ശ്രീജിത് പെരുന്തച്ചൻ:

1977 ജൂലൈ 5ന്, കൊല്ലം കരുനാഗപ്പള്ളി വടക്കുംതലയിലെ പെരുന്തച്ചനഴികത്ത് വീട്ടിൽ ജനനം. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം. നിലവിൽ, മലയാള മനോരമ ദിനപത്രം ആലപ്പുഴ യൂണിറ്റിൽ പ്രതാധിപസമിതി അംഗവും സമസ്ത കേരള സാഹിത്യപരിഷത് അംഗവുമാണ്.

‘കഥയിലെ ഹിരണ്മയ കാന്തി’, ‘താരുണ്യത്തിന്റെ കഥാന്തരങ്ങൾ’, ‘എഴുത്തിന്റെ മെയ്യാഭരണപ്പെട്ടി തുറക്കുമ്പോൾ’, ‘പേരായ നിന്നെയിഹ’, ‘എഴുത്തുകാരനും എഴുത്തുകാരിയും’, ‘കഥനുറുക്ക്’, ‘വിടപറയും മുൻപേ’, ‘ഇഷ്ടവാക്ക്’, ‘നമ്മുടെ എഴുത്തുകാർ’, ‘എഴുത്തുമേശകൾ’, ‘വായിക്ക് രുചിയോടെ,’ ‘അവരെ വെറുതെ വിടുക’, ‘പഴമൊഴിപ്പുതുമ(നാടോടി വിജ്ഞാനീയം), ‘പേര് എടുത്ത കഥകൾ’ എന്നീ ലേഖനസമാഹാരങ്ങളും ‘പെരുന്തച്ചനഴികത്ത്’ എന്ന കവിതാസമാഹാരവും ‘കുഞ്ചുവിനുണ്ടൊരു കഥ പറയാൻ’, ‘തിത്തിമി തകതിമി’ എന്നീ ബാലസാഹിത്യ നോവലുകളും ‘എം ടി എന്ന ഏകാക്ഷരം’ എന്ന പഠന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവിധ ഭാരതീയ ഭാഷകളിലെ സമകാലിക കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പെരുന്തച്ചൻ, സ്വന്തം കവിതകളുടെ പരിഭാഷകളും എഴുതിയിട്ടുണ്ട്. കേന്ദ്രസാഹിത്യഅക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിലും ഇതര ഇന്ത്യൻ ഭാഷകളിലെ പ്രമുഖ ആനുകാലികങ്ങളിലും എഴുതാറുണ്ട്. ഭാഷാപോഷിണിയിൽ ‘വിടപറയും മുൻപേ’ എന്ന പംക്തി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം വിവിധ ഇന്ത്യൻ സാഹിത്യോൽസവങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച് കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.

കേരളകലാമണ്ഡലം ‘വള്ളത്തോൾ യുവകവി പുരസ്കാരം’, ‘സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ‘പാലാ കെ. എം. മാത്യു പുരസ്കാരം’ എന്നിവ ലഭിച്ചു. അച്ഛൻ: പ്രൊഫ. സി. ശശിധരക്കുറുപ്പ്. അമ്മ: പി. ജി. രാജലക്ഷ്മി. ഭാര്യ: രശ്മി നായർ. മകൾ: എസ്. ആർ. തീർത്ഥ.

■■■