AI illustration by Surya for Malayalam article Karkkadakatthile Ramanamachantham by Sathish Kalathil

രാമായണമാസം നമ്മെ ഓർമിപ്പിക്കുന്നത്; ആത്മീയത എന്നത് ദേവാലയചുവരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഒന്നല്ല എന്നാണ്. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ശുചിത്വബോധത്തിലും ഭക്ഷണശീലങ്ങളിലും ഊന്നിയ ആരോഗ്യപരിപാലനത്തിലും കൂടി അത് പ്രതിഫലിക്കുന്നു.

കർക്കടകത്തിലെ രാമനാമച്ചന്തം

നത്തുപെയ്യുന്ന കർക്കടകമഴയിൽ പ്രകൃതിപോലും ധ്യാനനിരതമാകുന്ന കാലം. പുറംലോകം മഴയുടെ രൗദ്രതാളത്തിൽ നിശ്ചലമാകുമ്പോൾ, കേരളത്തിലെ ഭവനങ്ങളിൽ രാമനാമം മുഴങ്ങാൻ തുടങ്ങും. ഭൗതിക പ്രതിസന്ധികളെ തരണം ചെയ്ത്, ആത്മീയ ഊർജ്ജം കൈവരിക്കാൻ രാമനാമമന്ത്രങ്ങൾ ഉയരും.

കൊല്ലവർഷത്തിന്റെ അവസാന മാസമായ കർക്കടകം മഴയും രോഗങ്ങളും ക്ഷാമവും നിറഞ്ഞ കാലഘട്ടമാണ്. ഈ ദിനങ്ങളിൽ, ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിച്ച്, ദൈവചിന്തയിൽ ഉറച്ചുനിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബങ്ങളിൽ രാമായണ പാരായണം തുടങ്ങുന്നത്.

പഞ്ഞമാസമെന്ന് അറിയപ്പെടുന്ന കർക്കടകത്തിൽ നടക്കുന്ന രാമായണ പാരായണം വെറുമൊരു ചടങ്ങല്ല; നിയതമായ അനുഷ്ഠാനങ്ങളോടുകൂടിയ ആത്മീയസാധനയാണ് അത്. ഭക്തിസാന്ദ്രമായ മനസ്സോടെയും വ്രതശുദ്ധിയോടെയും നടക്കുന്ന, ആത്മസമർപ്പണത്തിലേക്കുള്ള ഈ യാത്രയിൽ ഒരു വിശ്വാസിക്ക് വഴിക്കാട്ടുന്നത് അദ്ധ്യാത്മരാമായണമെന്ന മഹദ് ഗ്രന്ഥമാണ്.

രാമചരിതത്തിന്റെ ആദിമ ആവിഷ്കാരമായ വാല്മീകീ രാമായണത്തിന്റെ, മധ്യകാലത്തിന്റെ അവസാന ശതകങ്ങളിൽ എഴുതപ്പെട്ട പുനരാഖ്യാനമായ അധ്യാത്മരാമായണമെന്ന സംസ്‌കൃത കൃതിയെ ആധാരമാക്കി കിളിപ്പാട്ട് ശൈലിയിൽ തുഞ്ചത്തെഴുത്തച്ഛൻ രചിച്ച ഈ ശ്രീരാമ ചരിതം, രാമകഥയുടെ മറ്റൊരു പുനരാഖ്യാനം മാത്രമല്ല; അത് അദ്വൈതവേദാന്ത ചിന്തയും ഭക്തിരസവും ഇഴചേർന്ന മറ്റൊരു ആത്മീയഗ്രന്ഥം കൂടിയാണ്,

അതുകൊണ്ടുതന്നെ, രാമായണപാരായണത്തിന്റെ ലക്ഷ്യം രാമകഥ വായിച്ചുതീർക്കുകയല്ല; അതിലെ ധർമ്മബോധവും ആത്മീയദർശനവും ആവാഹിക്കുകയാണ് ചെയ്യേണ്ടത്.

രാമായണ പാരായണ ചിട്ട:

കർക്കടകം ഒന്നാം തീയതി ആരംഭിച്ച് മാസാവസാനത്തോടെ അധ്യാത്മരാമായണം പൂർണമായി വായിച്ചുതീർക്കണമെന്നാണ് പരമ്പരാഗത ചിട്ട. സന്ധ്യാ സമയത്ത് കുളിച്ച് ശുദ്ധിയായി, നിലവിളക്ക് തെളിയിച്ചശേഷം കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നാണ് പാരായണം നടത്തുന്നത്. രാമായണ ഗ്രന്ഥം വയ്ക്കുന്ന പീഠത്തിനുമുന്നിൽ ഒരു കരിക്കോ അല്ലെങ്കിൽ വെള്ളം നിറച്ച ഒരു പാത്രമോ വയ്ക്കുന്ന പതിവുണ്ട്. ഹനുമാൻ സ്വാമിയുടെ സാന്നിധ്യം സങ്കൽപ്പിച്ചാണ് ഈ ആചാരം. ഗണപതി സ്തുതിയോടെയാണ് പാരായണം ആരംഭിക്കുന്നത്. തുടർന്ന്, ശ്രീരാമ സ്തുതിയും ഹനുമത് സ്തുതിയും ചൊല്ലുന്നു.

ആദ്യദിവസം ബാലകാണ്ഡത്തിലെ ശ്രീരാമാവതാര ഭാഗത്തുനിന്നാണ് പാരായണം ആരംഭിക്കുന്നത്. ഇത് മംഗളകരമായ തുടക്കമായി കണക്കാക്കപ്പെടുന്നു. ഓരോ ദിവസത്തെയും വായന അവസാനിപ്പിക്കുമ്പോൾ യുദ്ധം, മരണം, വിലാപം തുടങ്ങിയ ദുഃഖസന്ദർഭങ്ങളിൽ നിർത്താതെ ശുഭസൂചകമായ ഭാഗങ്ങളിൽ അവസാനിപ്പിക്കണമെന്നാണ് ആചാരം. വായന പൂർത്തിയാക്കിയശേഷം ഏതെങ്കിലും ശ്രീരാമസ്തുതി കൂടി ചൊല്ലുന്നതും പതിവാണ്.

ബാലകാണ്ഡം മുതൽ അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിങ്ങനെ ക്രമത്തിൽ പാരായണം പൂർത്തിയാക്കുന്നതോടെ രാമായണമാസ അനുഷ്ഠാനം സമാപിക്കുന്നു. തുടർന്ന് സർവൈശ്വര്യവും ക്ഷേമവും പ്രദാനം ചെയ്യണമെന്ന പ്രാർത്ഥനയോടെ ശ്രീരാമമംഗളശ്ലോകം ചൊല്ലി ഗ്രന്ഥം വണങ്ങി അടച്ചുവയ്ക്കുന്നു.

പ്രധാന കർക്കടക ചര്യകൾ:

ശീപോതി വയ്ക്കൽ
കർക്കടക സംക്രാന്തിയോടെ തുടക്കമാകുന്ന രാമായണമാസത്തിൽ, കേരളത്തിലെ ചില പ്രദേശങ്ങളിൽ ആചരിച്ചുവരുന്ന പ്രധാന ചടങ്ങാണ് ശീപോതി വയ്ക്കൽ അഥവാ ചീപ്പോതി. ഐശ്വര്യത്തിന്റെ പ്രതീകമായ മഹാലക്ഷ്മിയെ ‘ശീപോതി’ യായും, ദാരിദ്ര്യത്തിന്റെ പ്രതീകമായ മൂദേവിയെ ‘ചേട്ട’ യായും സങ്കൽപ്പിക്കുന്ന വിശ്വാസത്തിന്റെ ഭാഗമാണിത്.

മിഥുനമാസത്തിന്റെ അവസാന സായാഹ്നത്തിൽ പഴയൊരു മുറത്തിൽ കരിക്കട്ട, മഞ്ഞൾ, ചോറുരുള, അരി, ഉപ്പ്, മുളക് തുടങ്ങിയവ വച്ച് വീട്ടിലെ ഗൃഹനാഥ വീടിനകത്തും പുറത്തുമായി നടന്ന് “ചേട്ടേ പോ… ശീപോതീ വാ…” എന്ന് ഉച്ചത്തിൽ വിളിച്ചുപറയും. തുടർന്ന് ആ മുറം അങ്ങനെ തന്നെ വിജനമായ സ്ഥലത്തോ ജലാശയത്തിലോ കളയുന്നു. ജീവിതത്തിലെ അശുദ്ധിയും ദാരിദ്ര്യവും ദുരിതങ്ങളും ഒഴിഞ്ഞുപോകട്ടെയെന്ന പ്രാർത്ഥനയുടെ പ്രതീകാത്മകമായാണ് ഈ ചടങ്ങ് കണക്കാക്കപ്പെടുന്നത്.

അതിനുശേഷം വീടും പരിസരവും നന്നായി വൃത്തിയാക്കി, കുളിച്ച് ശുദ്ധിയായി എത്തിയ ഗൃഹനാഥ നിലവിളക്ക് തെളിയിക്കുന്നു. ഭഗവതിയുടെ പ്രതീകമായി സങ്കല്പിച്ചു വെച്ചിട്ടുള്ള വാൽക്കണ്ണാടിക്കു മുമ്പിൽ കൺമഷി, ചാന്ത്, കുങ്കുമം, ചന്ദനം, അഷ്ടമംഗല്യം, തുളസി, ദശപുഷ്പങ്ങൾ എന്നിവ സമർപ്പിച്ച് കുടുംബത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നു. ചില പ്രദേശങ്ങളിൽ കർക്കടകത്തിലെ എല്ലാ ദിവസവും ഈ ചടങ്ങ് ആചരിക്കുന്ന പതിവുണ്ട്.

നാലമ്പല ദർശനം
രാമായണ പാരായണത്തോടൊപ്പം ഭക്തിനിർഭരമാക്കുന്ന മറ്റൊരു പ്രധാന അനുഷ്ഠാനമാണ് നാലമ്പല ദർശനം. തൃപ്രയാർ, കൂടൽമാണിക്യം, മൂഴിക്കുളം, പായമ്മൽ എന്നീ ക്ഷേത്രങ്ങളിലെ ദർശനമാണ് ഇത്.

ഐതിഹ്യമനുസരിച്ച്, ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ ആരാധിച്ചിരുന്ന ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ വിഗ്രഹങ്ങൾ പിന്നീട് കടൽത്തീരത്ത് കാണപ്പെടുകയും അവ യഥാക്രമം മേൽപറഞ്ഞ ഇടങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തുവെന്നാണ് വിശ്വാസം.

ഒരേദിവസം ഉച്ചപ്പൂജയ്ക്ക് മുമ്പായി തൃപ്രയാറിലെ ശ്രീരാമനെയും ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യത്തിൽ ഭരതനെയും മൂഴിക്കുളത്ത് ലക്ഷ്മണനെയും ഒടുവിൽ പായമ്മലിൽ ശത്രുഘ്നനെയും ഈ ക്രമത്തിൽ ദർശിക്കുന്നത് ദോഷനിവാരണത്തിനും പുണ്യലാഭത്തിനും കാരണമാകുമെന്നാണ് വിശ്വാസം. തൃപ്രയാറിൽ നിന്നും ആരംഭിക്കുന്ന ഈ തീർഥയാത്ര പായമ്മലിൽ ശത്രുഘ്നസ്വാമിയെ വണങ്ങി പാഠകം സമർപ്പിക്കുന്നതോടെ പൂർത്തിയാകുന്നു.

കോട്ടയം ജില്ലയിലെ രാമപുരം, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും നാലമ്പല ദർശനപരമ്പരകളുണ്ടെങ്കിലും, മധ്യകേരളത്തിലെ ഈ നാലമ്പലയാത്രയ്ക്കാണ് കർക്കടകമാസത്തിൽ ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേരുന്നത്.

കർക്കടകക്കഞ്ഞി
കർക്കടകത്തിലെ ആത്മീയചര്യകൾക്കൊപ്പം തന്നെ ആരോഗ്യസംരക്ഷണത്തിനും നമ്മുടെ പൂർവികർ ഒരുപോലെ പ്രാധാന്യം നൽകിയിരുന്നു. മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ദഹനശക്തി മന്ദീഭവിക്കുകയും ചെയ്യുമെന്ന അനുഭവജ്ഞാനത്തിൽ നിന്നാണ് കർക്കടകത്തിലെ ഭക്ഷണക്രമങ്ങൾ രൂപപ്പെട്ടത്.

ആ ഭക്ഷണക്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഔഷധക്കഞ്ഞി, അഥവാ കർക്കടകക്കഞ്ഞി. നവരയരി, ജീരകം, ഉലുവ, ആശാളി എന്നിവയ്ക്കൊപ്പം പത്തിലകളും വിവിധ ഔഷധസസ്യങ്ങളും ചേർത്ത് തയ്യാറാക്കുന്ന ഈ കഞ്ഞി ശരീരത്തിന് കരുത്തും രോഗപ്രതിരോധശേഷിയും പകരുമെന്നാണ് ആയുർവേദം പറയുന്നത്. ദഹനം സുഗമമാക്കുന്നതിനും ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ഇത് സഹായകമാണെന്നും ആയുർവേദം പറയുന്നു. ചേന, ചേമ്പ്, കാവത്ത് തുടങ്ങിയ കിഴങ്ങുവർഗങ്ങളും വിവിധ ഇലവർഗങ്ങളും ഈ കാലയളവിലെ ഭക്ഷണക്രമത്തിൽ പ്രത്യേക സ്ഥാനം നേടിയിരിക്കുന്നു.

ആചാരപരമായും ആയുർവേദപരമായും കർക്കടകമാസത്തിൽ മുരിങ്ങയില കർശനമായും ഒഴിവാക്കണമെന്ന് പറയപ്പെടുന്നുണ്ട്. മഴക്കാലത്ത് മുരിങ്ങച്ചെടിയിൽ അമിതമായ ഈർപ്പവും കീടബാധയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം രൂപപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.

ചില പ്രദേശങ്ങളിലെ ആചാരമനുസരിച്ച് സ്ത്രീകൾ ഉപ്പില്ലാത്ത തവിടട കഴിക്കുകയും, ഉണക്കലരി വറുത്തുപൊടിച്ച് കൊടുവേലിക്കിഴങ്ങ്, ശർക്കര, തേങ്ങ, ചുക്ക് എന്നിവ ചേർത്ത് തയ്യാറാക്കുന്ന വിഭവം ഉപയോഗിക്കുകയും ചെയ്തിരുന്നു. വെള്ളിലത്താളി തേച്ചുകുളിക്കുന്നതും മുടിയിൽ ദശപുഷ്പം ചൂടുന്നതും സ്ത്രീകൾക്ക് ആരോഗ്യവും ശ്രേയസും കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു.

കർക്കടകവാവ്:

കർക്കടകമാസത്തിലെ മറ്റൊരു പ്രധാന ആചാരമാണ് കർക്കടകവാവ് ബലിതർപ്പണം. ഹൈന്ദവ വിശ്വാസപ്രകാരം പിതൃക്കൾക്കായി നടത്തുന്ന ബലിതർപ്പണങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ദിവസമായാണ് കർക്കടക അമാവാസിയെ കണക്കാക്കുന്നത്.

സൂര്യൻ ദക്ഷിണായനത്തിലേക്ക് പ്രവേശിച്ചശേഷം വരുന്ന ആദ്യ അമാവാസിയായതിനാൽ ഈ ദിവസം വിശേഷപുണ്യകാലമായി കരുതപ്പെടുന്നു. പിതൃസ്മരണയോടെ ബലിതർപ്പണം നടത്തുന്നത് മണ്മറഞ്ഞ മുൻഗാമികളോടുള്ള ആദരവിന്റെ പ്രകടനം മാത്രമല്ല, കുടുംബപാരമ്പര്യത്തോടുള്ള ആത്മബന്ധത്തിന്റെ പുതുക്കലുമാണ്. അന്നേദിവസം നടത്തുന്ന ബലികർമ്മം പിതൃക്കളുടെ അനുഗ്രഹത്തിനും ആത്മശാന്തിക്കും കാരണമാകുമെന്നാണ് വിശ്വാസം.

AI illustration by Surya for the Ramayanamasa article Karkkadakatthile Ramanamachantham by Sathish Kalathil-Image-2

എഴുത്തച്ഛൻ രാമായണത്തിലെ ഉദാത്ത ഭക്തിഭാവങ്ങൾ:

ഉടനീളം ഭക്തിരസത്താൽ സമ്പന്നമായ, അധ്യാത്മരാമായണമെന്ന എഴുത്തച്ഛൻ രാമായണത്തിലെ ഓരോ കഥാപാത്രവും വിഭിന്നമായ ഭക്തിഭാവത്തിന്റെ ഓരോ പ്രതിരൂപമാണെന്നു പറയാം.

അർദ്ധാംഗിനിയായ സീതാദേവിയിൽ പതിവ്രതാഭക്തിയുടെ ആഴം കാണാം. രാജസുഖങ്ങളെ ഉപേക്ഷിച്ച് വനവാസത്തിലേക്ക് ശ്രീരാമനെ അനുഗമിച്ച അവൾ സ്നേഹത്തിന്റെയും ആത്മസമർപ്പണത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതീകമാണ്.

ലക്ഷ്മണൻ ദാസ്യഭക്തിയുടെ ഉദാത്ത മാതൃകയാണ്. സ്വന്തം ജീവിതം ശ്രീരാമസേവയ്ക്കായി സമർപ്പിച്ച അദ്ദേഹം നിസ്വാർഥസേവയുടെ മഹത്വമാണ് പഠിപ്പിക്കുന്നത്. അതേസമയം, ശ്രീരാമന്റെ പാദുകകൾ സിംഹാസനത്തിൽ പ്രതിഷ്ഠിച്ച് രാജ്യം ഭരിച്ച ഭരതൻ അധികാരത്തേക്കാൾ ധർമ്മത്തിന് വിലകൽപ്പിച്ച പാദസേവാഭക്തിയുടെ ഉജ്ജ്വല മാതൃകയായി മാറുന്നു.

ഭക്തിയുടെ പരമോന്നത രൂപം ഹനുമാനിലാണ് ദർശിക്കപ്പെടുന്നത്. ജീവിതം പൂർണ്ണമായും ശ്രീരാമന് സമർപ്പിച്ച ഹനുമാൻ ശരണാഗതിയുടെയും നിഷ്കാമസേവയുടെയും പ്രതിരൂപമാണ്.

രാമന്റെ വരവും കാത്ത് വർഷങ്ങളോളം പാതയോരത്ത് കാത്തിരുന്ന വൃദ്ധയായ ശബരിയുടെ ജീവിതം ക്ഷമയുടെയും കാത്തിരിപ്പിന്റെയും വിശ്വാസത്തിന്റെയും മഹത്വം വെളിപ്പെടുത്തുമ്പോൾ, സീതയെ രക്ഷിക്കാൻ ജീവൻപോലും സമർപ്പിച്ച ജടായു ധർമ്മത്തിനുവേണ്ടിയുള്ള ത്യാഗത്തിന്റെ അനശ്വരസ്മാരകമായി മാറുന്നു.

രാവണന്റെ സഹോദരനായിട്ടും അധർമ്മത്തെ ഉപേക്ഷിച്ച് ശ്രീരാമനിൽ ശരണം പ്രാപിച്ച വിഭീഷണൻ സത്യത്തിനുവേണ്ടി നിലകൊള്ളുന്ന ധർമ്മഭക്തിയുടെ പ്രതിനിധിയാണ്. മറുവശത്ത്, ഭർത്താവിന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് ധർമ്മത്തിന്റെ വഴിയിലേക്ക് ഉപദേശിച്ച മണ്ഡോദരി വിവേകത്തിന്റെയും ധാർമികബോധത്തിന്റെയും പ്രതീകമായി രാമായണത്തിൽ വേറിട്ട സ്ഥാനം നേടുന്നു.

ഇപ്രകാരമുള്ള ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അധ്യാത്മരാമായണം നമ്മെ പഠിപ്പിക്കുന്നത്, ഭക്തി ഒരു ആരാധനാരീതി മാത്രമല്ലെന്നും, ജീവിതം ധർമ്മബോധത്തോടെയും സ്നേഹത്തോടെയും ആത്മസമർപ്പണത്തോടെയും നയിക്കാനുള്ള വഴിയാണെന്നുമാണ്.

ഉപസംഹാരം:

പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിറഞ്ഞ ഇക്കാല ജീവിതത്തിലും കർക്കടകത്തിലെ രാമായണമാസം തന്റെ പ്രസക്തി നഷ്ടപ്പെടുത്തിയിട്ടില്ല. അധികാരത്തേക്കാൾ ധർമ്മത്തിന് പ്രാധാന്യം നൽകിയ ശ്രീരാമനും, സേവനത്തെ ജീവിതമാക്കിയ ലക്ഷ്മണനും, ത്യാഗത്തിന്റെ പര്യായമായ സീതയും, ആത്മസമർപ്പണത്തിന്റെ പ്രതിരൂപമായ ഹനുമാനും ഇന്നും മനുഷ്യനെ മൂല്യങ്ങളുടെ വഴിയിലേക്ക് നയിക്കുന്ന ദീപസ്തംഭങ്ങളാണ്.

രാമായണമാസം നമ്മെ ഓർമിപ്പിക്കുന്നത്; ആത്മീയത എന്നത് ദേവാലയചുവരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഒന്നല്ല എന്നാണ്. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ശുചിത്വബോധത്തിലും ഭക്ഷണശീലങ്ങളിലും ഊന്നിയ ആരോഗ്യപരിപാലനത്തിലും കൂടി അത് പ്രതിഫലിക്കുന്നു.

Trending Now

Join with us