Published on: November 4, 2025
എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
പ്രകാശ് രാജ്: വേടന്‍ ഇന്നത്തെ തലമുറയുടെ ശബ്ദം ആയതിനാൽ അവാർഡ്.
ദോഷൈകദൃക്ക്:
ശ്ശോ… പ്രകാശണ്ണനെ വെറുതെ തെറ്റിദ്ധരിച്ചു… ഇന്ദ്രൻസിന്റെയൊക്കെ അറുപഴഞ്ചൻ ‘ശബ്ദം’ ആയിരുന്നേ…

പിൻകുറിപ്പ് :
ലൈംഗിക പീഡനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ട റാപ്പർ വേടന്, 2024ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകാൻ കാരണം, ‘വേടൻ യുവതലമുറയുടെ ശബ്ദ’ മായതുകൊണ്ടാണെന്നു ജൂറി ചെയർമാൻ പ്രകാശ് രാജ്.
മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയിൽ വേടൻ എഴുതിയ ‘വിയർപ്പു തുന്നിയിട്ട കുപ്പായം’ എന്ന പാട്ടിനാണ്, ഗാനരചയിതാവിനുള്ള 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. മലയാള സിനിമാ ഗാനങ്ങളുടെ നടപ്പ് രീതികളോടു കലഹിച്ച വേടന്റെ പാട്ടുകൾ, റാപ്പിനോട് അത്രയ്ക്കു പരിചിതമല്ലാത്തവർ പോലും ഏറ്റുപാടിയിരുന്നു. വേടന്റെ പാട്ടുകളിലെ അതിജീവനത്തിനുള്ള ത്വര കണ്ടില്ലെന്നു നടിക്കാൻ കഴിയാത്തതു കൊണ്ടാണ്, പുരസ്കാരം നൽകിയതെന്നും പ്രകാശ് രാജ്.
‘ആ പാട്ട് നമ്മുടെ പാട്ടുരീതികൾ മാറുന്നതിന്റെ ശബ്ദം കൂടിയായിരുന്നു. ആ ഇടപെടലിനാണ് പുരസ്‌കാര നേട്ടം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവൽകൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലൂടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവ്.’ എന്നായിരുന്നു ജൂറിയുടെ പരാമർശം.
അതേസമയം, വേടന് അവാർഡ് നൽകിയതിനെതിരെ കലാ- സാംസ്കാരിക മേഖലയിൽ നിന്നുമാത്രമല്ല, പൊതുജനങ്ങൾക്കിടയിൽനിന്നു പോലും വലിയ തോതിൽ അമർഷം ഉയർന്നിട്ടുണ്ട്.
അതിൽ ഏറ്റവും പ്രധാനം, 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സമർപ്പിക്കപ്പെട്ട, റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന സിനിമയ്ക്ക് ഒരു അവാർഡുപോലും നല്കാതെ സിനിമയെ ഒന്നടങ്കം ഒഴിവാക്കിയ സംഭവം ഉയർത്തിപിടിച്ചുള്ളതായിരുന്നു. അന്ന്, ഹോമിന്റെ നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ഒരു ലൈംഗിക പരാതി രെജിസ്റ്റർ ചെയ്യപ്പെടുകയും അതിനെ തുടർന്ന്, ആ സിനിമയെ പുരസ്കാര പരിഗണനയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു എന്ന ആരോപണമാണ് അത്.
വിജയ് ബാബുവിനു സമാനമായ കേസിൽ ഉൾപ്പെട്ട വ്യക്തിക്ക് ഇപ്പോൾ അവാർഡ് നല്കിയതിലെ യുക്തിയും ഔചിത്യവും എന്താണെന്നു ചോദിച്ചുകൊണ്ടും അതിലെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ടും അനവധി പേർ ചലച്ചിത്ര അക്കാദമിയ്ക്കും സർക്കാരിനും നേരെ വിമർശനങ്ങളുമായി രംഗത്തെത്തുകയുണ്ടായി.
ഈ സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസ്, മഞ്ജുപിള്ള എന്നിവർക്ക് ഉൾപ്പെടെ, സിനിമ നിരവധി അവാർഡുകൾ വാരിക്കൂട്ടുമെന്നു സിനിമാ നിരൂപകരും പ്രേക്ഷകരും ഉറച്ചു വിശ്വസിച്ചിരുന്ന ഘട്ടത്തിലാണ് അങ്ങനെയൊരു നീക്കം ഉണ്ടായത്.
“ഹോം എന്നൊരു സിനിമയുണ്ട്, കണ്ടിട്ടുണ്ടോ? ആ സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറക്കം വന്നില്ല. എങ്ങനെയാണ് ഈ സിനിമ ചെയ്തത്. ഈ കഥ നമ്മുടെ ഇൻഡസ്ട്രിയിൽ ആരോടെങ്കിലും പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇന്ദ്രൻസ് എന്നൊരു നടനാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഇതുപോലൊരു സിനിമ തമിഴിൽ ഒരിക്കലും എടുക്കാൻ സാധിക്കില്ല” എന്നാണ് ഈ സിനിമ കണ്ട പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരൻ അന്ന് പറഞ്ഞത്.
‘ഹോം കണ്ടു. അസാധ്യമായ ഒരു സിനിമ’ എന്നാണ്, തെന്നിന്ത്യയിലെതന്നെ മികച്ച സംവിധായകരിൽ ഒരാളായ എ. ആർ. മുരുഗദോസ് അഭിപ്രായപ്പെട്ടത്. ‘ഹോം കാണേണ്ട സിനിമയാണെന്നും കണ്ണ് നനയ്ക്കും’ എന്ന്, മുൻമന്ത്രി കെ. ടി. ജലീൽ തുടങ്ങി സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള പ്രമുഖർ ‘ഗംഭീരം’ എന്ന് അഭിപ്രായപ്പെട്ട ഈ സിനിമയാണ്, അതിന്റെ പ്രൊഡ്യൂസർ ഒരു ലൈംഗിക കേസിൽ പ്രതിചേർക്കപ്പെട്ടതിന്റെ പേരിൽ അവാർഡിനു പരിഗണിക്കാതിരുന്നത് എന്നാണ് ആരോപണം ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, ‘ഹോം സിനിമയുടെ നിർമ്മാതാവ് പീഡനക്കേസിൽ പെട്ട വിവരം അറിഞ്ഞിരുന്നില്ലെന്നും ആ കേസ് അവാർഡ് നിർണ്ണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും അന്നത്തെ ജൂറി ചെയർമാനായിരുന്ന ഹിന്ദി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സയിദ് അക്തർ മിർസ പ്രസ്താവിച്ചിരുന്നു.
അതേസമയം, 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ഹോം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും ഇന്ദ്രന്‍സിനു ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിക്കുകയും ചെയ്തു.







