
പപ്പേട്ടനും ശ്രീനിക്കും അരികെ/സുറാബ് എഴുതിയ ഓർമ്മകുറിപ്പ്
ഷാർജയിൽ ഒരു ചലച്ചിത്ര നിർമ്മാതാവുണ്ട്. കാൾട്ടൺ കരുണൻ. കാഞ്ഞങ്ങാട്ടുകാരനാണ്. പഴയ ഫുട്ബോൾ കളിക്കാരൻ. ബ്രദേഴ്സ് ക്ലബ്ബിലെ അന്നത്തെ ഫുട്ബോൾ ടീമിൽ ഏറ്റവും നല്ല കളിക്കാരായിരുന്നു കൂൾഡ്രിങ്സ് ഖാദറും കരുണാകരനും.
കരുണേട്ടന് കളിക്കളത്തിൽ അന്നൊരു പേരുണ്ടായിരുന്നു. സ്പ്രിങ്ങ് കരുണൻ. കളിയിൽ സ്പ്രിങ്ങ് പോലെ ശരീരം എങ്ങോട്ടും വളയും. എതിരാളികളെ ചാഞ്ഞും ചെരിഞ്ഞും പാസ് ചെയ്യും. പന്തുംകൊണ്ട് മുന്നേറും. കുതിക്കും. മൈതാനം ആവേശം കൊള്ളും.
പിന്നീട് എപ്പോഴോ കരുണേട്ടൻ കളി നിർത്തി ഷാർജയിലെത്തി. അവിടുത്തെ കാൾട്ടൺ ഹോട്ടലിലെ ഉദ്യോഗസ്ഥനായി. അതിനിടയിൽ നടൻ ശ്രീനിയെവെച്ച് ചിന്താവിഷ്ടയായ ശ്യാമള അടക്കം മലയാളത്തിൽ എണ്ണപ്പെട്ട സിനിമകൾ നിർമ്മിച്ചു.
ആയിടെയാണ്, ചിത്രഭൂമി സെവൻ ആർട്ട്സിന്റെ തിരക്കഥാ മത്സരത്തിൽ എനിക്കു അവാർഡ് കിട്ടിയത്. അത് സിനിമയാകാതെ വന്നപ്പോൾ കരുണേട്ടൻ ചോദിച്ചു. നമുക്ക് ഇതൊന്ന് ശ്രീനിയെക്കൊണ്ട് വായിപ്പിച്ചാലോ? അങ്ങനെ ശ്രീനിവാസൻ എന്റെ തിരക്കഥ വായിച്ചു.
“ഒരു ആർട്ട് ഫിലിമിന്റെ മൂഡ്.”
ശ്രീനി അഭിപ്രായം പറഞ്ഞു.
ഷാർജ കോൺകോർഡ് സിനിമയിലാണ് ഗൾഫിൽനിന്നു ചിത്രീകരിച്ച അറബിക്കഥയുടെ പ്രിവ്യൂ. തലേന്ന് ബാലേട്ടൻ വിളിച്ചു. എഴുത്തുകാരനും റൂളേഴ്സ് ഓഫീസിലെ ഉദ്യോഗസ്ഥനുമായ ബാലചന്ദ്രൻ തെക്കന്മാർ. കരുണേട്ടന്റെ കൂടെയാണ് ശ്രീനിയുള്ളത്. പടം കാണണം. ശ്രീനിയെയും. നീ വരണം. കരുണേട്ടനും അതുതന്നെ പറഞ്ഞു.
പ്രിവ്യൂ കണ്ടു. സിനിമ കഴിഞ്ഞപ്പോൾ തിയേറ്ററിനു അകത്തും പുറത്തും മനുഷ്യമല ഉയർന്നു. നിയന്ത്രിക്കാനാവാത്ത ആൾക്കൂട്ടം. ശ്വാസം മുട്ടുന്നു. പെട്ടെന്ന് ശ്രീനി പുറത്തേക്ക് വരുന്നതു കണ്ടു. ഞാൻ ആ നടനവൈഭവത്തെ ആദ്യമായി കാണുകയാണ്. ഒരു കറുത്ത ഹാസ്യം.
ബഹളത്തിൽ ബാലേട്ടൻ എന്റെ പേര് വിളിച്ചു. പേര് കേട്ടതിന്റെ ഓർമ്മയിൽ ശ്രീനി എന്റെ കൈപിടിച്ചു. അടുത്തുവന്നു എന്നെ സ്പർശിച്ചു. വാ, നമുക്ക് കുറച്ചങ്ങോട്ട് മാറി നിൽക്കാം. സംസാരിക്കാം. അങ്ങനെ പറഞ്ഞെങ്കിലും, കുറച്ചുനേരം മാറിനിന്നെങ്കിലും എന്നോടൊന്നും സംസാരിച്ചില്ല. ഒന്നും മിണ്ടിയില്ലെങ്കിലും സിനിമയിലെ ആ വലിയ എഴുത്തുകാരനോടൊപ്പം അൽപ്പനേരം ഒന്നിച്ചു നിൽക്കാൻ ഭാഗ്യമുണ്ടായല്ലോ. സന്തോഷം. അല്ലെങ്കിലും ആ തിരക്കിനിടയിൽ ശ്രീനിക്ക് എന്നോടെന്താണ് പറയാനുള്ളത്?

ദുബായ് ദലയിൽ ടി. പത്മനാഭന് സ്വീകരണം. കഥയുടെ കുലപതിയാണ്. അങ്ങോട്ട് പോണോ? കാണണോ? ഒരു സംശയം. സംഘാടകർ പരിപാടിക്ക് നേരത്തേ വിളിച്ചിരുന്നു. പൊതുവെ പപ്പേട്ടന് എന്നെ ഇഷ്ട്ടമല്ല. ഇ കെ നായനാരുടെ വാമൊഴിയിൽ പറഞ്ഞാൽ, ‘ഓൻ നമ്മളെ ആളല്ല’ എന്നൊരു വിചാരം.
പരിപാടി തുടങ്ങി. പപ്പേട്ടൻ സംസാരിച്ചു കഴിഞ്ഞു. എളുപ്പം വർത്തമാന മലയാള സാഹിത്യത്തിൽ പനിനീരും ചാണകവും ഒന്നിച്ചു കുടഞ്ഞു. പപ്പേട്ടൻ സീറ്റിൽ വന്നിരുന്നു. പ്രഭാഷണം ഘോരം. എല്ലാവരും വാപൊത്തി ചിരിച്ചു. കയ്യടിച്ചു. ഞാനും.
വേദിയിൽ കാലഭൈരവൻ പൊട്ടിച്ച വെടി കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു. പുകഞ്ഞു. അതൊക്കെ ആസ്വദിച്ച ശേഷം പതുക്കെ ഒന്നു തിരിഞ്ഞു നോക്കി. അപ്പോൾ പിറകിലിരിക്കുന്ന എന്നെ കണ്ടു. ഒരു ഭാവവുമില്ല. വെടി അവിടേയും പൊട്ടി. കുറച്ചു കഴിഞ്ഞപ്പോൾ അടുത്തിരുന്ന മഹതി പ്രസംഗിക്കാൻ മൈക്കിന് അടുത്തേക്ക് പോയി.
ആ നേരം അവരുടെ ഒഴിഞ്ഞ സീറ്റിലേക്ക് പപ്പേട്ടൻ എന്നെ കുടിയിരുത്തി:
‘താൻ ഈട ഇരിക്ക്. വാ…’
അങ്ങനെ, പിറകിലിരുന്ന ഞാൻ പെട്ടെന്ന് സ്ഥാനാരോഹിതനായി. ആ ഉയർച്ചയിൽ പപ്പേട്ടൻ എന്റെ കൈയിൽ തൊട്ടു. എഴുതുന്ന ആ മാന്ത്രിക വിരലിന്റെ സ്പർശനം. ഹാ… അതനുഭവിച്ചു പരിപാടി തീരുംവരെ ഞാൻ ഉൾപുളകിതനായി.
ഇഷ്ട്ടമല്ലെന്നും വെറുപ്പാണെന്നും വെറും തോന്നലുകളാണ്. അക്ഷരങ്ങൾ നെഞ്ചേറ്റിയവർക്ക് ആജീവനാന്തം അങ്ങനെ ആരേയും വെറുക്കാനോ അകറ്റാനോ കഴിയില്ല. മാനുഷിക മൂല്യത്തിന്റെ എരിയുന്ന കനലാണ് അവരുടെ ഹൃദയം. സാഹിത്യത്തിൽ ഞാനാണ്, ഞാൻ മാത്രമാണ് എന്ന വാദം അത്ര ശരിയല്ല. ബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ ചരടിനു നല്ല ബലമുണ്ട്. മുറുക്കിക്കെട്ടിയാൽ എളുപ്പം അഴിഞ്ഞുപോകാത്ത ഉറച്ച ബലം.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സുറാബ്: ‘വടക്കൻ മലബാറിലെ മുസ്ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ’ എന്നറിയപ്പെടുന്ന, കാസർകോട് നീലേശ്വരം സ്വദേശി സുറാബിന്റെ യഥാർത്ഥ പേര് അബൂബക്കർ അഹമ്മദ് എന്നാണ്. കയ്യൂർ സമരത്തിന്റെ ചരിത്രം പറയുന്ന ‘അരയാക്കടവിൽ’ എന്ന മലയാളസിനിമയിലെ ‘കയ്യൂരിൽ ഉള്ളോർക്ക്’ എന്ന ഗാനത്തിന്റെ രചയിതാവായ സുറാബ് നോവൽ, കഥ, കവിത തുടങ്ങിയ വിഭാഗങ്ങളിലായി അമ്പതിലേറെ പുസ്തകങ്ങൾ രചിട്ടുണ്ട്. കുടുംബസമേതം ഏറെക്കാലം ഷാർജയിൽ ആയിരുന്നു. ഇപ്പോൾ, ബേക്കൽ കോട്ടയ്ക്കടുത്തുള്ള ബേക്കൽ കുന്നിൽ താമസിക്കുന്നു.







