മലയാളത്തിൽ ആദ്യമായ്... പുതിയ വായനയ്ക്ക്... പുതിയ ലിപിയിൽ...

ഫുൽമോനിയുടെയും കരുണയുടെയും ചരിത്രം/നോവൽ പരിഭാഷ- രണ്ടാം അദ്ധ്യായം

മുഖവുര

 

1852ൽ, ഹന്നാ കാതറീൻ മുള്ളൻസ് ബംഗാളി ഭാഷയിൽ(ബംഗ്ലാ) എഴുതിയ ‘ഫുൽമാനി ഓ കരുണാർ ബിബരൻ’ (চিত্র:ফুলমণি ও করুণার বিবরণ) എന്ന നോവലിന്റെ മലയാളം പരിഭാഷയാണ്, ഫുൽമോനിയുടെയും കരുണയുടെയും ചരിത്രം. ഈ പരിഭാഷയ്ക്ക് അവലംബമാക്കിയത്, 1853ൽ ഹന്നാ കാതറീൻ എഴുതിയ ഇംഗ്ലീഷ് വിവർത്തനമാണ്.

ഈ കൃതി, ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട ആദ്യത്തെ നോവലായും ബംഗ്ലാ, മലയാളം, തെലുങ്ക്, കന്നഡ, മറാഠി എന്നീ ഭാഷകളിലെ ആദ്യത്തെ നോവൽ/ പരിഭാഷാ നോവൽ ആയും പരിഗണിക്കപ്പെടുന്നു.

കൃതിയുമായി ബന്ധപ്പെട്ട ചരിത്രപരമായ കൂടുതൽ വിശദാംശങ്ങൾ അനുബന്ധമായി  ഇവിടെയും ഇവിടെയും കൊടുത്തിരിക്കുന്നു.

രണ്ട് നൂറ്റാണ്ടിനടുത്തു പഴക്കമുള്ള ഈ നോവലിന്റെ ഇക്കാലത്തെ വായന സുഗമമാക്കാൻ ഈ പരിഭാഷ, 1858ൽ പ്രസിദ്ധീകരിച്ച റവ. ജോസഫ് പീറ്റിന്റെ മലയാളം പഴയ ലിപി പരിഭാഷ (ഫുൽമാനിയും കരുണയും/ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ) യിൽനിന്നും വ്യത്യസ്തമായി, പുതിയ ലിപിയിലും ശൈലിയിലും ചെയ്തിരിക്കുന്നു.

അതുപോലെ, പത്ത് അദ്ധ്യായങ്ങളുള്ള ഈ നോവലിന്റെ ഒന്നാം അദ്ധ്യായത്തെ വായനാ സൗകര്യാർത്ഥം, മൂന്ന് അദ്ധ്യായങ്ങളായി വിഭജിരിക്കുന്നു. ഈ അദ്ധ്യായത്തിന്റെ, ഹന്നാ കാതറൈൻ മുള്ളൻസ് എഴുതിയ ഇംഗ്ലീഷ് പരിഭാഷ ഇവിടെ വായിക്കാം.

Phulmani and Karuna novel-AI illustration 4 by Surya

മേൽപറഞ്ഞ വർത്തമാനത്തിൽനിന്ന്, ഫുൽമാനി നല്ലൊരു മതവിശ്വാസിയും ഉദാരമനസ്കയും ആണെന്നു ഞാൻ അനുമാനിച്ചു, അതിനാൽ വീണ്ടും അവളോട് ഇരിക്കാൻ പറഞ്ഞ ഞാൻ, അവളുടെ കൂടുതൽ വിശേഷങ്ങൾ അറിയണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ അവൾ പറഞ്ഞു,
“മാഡം! എന്നെക്കുറിച്ചു കൂടുതൽ എന്തു വിവരങ്ങളാണ് അറിയേണ്ടത്? എല്ലാം നിങ്ങളോടു പറഞ്ഞിട്ടുണ്ട്.”

ഞാൻ പറഞ്ഞു,
“നീ കരുണയുമായി സംസാരിച്ചിരുന്ന ഈ സുന്ദരി ആരാണ്? എന്നോടു പറയൂ; അവൾക്കു വളരെ പ്രിയപ്പെട്ട റോസാച്ചെടി നീ സൂക്ഷിക്കുന്നതിനാൽ, നീയുമായി വളരെ അടുത്ത ബന്ധമുള്ള ഒരാളാണ് അവളെന്നു ഞാൻ കരുതുന്നു.”

ഫുൽമാനി മറുപടി പറഞ്ഞു,
“ആ സ്ത്രീ കൃത്യമായി പറഞ്ഞു. സുന്ദരി എന്റെ മൂത്ത മകളാണ്; അവൾക്ക് ഏകദേശം പതിനഞ്ച് വയസ്സുണ്ട്. രണ്ട് വർഷം മുമ്പ്, അവളുടെ അച്ഛൻ ആറ് മാസകാലം സുഖമില്ലാതിരുന്നത്, ഞങ്ങൾക്ക് വലിയ കഷ്ടപ്പാടുണ്ടാക്കി. ഈ മാസങ്ങളിലൊന്നും, അരിയും പച്ചക്കറിയുമൊഴികെ വേറെ നല്ല ഭക്ഷണമൊന്നും  ഞങ്ങൾക്കു ലഭിച്ചില്ല എന്ന് എനിക്ക് ഉറപ്പായും പറയാൻ പറ്റും; എന്നിട്ടും എനിക്ക് ഒരു കടവും വന്നിട്ടില്ല, കാരണം കടത്തിനെ ഒരു പാമ്പിനെപ്പോലെ ഞാൻ ഭയപ്പെടുന്നു. തീർച്ചയായും ഞങ്ങൾക്കു ഭക്ഷണത്തിനു വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

പക്ഷേ ഒരു ദിവസം ഏലീയാ പ്രവാചകന്റെ ചരിത്രം വായിച്ചപ്പോൾ, ക്ഷാമകാലത്ത്, താൻ സംരക്ഷിക്കുന്ന ആളുകളുടെ പട്ടിണിയെ ദൈവം ഇല്ലാതാക്കുന്നു, അവരുടെ ജീവൻ രക്ഷിക്കാൻ, ആകാശത്തിൽ നിന്നും ഭക്ഷണമെത്തിക്കാൻ പക്ഷികളെ നല്കുന്നു എന്ന് ഞാൻ കണ്ടു. (1 Kings xvii. 1—7.) ഈ വായന, ഞങ്ങളുടെ ദുരിതകാലത്തു വലിയ ആശ്വാസം നൽകി.”

അപ്പോൾ ഞാൻ ചോദിച്ചു,
“ഫുൽമാനി, ദിവസവും നിങ്ങൾക്ക് എങ്ങനെ ഭക്ഷണം ലഭിച്ചു?”

ഫുൽമാനി പറഞ്ഞു,
“ഇംഗ്ലീഷ് സ്കൂളിലെ പ്രധാന അധ്യാപകനായ മഹേന്ദ്ര *ബാബുവിന്റെ കുടുംബത്തിന് ഒരു പാചകക്കാരനെ ആവശ്യമുണ്ടായിരുന്നു. കടത്തിൽ വീഴുന്നതിനേക്കാൾ നല്ലത് അപരിചിതനെ സേവിക്കുന്നതാണ് എന്നു ഞാൻ കരുതി. അതിനാൽ ഞാൻ അവിടെ പോകുകയും ആ ജോലി ലഭിക്കുകയും ചെയ്തു. എല്ലാ ദിവസവും രാവിലെ പോകണമായിരുന്നു, എന്നിരുന്നാലും വൈകുന്നേരം വീട്ടിലേക്കു പോകുവാൻ അനുമതി കിട്ടി. അപ്പോൾ സുന്ദരി സ്കൂളിലായിരുന്നു, പക്ഷേ ആ ദുരിതകാലത്ത് അവളെ വീട്ടിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു, കാരണം ഞാൻ ജോലിക്കു പോകുമ്പോൾ അവളുടെ അച്ഛനെ പരിചരിക്കാൻ അവളെ ആവശ്യമായിരുന്നു. ബാബുവിൽ നിന്ന് എനിക്കു പ്രതിമാസം മൂന്ന് രൂപയും പശുവിന്റെ പാൽ വിറ്റ്, പശുവിന്റെ ഭക്ഷണത്തിന്റെ ചെലവ് കഴിച്ചശേഷം, പ്രതിമാസം രണ്ട് രൂപയും ഞങ്ങൾക്കു ലഭിച്ചു.

ഇങ്ങനെ ആറുമാസം താണതരം അരി കഴിച്ചും താണതരം വസ്ത്രങ്ങൾ ധരിച്ചും ഞങ്ങൾ ജീവിച്ചു. സുന്ദരിയുടെ അച്ഛൻ രോഗബാധിതനാകുന്നതിനു മുമ്പ്, ഞങ്ങൾ പതിനാറ് രൂപ മിച്ചം വെച്ചിരുന്നു; അഞ്ച് രൂപയ്ക്ക് ഒരു പശുക്കൂട് പണിതു, പതിനൊന്ന് രൂപയ്ക്ക് ഒരു പശുവിനെയും കിടാവിനെയും വാങ്ങി. ഈ ദുരിതം വരുമെന്നു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ, ഈ പണം ചെലവഴിക്കില്ലായിരുന്നുവെന്നു ഞാൻ കരുതുന്നു; എന്നിരുന്നാലും, അത് അങ്ങനെയായതു നല്ലതായി, കാരണം, അന്നുമുതൽ ഞാൻ പാൽ വിറ്റുകൊണ്ട്, സമ്പാദ്യം ഉണ്ടാക്കിയിരുന്നു.”

ഫുൽമാനി തുടർന്നു പറഞ്ഞു,
“ആറു മാസത്തിനുശേഷം, ദൈവത്തിന്റെ കൃപയാൽ, സുന്ദരിയുടെ അച്ഛൻ അൽപ്പം സുഖം പ്രാപിച്ചപ്പോൾ, അദ്ദേഹം വീണ്ടും തന്റെ ജോലിക്കു പോയി; പക്ഷേ ആ സമയം കോബിരാജിന് (ഗ്രാമഡോക്ടർ) പണം നൽകേണ്ടതായിട്ടുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, ആറ് മാസത്തേക്ക് അദ്ദേഹം ഞങ്ങളെ സന്ദർശിച്ചിരുന്നു, അതിന് ഇരുപത്തിനാല് രൂപയിൽ കുറവാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന്. ഇതു കേട്ടപ്പോൾ, ഞങ്ങൾക്കു വലിയ
മനഃസ്താപമുണ്ടായി, കാരണം അദ്ദേഹത്തിന് അഞ്ച് രൂപ നൽകാൻ അന്ന് ഞങ്ങൾക്കു മാർഗമില്ലായിരുന്നു; എന്നാൽ ദൈവം തന്റെ ദാസന്മാരെ അങ്ങേയറ്റത്തെ ദുരിതത്തോടെ കാണുമ്പോൾ, അവൻ അവരെ അതിൽ നിന്നും മോചിതരാക്കും. ഈ സത്യം ഞങ്ങൾ പിന്നീട് അനുഭവിക്കുകയുണ്ടായി.

ഈ സമയത്ത്, ഞങ്ങളുടെ മിഷനറിയുടെ സഹോദരി അവരുടെ സഹോദരന്റെ വീട്ടിൽ കുറച്ചു ദിവസം താമസിക്കാൻ വന്നിരുന്നു; അവർ വളരെ ഈശ്വരവിശ്വാസിയാണ്; അവരുടെ ഭർത്താവ് കൊൽക്കത്തയിൽ ഒരു ഡോക്ടറാണ്. എന്റെ മകളെ സ്കൂളിൽ വെച്ചു കണ്ടപ്പോൾ ആ സ്ത്രീക്ക് അവളോടു വലിയ ഇഷ്ടം തോന്നി, ഞങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ട്, അവർ എന്നെ വിളിച്ചുവരുത്തി പറഞ്ഞു,

‘ഫുൽമാനി, സുന്ദരിയെ എന്നോടൊപ്പം കൊൽക്കത്തയിലേക്കു കൊണ്ടുപോകാൻ അനുവദിക്കൂ, അവളെ ഞാൻ ഒരു പരിചാരികയുടെ ജോലികൾ പഠിപ്പിക്കാം. അവൾ ഈശ്വരവിശ്വാസിയായ ഒരു പെൺകുട്ടിയാണെന്നു ഞാൻ വിശ്വസിക്കുന്നു, അത്തരമൊരു വ്യക്തി എന്റെ കുട്ടികളോടൊപ്പം ഉണ്ടായിരിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. സുന്ദരിക്ക് അവളുടെ ജോലിയെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും, അവൾക്കുള്ള ഭക്ഷണവും വസ്ത്രവും പ്രതിമാസം രണ്ട് രൂപയും വേതനമായി ഞാൻ നൽകാം.

അവൾ ജോലിയിൽ നൈപുണ്യം നേടിക്കഴിയുമ്പോൾ, ഞാൻ വേതനം കൂട്ടും. ഈ നിബന്ധന സമ്മതമാണെങ്കിൽ, ഇപ്പോൾ നിങ്ങൾക്ക് ഒരു വർഷത്തെ ശമ്പളം മുൻകൂറായി നൽകും, അതായത് ഇരുപത്തിനാല് രൂപ. ഈ തുക കൊണ്ട്, നിങ്ങൾക്കു ഡോക്ടറുടെ പ്രതിഫലം കൊടുക്കാം. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും.’ മാഡം”

(ഫുൽമാനി തുടർന്നു പറഞ്ഞു,)

“ഞാൻ വീട്ടിലെത്തിയപ്പോൾ, ഈ കാര്യങ്ങളെല്ലാം സുന്ദരിയുടെ പിതാവിനോടു പറഞ്ഞു, പക്ഷേ മകളെ പിരിയാൻ അദ്ദേഹം താൽപര്യമില്ലായ്മ കാണിച്ചതിനാൽ, അഞ്ചോ ആറോ ദിവസത്തേക്ക് ഒരു തീരുമാനത്തിൽ എത്താനും ഡോക്ടറുടെ ഭാര്യയുടെ അടുത്തേക്കു പോകാനും എനിക്കു പറ്റിയില്ല. ഞങ്ങളുടെ അയൽക്കാർ മുഴുവനും പറഞ്ഞു, ‘ഒരു കാരണവശാലും അങ്ങനെ ചെയ്യരുത്.’ ചിലർ പറഞ്ഞു, ‘ഛീ! ചീ! അത് അവളുടെ കുടുംബത്തിന് അപമാനം വരുത്തും.’ ചിലർ പറഞ്ഞു, ‘അരുത്, ആ പെൺകുട്ടി നശിക്കും!’ മറ്റു ചിലർ പറഞ്ഞു, ‘നിങ്ങൾക്കു പണത്തോട് അമിതമായ ആർത്തിയാണ്; അത്യാഗ്രഹം കാരണം നിങ്ങളുടെ മകളെ അപരിചിതമായ സ്ഥലത്തു വീട്ടുജോലിക്ക് അയയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു: പണം കടം വാങ്ങുക, നിങ്ങളുടെ മകളെ അയയ്ക്കരുത്.’

അയൽക്കാർ ഇങ്ങനെ സംസാരിക്കുന്നതു കേട്ടപ്പോൾ, “
(ഫുൽമാനി തുടർന്നു,)
“ഒരുപ്രാവശ്യം കടം വാങ്ങുന്നത് വലിയ ദോഷമല്ലെന്നും, ശ്രദ്ധിച്ചാൽ കടം പെട്ടെന്ന് വീട്ടാൻ എനിക്കു കഴിയുമെന്നും ഞാൻ ചിന്തിക്കാൻ തുടങ്ങി.

പക്ഷേ, സുന്ദരി പറഞ്ഞു,
‘ഇല്ല അമ്മേ! പണം തിരിച്ചടയ്ക്കാനുള്ള മാർഗം നിങ്ങൾക്ക് എവിടെ നിന്നു ലഭിക്കും? ഡോക്ടർ പറയുന്നത്, അച്ഛന് ഇപ്പോൾ പോഷകാഹാരമുള്ള ഭക്ഷണം ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തിന് ഒരിക്കലും ആരോഗ്യം വീണ്ടെടുക്കാൻ കഴിയില്ല എന്നാണ്; മാത്രമല്ല, അമ്മേ, കഠിനാധ്വാനത്തിലൂടെ നിങ്ങളും നന്നേ ക്ഷീണിച്ചിരിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കണം, എന്നെ കൽക്കട്ടയിലേക്ക് പോകാൻ അനുവദിക്കൂ, ആളുകൾ പറയുന്നത് കാര്യമാക്കേണ്ട, കാരണം ഞാൻ ദൈവത്തെ ഭയപ്പെടുന്നു, എല്ലാ തിന്മകളിൽ നിന്നും അവൻ എന്നെ മോചിപ്പിക്കും.”

“നമ്മൾ എന്തെങ്കിലും തീരുമാനത്തിലെത്തുന്നതിനു മുമ്പ്,”
ഫുൽമാനി തുടർന്നു പറഞ്ഞു,
“സുന്ദരിയുടെ യാത്രയെകുറിച്ച്, പ്രായമുള്ള, ഗർവിഷ്ഠയായ ഒരു സ്ത്രീ എന്റെ അടുത്ത് വന്നു പറഞ്ഞു,
‘ശരി, ഫുൽമാനി, കഴിഞ്ഞ വർഷം, നിന്റെ മകളെ എന്റെ മകൻ മധുവിനു വിവാഹം ചെയ്തുതരുവാൻ നീ സമ്മതിച്ചില്ല; ഇപ്പോൾ നിനക്കു ദുരിതം വന്നിരിക്കുന്നു. നീ ഞങ്ങളുടെ കാൽക്കൽ വീണ് ആ വിവാഹം നടത്താൻ യാചിക്കണം. പക്ഷെ കഴിഞ്ഞതു കഴിഞ്ഞു. എല്ലാം ഞാൻ ക്ഷമിച്ചു. സുന്ദരിയെ കൊൽക്കത്തയിലേക്ക് അയയ്ക്കരുത്, അവളെ എന്റെ മകനു വിവാഹം ചെയ്തു കൊടുക്കുക; അങ്ങനെ നീ ചെയ്താൽ, വില്ലേജ് ഡോക്ടർക്കുള്ള നിന്റെ കടത്തിൽ കുറച്ചു നിന്റെ മരുമകൻ വീട്ടും.’

ഞാൻ പറഞ്ഞു,
‘ഇല്ല! തീർച്ചയായും, ഇത് ഒരിക്കലും നടക്കില്ല. നിങ്ങളുടെ മകനെ ചെറുപ്പം മുതൽ എനിക്ക് അറിയാം, അത് സത്യമാണ്, അവൻ എന്നെ അമ്മ എന്നു വിളിക്കുന്നു; പക്ഷേ രണ്ടോ മൂന്നോ വർഷമായി അവൻ ഇടയ്ക്കിടെ ചാരായക്കടയിൽ പോയി ചാരായം കുടിക്കുന്നതു ഞാൻ കാണുന്നു; അതിനാൽ, ഞങ്ങളുടെ നല്ല സമയത്തു പറഞ്ഞതുപോലെ, ഇപ്പോഴും ഞാൻ പറയുന്നു, എന്റെ മകളെ ഒരു മദ്യപാനിക്കു വിവാഹം ചെയ്തു കൊടുക്കില്ല. ഇങ്ങനെയൊരു വിവാഹത്തേക്കാൾ, ഒരു പരിചാരികയാകുന്നത് ആയിരം മടങ്ങ് നല്ലതാണ്.’

ഇതു കേട്ടപ്പോൾ, അവർക്കു കഠിനമായ മനഃക്ഷോഭം ഉണ്ടാകുകയും ഞങ്ങളെ കുറിച്ച് ഏറ്റവും ദുഷിച്ച കാര്യങ്ങൾ പറയാനും തുടങ്ങി. സുന്ദരി ഗർഭിണിയാണെന്നും അതുകൊണ്ടാണ് അവളെ ഞാൻ കൊൽക്കത്തയിലേക്ക് അയയ്ക്കുന്നതെന്നും അവർ അയൽക്കാരോടു പറഞ്ഞു; ഇതിലും മോശമായ കാര്യങ്ങളും പറഞ്ഞു.

അവളുടെ അച്ഛനും ഞാനും തെറ്റായ ഇത്തരം ആരോപണങ്ങൾ കേട്ടപ്പോൾ വളരെയധികം ദുഃഖിച്ചു, പക്ഷേ ദൈവത്തിന്റെ നിശ്ചയം ഞങ്ങളിൽ നിറവേറ്റപ്പെട്ടു, ‘ന്യായവിധിയിൽ, നിന്നോടു മത്സരിക്കുന്ന എല്ലാ നാവിനെയും നീ നിരാകരിക്കുക!’ സുന്ദരി ഒരു ചീത്തയായ പെൺകുട്ടിയാണെന്ന് ആരും വിശ്വസിച്ചില്ല, എല്ലാ അയൽക്കാരും ആ വൃദ്ധയെ കുറ്റപ്പെടുത്തി.”

ഞാൻ ചോദിച്ചു,
“നിങ്ങളുടെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവാവിന് ഒടുവിൽ എന്ത് സംഭവിച്ചു?”

ഫുൽമാനി പറഞ്ഞു,
“ഈ സ്ത്രീ, മാഡം, നമ്മൾ ഇപ്പോൾ സംസാരിച്ച ഈ വൃദ്ധയുടെ മകൻ മധു, എന്റെ മകൾ സുന്ദരിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ഒരു വർഷത്തിനു ശേഷം അവൻ റാണിയെ വിവാഹം കഴിച്ചു. പക്ഷേ അവൾ രണ്ടുതവണ അവനിൽ നിന്ന് ഒളിച്ചോടി. സുന്ദരി പഠിച്ച അതേ സ്കൂളിൽ തന്നെയാണു റാണി പഠിച്ചിരുന്നത്, അതിനാൽ അവർക്കിടയിൽ വലിയ അടുപ്പമുണ്ടായിരുന്നു. ഇക്കാരണത്താൽ, സുന്ദരി പോയതിനുശേഷം, റാണി ഇടയ്ക്കിടെ എന്റെ അടുത്തു വന്നു കുറച്ചു നേരം ഇരിക്കുകയും അവളുടെ എല്ലാ സങ്കടങ്ങളും എന്നോടു പറയുകയും ചെയ്യുമായിരുന്നു. എന്നാൽ ഏകദേശം മൂന്ന് മാസം മുമ്പ്, അവൾ എന്റെ വീട്ടിൽ വരുമ്പോഴെല്ലാം, അവളുടെ ഭർത്താവോ അമ്മായിയമ്മയോ അവളെ കഠിനമായി മർദിക്കാറുണ്ടെന്ന് അവൾ എന്നോടു പറഞ്ഞു. ഇതു കേട്ടപ്പോൾ ഞാൻ അവളെ ഇവിടെ വരുന്നതു വിലക്കി, കാരണം ഒരു കുടുംബത്തിൽ വഴക്കുണ്ടാക്കുന്ന ഒന്നും ചെയ്യുന്നതു ശരിയല്ല.

Read Also  ബോധശലഭങ്ങൾ- ഡോ. മായാ ഗോപിനാഥ് എഴുതിയ ചെറുക്കഥ

* ബാബു= ബഹുമാനസൂചകമായ അഭിസംബോധന.

Phulmani and Karuna novel-AI illustration 5 by Surya

“നീ നന്നായി തീർപ്പ് കല്പിച്ചു,”
ഞാൻ പറഞ്ഞു;
“ഇതിനെക്കുറിച്ചു മധുവിനോടും റാണിയോടും പിന്നീടു ഞാൻ കൂടുതൽ ചോദിക്കാം, അതിനിടയിൽ സുന്ദരിക്ക് എന്ത് സംഭവിച്ചുവെന്നു പറയൂ.” 

ഫുൽമാനി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു,
“ഇതു വളരെ കരുണാമയമാണ്, മാഡം, എന്റെ മകളുടെ കഥ കേൾക്കാൻ ഇത്രയധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അവളെ പിരിയണോ വേണ്ടയോ എന്ന് ഒരു തീരുമാനത്തിലെത്താൻ കഴിയാതെ വന്നപ്പോൾ, ഈ വിഷയത്തിൽ ഉപദേശം തേടാൻ ഞാൻ മിഷനറിയുടെ അടുത്തേക്കു പോയി. ആ സമയം അദ്ദേഹം സുവിശേഷ പ്രസംഗത്തിനും ബസാറിൽ പുസ്തക വിതരണത്തിനും പോയിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ എന്നോട് അവരുടെ മുറിയിൽ ഇരിക്കാൻ ആവശ്യപ്പെടുകയും തുടർന്ന് അദ്ദേഹം മടങ്ങിവരുന്നതുവരെ ഞാൻ കാത്തിരിക്കുകയും ചെയ്തു.

അദ്ദേഹം വന്നയുടനെ ഞാൻ, സുന്ദരിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അദ്ദേഹത്തെ അറിയിക്കുകയും അദ്ദേഹത്തിന് എന്താണ് ഇക്കാര്യത്തിൽ അഭിപ്രായമെന്ന് ആരായുകയും ചെയ്തു.

‘പൊതുവേ,’
അദ്ദേഹം പറഞ്ഞു,
‘ചെറുപ്പക്കാർ വളരെ ചപലരും ചിന്താശൂന്യരും ദുഷ്ടന്മാരുടെ ഉപദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നവരുമായതിനാൽ, ചെറുപ്പക്കാരായ ബംഗാളി പെൺകുട്ടികൾ അവരുടെ അച്ഛനെയും അമ്മയെയും വിട്ട്, ദൂരെ പോകുന്നതു നല്ലതാണെന്നു ഞാൻ കരുതുന്നില്ല. എന്നാൽ ഇതു തികച്ചും സുന്ദരിയ്ക്കു ബാധകമായ കാര്യമല്ല; രണ്ട് വർഷമായി ഞാൻ അവളുടെ പെരുമാറ്റം നിരീക്ഷിക്കുന്നു, അവൾ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കു പൂർണ്ണമായും ബോധ്യമുണ്ട്; സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ, അവൾ യേശുക്രിസ്തുവിൽ നിന്നു നിരന്തരം ശക്തിയും നിർദ്ദേശവും ആവശ്യപ്പെടുന്നു. ഇക്കാരണംകൊണ്ടു ഞാൻ പറയുന്നു, അവളെ പോകാൻ അനുവദിക്കുക! ആർക്കും അവളെ ഒരു ഉപദ്രവവും ചെയ്യാൻ കഴിയില്ല.’

അദേഹം ഇതുംകൂടി പറഞ്ഞു,
‘നോക്കൂ! സുന്ദരിയുടെ അമ്മേ, നിങ്ങൾ കഷ്ടത്തിലാണ്, ദൈവം ഈ വഴിയിലൂടെ ഒരു രക്ഷാമാർഗ്ഗം നിങ്ങൾക്കു കാണിച്ചു തരുന്നു. നീ നിന്റെ മകൾക്കു വേണ്ടി സേവനം തേടിയില്ല, എന്റെ ഭാഗത്തുനിന്നും ഞാൻ എന്റെ സഹോദരിയോട് ഈ വിഷയത്തിൽ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല, അതിനാൽ ദൈവം തന്നെ അനുയോജ്യമായ ഒരു വാതിൽ തുറക്കുമ്പോൾ, അവന്റെ ദാസന്മാരുടെ കടമയാണ് അതിനകത്തു പ്രവേശിക്കുക എന്നത്.’ “

ഫുൽമാനി തുടർന്നു,
“മിഷനറിയുടെ ഈ വാക്കുകൾ സുന്ദരിയെ കൊൽക്കത്തയിലേക്ക് അയയ്ക്കാനുള്ള തീരുമാനിത്തിലേക്കു ഞങ്ങളെ പ്രാപ്തരാക്കി. അടുത്ത ദിവസം ഡോക്ടറുടെ ഭാര്യ, അവരുടെ വാഗ്ദാനപ്രകാരം, ഒരു വർഷത്തെ വേതനം ഞങ്ങൾക്കു മുൻകൂട്ടി നൽകി. ഇതിൽനിന്നും ഞങ്ങൾ കോബിരാജിനു പ്രതിഫലം നൽകി, തുടർന്നുള്ള എട്ട് ദിവസം വളരെ സന്തോഷമായി കടന്നുപോയി.

എന്നാൽ സുന്ദരി കൽക്കത്തയിലേക്കു പോയതിനുശേഷം, ഞാൻ വളരെ അസന്തുഷ്ടയായിരുന്നു; സുന്ദരിയുടെ അച്ഛൻ ഇടയ്ക്കിടെ എന്നോടു പറയുമായിരുന്നു, ‘ഫുൽമാനി, കരയരുത്, നീ ദൈവഹിതമനുസരിച്ചു പ്രവർത്തിച്ചു, ഇതു നിനക്ക് ആശ്വാസമേകട്ടെ.’

അവൾ പോയതിന് എട്ടോ പത്തോ മാസങ്ങൾക്കുശേഷം, ഒരിക്കൽ സുന്ദരി തന്റെ യജമാനത്തിയുമായി വീട്ടിലേക്കു വന്നു; അപ്പോൾ അവൾ എല്ലാ അർത്ഥത്തിലും സുഖമായിരിക്കുന്നുവെന്നു ഞാൻ കണ്ടു. : അവളുടെ അച്ഛനും ഒരിക്കൽ അവളെ കാണാൻ കൊൽക്കത്തയിലേക്കു പോയി, ഇപ്പോൾ ഡോക്ടറുടെ ഭാര്യ പോഷ് മാസത്തിൽ (ഡിസംബർ, ജനുവരി) വീണ്ടും ഇവിടെ വരുന്നുണ്ടെന്നു പറയപ്പെടുന്നു.

ആഹ്! മാഡം, നിങ്ങൾ സുന്ദരിയെ കണ്ടിരുന്നെങ്കിൽ, നിങ്ങൾക്ക് അവളെ സ്നേഹിക്കാതിരിക്കാൻ കഴിയില്ലായിരുന്നു! ഈ റോസത്തണ്ട് ഒടിഞ്ഞുക്കിടക്കുന്നതിൽ ഞാൻ എന്തിനാണ് ഇത്രയധികം സങ്കടപ്പെടുന്നതെന്നു ഞാൻ നിങ്ങളോട് പറയാം.

സുന്ദരി കൊൽക്കത്തയിൽ നിന്നു തിരിച്ചെത്തിയപ്പോൾ, അവൾ കൈയിൽ കൊണ്ടുവന്ന ആ ചെടി തന്നിട്ട് എന്നോട് പറഞ്ഞു, ‘ഇത് എടുക്കൂ അമ്മേ! എന്റെ യജമാനത്തിയുടെ മാലി (തോട്ടക്കാരൻ) എനിക്കു തന്നതാണ് ഈ ചെടി. ഇത് ഇപ്പോൾ ചെറിയ ഒരു തണ്ടാണ്, പക്ഷേ നിങ്ങൾ ഇതിനെ നന്നായി പരിപാലിച്ചാൽ, അതിൽ ഇലകളും പൂക്കളും വളരും, ഇതു സംഭവിക്കുമ്പോൾ, യേശുക്രിസ്തുവിന്റെ കരുണാമയമായ ആ വചനം നിങ്ങൾ ഓർക്കുന്നുണ്ടോ, ‘ഇന്നോ നാളെയോ അടുപ്പിൽ ഇടുന്ന വയലിലെ ഈ പുല്ലിനെ ദൈവം ഇപ്രകാരം ഉടുപ്പിക്കുമ്പോൾ, അല്പവിശ്വാസികളേ, അവിടുന്നു നിങ്ങളെയും ഉടുപ്പിക്കില്ലേ?’

ഈ കാരണത്താൽ,”
ഫുൽമാനി പറഞ്ഞു,
“എനിക്ക് ഈ ചെടി വളരെ പ്രിയപ്പെട്ടതായി തോന്നി, കാരണം അത് എന്റെ മകളുടെ ഒരുതരം ഓർമ്മയായിരുന്നു, ദുഃഖസമയത്ത്, അതു പലപ്പോഴും എനിക്ക് ഒരു ആശ്വാസമായിരുന്നു; കാരണം ദൈവത്തിന്റെ ജനങ്ങൾ അവന്റെ ദൃഷ്ടിയിൽ മരങ്ങളെക്കാളും പൂക്കളെക്കാളും വിലപ്പെട്ടവരാണെന്ന് എനിക്കറിയാം.”

മുകളിൽ പറഞ്ഞ കാര്യങ്ങൾ വായിക്കുന്ന എന്റെ വായനക്കാർക്കു മനസ്സിലാകും, ആ ധർമ്മശീലയുടെ കഥ കേട്ടപ്പോൾ എനിക്കു വളരെയധികം സന്തോഷം തോന്നി എന്ന്; സമയമുണ്ടായിരുന്നെങ്കിൽ, ഞങ്ങൾക്കു കൂടുതൽ സമയം സംവാദത്തിൽ ഏർപ്പെടാമായിരുന്നു. എന്നാൽ അപ്പോഴേക്കും ആ ദിനം അവസാനിച്ചു, എന്നെക്കുറിച്ചുള്ള ഉത്കണ്ഠായാൽ ശിപായി വന്നു പറഞ്ഞു,
“മാഡം, നിങ്ങൾ വളരെ നേരമായി ഇവിടെ തങ്ങുന്നതു കണ്ട്, ഞാൻ വീട്ടിലേക്കു വേഗം പോയി  കുതിരവണ്ടി കൊണ്ടുവന്നു, കാരണം ഇരുട്ടിൽ കാൽനടയായി നിങ്ങൾക്കു മടങ്ങാൻ കഴിയില്ല, മാത്രമല്ല, ഇപ്പോൾ കുതിരകൾ വളരെ വെകിളി പിടിക്കുന്നു, അനുസരണയോടെ നിൽകുന്നില്ല.”

ഇതു കേട്ടപ്പോൾ, ഞാൻ മനസ്സില്ലാമനസ്സോടെ ഫുൽമാനിയോടു യാത്ര പറഞ്ഞു. അവളുടെ വീട്ടിൽ ചെലവഴിച്ച രണ്ട് മണിക്കൂർ വളരെ സന്തോഷകരമായി കടന്നുപോയി, അതിനാൽ ഉടൻ തന്നെ വീണ്ടും വരുമെന്നു പറഞ്ഞ്, ഞാൻ വണ്ടിയിൽ കയറി.

വീട്ടിലേക്കുള്ള മടക്കത്തിൽ, എന്റെ മനസ്സിൽ നിരവധി ചിന്തകൾ ഉയർന്നു. പ്രശ്നക്കാരായ അയൽക്കാരോടുള്ള  ഫുൽമാനിയുടെ പെരുമാറ്റം എത്ര സൗമ്യമായിരുന്നുവെന്ന് ഓർത്തപ്പോൾ, ഞാൻ ചിന്തിച്ചു,
“കഷ്ടം! സത്യത്തിൽ ഈ പാവം സ്ത്രീയെക്കാൾ എനിക്ക് അറിവ് കൂടുതൽ ഉണ്ട്, എന്നിട്ടും അവളെപ്പോലെ സ്നേഹവും ക്ഷമയും എപ്പോഴും ഞാൻ പ്രകടിപ്പിക്കുന്നുണ്ടോ എന്ന് എനിക്ക് പറയാൻ കഴിയില്ല”

ദൈവത്തിലുള്ള ഫുൽമാനിയുടെ ഉറച്ച വിശ്വാസവും പ്രത്യാശയും ഓർമ്മിച്ചപ്പോൾ, എന്റെ സ്വന്തം അവിശ്വാസവും പ്രയോജനകരമല്ലാത്ത എല്ലാ ഉത്കണ്ഠകളും വളരെ ഒഴികഴിവില്ലാത്തതും കുറ്റപ്പെടുത്തേണ്ടതുമാണെന്നു ഞാൻ മനസ്സിലാക്കി; അപ്പോൾ, താഴ്മയോടെ ഞാൻ ഈ പ്രാർത്ഥന നടത്തി:
“ഓ കർത്താവേ! ഞാൻ വിശ്വസിക്കുന്നു, എന്റെ വിശ്വാസത്തെ സഹായിക്കണമേ.”

എന്റെ മനസ്സിൽ മറ്റൊരു ചിന്ത ഉയർന്നു, അതായത്,
“ഞാൻ കുറച്ചു കാലമായി ഒരു ക്രിസ്ത്യൻ കുഗ്രാമത്തിലായിരുന്നു ജീവിച്ചിരുന്നത്,  പക്ഷേ എല്ലാ വീടുകളും ഫുൽമാനിയുടേതു പോലെയല്ലെന്നും എല്ലാ സ്ത്രീകളും അവളെപ്പോലെ ധർമ്മനിഷ്ഠയുള്ളവരല്ലെന്നും ഞാൻ വളരെ വ്യക്തമായി മനസിലാക്കി.”

അപ്പോൾ, ദൈവസന്നിധിയിൽ, വളരെ വിനയത്തോടെ ഞാൻ ഇനിപ്പറയുന്ന പ്രാർത്ഥന ഉച്ചരിച്ചു:
“ഓ! സ്വർഗ്ഗസ്ഥനായ പിതാവേ, നിന്റെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ, പാപികളായ ആളുകളോട് എന്റെ ഹൃദയത്തിൽ അനുകമ്പ ഉണർത്തണമേ. അങ്ങനെ, ഈ ഗ്രാമത്തിൽ ഒരു അവിശ്വാസി കുടുംബം ഉള്ളിടത്തോളം കാലം, നിന്നെക്കുറിച്ചുള്ള ഉപദേശം ഞാൻ അവർക്കു നൽകുന്നത് നിർത്താതിരിക്കേണമേ. ”

വീട്ടിലേക്കു മടങ്ങിയെത്തിയപ്പോൾ ഞാൻ എന്റെ മുസ്സൽമാനി പരിചാരികയെ  വിളിച്ചു, ക്രിസ്ത്യാനികൾക്കിടയിൽ ഞാൻ കണ്ട കാര്യങ്ങൾ വിശദമായി പറഞ്ഞു. അപ്പോൾ പരിചാരിക സന്തുഷ്ടയായി, എന്നിട്ടു ചോദിച്ചു,
“നിങ്ങൾ വീണ്ടും ഈ സ്ഥലത്തു പോകുമ്പോൾ, ദയവുചെയ്ത് എന്നെയും കൂടെ കൊണ്ടുപോകുമോ?”
ഇതിനു സമ്മതം മൂളി, ഞാൻ എന്റെ സ്വന്തം മുറിയിലേക്കു പോയി.

കുറച്ചു കഴിഞ്ഞപ്പോൾ, സാമാന്യത്തിൽക്കവിഞ്ഞ ഒരു കൊടുങ്കാറ്റ് വീശി, എന്റെ ഭർത്താവ് ആ ജില്ലയ്ക്കു പുറത്തുള്ള പ്രദേശത്തെ ടെന്റുകളിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ, ഞാൻ അസ്വസ്ഥയാകാനും വ്യാകുലപ്പെടാനും തുടങ്ങി, പക്ഷേ സുന്ദരി അവളുടെ അമ്മയോട് ഓർമ്മിക്കാൻ പറഞ്ഞ വാക്കുകൾ ഓർത്തപ്പോൾ, എനിക്ക് ആശ്വസം അനുഭവപ്പെട്ടു, ശാന്തമായ ഉറക്കത്തിലേക്കു വീഴുകയും ചെയ്തു.

തുടരും…

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Latest Posts