യുവനിരൂപകർക്കുവേണ്ടി ശില്പശാല

തൃശ്ശൂര്‍: യുവനിരൂപകർക്കുവേണ്ടി കേരള സാഹിത്യ അക്കാദമി ഫെബ്രു. 1, 2, 3 തിയ്യതികളിൽ പാലക്കാട് തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ നിരൂപണ സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. നിരൂപകരുടെ സാഹിത്യവിമര്‍ശന- വിശകലനശേഷി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല.

ഫെബ്രു. 1 രാവിലെ 10ന് ഡോ. സുനില്‍ പി. ഇളയിടം ശില്പശാല ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, ആഷാ മേനോന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ജ്യോതീബായ് പരിയാടത്ത്, ടി. ആര്‍. അജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
‘സാഹിത്യ നിരൂപണം- പ്രകൃതവും ഉദ്ദേശ്യവും’, ‘മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ പുതുവഴികള്‍’, ‘വായനയിലെ സര്‍ഗാത്മകത’, ‘ദലിത് സൗന്ദര്യശാസ്ത്രം’, ‘സാഹിത്യഗവേഷണവും വിമര്‍ശനവും’, ‘ജീവല്‍സാഹിത്യവും സമകാല സാഹിത്യവിമര്‍ശനവും’ തുടങ്ങി 15 സെഷനുകളിലായി 33 ക്ലാസുകളുണ്ടാകും.

‘സ്ത്രീവാദവും മലയാളസാഹിത്യവിമര്‍ശനവും’ എന്ന വിഷയത്തില്‍ പ്രഭാഷണങ്ങളും ‘സംസ്‌കാരത്തില്‍ ഇടപെടുന്ന സാഹിത്യവിമര്‍ശനം’, ‘സാഹിത്യ- ചലച്ചിത്ര മേഖലകളിലെ നിരൂപണ ചരിത്രവഴികൾ’ എന്നീ വിഷയങ്ങളില്‍ സംവാദവും ‘ഒരു കൃതി- പല വായന’ എന്ന അവതരണ സെഷനും ക്യാമ്പംഗങ്ങളുടെ തെരഞ്ഞെടുത്ത നിരൂപണങ്ങളുടെ അവതരണവും ചര്‍ച്ചയും നടക്കും. ‘സംസ്‌കാരവിമര്‍ശനവും ജനാധിപത്യസംസ്‌കാരവും’ എന്ന വിഷയത്തില്‍ ഡോ. എം. വി. നാരായണന്‍ സമാപനപ്രസംഗം നടത്തും.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ഒ.വി. വിജയന്‍ സ്മാരക സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശില്പശാലയില്‍, തെരഞ്ഞെടുക്കപ്പെട്ട മലയാളത്തിലെ 32 പേരെയാണ് പങ്കെടുപ്പിക്കുന്നത്. ഡോ. എം. എ. സിദ്ദിഖ് ആണ് ക്യാമ്പ് ഡയറക്ടര്‍.