Published on: November 8, 2025
മലയാളത്തിൽ ആദ്യമായ്... പുതിയ വായനയ്ക്ക്... പുതിയ ലിപിയിൽ...
ഫുൽമോനിയുടെയും കരുണയുടെയും ചരിത്രം/നോവൽ പരിഭാഷ- നാലാം അദ്ധ്യായം
മുഖവുര
1852ൽ, ഹന്നാ കാതറീൻ മുള്ളൻസ് ബംഗാളി ഭാഷയിൽ(ബംഗ്ലാ) എഴുതിയ ‘ഫുൽമാനി ഓ കരുണാർ ബിബരൻ’ (চিত্র:ফুলমণি ও করুণার বিবরণ) എന്ന നോവലിന്റെ മലയാളം പരിഭാഷയാണ്, ഫുൽമോനിയുടെയും കരുണയുടെയും ചരിത്രം. ഈ പരിഭാഷയ്ക്ക് അവലംബമാക്കിയത്, 1853ൽ ഹന്നാ കാതറീൻ എഴുതിയ ഇംഗ്ലീഷ് വിവർത്തനമാണ്.
ഈ കൃതി, ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട ആദ്യത്തെ നോവലായും ബംഗ്ലാ, മലയാളം, തെലുങ്ക്, കന്നഡ, മറാഠി എന്നീ ഭാഷകളിലെ ആദ്യത്തെ നോവൽ/ പരിഭാഷാ നോവൽ ആയും പരിഗണിക്കപ്പെടുന്നു.
കൃതിയുമായി ബന്ധപ്പെട്ട ചരിത്രപരമായ കൂടുതൽ വിശദാംശങ്ങൾ അനുബന്ധമായി ഇവിടെയും ഇവിടെയും കൊടുത്തിരിക്കുന്നു.
രണ്ട് നൂറ്റാണ്ടിനടുത്തു പഴക്കമുള്ള ഈ നോവലിന്റെ ഇക്കാലത്തെ വായന സുഗമമാക്കാൻ ഈ പരിഭാഷ, 1858ൽ പ്രസിദ്ധീകരിച്ച റവ. ജോസഫ് പീറ്റിന്റെ മലയാളം പഴയ ലിപി പരിഭാഷ (ഫുൽമാനിയും കരുണയും/ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ) യിൽനിന്നും വ്യത്യസ്തമായി, പുതിയ ലിപിയിലും ശൈലിയിലും ചെയ്തിരിക്കുന്നു.
അതുപോലെ, പത്ത് അദ്ധ്യായങ്ങളുള്ള ഈ നോവലിന്റെ രണ്ടാം അദ്ധ്യായത്തെ വായനാ സൗകര്യാർത്ഥം, മൂന്ന് അദ്ധ്യായങ്ങളായി വിഭജിരിക്കുന്നു. ഈ അദ്ധ്യായത്തിന്റെ, ഹന്നാ കാതറൈൻ മുള്ളൻസ് എഴുതിയ ഇംഗ്ലീഷ് പരിഭാഷ ഇവിടെ വായിക്കാം.

മുൻ അധ്യായത്തിൽ പറഞ്ഞ സംഭവങ്ങൾക്കു പത്തുപന്ത്രണ്ട് ദിവസങ്ങൾക്കുശേഷം, ഫുൽമാനിയുടെ വീട്ടിലേക്കുവീണ്ടും പോകാൻ ഞാൻ ആലോചിച്ചു.
ഞാൻ ചിന്തിച്ചു,
“ഇന്ന്, ശനിയാഴ്ചയാണ്; അതിനാൽ, ഇന്നു ഞാൻ പോയാൽ, എനിക്ക് അവളുടെ കുട്ടികളെ കാണാം. കുട്ടികൾ ശനിയാഴ്ചകളിൽ വീട്ടിലെത്തുമെന്ന് അവൾ പറഞ്ഞിരുന്നു.”
ഇക്കാര്യം ഓർമ്മിച്ചപ്പോൾ, പരിചാരകയേയും *ചുപ്രാസ്സിയേയും കൂട്ടി ഞാൻ പുറപ്പെട്ടു. ചൈന റോസിനു പകരം നടാനായി ഫുൽമാനിക്കു കൊടുക്കാൻ ഉദ്ദേശിച്ചുകൊണ്ട്, ചുവന്ന നിറമുള്ള ഒരു വലിയ യൂറോപ്യൻ ചെടി, ഒരു പൂച്ചട്ടിയിൽ ചുപ്രാസ്സി എടുത്തിരുന്നു. കാരണം, പൂക്കളോടുള്ള അവളുടെ ഇഷ്ടത്തിലും അവയിൽ നിന്ന് എങ്ങനെയാണ് അവൾ നല്ല പാഠങ്ങൾ കണ്ടെത്തുന്നത് എന്നു കണ്ടതിലും എനിക്കു വളരെ സന്തോഷം തോന്നിയിരുന്നു.
അനവധി ക്രിസ്ത്യാനികൾ ഈ ലോകത്തിന്റെ ഭംഗി കാണുമ്പോൾ, മഹാനായ സ്രഷ്ടാവിനെക്കുറിച്ച് അവിടെ നിന്നുള്ള പ്രബോധനമോ അവന്റെ സൃഷ്ടിയും ആത്മീയ കാര്യങ്ങളും തമ്മിലുള്ള ബന്ധത്തെകുറിച്ചുള്ള അറിവോ അവർക്കു ലഭിക്കുന്നില്ല എന്നത്, തീർച്ചയായും ഒരു അത്ഭുതം തന്നെയാണ്.
ഇതുപക്ഷെ, ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ച് അനുകൂലമായും പറയാം. കാരണം, അവരിൽ കുറച്ചു പേർ ദൈവത്തിന്റെ പ്രവൃത്തികൾ പഠിക്കുന്നുണ്ട്. വാസ്തവത്തിൽ, ഫുൽമാനിയെ ഒഴികെ, ഈവക കാര്യങ്ങളെക്കുറിച്ച് ഇത്ര ആഴത്തിൽ ചിന്തിക്കുന്ന ഒരാളെ ഞാൻ അവരുടെ ഇടയിൽ കണ്ടിട്ടില്ല.
അതെന്തുതന്നെയാലും, ഇക്കാര്യത്തിലുള്ള ഫുൽമാനിയുടെ മനഃസ്ഥിതി കണ്ടപ്പോൾ, ഞങ്ങൾക്കു നല്ല സുഹൃത്തുക്കളായിരിക്കാൻ പറ്റുമെന്ന് എനിക്കു മനസ്സിലായി. കാരണം, എന്റെ അഭിരുചികളായിരുന്നു അവൾക്കും. വർഷങ്ങളായി ഞാൻ എന്റെ മനസ്സിൽ ഒരു രീതി ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
അതായത്, ഒരു വയലിലോ നദിക്കരയിലോ ഒരു പൂന്തോട്ടത്തിലോ ഞാൻ ഒറ്റയ്ക്ക് അലഞ്ഞുനടക്കുമ്പോഴെല്ലാം, എന്റെ കൺമുന്നിലുള്ള വസ്തുക്കളിൽ നിന്ന് ഒരു കള, ഒരു പുഷ്പം, ഒരു കല്ല് മുതലായവ ഞാൻ തിരഞ്ഞെടുക്കുക്കുകയും അവ എന്തിനൊക്കെയാണ് ഉപയുക്തമാകുന്നത്, അഥവാ, അവയെത്ര മനോഹരമാണ്, അഥവാ, അവയുടെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ സൂക്ഷ്മമായി പരിശോധിക്കുകയും അതുവഴി, ദൈവത്തിന്റെ ശക്തിയെയും ജ്ഞാനത്തെയും നന്മയെയും ബഹുമാനിക്കാൻ എനിക്കു മാർഗ്ഗനിർദ്ദേശം ലഭിക്കുകയും ചെയ്യുന്നു.
ഒരു തോട്ടക്കാരൻ പൂന്തോട്ടത്തിൽ ഒരു മരത്തെ ശ്രദ്ധാപൂർവ്വം വെട്ടിയൊതുക്കി പരിപാലിക്കുന്നതു കാണുമ്പോൾ, ബൈബിളിലെ ആ ഭാഗത്തിന്റെ വ്യാപ്തി എനിക്കു നന്നായി മനസ്സിലാക്കാൻ കഴിയും:
“കർത്താവ് സ്നേഹിക്കുന്നവനെ അവൻ ശിക്ഷണത്തിനു വിധേയമാക്കുകയും മറ്റുള്ളവരിൽനിന്നും വിട്ട്, താൻ കൈക്കൊള്ളുന്ന ഓരോ മകനെയും ചാട്ടവാറടി ഏൽപ്പിക്കുകയും ചെയ്യുന്നു, അതുമല്ലെങ്കിൽ, “നല്ല ഫലം കായ്ക്കാത്ത ഓരോ കൊമ്പിനെയും അവൻ നീക്കിക്കളയുന്നു; ഫലം കായ്ക്കുന്ന ഓരോ കൊമ്പിനെയും കൂടുതൽ ഫലം കായ്ക്കേണ്ടതിനായി അവൻ വെടിപ്പാക്കുന്നു.” (ജോൺ xv. 2.)
സൂര്യൻ അസ്തമിക്കുന്നതു കാണുമ്പോഴെല്ലാം, സത്യക്രിസ്ത്യാനികളുടെ മരണം സൂര്യാസ്തമയംപോലെയാണെന്നു ഞാൻ കരുതുന്നു; അതുപോലെ, ഒരു തെളിഞ്ഞ ദിവസം മുഴുവൻ തെളിച്ചത്തോടെ തിളങ്ങി നിന്ന സൂര്യൻ അസ്തമിക്കുമ്പോൾ, അപൂർവ്വമായി ആരെങ്കിലും അവന്റെ അസ്തമയം ശ്രദ്ധിക്കുന്നു; അതുകൊണ്ട്, ചില ക്രിസ്ത്യാനികൾ, ജീവിതകാലം മുഴുവൻ ദൈവസേവനത്തിലും മനുഷ്യരുടെ നേട്ടത്തിനും ചെലവഴിച്ചതിനുശേഷം, അവരുടെ മരണശേഷം, വലിയ ആഹ്ലാദത്തിമിർപ്പോ വിജയഘോഷമോ പ്രകടിപ്പിക്കാതെ, നിശബ്ദമായി, അവരുടെ ആത്മാക്കളെ ആത്മവിശ്വാസത്തോടെ കർത്താവിന്റെ കൈകളിൽ സമർപ്പിക്കുന്നു.
സമാധാന പ്രവൃത്തികളിൽ അവരുടെ ജീവിതം ചെലവഴിക്കപ്പെടുന്നു.
പ്രശാന്തമായ സമാധാനത്തോടെ അവർ മരിക്കുന്നു!
തീർച്ചയായും, ഒരു തെളിഞ്ഞ ദിവസത്തിലെ സൂര്യാസ്തമയം പോലെ, മരണസമയത്ത് അവരിൽ കുറച്ചുപേർ പലരാലും ചെറിയ തോതിൽ പരിഗണിക്കപ്പെടുന്നുണ്ട്; പകൽ മുഴുവൻ മേഘങ്ങളാൽ മൂടപ്പെട്ട സൂര്യൻ, മേഘങ്ങളിൽ നിന്നു പുറത്തുവന്ന്, വൈകുന്നേരം പ്രൗഢിയോടെ അസ്തമിക്കുമ്പോഴെല്ലാം, എനിക്ക് തോന്നുന്നു, സമാനമായ വിധം, ചില ക്രിസ്ത്യാനികൾ നിരവധി പരീക്ഷണങ്ങൾക്കു വിധേയരാകുകയും അവർക്ക് ഈശ്വരവിശ്വാസത്തിൽ നിന്നു ചെറിയ ആശ്വാസം ലഭിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്.
എന്നാൽ മനസ്സിന്റെ ക്ലേശം മൂലം, അവർ എല്ലാ ദിവസങ്ങളിലും ഉത്കണ്ഠയിൽ ജീവിക്കുന്നു, മരണംവരെ, അവരെ ഗ്രസിച്ചിരിക്കുന്ന ദുരിതം വലിയ തോതിൽ വ്യാപിച്ചാലും, അവർ വലിയ ആത്മവിശ്വാസത്തോടും ഉല്ലസത്തോടുംകൂടി മരിക്കുന്നു.
വീണ്ടും, മഴക്കാലത്തെ സൂര്യൻ എന്നപോലെ, പലപ്പോഴും മേഘങ്ങൾക്കടിയിൽ ദിവസം മുഴുവൻ മറഞ്ഞിരിക്കുന്നതുപോലെയും മേഘങ്ങളാൽ മൂടിക്കെട്ടിയിരിക്കുന്നതുപോലെയും, പ്രകൃത്യാലുള്ള ഭീരുത്വംകൊണ്ടോ മറ്റോ മറഞ്ഞിരിക്കുന്ന ദൈവത്തിന്റെ മക്കളായ ചില ക്രിസ്ത്യാനികളുണ്ട്, ജീവിതത്തിലുടനീളം അവർ അവരുടെ വിശ്വാസത്തെ അധികം വെളിപ്പെടുത്താറില്ല; എന്നാൽ എല്ലാ ഹൃദയങ്ങളെയും അന്വേഷിക്കുന്ന കർത്താവിന് അവരുടെ മനസ്സിന്റെ ഇംഗിതം അറിയാം, അവരുടെ പേരുകൾ ജീവപുസ്തകത്തിൽ എഴുതിയിട്ടുണ്ട്. വീണ്ടും, സൂര്യൻ എന്നപോലെ, അവൻ ഏതുവിധത്തിൽ അസ്തമിച്ചാലും, വീണ്ടും ഉദിക്കേണ്ടതുണ്ട് എന്നതുകൊണ്ടുതന്നെ, ഇമ്മാതിരിയുള്ള ക്രിസ്ത്യാനികളുടെയെല്ലാം പുനരുജ്ജീവനം ഉണ്ടാകുമെന്നതിൽ യാതൊരു സംശയമില്ല.

ഫുൽമാനിയുടെ വീട്ടിലേക്കു പോകാൻ എനിക്കു നദിയുടെ തീരത്തുകൂടി പോകേണ്ടിയിരുന്നു. ഞാൻ നടന്നുകൊണ്ടിരിക്കെ, ഈ നദിയെകുറിച്ച് ഇങ്ങനെ ചിന്തിച്ചു. എന്റെ ചിന്തകൾ ഇവ്വിധമായിരുന്നു. ഉത്തുംഗമായ ഹിമാലയ പർവതനിരകളിൽ നിന്നു ഗംഗ താഴേക്കു വരുന്നതുപോലെ, പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന്, മനുഷ്യഹൃദയത്തിൽ അധിവസിക്കുന്നു.
നദിയുടെ ഉറവ ഒരിക്കലും വറ്റില്ല എന്നതുപോലെ, മനുഷ്യഹൃദയത്തിൽ ഒരു ഉറവയായിരിക്കാൻ, പരിശുദ്ധാത്മാവ് നിത്യജീവനിലേക്ക് ഉത്ഭവിക്കുന്നു.
നദിയിലെ ജലം മണ്ണിനെ വീണ്ടും വളക്കൂറുള്ളതാക്കുന്നതുപോലെ, ഈശ്വര വിശ്വാസത്തിന്റെ മണ്ണും പരിശുദ്ധാത്മാവിനാൽ വളക്കൂറുള്ളതാക്കപ്പെടുന്നു, സൽപ്രവൃത്തികളിൽ ഫലമുണ്ടാക്കുന്നു. മറ്റൊന്നുകൂടി, ആഗ്രഹിക്കുന്നവർക്കെല്ലാം നദീ ജലം യഥേഷ്ടം കുടിക്കാൻ കഴിയുന്നതുപോലെ, ദാഹിക്കുന്നവർക്കും ആഗ്രഹിക്കുന്നവർക്കും അമർത്യതയുടെ ജലം സൗജന്യമായി വന്നെടുക്കാവുന്നതാണ്.
ഗംഗാ ജലത്താൽ ദശലക്ഷക്കണക്കിനു മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവൻ പരിപാലിക്കപ്പെടുന്നതുപോലെ, പാപത്തിൽ മരിച്ച നമ്മളും പരിശുദ്ധാത്മാവിനാൽ ജീവിപ്പിക്കപ്പെടുന്നു. ഗംഗയുടെ പ്രവാഹത്തിന് എല്ലാ തടസ്സങ്ങളെയും അതിജീവിക്കാൻ കഴിയുന്നതുപോലെ, മനുഷ്യ ഹൃദയങ്ങളിലെ വലിയ തടസ്സം (അതായത്, പാപത്തിലേക്കുള്ള അവരുടെ പ്രവണത) പരിശുദ്ധാത്മാവ് നീക്കം ചെയ്യുകയും ദൈവത്തിന്റെ അധീനതയിൽ ഹൃദയത്തെ എത്തിക്കുകയും ചെയ്യുന്നു. ഒടുവിൽ, തടസ്സമില്ലാതെ ഗംഗാ നദി മഹാസമുദ്രത്തിൽ ലയിക്കുന്നതുപോലെ, പരിശുദ്ധാത്മാവ് മനുഷ്യഹൃദയങ്ങളുടെ വിശുദ്ധീകരണം പൂർത്തിയാക്കി, അവരെ നിത്യാനന്ദത്തിന്റെ സമുദ്രത്തിൽ എത്തിക്കുന്നു.
ഇപ്രകാരം ഞാൻ ചിന്തിച്ചു നടന്നതിനാൽ, എനിക്ക് ക്ഷീണം തോന്നിയില്ല. അങ്ങനെ, ഞാനറിയാതെതന്നെ ഞാൻ ഫുൽമാനിയുടെ വീട്ടിലെത്തി.

ഈ അദ്ധ്യായത്തിന്റെ ഇംഗ്ലീഷ് വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to read this part in English
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.










