സാവിത്രി രാജീവൻ: മലപ്പുറം ഏറനാട് സ്വദേശിനി. നിലവിൽ, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം. ലളിത കലാ അക്കാദമി വൈസ് ചെയർ പേഴ്സൺ, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്, ഒരു ചിത്രകാരികൂടിയായ സാവിത്രി രാജീവൻ.
പൂക്കോട്ടൂർ ഗവ. ഹൈസ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മലപ്പുറം ഗവന്മെന്റ് കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ്, മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ, കേരള യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉന്നതപഠനം. മലയാളത്തിലും കലാവിമർശനത്തിലും ബിരുദാനന്തര ബിരുദം.
1965മുതൽ എഴുത്തുവഴിയിൽ. ‘ചരിവ്’, ‘ദേഹാന്തരം’, ‘സാവിത്രി രാജീവന്റെ കവിതകൾ’, ‘അമ്മയെ കുളിപ്പിക്കുമ്പോൾ’, ‘മീ ടൂ’, ‘സാവിത്രി രാജീവന്റെ തെരഞ്ഞെടുത്ത കവിതകൾ, എന്നീ കവിതാ സമാഹാരങ്ങളും ‘സഞ്ചാരിയുടെ താണു പോയ വീട്’ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു.
വിവിധ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ്, സ്വീഡിഷ്, ചൈനീസ്, സ്ലോവേനിയൻ എന്നീ ഭാഷകളിലേക്കും കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദേഹാന്തരം കവിതാ സമാഹാരം ‘ദേഹാന്തർ’ എന്ന പേരിൽ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി.
Oxford Anthology Of Modern Indian Poetry, The Penguin New writing in India, In Their Own Voice, Interior Decoration: Poems by 54 Women Poets from 10 languages, Signatures: One Hundred Indian Poets, Kvithantharan, 10 bhaaratheeya kavi, ‘Before the Ganges Flows into the Night’ (An anthology of 50 Indian poets from 3 Indian languages translated into Swedish), Poety : An Anthology in Slovenian, An Anthology in Chinese published by Qinghai Tent Forum for World Poets തുടങ്ങി വിവിധ ഭാഷകളിലും രാജ്യങ്ങളിലുംനിന്നുള്ള കവിതാ സമാഹാരങ്ങളിൽ മലയാളത്തെ/ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2016ൽ, ജർമൻ സാംസ്കാരിക വകുപ്പ് മ്യൂണിക്കിൽ സംഘടിപ്പിച്ച, ‘Ebenbockhaus Artist- in- Residence Programme’ ൽ പങ്കെടുത്തു.
കേരള സാഹിത്യ അക്കാദമിയുടെ കവിതക്കുള്ള 2016ലെ അവാർഡ് ‘അമ്മയെ കുളിപ്പിക്കുമ്പോൾ’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കുഞ്ചു പിള്ള സ്മാരക അവാർഡ്(1990), കേന്ദ സാംസ്കാരിക വകുപ്പിൻറെ, ഉദയഭാരതി യുവ കവി നാഷണൽ അവാർഡ്(1994), കേന്ദ്ര മാനവിക വകുപ്പ് ഫെലോഷിപ്പ്(1996), കമല സുരയ്യ സ്മാരക ട്രസ്റ്റിന്റെ പ്രഥമ കമല സുരയ്യ അവാർഡ്(2010), എ എസ് നമ്പൂതിരി സ്മാരക അവാർഡ്(2016) എന്നിവയും ലഭിച്ചിട്ടുണ്ട്.
സാവിത്രി രാജീവന്റെ ആദ്യ ചിത്രപ്രദർശനം 1999ൽ, ഡൽഹി രബീന്ദ്ര ഭവൻ ആർട്ട് ഗ്യാലറിയിലാണ് നടന്നത്. കലാചരിത്ര സംബന്ധമായ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇന്ത്യൻ മുഖ്യധാരാ കലയെകുറിച്ചുള്ള കലാനിരൂപണ- ചരിത്ര പഠന ഗ്രന്ഥമായ, ‘Towards A New Art History: Studies in Indian Art’ എന്ന ഗ്രന്ഥത്തിൽ ചിത്രകാരി ടി കെ പദ്മിനിയെകുറിച്ച്, സാവിത്രി രാജീവന്റെ ‘The Female Body Problematized: The Paintings of T.K Padmini’ എന്ന പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട് വർഷക്കാലം, കാലടി സംസ്കൃത സർവ്വകലാശാല കലാ- ചരിത്ര വിഭാഗം അധ്യാപികയായിരുന്നു.
1956 ആഗസ്റ്റ് 22നു ജനിച്ചു. അച്ഛൻ: ഏറനാട് വീട്ടിക്കാട്ട് നാരായണന്‍ നമ്പൂതിരി. അമ്മ: സാവിത്രി അന്തര്‍ജ്ജനം. അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. ബി. രാജീവനാണ് ഭര്‍ത്താവ്. മക്കൾ: മനു, യദു. തിരുവനന്തപുരത്തു താമസം.
■■■
* സാവിത്രി രാജീവന്റെ ലേഖനം, ഓർമ്മകളെ പിന്നോട്ട് നടത്തിക്കുന്ന പാതകൾ/ ഗീത ഹിരണ്യൻ ഓർമ്മ