
ഒരു പച്ചത്തവളയും കുറെ വ്യഥകളും
ഗസല്‍.
ഞങ്ങളുടെ വീട്.
പൊതുവെ തളംകെട്ടി നില്ക്കുന്ന നിശ്ശബ്ദതയില്‍ നേര്‍ത്ത സംഗീതം പുറത്തു വരുന്നൊരു വീടാണിത്.
ഞാനിവിടെ പാര്‍പ്പുറപ്പിച്ചിട്ട് ഏതാണ്ട് രണ്ട് പതിറ്റാണ്ടുകളുടെ പഴക്കമേയുള്ളൂ. അതിനപ്പുറം ഈ വീടും പരിസരങ്ങളും വിശാലമായൊരു തെങ്ങിന്‍തോപ്പായിരുന്നു.
എനിക്കായി അതിഥികള്‍ അനവധി വന്നുപോകുന്ന ഒരിടമാണീ വീട്. ആളുകള്‍ മാത്രമല്ല, അനേകം പക്ഷിമൃഗാദികളും പേരറിയാത്ത ജന്തുജീവിജാലങ്ങളും സസ്യലതാദികളും ഇന്നിവിടെയുണ്ട്.
അവയൊക്കെ എനിക്ക് സമ്മാനിക്കുന്നത് സമ്മിശ്രവികാരങ്ങളാണ്. ചിലതിനോട് ഇഷ്ടം. ചിലതിനോട് ഭയം. ചിലതിനോട് വെറുപ്പ്. മറ്റുചിലതിനോട് വാത്സല്യം. അങ്ങനെ…
അക്കൂട്ടത്തില്‍ ഏറ്റവും അവസാനം വന്നു കൂടിയവനാണ് (അതോ അവളോ), ഈ പുതിയ അതിഥി. ഒരു പച്ചത്തവള!
ഞങ്ങളുടെ വീട്ടുമുറ്റത്ത് ഒരു ആമ്പല്‍ക്കുളമുണ്ട്. കുളമെന്ന് പറയുന്നത് ഒട്ടും ശരിയല്ല. ഒരു കോണ്‍ക്രീറ്റ് തൊട്ടിയാണത്. കുളത്തിന്റെ ഒരു മിനിയേച്ചർ സങ്കല്‍പ്പം. ഈ മിനിയേച്ചർ കോണ്‍ക്രീറ്റ് കുളത്തിൽ വളരുന്ന നീലയാമ്പലുകള്‍ക്ക് തുണയാകുന്നത് കുറെ മത്സ്യക്കുഞ്ഞുങ്ങളാണ്. ആമ്പലിനൊപ്പം എന്നോ ഒരിക്കല്‍ കൊണ്ടുവന്നിട്ട ഗപ്പിക്കുട്ടികള്‍. അവര്‍ ഇതിലുണ്ടാകുന്ന കൊതുകുലാര്‍വകളെ ഭക്ഷിച്ചും തലമുറകളെ സൃഷ്ടിച്ചും സൈരവിഹാരത്തിലാണ്, എത്രയോ വര്‍ഷങ്ങളായി…

എന്റെ നിഴല്‍ കാണുമ്പോഴൊക്കെ പരാതിയും പരിഭവവുമായി അവര്‍ ആമ്പലിലകള്‍ക്കുള്ളില്‍ നിന്ന് പുറത്തു വരും. അതിന്റെ പൊരുള്‍ എന്തെന്ന് എനിക്ക് നന്നായറിയാം. അതുകൊണ്ട് ഞാനെന്നും അവരോട് എന്റെ നിലപാട് ആവര്‍ത്തിക്കും:
‘മക്കളേ ഞാന്‍ നിരപരാധിയാണ്. നിങ്ങളെ നിങ്ങള്‍ തന്നെ സംരക്ഷിക്കുക.’
എന്റെ ഈ നിസ്സംഗമായ നിലപാട് കാണുമ്പോള്‍ അവര്‍ സ്വയം പിന്‍വാങ്ങും…
കാര്യം അത്ര നിസ്സാരമല്ല. ഈ ആമ്പല്ക്കുളത്തിന് അവകാശികളാകുന്ന നിരവധിയെണ്ണം ചുറ്റുപാടുമുണ്ട്. മയില്‍, കുയില്‍, മൈന, മാടത്ത, പ്രാവ്, കുഞ്ഞാറ്റ, ഇരട്ടവാലന്, മണ്ണാത്തി, സൂചിമുഖി, തൊപ്പിക്കിളി, പൂത്താങ്കിരി തുടങ്ങി എനിക്ക് പേരറിയുന്നതും പേരറിയാത്തതുമായി നിരവധിയെണ്ണം.
അതിനു പുറമേ പട്ടി, പൂച്ച, മരപ്പട്ടി, കീരി തുടങ്ങി കേമന്മാരായ വേറെ ചില അന്തേവാസികളും. ഇവരൊക്കെ ഇവിടെത്തെ, എന്നേക്കാള്‍ മുന്‍ഗാമികളെന്നാണ് ഇവരില്‍ പലരുടേയും ഭാവം. ശരിയാകാം. ഞാനത് നിഷേധിക്കുന്നില്ല.
ഇത്തിരി വെള്ളം കുടിച്ച് ദാഹമകറ്റാനാണ് ഇവരില്‍ പലരും ഇവിടെയെത്തുന്നത്. ചിലര്‍ക്ക് നീന്തിനീരാടണം. വേറെ ചിലര്‍ക്ക് മുങ്ങിക്കുളിക്കണം. പാവങ്ങള്‍, നിരുപദ്രവകാരികള്‍.
എന്നാല്‍ മീന്‍കൊത്തിയെപ്പോലെ, തവളകളെപ്പോലെ ദുഷ്ടലാക്കുമായി വരുന്ന വേറെ ചിലരുമുണ്ട് കൂട്ടത്തില്‍. അവര്‍ക്ക് ഈ പാവങ്ങളായ മത്സ്യക്കുഞ്ഞുങ്ങൾ വിഴുങ്ങാനും വിശപ്പടക്കാനുമുള്ളതാണ്.
മീന്‍കൊത്തി. പേരുപോലെ തന്നെ മീന്‍കൊതിയന്മാരാണ്. താപ്പും തരവും നോക്കി വരും, റാഞ്ചും, പറന്നു പോകും. വീണ്ടും വരും, റാഞ്ചും. പിന്നെയും വരും, റാഞ്ചും. അങ്ങനെ…
തവളകളുടെ കാര്യം അങ്ങനെയല്ല. അവര്‍ ഈ കുളത്തില്‍ തന്നെ വാസമുറപ്പിച്ച് മീന്‍കുഞ്ഞുങ്ങളെ ശാപ്പിട്ടുകൊണ്ടേയിരിക്കും. എന്റെ മത്സ്യക്കുഞ്ഞുങ്ങളും ഞാനും കഴിഞ്ഞ എത്രയോ കാലങ്ങളായി ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടെ, ഋതുക്കൾ മാറി മറയുകയും കാലവര്‍ഷം പെരുമ്പറ മുഴക്കി വരികയും ചെയ്യുന്നതോടെ അതും സംഭവിക്കുന്നു…. എവിടെ നിന്നോ വരുന്ന ചില പോക്കാച്ചിത്തവളകള്‍ അവരുടെ പ്രത്യുല്പ്പാദനത്തിന് മണിയറയാക്കുന്നതും ശേഷം പ്രസവമുറിയാക്കുന്നതും പവിത്രമായി ഞങ്ങള്‍ സൂക്ഷിക്കുന്ന ആമ്പല്‍ക്കുളമെന്ന ഈ ഇത്തിരി സ്വര്‍ഗ്ഗത്തില്‍ത്തന്നെ.
ആ ദിവസങ്ങളില്‍ ഇവരുടെ നിശാസംഗീതം ഞങ്ങളുടെ നിശ്ശബ്ദതയെ അസഹ്യമായ വിധം കീറിമുറിക്കും.
അതിശയോക്തിയല്ല, ഒരു ലക്ഷം കുഞ്ഞുങ്ങള്‍ക്കെങ്കിലും ജന്മം കൊടുത്താണ് ആ ഒരൊറ്റ രാത്രിക്കുശേഷം തവളദമ്പതിമാര്‍ മറ്റൊരു താവളം തേടിപ്പോകുന്നത്. അതോടെ അനാഥമാകുന്ന വാല്‍മാക്രികളുടെ ലോകം കൂടിയായി ഈ ആമ്പല്‍ക്കുളം മാറും.
കുളത്തില്‍ തവളവാസത്തിന്റെ ചൂരു കിട്ടുന്നതോടെ അടുത്ത പൊന്തക്കാടുകളിലെ മാളങ്ങളില്‍ നിന്ന് പാമ്പുകള്‍ അന്വേഷണങ്ങളുമായി കടന്നു വരും. അതുവരെ വീരശൂരപരാക്രമികളായി വിലസിയിരുന്ന തവളകള്‍ അപ്പോള്‍ പേടിച്ചരണ്ട് ഒളിത്താവളങ്ങള്‍ തേടും.
ഇഴഞ്ഞുവരുന്ന പാമ്പിനു പിന്നാലെ, ‘പാമ്പു വരുന്നേ…’ എന്ന മുന്നറിയിപ്പു നല്കി പൂത്താങ്കിരികളും കുഞ്ഞുകിളികളും അലമുറയിടും. എനിക്കും മത്സ്യക്കുഞ്ഞുങ്ങള്‍ക്കുമുള്ള ശ്രദ്ധക്ഷണിക്കലാണത്. ഈ ഒച്ചയും ബഹളവും കേട്ട് അകലെ നിന്നും കാക്കകള്‍ പറന്നെത്തും. ചില നേരങ്ങളില്‍ മയിലുകളും.
മയിലുകളുടെ നിറം കണ്ടാല്‍ പാമ്പുകള്‍ മാളത്തില്‍ മുങ്ങും. പട്ടിയും പൂച്ചയുമൊക്കെ അപ്പോള്‍ പരിസരങ്ങളില്‍ റോന്തു ചുറ്റുന്നതു കാണാനാവും. ആളനക്കമുള്ളേടത്ത് കീരികള്‍ അങ്ങനെ കടന്നുവരാറില്ല.
പിന്നീട് അവിടെ എല്ലാവരുടേയും കാത്തിരിപ്പായിരിക്കും. കുറെക്കഴിയുമ്പോള്‍ നിരാശയോടെ ചിലരൊക്കെ മടങ്ങിപ്പോകാന്‍ തുടങ്ങും. എല്ലാത്തിനും ഈ ഞാന്‍ ഒരാള്‍ സാക്ഷി…

ഇങ്ങനെ പതിവായി ക്രമസമാധാനത്തകര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന മുറ്റത്തേക്കാണ് ഏറ്റവുമൊടുവില്‍ കഥയൊന്നുമറിയാതെ ഈ സുന്ദരി(അതോ, സുന്ദരനോ…) പച്ചത്തവള കൂടി വന്നു ചേര്‍ന്നിരിക്കുന്നത്.
ഓന്തുകള്‍ നിറം മാറുമെന്ന് കേട്ടിട്ടുണ്ട്. കണ്ടിട്ടുമുണ്ട്. പുതിയ കാലത്തിന്റെ രക്ഷാകവചവുമായി നിറം മാറി ഉത്ഭവിച്ചതാണോ ഈ പച്ചത്തവള എന്നൊന്നും എനിക്കറിഞ്ഞുകൂട.
മത്സ്യക്കുഞ്ഞുങ്ങളുമായി കൂട്ടുകൂടാനോ അതോ അവയെ ശാപ്പിടാനാണണോ ഉദ്ദേശമെന്നും എനിക്കറിയില്ല. പക്ഷെ കൂട്ടത്തിലൊന്നായി ഈ ഇത്തിരി വെള്ളത്തില്‍ ഇതും കൂടിക്കോട്ടെ എന്നാണ് എന്റെ തീരുമാനം. അതല്ലേ അതിന്റെ ഒരു ശരി!
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സി. എ. കൃഷ്ണൻ: കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകൻ. തൃശ്ശൂർ അമലനഗറിലെ ചൂരക്കാട്ടുകരയിൽ 1954ൽ ജനനം. ചൂരക്കാട്ടുകര ഗവ.യു.പി.സ്കൂൾ, പുറനാട്ടുകര ശ്രീരാമ കൃഷ്ണ ഗുരുകുല വിദ്യാമന്ദിർ, തൃശ്ശൂർ ശ്രീകേരളവർമ്മ കോളേജ്(എം.എ.) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1979ൽ, മാതൃഭൂമി ദിനപത്രത്തിൽ തുടക്കം. തൃശ്ശൂർ എക്സ്പ്രസ് ദിനപത്രം, കേരളകൗമുദി ദിനപത്രം എന്നിവിടങ്ങളിലായി മുപ്പത് കൊല്ലത്തെ പത്രപ്രവർത്തനം. കേരളകൗമുദി തൃശ്ശൂർ ബ്യൂറോ ചീഫ് ആയിരിക്കെ, 2008ൽ വിരമിച്ചു.
മുൻമുഖ്യമന്ത്രി കെ.കരുണാകരൻ, മുൻഗതാഗതവകുപ്പുമന്ത്രി കെ.കെ.ബാലകൃഷ്ണൻ എന്നിവരുടെ പ്രസ്സ് സെക്രട്ടറിയായും തൃശ്ശൂർ, പാലക്കാട് പ്രസ്സ് ക്ലബ്ബുകളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
തൃശ്ശൂർ നഗരത്തെയും പ്രധാന സ്ഥാപനങ്ങളെയും വ്യക്തികളെയും സംഭവങ്ങളെയും സമഗ്രമായി പ്രതിപാദിക്കുന്ന ‘അഞ്ചുവിളക്ക്’ ആണ് ആദ്യത്തെ കൃതി. തുടർന്ന്, കേരളത്തിലെ പൂരങ്ങളെയും ഉത്സവാഘോഷങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ‘ദേശവലത്ത്’, ‘സ്വാതന്ത്ര്യസമരസേനാനി വി ആർ കൃഷ്ണൻ എഴുത്തച്ഛൻ’ എന്നീ കൃതികളും പ്രസിദ്ധീകരിച്ചു.
ജീവിത പങ്കാളി: എം. കെ. അംബിക.