AI Cover by Surya for Oru Lailakku Poovinte Punchiri by Sathish Kalathil
ഒരു ലൈലാക്ക് പൂവിന്റെ പുഞ്ചിരി/ കവർ പേജ്/ ചാറ്റ് ജിപിടി

ആമുഖം

‘ഒരു ലൈലാക്ക് പൂവിന്റെ പുഞ്ചിരി’ ഫാദേഴ്‌സ് ഡേയുടെ ചരിത്രപശ്ചാത്തലത്തിൽ രചിച്ച ഒരു ജീവചരിത്ര നോവലാണ്. ഫാദേഴ്‌സ് ഡേയുടെ സ്ഥാപകയായ സൊനോറ ലൂയിസ് സ്മാർട്ട് ഡോഡ് എന്ന ചരിത്രവ്യക്തിത്വത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ നോവൽ വികസിക്കുന്നത്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ചരിത്രത്തിന്റെ ലഭ്യമായ രേഖകളിൽ, പല സംഭവങ്ങളും വ്യക്തമായി രേഖപ്പെടുത്തുമ്പോൾതന്നെയും, ചില ഇടങ്ങൾ നിശ്ശബ്ദമായി തുടരുന്നു. ചരിത്രം മിണ്ടാതിരിക്കുന്ന അത്തരം ഇടങ്ങളെ, ലഭ്യമായ ചരിത്രവിവരങ്ങളുടെയും കാലഘട്ടസാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ, ഭാവനയിലൂടെ പൂർണ്ണമാക്കാൻ നോവൽ ശ്രമിക്കുന്നുണ്ട്.  ചരിത്ര സംഭവങ്ങളും ഭാവനാത്മക പുനർനിർമ്മാണവും ഈ കൃതിയിൽ പരസ്പരം ഇഴചേർന്നിരിക്കുന്നു.

 ഈ നോവൽ ഗവേഷണത്തിൽ, സ്പോകെയ്നിലെ Whitworth University Archives സംരക്ഷിച്ചിട്ടുള്ള ‘ഫാദേഴ്‌സ് ഡേ’ രേഖകൾ ഉൾപ്പെടെ, നിരവധി ചരിത്രസ്രോതസ്സുകൾ സഹായകരമായിട്ടുണ്ട്. അവയുടെ ശേഖരണം, താരതമ്യവിശകലനം, ചരിത്ര സാധ്യതകളുടെ പരിശോധന എന്നിവയ്ക്ക് Google Gemini, ChatGPT തുടങ്ങിയ കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യകളുടെ സഹായവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നോവൽ ഇല്ലുസ്ട്രേഷനുകളും AI സഹായത്തോടെ ഒരുക്കിയിരിക്കുന്നു.

ചരിത്രത്തോട് വിശ്വസ്തത പുലർത്തുകയും, ചരിത്രം നിശ്ശബ്ദമായിടത്ത് മാത്രം സാഹിത്യഭാവനയ്ക്ക് ഇടം നൽകുകയും ചെയ്യുക എന്നതാണ് ഈ നോവലിന്റെ അടിസ്ഥാന രചനാസമീപനം.

ഒരു ലൈലാക്ക് പൂവിന്റെ പുഞ്ചിരി

1909 മെയ് 9

വാഷിംഗ്ടണിലെ സ്പോകെയ്ൻ കൗണ്ടിയുടെ ആസ്ഥാനമായ സ്പോകെയ്ൻ നഗരത്തിലെ ഒരു പുലർക്കാലം. ഏകദേശം മൂന്നു മൂന്നര മണി ആയിക്കാണും. സ്പോക്കയ്ൻ നദിക്കരയുടെ വടക്ക്, വെസ്റ്റ് ഷാർപ്പ് അവന്യൂവിലെ 210-ാം നമ്പർ വീട്ടിലെ തന്റെ ബെഡ്റൂമിൽ അന്തംവിട്ട് ഇരിക്കുകയാണ് നോറ. തൊട്ടരികിൽ ഭർത്താവ് ജോൺ ഗാഢമായ ഉറക്കത്തിലാണ്. ‘താനും ഇതുവരെ നല്ല ഉറക്കത്തിലായിരുന്നു.’ നോറ ഓർത്തു.

ദൂരെ, തെക്കൻ മലനിരകൾ താണ്ടി വടക്കൻ സെൽകിർക്ക് മലനിരകളുടെ ഭാഗത്തേക്ക് കടന്നുപോകുന്ന ഏതോ ഒരു ഗുഡ്സ് ട്രെയിനിന്റെ വിസിൽ ശബ്ദം മുറിയിലെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് അവളുടെ കാതിലെത്തി. മിക്കവാറും അത് കൽക്കരി കൊണ്ടുപോകുന്ന വണ്ടിയാകണം. സമീപത്തെ ഖനികളിൽ നിന്ന് കൽക്കരിയുമായി വരുന്ന ഗുഡ്സ് വണ്ടികൾ ഈ സമയങ്ങളിലാണ് അധികവും നഗരം വിട്ടുപോകാറുള്ളത്. ഈ തെരുവിന് അല്പം വടക്കോട്ട് വലിയ റെയിൽവേ ലൈനുകളും യാർഡുകളും ഉള്ളതുകൊണ്ട്, ട്രെയിനുകളുടെ വിസിലും ഇരുമ്പുചക്രങ്ങളുടെ ഉരസ്സലും നോറയ്ക്ക് പുതുമയല്ല. പലപ്പോഴും ആ ശബ്ദങ്ങൾ അവളുടെ ഉറക്കം കെടുത്താറുണ്ട്. പക്ഷേ, ഇപ്പോഴത്തെ ഉണർച്ചയ്ക്ക് ഒരു ട്രെയിൻ ശബ്ദവും കാരണമായിരുന്നില്ല.

‘താനെന്താണ് കണ്ടത്…?’
നോറ ഓർത്തെടുക്കാൻ ശ്രമിച്ചു. അതൊരു ദുഃസ്വപ്നമായിരുന്നില്ല. അത് ഉറപ്പാണ്. എങ്കിലും, തന്റെ സ്വച്ഛന്ദമായ പുലർകാല നിദ്രയെ അത് കെടുത്തിയിരിക്കുന്നു.

പെട്ടെന്ന് തെളിഞ്ഞ് മാഞ്ഞുപോകുന്ന നിഴൽക്കാഴ്ചകൾ…
നഗരം നിറയെ ആളുകൾ…
തോരണങ്ങൾ…
എങ്ങും ആഘോഷത്തിന്റെ ആർപ്പുവിളികൾ…

കൂട്ടംകൂടലുകൾ…
പ്രകടനങ്ങൾ…
ആരൊക്കെയോ എന്തൊക്കെയോ പ്രസംഗിക്കുന്നു…
ആരെയോ സ്വീകരിക്കുന്നു…
പക്ഷേ, അധികം ഒന്നും വ്യക്തമല്ല.

ആൾക്കൂട്ടത്തിനിടയിലൂടെ ഒരു പെൺകുട്ടി നടന്നുപോകുന്നതും, അവളുടെ കയ്യിൽ പർപ്പിൾ നിറത്തിലുള്ള ലൈലാക്ക് പൂക്കളുടെ ഒരു പൂച്ചെണ്ടുണ്ടായിരുന്നതും, അത് ആരുടെയോ കൈകളിലേക്ക് അവൾ കൈമാറുന്നതും മാത്രം വ്യക്തമായി ഓർമ്മയുണ്ട്. പക്ഷേ, ആ മുഖങ്ങൾ ഏതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല.

ഇപ്പോൾ നഗരം മുഴുവൻ ലൈലാക്ക് പൂത്തുനിൽക്കുന്ന കാഴ്ചയാണ്. സ്പോകെയ്നിൽ വസന്തം ഏറ്റവും ശോഭയാർന്നു നിൽക്കുന്ന സമയം. ഇക്കാലങ്ങളിൽ ലൈലാക്കിന്റെ വശ്യഗന്ധമാണ് സ്പോകെയ്നിലെ പല വീടുകളുടെയും തുറന്ന ജനലുകളിലൂടെ പുലർക്കാലങ്ങളെ ഉണർത്താറുള്ളത്. ആ സുഗന്ധം ഇപ്പോഴും മുറിയിലാകെ തങ്ങി നിൽക്കുന്നതുപോലെ തോന്നി.

പുറത്ത്, രാത്രി പതുക്കെ പിൻവാങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും, ജാലകച്ചില്ലിലൂടെ അരിച്ചിറങ്ങി വരാറുള്ള പുലർകാലത്തെ ഇളംമഞ്ഞ വെളിച്ചം മുറിക്കുള്ളിലേക്കു കടന്നുവരാനുള്ള സമയമായിട്ടില്ല. അകം മുഴുക്കെ ചാരനിറമുള്ള വെള്ളിവെളിച്ചം തങ്ങി നിൽക്കുന്നു.

മിക്കവാറും ദിവസങ്ങളിൽ, മുറിയിൽ പുലർകാലം പടരുന്ന അതേ നേരത്താണ്, ജനലുകൾക്കപ്പുറമുള്ള നിശ്ശബ്ദത മുറിഞ്ഞുതുടങ്ങുന്നത്. വെസ്റ്റ് ഷാർപ്പ് അവന്യൂവിന്റെ തെക്ക്, തൊട്ടടുത്ത ജങ്ഷനിലെ ട്രാം സ്റ്റേഷനിൽ ആദ്യത്തെ ട്രാം വന്നു നിൽക്കുന്ന മണിയൊച്ച കേൾക്കാം. വടക്കൻ ഖനികളിലേക്ക് പോകുന്ന പണിക്കാരുമായി നിറഞ്ഞ ട്രാമാണത്. അപ്പോഴേക്കും എതിർദിശയിൽ നിന്ന് മറ്റൊരു ട്രാം സ്റ്റേഷനിലെത്തും. കിഴക്കൻ മലനിരകളിലെ ഖനികളിലേക്ക് പോകേണ്ട തൊഴിലാളികളാകും അതിൽ നിറയെ. രണ്ടാമത്തെ ട്രാം എത്തുന്നതോടെ, ആദ്യം വന്ന ട്രാം പതിയെ വടക്കോട്ട് നീങ്ങിത്തുടങ്ങും. വീടിനരികിലെ സിംഗിൾ ട്രാക്കിലൂടെ കടന്നുപോകുന്ന ട്രാം ചക്രങ്ങളുടെ മുരൾച്ചയും, അതിൽ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന പണിക്കാരുടെ കോലാഹലവും കുറച്ചുകാലമായി നോറയുടെ പതിവ് വേക്ക്-അപ്പ് കോൾ ആയി മാറിയിരുന്നു.

നോറ ഒന്നു നെടുവീർപ്പിട്ടു. അവൾ തല ചെരിച്ച് ജോണിനെ നോക്കി.
‘പാവം! തന്നെയൊരു രാജകുമാരിയെ പോലെ പരിപാലിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നു. ഇന്ന് കൈവന്നുചേരാൻ പോകുന്ന ഒരു മഹാഭാഗ്യത്തെ സ്വപ്നം കണ്ട് ഉറങ്ങുകയാകും.’

വൂളൻ യൂണിയൻ സ്യൂട്ടിന് മുകളിൽ കട്ടിയുള്ള നൈറ്റ്ഷർട്ടും നൈറ്റ്ക്യാപ്പും ധരിച്ചാണ് ജോൺ കിടക്കുന്നത്. എന്നിട്ടും ചെറിയൊരു വിറയൽ ഉള്ളതുപോലെ തോന്നി. കമ്പിളിപ്പുതപ്പ് ബെഡിന്റെ ഓരത്തേക്ക് തെന്നിക്കിടക്കുന്നു. നോറ പതിയെ അതെടുത്ത് ജോണിനെ നന്നായി പുതപ്പിച്ചു. ‘ജോണിനെ പോലെ ഒരു ഭർത്താവിനെ കിട്ടിയ താനെത്രമാത്രം ഭാഗ്യവതിയാണ്.’ ജോണിനെ കുറിച്ചു ചിന്തിച്ചപ്പോൾ അവളുടെ മനസ് നിറഞ്ഞു. ‘ഇനി ജോണിനെപ്പോലെ ഒരു കുഞ്ഞിനെ കൂടി കിട്ടിയാൽ അതിൽപരം സന്തോഷം മറ്റെന്തുണ്ട്, തനിക്ക്…’ അവൾ തന്റെ വയറിൽ പതിയെ തലോടി. നാലാം മാസം ആകുന്നതേയുള്ളൂ. ജോൺ ഇടക്കിടെ വയറിൽ ചെവിയോർത്തു കിടക്കും, അനക്കം വല്ലതും കേൾക്കുന്നുണ്ടോ എന്നറിയാൻ. അപ്പോൾ, ജോണിന്റെ കോലൻ തലമുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചുകൊണ്ട് താൻ പറയും, ‘ഹേ ഡിയർ… സമയം ആയിട്ടില്ല, കുറച്ചു നാൾകൂടി കാത്തിരിക്കൂ…’ എന്ന്. അതോർത്തപ്പോൾ നോറയുടെ മുഖത്ത് അഭിമാനത്തിന്റെ മന്ദസ്മിതം പൂത്തുവിടർന്നു. അവൾ ജോണിനെ നോക്കി.

AI illustration by Surya for the Malayalam Biographical Novel Oru Lailakku Poovinte Punchiri by Sathish Kalathil-Chapter 1-Image-2

ശീതകാലം ഒഴിഞ്ഞുപോയി ദിവസങ്ങൾ കഴിഞ്ഞിട്ടും പുലർച്ചകളിലെ തണുപ്പിന് ഇപ്പോഴും വലിയ ശമനമില്ല. സ്പോകെയ്നിലെ വെള്ളച്ചാട്ടങ്ങളിൽ തലത്തല്ലി വീണ് ഇരമ്പിക്കരഞ്ഞ് കുതിച്ചുപാഞ്ഞുപോകുന്ന സ്പോകെയ്ൻ നദി കുടഞ്ഞിടുന്ന നീർത്തുള്ളികൾക്ക് ഈ സമയങ്ങളിൽ വടക്കൻ മലമുകളിലെ മഞ്ഞുകട്ടകളുടെ അതേ തണുപ്പാണ്.

അണഞ്ഞുകിടക്കുന്ന ഫയർപ്ലേസിലെ ചാരമായി തീർന്ന കൽക്കരിക്കട്ടകളിലേക്ക് ഒരു നിമിഷം നോക്കിയിരുന്ന ശേഷം അവൾ മെല്ലെ എണീറ്റ് ബാത്ത് റൂമിലേക്ക് നടന്നു. ആ സമയം, അവളുടെ ഉള്ളിൽ ശക്തമായ ഒരു തിരമാല ഉയർന്നു:
‘കാലത്ത് പള്ളിയിൽ പോകണം. ഇന്നലെ രാത്രി കിടക്കാൻ നേരം ജോണിനോട് പറഞ്ഞിരുന്നു, ഇന്ന് വരുന്നില്ലെന്ന്. രാത്രി അത്രയ്ക്ക് ക്ഷീണമുണ്ടായിരുന്നു. പലവട്ടം ഛർദ്ദിച്ചു. തലകറക്കം വന്നു. മനം പിരട്ടൽ ഇപ്പോഴും ശക്തമാണ്.

എങ്കിലും…
ഇന്ന് പള്ളിയിൽ പോകണം.’

ബാത്ത് റൂമിൽ നിന്നും തിരികെ എത്തിയ അവൾ, കട്ടിലിന്റെ ഓരത്ത് ഇരുന്നു. പുറത്തേക്ക് നോക്കി. രാത്രി മാഞ്ഞുതുടങ്ങിയിരുന്നു. കിഴക്കേ ആകാശത്തിന്റെ അരികിൽ നിന്ന് ഇളം തവിട്ടുനിറം കലർന്ന നേർത്ത വെളിച്ചം പതിയെ പൊട്ടിപ്പുറപ്പെട്ടുവരുന്നത് അന്ന് അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു ഉന്മേഷം ഉണ്ടാക്കി.

ജോണിന്റെ പുതപ്പ് വീണ്ടും സ്ഥാനം തെറ്റിത്തുടങ്ങിയിരുന്നു. നോറ അത് മെല്ലെ വലിച്ചുനേരെയിട്ടു. തന്റെ കാലുകളിലെ താഴേക്ക് ചുരുണ്ടുപോയിരുന്ന വൂളൻ സ്റ്റോക്കിംഗ്സ് മുകളിലേക്ക് വലിച്ചുകയറ്റി. അഴിഞ്ഞുകിടന്ന ഫ്ലാനൽ നൈറ്റ്ഗൗണിലെ വള്ളികൾ മുറുക്കിക്കെട്ടി. തലയിണക്കരികിൽ മാറ്റിവെച്ചിരുന്ന ബെഡ്‌ജാക്കറ്റ് എടുത്ത് ധരിച്ചു. പിന്നെ വീണ്ടും കിടന്നു.

പണ്ട് അവളുടെ അമ്മ എല്ലെൻ പറയാറുള്ള കാര്യം അന്നേരം അവളുടെ ഓർമ്മയിൽ വന്നെത്തി:
“പുലർക്കാല സ്വപ്നങ്ങൾ പലപ്പോഴും സംഭവിക്കാൻ പോകുന്ന എന്തിന്റെയെങ്കിലും സൂചനയായിരിക്കും…”

ആ സമയം മരിച്ചുപോയ അമ്മയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു. തന്റെ കൗമാരം പടിയിറങ്ങിത്തുടങ്ങിയ നാളുകളിലായിരുന്നു അമ്മയുടെ മരണം. അന്ന് തനിക്ക് പതിനാറ് വയസ്സ്. ഏറ്റവും ഇളയ കുഞ്ഞനുജൻ മാർഷലിന് പത്തു വയസ്സ്. തനിക്കും മാർഷലിനും ഇടയിൽ ചാൾസ്, ഹെൻറി, ജോർജ്, തോമസ്… എല്ലാവരും കുട്ടികൾ.

അതിനിടയിൽ എല്ലാ ഭാരങ്ങളും ഒറ്റയ്ക്ക് ചുമന്ന് നിൽക്കുന്ന അച്ഛൻ. നോറയുടെ മനസ്സിലേക്ക് അച്ഛൻ വില്യം ജാക്സൺ സ്മാർട്ട് കടന്നുവന്നു. അമ്മയുടെ ആദ്യവിവാഹത്തിലെ മൂന്ന് മക്കളെയും സ്വന്തം മക്കളെയും ഒരുപോലെ നെഞ്ചേറ്റി വളർത്തിയ മനുഷ്യൻ. അമ്മയുടെ മരണശേഷവും മക്കളെ വളർത്താൻ ആരുടെയും സഹായം തേടിയില്ല. ഒരു മക്കളെയും ബന്ധുക്കളെ ഏല്പിച്ചില്ല. ജീവിതം വീണ്ടും തുടക്കത്തിൽ നിന്നെന്നപോലെ, എല്ലാ ഉത്തരവാദിത്തങ്ങളും ഒറ്റയ്ക്ക് ചുമന്നു.

വീട്ടിലെ ജോലികൾ. പാടത്തെ പണി. കുഞ്ഞുങ്ങൾ. ആ കൊച്ചു വീട്. അതായിരുന്നു അച്ഛന്റെ ലോകം. അങ്ങനെയുള്ള അച്ഛനെ ഓർക്കാതെ, കുഞ്ഞൻ മാർഷലിനെ നോക്കാതെ, തനിക്ക് പഠനം തുടരാൻ കഴിയുമായിരുന്നില്ല. അച്ഛനോട് തീർത്തുപറഞ്ഞു, താൻ പഠിപ്പ് നിർത്തുകയാണെന്ന്. അമ്മ പോയതോടെ മാർഷലിന് എപ്പോഴും താൻ കൂടെ വേണം. ചേട്ടന്മാരോടൊപ്പം കളിക്കാൻ പോലും അവന് ഇഷ്ടമല്ലായിരുന്നു. അവർ അവനെ ഇടക്കിടെ കരയിപ്പിക്കുമായിരുന്നു.

കണ്ണുകൾ പതിയെ കനംതൂങ്ങിത്തുടങ്ങുന്നത് നോറ അറിഞ്ഞു. എങ്കിലും ഉറങ്ങാൻ മനസ്സ് കൂട്ടാക്കിയില്ല. ഇപ്പോൾ കണ്ട സ്വപ്നം എന്തോ നല്ലത് സംഭവിക്കാനിരിക്കുന്നതിന്റെ സൂചനയായിരിക്കുമെന്നൊരു വിശ്വാസം അവളുടെ മനസ്സിൽ വേരൂന്നി.

‘ഒരുപക്ഷെ, ജോൺ ഇന്ന് പങ്കെടുക്കാൻ പോകുന്ന മീറ്റിങ് വിജയിക്കും എന്നതിന്റെ സൂചനയാകാം. പക്ഷേ, അതിനെന്തിനാണ് ഇങ്ങനെ ഒരു സ്വപ്നം…?’

ഒരു നിമിഷം ആ ചിന്ത അവളിലൂടെ കടന്നുപോയി. പക്ഷേ അതിന്റെ അർത്ഥം തേടി മനസ്സിനെ അലട്ടാൻ അവൾ ശ്രമിച്ചില്ല. പകരം, അവളുടെ ചിന്തകൾ വീണ്ടും ജോണിലേക്കു മടങ്ങി.

‘പത്ത് ലക്ഷം ഡോളറിന്റെ ഇൻഷുറൻസ്. ഇത്രയും വലിയ ഒരു പോളസി ജോൺ ഇതുവരെ നേടിയിട്ടില്ല. അയാളുടെ ക്ലയന്റുകളിൽ അധികവും കൃഷിക്കാരും ഖനിത്തൊഴിലാളികളും സാധാരണ കുടുംബങ്ങളുമാണ്. ആദ്യമായാണ് ഒരു മില്യണറെ കാണാൻ പോകുന്നത്. ആ പോളസി ലഭിച്ചാൽ വലിയൊരു കമ്മീഷനാണ് കയ്യിൽ വരിക. അത് മുടങ്ങിക്കൂടാ. ക്രിസ്തുവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കണം. അതിനു വേണ്ടി ഇന്ന് പള്ളിയിൽ പോയേ മതിയാകൂ.’

നോറ ഉറപ്പിച്ചു.

ആ സമയം, പതിയെ പതിയെ അടഞ്ഞുതുടങ്ങിയ അവളുടെ കണ്ണുകൾക്കുള്ളിൽ വീണ്ടും അമ്മയുടെ മുഖം തെളിഞ്ഞു.

ആ മുഖത്ത് ഗൂഢമായ ഒരു പുഞ്ചിരി തങ്ങി നിൽക്കുന്നതുപോലെ…
അമ്മയ്ക്ക് തന്നോട് എന്തോ പറയാനുള്ളതുപോലെ…

അവൾക്ക് അങ്ങനെ തോന്നി.

Join with us