Published on: November 15, 2025

സത്യപ്രസ്താവന
ഞാൻ
എന്നെക്കുറിച്ച്
സത്യമല്ലാതൊന്നും
പറയാറില്ല,
എവിടെയും.
എന്നെക്കുറിച്ച്
ദുഷിപ്പ് പറയില്ല,
ഒരാളോടും.
മതിപ്പ് പറഞ്ഞിട്ട്
മടുക്കുന്നുമില്ല.
എന്നോട്
നന്ദികേട്
കാണിച്ചിട്ടില്ല ഞാൻ,
ഇന്നോളം.
കഴുമരമേറിയാലും
മാപ്പു സാക്ഷിയാകില്ല,
ഒരു കേസിലും.
ഒരു വിചാരണക്കൂട്ടിലും
എന്നെ കയറ്റിനിർത്തി
വിചാരണ ചെയ്യില്ല ഞാൻ.
ഒരു കോടതിക്കും
ഞാൻ
എന്നെ ഒറ്റുകൊടുക്കില്ല,
നിശ്ചയം, നൂറുതരം.
മനസ്സാക്ഷിയുടെ കോടതിയിൽ
ഞാനെപ്പോഴും
നിരപരാധി,
നിഷ്കളങ്കൻ.
എന്റെ കോടതിയിൽ
വക്കീലും ജഡ്ജിയും
ഞാൻ തന്നെ.
ഒരു കേസിലും
ഞാനെന്നെ
ശിക്ഷിക്കില്ല.
ആത്മനിന്ദയുള്ള
മനുഷ്യർ
ബലിപീഠങ്ങളിൽ കയറി നിൽക്കട്ടെ,
ഞാൻ അവരിൽ പെട്ടവനല്ല.
എന്റെ സത്യസന്ധതയിൽ
എന്നോളം വിശ്വാസം
ആർക്കുമില്ല തന്നെ.
ഇത്രയൊക്കെ ആയിട്ടും
നാട്ടുകാർക്ക്
തെല്ലുമില്ലെന്നെ
ബഹുമാനം, ആദരം.
തെണ്ടികളാണെല്ലാം,
ദുഷ്ടൻമാർ,
വകയ്ക്ക് കൊള്ളാത്തവർ,
ആരെങ്കിലും
നന്നാകുന്നത്
കണ്ണിൽ പിടിക്കാത്തവർ,
സത്യം പറഞ്ഞാലും
വിശ്വസിക്കാത്തവർ,
കല്ലും കരളും
തിരിച്ചറിയാത്ത വെടക്കുകൾ.
നന്നാകില്ലൊരുത്തനും
ഗതിപിടിക്കില്ലൊരുത്തിയും.
എങ്കിലും നാട്ടാരേ
വോട്ടെനിക്ക് തന്നെ ചെയ്തേക്കണേ.
ഒന്നുമില്ലേലും
ഞാനീ ദേശത്തെ
ഒരേയൊരു
സത്യവാനല്ലയോ?!







