പ്രിയമുള്ളവനേ
നീ വിട ചൊല്ലവേ
വിതുമ്പാൻ മറന്നൊരു
വാടിക ഞാൻ
നീ വസന്തം വിടർത്തിയ
വാടിക ഞാൻ

C. K. Narayanan Nambuthirippad
അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാട്
Poster of Njana Saradhi Documentary
ജ്ഞാനസാരഥി ഡോക്യുമെന്ററി പോസ്റ്റർ

പ്രിയ വിദ്യാലയത്തിനോടു വിട ചൊല്ലി 'ജ്ഞാനസാരഥി' മടങ്ങി; അഡ്വ. സി. കെ. നാരായണൻ നമ്പൂതിരിപ്പാടിന് 'ജ്ഞാനസാരഥി' യുടെ പ്രണാമം.

ഇതിനെതുടർന്ന്, ആവശ്യത്തിനു വിദ്യാർഥികളില്ലാതെ, എപ്പോൾ വേണമെങ്കിലും അടച്ചുപൂട്ടണമെന്ന സ്ഥിതിയിൽ, ജീർണ്ണാവസ്ഥയിലുള്ള വെറുമൊരു കെട്ടിടം മാത്രമായി ചുരുങ്ങി വന്നിരുന്ന വിദ്യാലയത്തെ ഏറ്റെടുക്കാൻ ആരുമില്ലാത്ത ഘട്ടത്തിൽ അന്ന് രക്ഷിച്ചതും പിന്നീട്, ഇന്നീ നിലയയിൽ എത്തിച്ചതും സി. കെ. എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി. കെ. നാരായണൻ നമ്പൂതിരിപ്പാട് ആയിരുന്നു.

പ്രമുഖ കഥകളി- വിദ്യാദ്യാസ പ്രവർത്തകനും കേരള കലാമണ്ഡലം മുകുന്ദ രാജ സ്മൃതി പുരസ്കാര ജേതാവുമായ, അന്തരിച്ച അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന് ‘ജ്ഞാനസാരഥി’ യുടെ പ്രണാമം.

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്കൂളായ നമ്പൂതിരി വിദ്യാലയത്തിന്റെ മാനേജരായി മൂന്നര പതിറ്റാണ്ടിലേറെക്കാലം സേവനമനുഷ്ഠിച്ച അഡ്വ. സി. കെ. നാരായണൻ നമ്പൂതിരിപ്പാടിനെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ്, ജ്ഞാനസാരഥി.

ഈ വിദ്യാലയം സ്ഥാപിച്ചവരിൽ പ്രധാനിയായിരുന്നു സി. കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ അച്ഛൻ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാട്(ചിറ്റൂർ മനയിൽ കുഞ്ഞൻ നമ്പൂതിരിപ്പാട്). കേരളത്തിലെ നമ്പൂതിരി സമുദായത്തിന് പാശ്ചാത്യരീതിയിലുള്ള പൊതുവിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി 1919 ജൂണിൽ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെയും ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാന്റെയും മറ്റും ശ്രമഫലമായി യോഗക്ഷേമ സഭ സ്ഥാപിച്ചതാണ് ഈ അപ്പർ പ്രൈമറി സ്‌കൂൾ.

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അമ്മ വിഷ്ണുദത്തയുടെ ജന്മവീടായിരുന്ന ഒല്ലൂരിലെ എടക്കുന്നിയിൽ വടക്കിനിയേടത്ത് മനയിൽ ആരംഭിച്ച ഈ വിദ്യാലയത്തിലാണ്, കേരളത്തിലെ പ്രശസ്ത സാമൂഹ്യ- വിദ്യാഭ്യാസ നവോത്ഥാ‍ന നായകൻ സാക്ഷാൽ വി. ടി. ഭട്ടതിരിപ്പാട് വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ പഠിച്ചിറങ്ങിയത്. ഈ വിദ്യാലയമാണ് പിന്നീട്, 1928ൽ കോട്ടപ്പുറത്ത് മാറ്റി സ്ഥാപിക്കപ്പെട്ടത്.

സ്വാതന്ത്രാനന്തരം, 1949ൽ എയ്ഡഡ് പൊതുവിദ്യാലയമായി മാറ്റപ്പെട്ട ഈ വിദ്യാലയം പക്ഷെ, പില്ക്കാലത്ത്, സാമ്പത്തിക പരാധീനതയിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തുന്ന ഗതികേടിലെത്തുകയുണ്ടായി. സ്ഥലപരിമിതി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ഹൈസ്‌കൂൾ തലത്തിൽ സ്‌കൂളിനെ അപ്ഗ്രേഡ് ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്ന് ഏഴാം ക്ലാസുവരെയുള്ള ഈ വിദ്യാലയത്തിനു ചുറ്റുവട്ടത്തെ ഹൈസ്‌കൂളുകളോടൊപ്പം പിടിച്ചു നില്ക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി.

ഇതിനെതുടർന്ന്, ആവശ്യത്തിനു വിദ്യാർഥികളില്ലാതെ, എപ്പോൾ വേണമെങ്കിലും അടച്ചുപൂട്ടണമെന്ന സ്ഥിതിയിൽ, ജീർണ്ണാവസ്ഥയിലുള്ള വെറുമൊരു കെട്ടിടം മാത്രമായി ചുരുങ്ങി വന്നിരുന്ന വിദ്യാലയത്തെ ഏറ്റെടുക്കാൻ ആരുമില്ലാത്ത ഘട്ടത്തിൽ അന്ന് രക്ഷിച്ചതും പിന്നീട്, ഇന്നീ നിലയയിൽ എത്തിച്ചതും സി. കെ. എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി. കെ. നാരായണൻ നമ്പൂതിരിപ്പാട് ആയിരുന്നു.

തന്റെ അച്ഛൻ ഉൾപ്പെടെ, തന്റെ സമുദായത്തിന്റെ പിതാമഹന്മാർ സമുദായത്തിന്റെ വിദ്യാഭ്യാസ പുനരുദ്ധാരണത്തിനായി നാന്ദി കുറിച്ച ഈ സരസ്വതീ ക്ഷേത്രത്തെ സംരക്ഷിക്കേണ്ടത് തന്റെ ദൗത്യമാണെന്നു തിരിച്ചറിഞ്ഞ സി. കെ. എൻ, അതിനു മുന്നിട്ടിറങ്ങുകയും തന്നിൽ നിക്ഷിപ്തമായ ദൗത്യം അതിന്റെ അർത്ഥവ്യാപ്തിയിൽ തന്നെ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.

Jnana Saradhi Swich On by V. R. Rajamohan
ജ്ഞാനസാരഥിയുടെ സ്വിച്ച് ഓൺ വിദ്യാലയത്തിൽ വെച്ച്, മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വി. ആർ. രാജ്മോഹനും ആദ്യ ക്ലാപ്പ് പ്രധാന അദ്ധ്യാപിക വി. കെ. രാധയും നിർവ്വഹിക്കുന്നു.

‘അന്ന് അദ്ദേഹം ഈ സ്‌കൂളിനെ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ കേരളത്തിന്റെ ഈ ചരിത്ര വിദ്യാലയം ഇന്നുണ്ടാകുമായിരുന്നില്ല’

സ്‌കൂളിന്റെ സംരക്ഷണാർത്ഥം, അദ്ദേഹം ‘നമ്പൂതിരി വിദ്യാഭ്യാസ ട്രസ്റ്റ്’ രൂപീകരിക്കുകയും അതിന്റെ സെക്രട്ടറി പദവിയും സ്‌കൂളിന്റെ മാനേജർ സ്ഥാനവും ഏറ്റെടുക്കുകയും സ്‌കൂളിന്റെ പുനരുദ്ധാരണത്തിനും തുടർപ്രവർത്തനങ്ങൾക്കും വേണ്ട പ്രയ്തനങ്ങൾ നടത്തുകയും നീണ്ട മുപ്പത്തഞ്ച് വർഷക്കാലം സ്‌കൂളിനെ നടത്തിക്കൊണ്ടുവരികയും ചെയ്തു.

അതിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളെയും അനുഭവിച്ച ക്ലേശങ്ങളെയും കുറിച്ചാണ്, നമ്പൂതിരി വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ ജ്ഞാനസാരഥി പറയുന്നത്. മൂന്നു വർഷം മുൻപ് പുറത്തിറങ്ങിയ, ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ട്രസ്റ്റിന്റെ ബാനറിൽ സതീഷ് കളത്തിൽ എഴുതി സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി നമ്പൂതിരി വിദ്യാലയത്തിലെ അദ്ധ്യാപകരാണ് നിർമ്മിച്ചത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം, വിദ്യാലയത്തിന്റെ ചരിത്രം പറയുന്നതിനോടൊപ്പം കേരളത്തിന്റെ പ്രാചീനകാല വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും സവിസ്തരം പ്രതിപാദിക്കുന്നു.

സി. കെ. എന്നും നമ്പൂതിരി വിദ്യാലയവും തമ്മിലുള്ള ബന്ധത്തെ കുറിച്ച്, കേരളത്തിലെ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായിരുന്ന പി. ചിത്രൻ നമ്പൂതിരിപ്പാടും വൈജ്ഞാനിക സാഹിത്യകാരനും ആണവ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എം. പി. പരമേശ്വരനും ഉൾപ്പെടെ നിരവധി വ്യക്തികൾ ഡോക്യുമെന്ററിയിൽ അഭിപ്രായപ്പെട്ടത്, ‘അന്ന് അദ്ദേഹം ഈ സ്‌കൂളിനെ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ കേരളത്തിന്റെ ഈ ചരിത്ര വിദ്യാലയം ഇന്നുണ്ടാകുമായിരുന്നില്ല’ എന്നാണ്.

Read Also  ഓർമ്മകളിലെ ഹൃദയപരമാർത്ഥി- സവിത എസ് നാരായണൻ എഴുതിയ ഗീതാഹിരണ്യൻ സ്മരണാഞ്ജലി

“ഞങ്ങളെല്ലാം ഭാരവാഹികളെന്നു പറയാം എന്നല്ലാതെ ഞങ്ങൾ കാര്യമായൊന്നും ചെയ്തിരുന്നില്ല. നമ്പൂതിരി വിദ്യാലയത്തിന്റെ എല്ലാ ഭാരവും ഏറ്റിരുന്നത് അദ്ദേഹമായിരുന്നു.” എന്നാണ്, നമ്പൂതിരി വിദ്യാഭ്യാസ ട്രസ്റ്റ് പ്രസഡന്റ് കൂടിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞത്.

Navin Krishna shoots Jnana Saradhi documentary
തായംകുളങ്ങര ചിറ്റൂർ മനയിൽ സി. കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ അഭിമുഖം ഛായാഗ്രഹകൻ നവിൻ കൃഷ്ണ ചിത്രീകരിക്കുന്നു.

‘പ്രിയമുള്ളവനേ നീ വിട ചൊല്ലവേ’ എന്ന ഡോക്യുമെന്ററിയുടെ ടൈറ്റിൽ സോങ്ങ്, സി.കെ. നാരായണൻ നമ്പൂതിരിപ്പാടിനും നമ്പൂതിരി വിദ്യാലയത്തിനും തമ്മിലുണ്ടായിരുന്ന ഗാഢമായ ആത്മബന്ധത്തെ അടിവരയിടുന്നു (https://www.youtube.com/watch?v=za-Y2S08G2c). സതീഷ് കളത്തിൽ രചിച്ച ഈ ഗാനം അഡ്വ. പി.കെ. സജീവ് ഈണം നല്കി വിനീത ജോഷി ആലപിച്ചിരിക്കുന്നു.

ഡോക്യുമെന്ററിയുടെ തിരക്കഥ ഒരുക്കിയത്, കേരളകൗമുദി തൃശ്ശൂർ ബ്യൂറോ ചീഫ് ആയ ഭാസി പാങ്ങിൽ ആണ്. ആകാശവാണി മംഗലാപുരം നിലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ബി. അശോക് കുമാർ ആഖ്യാനവും നവിൻ കൃഷ്ണ ഛായാഗ്രഹണവും നിർവ്വഹിച്ചു.

സാജു പുലിക്കോട്ടിലാണ് അസ്സോസിയേറ്റ് ഡയറക്ടർ. ശിവദേവ് ഉണ്ണികുമാർ(അസ്സോസിയേറ്റ് ക്യാമറാമാൻ), അജീഷ് എം വിജയൻ(സംവിധാന സഹായി), അഖിൽ കൃഷ്ണ(ഛായാഗ്രഹണ- ചിത്രസംയോജന സഹായി).

ജ്ഞാനസാരഥിയുടെ സ്വിച്ച് ഓൺ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വി. ആർ. രാജ്മോഹൻ നമ്പൂതിരി വിദ്യാലയത്തിൽ വെച്ചു നിർവ്വഹിച്ചു. പ്രധാന അദ്ധ്യാപിക വി. കെ. രാധ ആദ്യ ക്ലാപ്പ് ചെയ്തു. ഡോക്യുമെന്ററി പ്രദർശനം പി. ബാലചന്ദ്രൻ എം. എൽ. എയും സി. ഡി. പ്രകാശനം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനനും യൂട്യൂബ് റിലീസ് പി. ചിത്രൻ നമ്പൂതിരിപ്പാടും നിർവ്വഹിച്ചു. പദ്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യഅതിഥി ആയിരുന്നു. ചലച്ചിത്ര നടൻ ശിവജി ഗുരുവായൂർ, എഴുത്തുകാരൻ പാങ്ങിൽ ഭാസ്കരൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

1934 ഓഗസ്റ്റ് 24ന്, കുഞ്ഞൻ നമ്പൂതിരിപ്പാടിന്റെയും പാർവതി അന്തർജ്ജനത്തിന്റെയും മകനായി, ചേർപ്പ് തായംകുളങ്ങരയിലെ ചിറ്റൂർ മനയിൽ ജനിച്ച സി. കെ. നാരായണൻ നമ്പൂതിരിപ്പാട്, തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ പഠനത്തിനുശേഷം എറണാകുളം ലോ കോളേജിൽനിന്നു നിയമബിരുദം നേടി. ധനലക്ഷ്മി ബാങ്ക്, നെടുങ്ങാടി ബാങ്ക്, പെരിങ്ങോട്ടുകര നമ്പൂതിരി യോഗക്ഷേമ സഭ, പിയർലെസ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമോപദേശകനായിരുന്നു. ദീർഘകാലം തൃശൂർ ബാർ അസോസിയേഷൻ ട്രഷറർ കൂടിയായിരുന്നു സി. കെ. എൻ. തായംകുളങ്ങര ക്ഷേത്രം നവീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. പൂർത്തിയാകാറായ തന്റെ ആത്മകഥയുടെ രചന പൂർത്തിയാക്കാനാവാതെയാണ്, തൊണ്ണൂറ്റിയൊന്നാം വയസിൽ, 2025 ഒക്ടോബർ 28ന് അദ്ദേഹം വിടപറഞ്ഞത്.

അയ്യന്തോൾ ഗ്രൗണ്ടിന് എതിർവശത്തുള്ള ചിറ്റൂർ മനയിലായിരുന്നു താമസം. ഭാര്യ: രമണി അന്തർജനം. മക്കൾ: രാജൻ, ജയ അവണൂർ. മരുമക്കൾ: സന്ധ്യ രാജൻ, ദാമോദർ അവണൂർ.

P. Balachandran MLA inaugurates Jnana Saradhi preview ceremony at Namboothiri Vidyalayam
ജ്ഞാനസാരഥിയുടെ സി. ഡി. പ്രകാശന വേളയിൽ, നമ്പൂതിരി വിദ്യാലയത്തിൽ നടന്ന ജ്ഞാനസാരഥിയുടെ പ്രദർശനം പി. ബാലചന്ദ്രൻ എം. എൽ. എ. ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു.
Jnana Saradhi CD Release by Priyanandanan
ജ്ഞാനസാരഥിയുടെ സി. ഡി. പ്രകാശനം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ നിർവ്വഹിക്കുന്നു. സി. കെ. നാരായണൻ നമ്പൂതിരിപ്പാട്, പദ്മശ്രീ പെരുവനം കുട്ടൻ മാരാർ തുടങ്ങിയവർ സമീപം. വേദിയിൽ ഇരിക്കുന്നത്, പി. ചിത്രൻ നമ്പൂതിരിപ്പാട്.
P. Chitran Namboodirippad inaugurates Jnana Saradhi YouTube launching
ജ്ഞാനസാരഥിയുടെ യൂട്യൂബ് ലോഞ്ചിങ് പി. ചിത്രൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കുന്നു.
Padma Shri. Peruvanam Kuttan Marar speaks Jnana Saradhi preview ceremony
ജ്ഞാനസാരഥിയുടെ പ്രദർശനോദ്ഘടനത്തിൽ പദ്മശ്രീ പെരുവനം കുട്ടൻ മാരാർ സംസാരിക്കുന്നു.
Shivaji Guruvayoor speaks in Jnana Saradhi preview ceremony
ജ്ഞാനസാരഥിയുടെ പ്രദർശനോദ്ഘടനത്തിൽ ചലച്ചിത്ര നടൻ ശിവജി ഗുരുവായൂർ സംസാരിക്കുന്നു.
Pangil Bhaskaran speaks Jnana Saradhi preview ceremony
ജ്ഞാനസാരഥിയുടെ പ്രദർശനോദ്ഘടനത്തിൽ സാഹിത്യകാരൻ പാങ്ങിൽ ഭാസ്കരൻ സംസാരിക്കുന്നു.

ജ്ഞാനസാരഥി ഡോക്യുമെന്ററി

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Latest Posts