Published on: November 16, 2025

ഹൂ കെയേഴ്സ്?
അച്ഛൻ ഫോണിലൂടെ പറഞ്ഞതൊക്കെ
അവ്യക്തമായാണ് കേട്ടത്.
അമ്മ കരയുകയായിരുന്നു.
ഇടയ്ക്ക്,
കണ്ണീരുപ്പ് പടർന്ന
കൈയ്യിലെ ചൂട്
എൻ്റെ തലയുടെ ഭാഗത്ത്
ഞാനനുഭവിച്ചു.
അമ്മയുടെ പ്രാക്ക് മുഴുവൻ
നശിച്ച നിമിഷത്തെക്കുറിച്ചായിരുന്നു.
കൈവിട്ടുപോയെന്ന് മാത്രമാണ് പറഞ്ഞിരുന്നത്.
കരഞ്ഞുതളർന്നമ്മ
എന്നെയും പട്ടിണിക്കിടുകയായിരുന്നു.
ഇടയ്ക്ക്,
രസമുകുളത്തിലെത്തിയത്
ആർത്തി പിടിച്ച് നുണഞ്ഞപ്പോൾ
തല പിളർക്കുന്നതായി തോന്നി.
പിന്നെ,
വന്നതൊക്കെയും
ഹൃദയം തകർക്കുന്നതായിരുന്നു.
പിറവിയിലേക്കെത്തുമെന്ന
പ്രതീക്ഷകൾക്ക്
മങ്ങലേല്പിച്ച്,
അവസാനമെത്തിയ
കത്രികച്ചുണ്ടിന്റെ മൂർച്ചയിൽ
ആദ്യം
അമ്മയുമായുള്ള ബന്ധം വേർപ്പെടുത്തി.
പിന്നെ,
തളിരെല്ലുകൾ തകർത്ത
കത്രികയുടെ കാലുകൾ
ഉദരം പിളർന്നു.
അരുതേ എന്നുപറയാൻ
ഉയർത്തിയ കൈ
പിഴുതെറിഞ്ഞു.
വായ കുത്തിക്കീറി.
അച്ഛനെപ്പോലെ
ചിന്തിക്കാതിരിക്കാനാകണം
തലച്ചോറ്
കഷണങ്ങളാക്കിയത്.
അവസാനം
കട്ടപിടിച്ച ചോരയോടൊപ്പം
പ്ലാസ്റ്റിക് കൂടിനകത്തേക്ക്.
വേദനയോടെ നോട്ടം തിരിച്ച
അമ്മയുടെ കണ്ണീര്
മലവെള്ളപ്പാച്ചിലായി ഒഴുകി.
ആരും ശ്രദ്ധിക്കാനില്ലാതെ
ചോരയിൽ കുതിർന്ന് ഞാനും.







