Published on: December 22, 2025
ഡിസംബർ 22; ഇന്ത്യൻ ഗണിത ശാസ്ത്ര ദിനം:

ശ്രീനിവാസ രാമാനുജൻ; ഇന്ത്യൻ ഗണിത ശാസ്ത്രത്തിലെ അതികായൻ
ലോകം അന്താരാഷ്ട്ര ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്, മാർച്ച് 14നാണ്. അതേസമയം, ഇന്ത്യയ്ക്ക് സ്വന്തമായ ഒരു ഗണിത ശാസ്ത്ര ദിനമുണ്ട്; അത് ആചരിക്കപ്പെടുന്നത് ഡിസംബർ 22നാണ്.
ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജനോടുള്ള ആദരസൂചകമായാണ് ഇങ്ങനെയൊരു ദിനം പ്രത്യേകമായി ഇന്ത്യ കൊണ്ടാടുന്നത്. ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഡിസംബർ 22.
2012 ഫെബ്രുവരി 26ന്, രാമാനുജന്റെ 125-ാം ജന്മവാർഷികം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മദ്രാസ് സർവകലാശാലയിൽ നടന്ന യോഗത്തിലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. തുടർന്ന്, 2012മുതൽ ‘ഡിസംബർ 22’ ഇന്ത്യയുടെ ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിച്ചുവരുന്നു.
തമിഴ്‌നാട്ടിലെ ഈറോഡിൽ, 1887ലായിരുന്നു ശ്രീനിവാസ രാമാനുജൻ ജനിച്ചത്. സംഖ്യാ സിദ്ധാന്തം, ഗണിത വിശകലനം, അനന്ത ശ്രേണി എന്നിവയിലെ വിപ്ലവകരമായ സംഭാവനകൾ ലോകത്തിന് അദ്ദേഹം സമ്മാനിച്ചു. അനന്ത ശ്രേണികളിലെയും മോഡുലാർ രൂപങ്ങളിലെയും കണ്ടെത്തലുകൾ ഉൾപ്പെടെ, അദ്ദേഹത്തിന്റെ കൃതികൾ എല്ലാം ലോകഗണിതശാസ്ത്രത്തിൽതന്നെ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
രാമാനുജന്റെ ആദ്യകാല ജീവിതം അസാധാരണമായിരുന്നു. അദ്ദേഹത്തിന് ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നു. ചെറുപ്പം മുതലേ ഗണിതശാസ്ത്രത്തിൽ ആഴത്തിലുള്ള താൽപ്പര്യം വളർത്തിയെടുക്കുകയും മറ്റ് വിഷയങ്ങളെ അവഗണിച്ചുകൊണ്ട് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
20-ാം വയസ്സിൽ, അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര പ്രവർത്തനങ്ങൾ പ്രാദേശിക ഗണിതശാസ്ത്രജ്ഞരുടെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. തുടർച്ചയായ ഭിന്നസംഖ്യകൾ, സംഖ്യാ സിദ്ധാന്തം, അനന്ത ശ്രേണികൾ എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുത്തു. അവയിൽ പലതും പുതിയതും വിപ്ലവകരവുമായി കണക്കാക്കപ്പെടുന്നു. പോസിറ്റീവ് പൂർണ്ണസംഖ്യകളുടെ ആകെത്തുകയായി ഒരു സംഖ്യയെ എത്ര വിധത്തിൽ പ്രകടിപ്പിക്കാമെന്ന് കണക്കാക്കുന്ന വിഭജന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
രാമാനുജന്റെ പ്രബന്ധങ്ങളിൽ ആദ്യത്തേത്, ജേണൽ ഓഫ് ദി ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയിൽ 1911-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ അനവധി പ്രബന്ധങ്ങൾ ഇംഗ്ലീഷ്, യൂറോപ്യൻ ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1918-ൽ അദ്ദേഹം റോയൽ സൊസൈറ്റി ഓഫ് ലണ്ടനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഗണിതശാസ്ത്രത്തിനപ്പുറം, പൂജ്യത്തെയും അനന്തതയെയും കേന്ദ്രീകരിച്ചുള്ള യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു വ്യക്തിഗത സിദ്ധാന്തം അദ്ദേഹം കെട്ടിപ്പടുത്തു. പൂജ്യത്തെ, ആ യാഥാർത്ഥ്യത്തിന്റെ അനന്തമായ പ്രകടനങ്ങളായി കേവല യാഥാർത്ഥ്യത്തെയും അനന്തതയെയും പ്രതിനിധീകരിക്കുന്നതായി അദ്ദേഹം വീക്ഷിച്ചു. സംഖ്യകളും അവയുടെ ബന്ധങ്ങളും മനുഷ്യ നിർമ്മിതികളല്ല, മറിച്ച് പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന വെളിപ്പെടുത്തലുകളാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും സ്വതന്ത്രമായി അദ്ദേഹം വികസിപ്പിച്ചെടുത്ത സിദ്ധാന്തങ്ങളിലെ ഉൾക്കാഴ്ചയും അമ്പരപ്പിക്കുന്നതാണ്.

1913-ൽ രാമാനുജൻ പ്രശസ്ത ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ ഗോഡ്ഫ്രെ ഹരോൾഡ് ഹാർഡി(ജി.എച്ച്. ഹാർഡി) യുമായി കത്തിടപാടുകൾ ആരംഭിച്ചു. ഹാർഡിക്ക് ആദ്യമായി രാമാനുജന്റെ കത്ത് ലഭിച്ചപ്പോൾ, രാമാനുജന്റെ അസാധാരണമായ രീതികളിലും ഔപചാരിക തെളിവുകളുടെ അഭാവത്തിലും രാമാനുജനിൽ അദ്ദേഹം അവിശ്വസനീയനായി.
പക്ഷെ, രാമാനുജന്റെ സിദ്ധാന്തങ്ങൾ പരിശോധിച്ചപ്പോൾ, രാമാനുജന്റെ പ്രവർത്തനത്തിന്റെ ആഴം ഹാർഡി തിരിച്ചറിഞ്ഞ്, രാമാനുജനെ ഇംഗ്ലണ്ടിലേക്ക് വിളിച്ചു. തുടർന്ന്, മദ്രാസ് സർവകലാശാലയിൽ ഒരു പ്രത്യേക സ്കോളർഷിപ്പും കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഒരു ഗ്രാന്റും രാമാനുജന് അനുവദിക്കപ്പെട്ടു.
1914-ൽ രാമാനുജൻ ഇംഗ്ലണ്ടിലേക്ക് താമസം മാറി. അവിടെ ഹാർഡിയോടൊപ്പം ജോലി ചെയ്തു. തണുത്ത കാലാവസ്ഥയും ദുർബലമായ ആരോഗ്യവും ഉയർത്തിയ വെല്ലുവിളികൾക്കിടയിലും മോഡുലാർ രൂപങ്ങൾ, അഭാജ്യ സംഖ്യാ സിദ്ധാന്തം തുടങ്ങിയ മേഖലകളിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ ഹാർഡി- രാമാനുജൻ കൂട്ടുക്കെട്ടിനു സാധിച്ചു. അവരുടെ പങ്കാളിത്തത്തെക്കുറിച്ച് അറിയപ്പെടുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കഥകളിൽ ഒന്നാണ്, ‘ഹാർഡി-രാമാനുജൻ സംഖ്യ’ എന്നറിയപ്പെടുന്ന ‘1729’ എന്ന സംഖ്യയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തം.
ഇംഗ്ലണ്ട് വാസക്കാലത്ത് ഒരിക്കൽ, അനാരോഗ്യത്തെ തുടർന്ന്, ലണ്ടനിലെ പുടിനിയിലെ ആശുപത്രിയിൽ രാമാനുജനെ പ്രവേശിപ്പിച്ചപ്പോൾ, ഹാർഡി അദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി. ആ അവസരത്തിൽ സംഭാഷണമദ്ധ്യേ ഹാർഡി, താൻ വന്ന ടാക്സിയുടെ നമ്പർ 1729 ആണെന്ന് രാമാനുജനോടു പറയുകയുണ്ടായി. ‘ആ നമ്പർ മോശമായി തോന്നിയെന്നും ആ വണ്ടിയിൽ വന്നതുകൊണ്ടാണ് താങ്കൾ രോഗശയ്യയിൽ കിടക്കുന്നത് കാണേണ്ടി വന്നതെന്നും’ ഹാർഡി രാമാനുജത്തിനോട് പറഞ്ഞു.
അതുകേട്ടതും രാമാനുജൻ, 1729 എന്ന സംഖ്യ യഥാർത്ഥത്തിൽ വളരെ പ്രത്യേകതയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി. ‘വ്യത്യസ്തമായ രണ്ട് പോസറ്റീവ് ക്യൂബുകളുടെ തുകയായി എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യ(1729 = 13 + 123 = 93 + 103) ആണ് അത്’ എന്നായിരുന്നു, രാമാനുജൻ തത്സമയം സ്ഥാപിച്ചെടുത്തത്. സാധാരണമെന്ന് തോന്നുന്ന ഈ സംഖ്യയെകുറിച്ചുള്ള ഇത്തരം ഒരു ഉൾക്കാഴ്ച ഗണിതത്തിലുള്ള രാമാനുജന്റെ അസാധാരണമായ അവബോധത്തിന്റെ ഉത്തമ ഉദാഹരണമായി ഉദ്ധരിക്കപ്പെടുന്നു. ഗണിതശാസ്ത്രജ്ഞരായ കെൻ ഓനോയും അമീർ ഡി അക്‌സലും ചേർന്ന് 2016-ൽ പുറത്തിറക്കിയ ‘മൈ സെർച്ച് ഫോർ രാമാനുജൻ: ഹൗ ഐ ലേൺഡ് ടു കൗണ്ട്’ എന്ന പുസ്തകത്തിൽ ‘പുട്ട്നി ആശുപത്രി സംഭവം’ പരാമർശിക്കപ്പെടുന്നുണ്ട്.
1917-ൽ, ഇംഗ്ലണ്ടിൽവെച്ചുതന്നെ ക്ഷയരോഗ ബാധിതനായ രാമാനുജന് 1919ലാണ് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആരോഗ്യസ്ഥിതി കൈവന്നത്. രോഗവുമായുള്ള കഠിന പോരാട്ടത്തിനൊടുവിൽ, 1920-ൽ രാമാനുജൻ അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു കേവലം 32 വയസായിരുന്നു പ്രായം.
ഒരു അസാധാരണ പ്രതിഭയായി ലോകമെമ്പാടുമുള്ള ഗണിതശാസ്ത്രജ്ഞർ അംഗീകരിക്കുന്ന രാമാനുജനെ, ലോകപ്രശസ്ത സ്വിസ്സ് ഗണിത- ഭൗതികശാസ്ത്രജ്ഞനായിരുന്ന ലിയോൺഹാർഡ് യൂലർ, ജർമ്മൻ ഗണിതശാസ്ത്രജ്ഞനായിരുന്ന കാൾ ഗുസ്തവ് ജേക്കബ് ജക്കോബി എന്നിവരോടാണ് ലോകം താരതമ്യം ചെയ്യുന്നത്.
1991ൽ, പ്രശസ്ത അമേരിക്കൻ ജീവചരിത്രകാരനും ശാസ്ത്ര എഴുത്തുകാരനുമായ റോബർട്ട് കാനി ഗൽ, ഗണിതത്തിലെ മഹാപ്രതിഭയായ രാമാനുജന്റെ ജീവചരിത്രം, ‘ദി മാൻ ഹു ന്യൂ ഇൻഫിനിറ്റി’ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതേപേരിൽതന്നെ 2015ൽ, പ്രശസ്ത ബ്രിട്ടീഷ് നടന്മാരായ ദേവ് പട്ടേൽ രാമാനുജനായും ജെറമി അയൺസ് ഹാർഡിയായും അഭിനയിച്ച സിനിമയും പുറത്തിറങ്ങി.

തഞ്ചാവൂരിലെ കുംഭകോണത്തുള്ള കുടുംബ വീട്ടിലായിരുന്നു രാമാനുജൻ അവസാനകാലം ചെലവഴിച്ചത്. ഈ വീടിപ്പോൾ മ്യൂസിയം ആയി സംരക്ഷിക്കപ്പെട്ടു വരുന്നു.
അച്ഛൻ: കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാർ, അമ്മ: കോമളത്തമ്മാൾ, ഭാര്യ: ജാനകി അമ്മാൾ.
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

ഡോ. ആശിഷ് രാജശേഖരൻ: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥി കാര്യ ഡീൻ & എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ.






