Published on: April 13, 2025


ഇന്നെന്റെ മുറ്റത്ത്, 
മോന്തിയിലെത്തിയൊരു പക്ഷി ചൊല്ലീ,
നാളെയതു വിഷുവല്ലേ; 
ഒരുക്കിടണ്ടേ, ഒരുങ്ങിടണ്ടേ 
എന്നോമനയുണ്ണീ
ഞെട്ടിയുണർന്നങ്ങോടീ- 
യയലത്തെത്തൊടിയിൽ, 
അയ്യോ! ആരുമാരുമെന്നെ 
തൊടരുതെന്ന മട്ടിൽ 
അംബരചുംബിയായങ്ങനെ 
വിലസുന്നൂ കണിക്കൊന്ന
കെട്ടിപ്പൊക്കിയൊരു തോട്ടീ;- 
യറ്റത്തൊരരിവാളും 
പൊട്ടിച്ചെടുത്ത് നിറച്ചെൻ കൂടയും 
ഒപ്പമെറിഞ്ഞിട്ടു രണ്ട് പറങ്കിയും 
മാമന്റെ പറമ്പിലെ വരിക്കച്ചക്കയും
മീനക്കാറ്റേറ്റു വീണു ചിതറാത്ത 
മാമ്പഴവും, ഒപ്പമൊരു 
കിളികാണാ പേരയും 
വയലിന്നോരത്തു നിന്നടർത്തി-
യൊരു മത്തനും, മേമ്പൊടിയാം 
കണിവെള്ളരിയൊന്നും
മഞ്ഞത്തുകിലുടുത്തൊരുങ്ങി നിൽക്കുമെൻ 
കണ്ണന്റെ കണ്മുന്നിലായ് 
കതിരവൻ കത്തിജ്വലിച്ചതുപോലൊരു-
രുളിതൻ മടിത്തട്ടിൽ ചന്തത്തിലൊരുക്കി 
കണിവിഭവങ്ങളോരോന്നും; 
ഒത്ത നടുക്കൊതുക്കിവെച്ചൊരു വാൽക്കണ്ണാടിയും.
വിഷുവന്നുമിന്നുമൊരുങ്ങുന്നതിങ്ങനെതന്നെ 
കാലം തെറ്റിയ ജീവിതവും 
ആകെ മാറിയ പ്രകൃതിയും 
നാളെ വിഷുവെന്നു ചൊല്ലാൻ മറക്കവേ 
ഞാനിന്നു ഞെട്ടിയുണർന്നൂ 
സ്വപ്നത്തിൽക്കണ്ട വിഷുവിനെ 
വരവേറ്റിടാൻ!
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

അഖിൽ പുതുശ്ശേരി: ആലപ്പുഴ ചെട്ടികുളങ്ങര പുതുശ്ശേരി സ്വദേശി.
‘നിഴൽക്കുപ്പായം’, ‘മാമ്പൂവ്’, ‘സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്’, ‘അൻഡു’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമ്മനം വിനോദ ലൈബ്രറിയുടെ ‘ലെനിൻ ഇറാനി സ്മാരക കവിതാ പുരസ്കാരം’, ‘റോട്ടറി ക്ലബ് സാഹിത്യ പുരസ്കാരം’ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 
                        
 
 
 
 
 
 
 
 
 
 






 
                       
                       
                       
                      