സ്വന്തം രാജ്യത്തെ വിഭജനം മറുരാജ്യത്ത് എത്ര നിസ്സാരവത്കരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ വിദേശിയും സ്വദേശിയുമേയുള്ളു. അല്ലാതെ കണ്ണൻ നായരും ഗോവിന്ദൻ നമ്പ്യാരുമില്ല. മൈതീൻകുഞ്ഞും കുഞ്ഞുവർക്കിയുമില്ല. ജാതിയില്ല, ജാഥയുമില്ല. ആരായിരുന്നാലും ഏതു തമ്പുരാനായാലും നാമകരണാടിസ്ഥാനത്തിൽ ഇന്ത്യക്കാരനാണെങ്കിൽ ഹിന്ദിയാണ്. “ഹാദാ ഹിന്ദി…” അത്രമാത്രം.

തുടക്കത്തിൽ പറഞ്ഞതുപോലെ മത്സ്യം മോതിരം വിഴുങ്ങിയതുമായി ഈ കഥയക്ക് യാതൊരു ബന്ധവുമില്ല. അതൊക്കെ പ്രണയത്തിന്റേയും മറവിയുടേയും വിഴുങ്ങലിന്റേയും പുരാണപീഡനകഥയാണ്. എന്നാൽ ഈ കഥയിൽ കാര്യമായ ഒരു വിഴുങ്ങൽ സംഭവിച്ചു എന്നല്ലാതെ മറ്റൊന്നും നടക്കുന്നുമില്ല. കഥയുടെ ശേഷിപ്പിൽ പാരായണഗുണത്തിനുവേണ്ടിയാണ് മത്സ്യവും മോതിരവും മറവിയും പ്രണയവും വിഴുങ്ങലും അതിപുരാതനവും കൂട കൂടെ ആവർത്തിക്കുന്നത്. അല്ലാതെ വായനക്കാരുടെ ക്ഷമാശീലത്തെ പ്രോത്സാഹിപ്പിക്കുവാനോ കയ്യടി നേടുവാനോ അല്ല.

മേല്പറഞ്ഞ ബംഗാളി, സിലോണി, ഫിലിപ്പീനി എന്നിവരോടു ചേർത്തുവെച്ചാൽ ഏറ്റവും വലിയ മീൻതീറ്റക്കാരാണ് പാമരന്മാർ. വലിയ കടലും ആഴവും അറിഞ്ഞവർ. ഇവരുടെയൊക്കെ നാട്ടിൽ കടലുണ്ട്, മീനുണ്ട്, വലയുണ്ട്, വലക്കാരുണ്ട്. അതുകൊണ്ട് ഇഷ്ടംപോലെ കോരിയെടുക്കുന്നു. ഇഷ്ടംപോലെ പൊരിച്ചും കരിച്ചും തിന്നുന്നു. വേവിച്ചു തിന്നുന്നതിൽ ഏറ്റവും മുൻപന്തിയിൽ പാമരന്മാരാണ്. മറ്റുള്ളവർ പച്ചയ്ക്കു തിന്നുമ്പോൾ പാമരന്റെ കർമ്മം വേവിച്ചു തിന്നുക എന്നുള്ളതാണ്. ഇത്തരം കർമ്മവും മർമ്മവും ഉള്ളതിനാലാണ് അബു റാഷിദ് എന്ന അറബി തന്റെ തോട്ടംസൂക്ഷിപ്പുകാരനായി പാമരനെത്തന്നെ തെരഞ്ഞെടുത്തത്. അതും ബംഗാളി, സിലോണി, ഫിലിപ്പീനികൾ ഏറെയുള്ള ഒരു നാട്ടുകൂട്ട ലേബർസപ്ലൈയിൽനിന്നും.

ലേബർ സപ്ലൈയിൽ എത്തുന്നതിനു മുമ്പ് വേണമെങ്കിൽ പാമരന് ഒരു ഉപകഥ കൊടുക്കാം എന്നല്ല, അങ്ങനെ ഒരു പശ്ചാത്തലം പാമരനും ഉണ്ടായിരുന്നു. അതൊക്കെ അവന്റെ ഭൂതകാലവരയിലെ ഊതിയാൽ പാറിപ്പോകാത്ത പൊടികളാണ്. വീട്ടുമുറ്റത്ത് വെള്ളം തിളപ്പിച്ചു വെച്ച് ആറ്റിൽ മുങ്ങിക്കുളിക്കുന്ന ബാല്യമാണ്. സ്വന്തം മാവിൽ ഊഞ്ഞാലുകെട്ടി അടുത്ത പറമ്പിലേക്ക് കാലുനീട്ടുന്ന കൗമാരമാണ്. പഠിച്ചതൊക്കെ മറച്ചുവെച്ച് അന്യന്റെ ജീവിതത്തിലേക്കു മണ്ടത്തരം എറിഞ്ഞുവീഴ്ത്തുന്ന യൗവനമാണ്. പിന്നെ പട്ടിണി, ദാരിദ്ര്യം, വിശപ്പ്, കാമം, മോഹം, ബലാത്സംഗം, ഗ്യാസ്ട്രബിൾ, പിത്തരസം, തട്ടിപ്പ്, വെട്ടിപ്പ്, വിസക്കച്ചവടം, പലിശപ്പണം, ആദിയായ പലതും ഒരു ശരാശരി മലയാളിക്കെന്നപോലെ പാമരനും ഉണ്ടായിരുന്നു. അതൊക്കെ അവന്റെ ചുറ്റുപാടുകളിലെ ഭാവനാപരമായ പരിശീലനക്കളരിയാണ്. ആചാരാനുഷ്ഠാനമാണ്. എങ്കിലും പാമരൻ എന്ന പാണ്ടിക്കാട്ടു മറുദം വീട്ടിൽ രത്നാകരൻ (പാസ്പോർട്ടിൽ ഇന്നും തിരുത്തപ്പെടാത്ത ശരിയായ പേര്) നല്ലൊരു തൊഴിലാളിയും വിശ്വസ്തനും കഠിനാദ്ധ്വാനിയുമായി അബൂ റാഷിദിന്റെ തോട്ടത്തിൽ ഈന്തപ്പന നട്ടും വെള്ളം തളിച്ചും തടംകോരിയും തടയിട്ടും ജീവിച്ചു പോന്നു.

പാമരനെക്കുറിച്ച് യാതൊരു ലൊട്ടുലൊഡുക്കോ കിതപ്പോ ഇല്ലാതെ അബു റാഷിദ് പറയുന്നു: “ഹാദൈ, നഫർ സീൻ… വാജിദ് സീൻ… ശുഹിൽ മസ്ബൂത്ത്.” ഇവൻ ശുദ്ധനും കഠിനാദ്ധ്വാനിയുമാണ്. എന്റെ ഈന്തപ്പനകൾ നോക്കൂ… ഇടതിങ്ങിയ തോട്ടത്തിലെ മണ്ണും തണുപ്പും നോക്കൂ… ഇവൻ മണ്ണറിയുന്നവനാണ്… മരമറിയുന്നവനാണ്… ഈന്തോലകളിൽ എപ്പോഴും പച്ചസൂര്യന്മാരാണ്… പച്ചവർണ്ണങ്ങളാണ്….

അറബിയുടെ സ്തുതിപാഠകം കേട്ട് ഒറ്റയടിക്കു പാമരനെ അങ്ങ് വിശ്വസിച്ചുകൂടാ. എങ്കിലും പാമരൻ ഒരിക്കലും വേലക്കാരിയെ പ്രണയിച്ചിട്ടില്ല. അറബിവീട്ടിലെ ചുട്ടതും പൊള്ളിച്ചതും മടുത്തെന്നു പറഞ്ഞിട്ടില്ല. ഡ്രൈവറും അങ്ങേ വീട്ടിലുള്ള പെണ്ണും തമ്മിലുള്ള ബന്ധം പരസ്യമാക്കിയിട്ടില്ല. ചെമ്പൻമുടിയും പൂച്ചക്കണ്ണുമുള്ളവളുടെ കാമം വെളിപ്പെടുത്തിയിട്ടില്ല. എന്നിട്ടും വെളുവെളുത്ത മറ്റൊരു പെണ്ണ് പാമരന്റെ ഭാര്യയായി. മറ്റൊരാളുടെ കുഞ്ഞിന്റെ പിതാവായി. ഇതൊക്കെ അവൻ പണ്ടുപണ്ടേ ഛർദ്ദിച്ചുകളഞ്ഞിരുന്നെങ്കിൽ എത്ര എളുപ്പമാകുമായിരുന്നു. പകരം ഒരു സംഭവവും പുറത്തുവിടാതെ ഒക്കെ അവൻ വിഴുങ്ങിക്കളഞ്ഞു.

Read Also  തെക്കോട്ടിറക്കം/സി എ കൃഷ്ണൻ എഴുതിയ ഓർമക്കുറിപ്പ്

പാമരന്റെ ജീവിതത്തിലെ വിഴുങ്ങൽ ഇങ്ങനെയാണ് ആരംഭിക്കുന്നത്. മനുഷ്യന് വിഴുങ്ങാൻ അധികസമയമൊന്നും വേണ്ട. വളരെ കുറഞ്ഞസമയം കൊണ്ടുതന്നെ ആരാന്റെ പലതും പേറുന്നു, സ്വന്തം പലതും വിഴുങ്ങുന്നു.

വിഴുങ്ങി, ഒടുവിൽ അവൻ ഒരു ഈന്തപ്പഴക്കുരു വിഴുങ്ങി. മെല്ലെത്തിന്നാൻ അറിയുന്നവരാണ് പാമരന്മാർ. എന്നിട്ടും അവൻ ഈന്തപ്പഴക്കുരു വിഴുങ്ങിക്കളഞ്ഞു. അബദ്ധത്തിലോ അല്ലാതെയോ എന്നു പിന്നീടൊരിക്കലും അവൻ വെളിപ്പെടുത്തിയില്ല. ചോദിക്കുന്നവരോടൊക്കെ അക്കാലത്ത് അവൻ പറഞ്ഞു: “ഞാൻ വളർത്തിയതാണ്. അതുകൊണ്ടു ഞാൻ വിഴുങ്ങി… ഇതെന്റെ വയറ്റിൽത്തന്നെ കിടക്കട്ടെ… ഒരിക്കലും ദഹിക്കാതെ….”

കാലക്രമേണ ദഹിക്കാത്ത ഈന്തപ്പഴക്കുരുമൂലം പാമരൻ ഒരു വയറുവേദനക്കാരനായി. ഇതിനിടയിൽ അവന്റെ ഉടമ അബു റാഷിദ് വാങ്ങിക്കൊടുത്ത മരുന്നുകളൊന്നും അവന് ഏല്ക്കാതെയായി. എത്ര മരുന്നുകൾ മാറി മാറിക്കഴിച്ചിട്ടും പണ്ടു വിഴുങ്ങിയ ഈന്തപ്പഴത്തിന്റെ കുരു പൊടിഞ്ഞില്ല. പുറത്തേക്കു വന്നില്ല.

ഒരുദിവസം രാത്രി അസഹ്യമായ വയറുവേദനകൊണ്ടു പുളഞ്ഞപ്പോൾ അവന്റെ ഭാര്യയും ഡ്രൈവറുടെ കുഞ്ഞും ആ നിലവിളി കേൾക്കാതെ അവനെ ഉപേക്ഷിച്ച് അപ്രത്യക്ഷമായി. പുതിയ തലമുറ കൊടുംതണുപ്പിൽ മരുഭൂമിയിലെ പ്രണയവും ആകാശവും വായിച്ച് ഉറങ്ങാൻ കിടന്ന രാത്രിയായിരുന്നു അന്ന്. ആയിരത്തൊന്നു രാവുകളുടെ സുഖശീതളിമയിൽ ലോകം മറ്റൊരു ആഹ്ലാദത്തിൽ ആകാശത്ത് നക്ഷത്രങ്ങൾ തൂക്കിയിടുന്നു. കൊടുംതണുപ്പ് ആഘോഷിക്കുന്നു. ഭൂമിയിലെ ഇടയന്മാർ അതിശൈത്യത്താൽ പുൽക്കൂട്ടിൽ ഒറ്റപ്പെടുന്നു. പാമരനാകുന്നു.

പാമരൻ ശരിക്കും ഒരു പാമരനാണ്. ഈന്തോലകൾക്കു മുകളിൽ ഇപ്പോൾ ഒരു വിമാനം പറന്നിറങ്ങുന്നുണ്ട്. അത് പാമരന്റെ മനസ്സാണ്. നിറയെ ലഗേജുമായി പറന്നിറങ്ങുന്ന ഒരു വലിയ മനസ്സ്. താഴെ മരുഭൂമി. അറ്റം കാണാത്ത മണൽ. ചെറിയ ചെറിയ കൂനകൾ. ഒട്ടകങ്ങൾ… ആടുമാടുകൾ…. കാടുകൾ… ഈന്തോലകൾക്കു മുകളിലൂടെ പറക്കുമ്പോൾ മനസ്സ് വളരെ ചെറുതാവുന്നു. വീണ്ടും പാമരനാവുന്നു. നാട്ടിലുള്ള ഭാര്യ, കുഞ്ഞുങ്ങൾ, വലിയ കുടുംബം. എല്ലാം ചെറിയ സുഖത്തിനുവേണ്ടി താൻ ഒഴിവാക്കി. വീണിടം വിഷ്ണുലോകമാണല്ലോ. എന്നാൽ നാടുവിട്ട പാമരന്മാർക്കു മറ്റൊരു ലോകമാണ്. ചെറിയ സുഖങ്ങളുടെ വലിയ കെട്ടുപാടുകളുടെ, താൽക്കാലികസുഖങ്ങൾ പങ്കിടുന്ന ഇടുങ്ങിയ ലോകം.

പാമരന്മാർ എല്ലായിടത്തും ഒരു ഘടനയാണ്. സങ്കീർണ്ണമാണ്. അവർക്ക് ഒറ്റശൈലിയാണ്. ഒറ്റവസ്ത്രമാണ്. അയൽരാജ്യങ്ങളിൽ യുദ്ധം കൊടുമ്പിരികൊള്ളുന്നു. ഷെല്ലാക്രമണം, കുഴിബോംബ് തകർപ്പെടുന്ന നാടും നഗരവും… നിലവിളികളും നിശ്ശബ്ദതയും….

പാമരന്റെ നാട്ടിൽ യുദ്ധമില്ല. യുദ്ധക്കളമേയുള്ളു. പരസ്പരം വിഴുങ്ങലേയുള്ളൂ. എല്ലാം മതിയാക്കി പുതിയൊരു വസ്ത്രം തുന്നിയിട്ടാലോ…? ഏതെങ്കിലും യുദ്ധസന്നാഹങ്ങളിൽ ചേക്കേറിയാലോ…?

അല്ലെങ്കിൽ എന്തിനാണു പുതിയ കുപ്പായം… പുതിയ യുദ്ധം. ആകാ ശവും ഭൂമിയുമില്ലാത്ത യുദ്ധത്തിന് എന്തു പ്രസക്തി! പാമരനെ സംബന്ധിച്ചിടത്തോളം യുദ്ധത്തെക്കാൾ ഇപ്പോൾ പ്രസക്തി അവന്റെ വയറുവേദനയ്ക്കാണ്. അതെ, വയറുവേദന കർശനമാവുകയാണ്. ഈന്തപ്പനക്കുരു മുളപൊട്ടുകയാണ്… കുരു പിഴുതെടുക്കുവാനോ ഇതിൽനിന്നും പരിപൂർണ്ണമായും മോചിതനാകുവാനോ പിന്നീടുള്ള ഒരു ചികിത്സാസമ്പ്രദായവും പാമരനു ഗുണം ചെയ്തില്ല. അങ്ങനെയാണ് നാടൻ ചികിത്സയ്ക്കുവേണ്ടി ആയുർവ്വേദം പരീക്ഷിക്കാൻ, മഴ കോരിച്ചൊരിയുന്ന ഒരു കർക്കിടകമാസത്തിൽ അവൻ സ്വന്തം നാട്ടിലേക്ക് എത്തിപ്പെട്ടത്. അപ്പോൾ അവനു തോന്നി താനൊരു പുതിയ തേനീച്ചക്കൂടാണെന്ന്. കാട്ടുകടന്നലുകളെ മറികടന്നു പലരും വരുന്നു. തീയിടുന്നു. കൂടു കത്തിക്കുന്നു. ചുട്ടുകരിക്കുന്നു. തേൻ ശേഖരിക്കുന്നു. മത്സരിച്ചു വിളമ്പുന്നു. വാ തുറന്നു ഭക്ഷിക്കുന്നു.

ഒരു രാത്രി, തകർത്തു പെയ്യുന്ന ഒരു മഴരാത്രിയിൽ വയറുവേദനയുടെ ആളലിൽ തന്റെ ഭാണ്ഡങ്ങളുടെ സൂക്ഷിപ്പിൽനിന്നും അവൻ പുറത്തെടുത്തു, ഈന്തപ്പഴത്തിന്റെ ഉണങ്ങിയ ഏതാനും കുരുക്കൾ. സൂക്ഷിച്ചു നോക്കിയപ്പോൾ അതും ഇപ്പോൾ നനഞ്ഞിരിക്കുകയാണെന്ന് അവൻ അറിഞ്ഞു. എല്ലാ അറിവുകളും വാരിക്കെട്ടി ഏകാന്തതയുടെ ഉപഭൂഖണ്ഡങ്ങൾ തേടി വീണ്ടും അവൻ മറുകരയിലെത്തി. അപ്പോഴേക്കും അവന്റെ ഉടമ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു. പിന്നീട് കാലാവധി തീർന്ന രേഖകളും വേദനകളും മറ്റാരും തന്നെ അവനു പുതുക്കിക്കൊടുത്തില്ല. ഇതിനിടയിൽ അവനെ തേടിയെത്തിയ രോഗങ്ങളും കിതപ്പും വയറുവേദനപോലെ ചികിത്സകൊണ്ട് മാറിയതുമില്ല.

ഒരുവേള തന്റെ വേദനകളോടൊപ്പം താൻ നട്ടുനനച്ച ഈന്തോലകളിൽ വെയിൽ ചായുന്നതു കണ്ട് അവൻ നെടുവീർപ്പിട്ടു. പിന്നെ ഇരുട്ടു വീണ ഈന്തപ്പനകളിൽ നിന്നും അവൻ കുഴിച്ചെടുത്തത് ചരിത്രത്തിന്റെ വേരുകളായിരുന്നു. ആ സ്വപ്നങ്ങളിലത്രയും തനിക്കൊരു ജീവിതം പകർന്നു തന്ന തന്റെ യജമാനനും അതിവിശാലമായ മണൽ വിസ്താരവുമായിരുന്നു. ഒടുവിൽ, വിസ്താരങ്ങൾക്കൊടുവിൽ നീരുറവ കനിഞ്ഞ തോട്ടത്തിൽ അവൻ അവനെത്തന്നെ ഉണക്കാനിട്ടു. കുഴിച്ചിട്ടു.

പിന്നീട് കഥ ഇങ്ങനെ അവസാനിക്കുന്നു. മരുഭൂമിയിൽ ഒരിടത്ത് ഒരു മരമുണ്ട്. ഈന്തപ്പഴം കായ്ക്കുന്ന ഒരു വൻമരം. അതിനൊരുപാട് വേരുകളും ചില്ലകളുമുണ്ട്. അതിൽ ഒരായിരം പറവകൾ ചേക്കേറുന്നു. അതിനു മുകളിൽ നിലാവ് പെയ്തിറങ്ങുന്നു. കാറ്റ് ഓളം തല്ലുന്നു.

മരുഭൂമിയിൽ ഒരിടത്ത് ഒരു മരമുണ്ട്. മഴ നനയാത്ത മരുഭൂമിയിൽ. അടുത്ത തലമുറയോട് കഥ ഇങ്ങനെ തുടങ്ങുമ്പോൾ മത്സ്യം മോതിരം വിഴുങ്ങിയതുപോലെ ആ മരം പണ്ടാരാൾ ഈന്തപ്പഴത്തിന്റെ കുരു വിഴുങ്ങി ഉണ്ടായതാണെന്നു പറയാൻ മടിക്കുമോ എന്തോ. അല്ലെങ്കിലും എല്ലാ ചരിത്രത്തിലും പറയാൻ മടിക്കുന്നത്, മറച്ചുവയ്ക്കൽ നമ്മുടെ ശീലമാണല്ലോ…

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹