
ചായം ധർമ്മരാജൻ സ്മരണിക; ഓർമ്മക്കുറിപ്പുകൾ ക്ഷണിക്കുന്നു
9656351858 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ ജൂലൈ 31നകം കുറിപ്പുകൾ അയക്കണം:
തിരുവനന്തപുരം: കവിയും അധ്യാപകനുമായിരുന്ന ഡോ. ചായം ധർമ്മരാജന്റെ പേരിൽ പുറത്തിറങ്ങാൻ പോകുന്ന ‘ചായം മങ്ങാത്ത ഓർമ്മകൾ’ എന്ന സ്മരണികയിലേക്ക് ഓർമ്മക്കുറിപ്പുകൾ ക്ഷണിക്കുന്നു.
9656351858 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ ജൂലൈ 31നകം കുറിപ്പുകൾ അയക്കണമെന്ന് എഴുത്തുകാരൻ കൊന്നമൂട് വിജു അറിയിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സാഹിത്യകാരന്മാരുടെ കൂട്ടായ്മയായ മലയാളം കവിതാ സമിതിയാണ് സ്മരണിക തയ്യാറാക്കുന്നത്.
വിതുരയ്ക്കടുത്തുള്ള ചായം ഗ്രാമത്തിൽ ജനിച്ച ധർമ്മരാജൻ, സർക്കാർ കോളേജ് അധ്യാപകരുടെ സംഘടനയായ എകെജിസിടിയുടെ സജീവ പ്രവർത്തകനും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 10നാണ് അന്തരിച്ചത്.
2000 ൽ കട്ടപ്പന ഗവ. കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ആറ്റിങ്ങൽ ഗവ. കോളേജ്, ചിറ്റൂർ ഗവ.കോളേജ്, തിരുവനന്തപുരം ഗവ. വിമൻസ് കോളേജ്, നെടുമങ്ങാട് ഗവ. കോളേജ് തുടങ്ങിയ ഇടങ്ങളിൽ മലയാള വിഭാഗം തലവനായിരുന്നു.
‘അതീവരാവിലെ’, ‘സമാസമം’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ധർമ്മരാജന്റെ ഒട്ടനവധി കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. എ. അയ്യപ്പൻ പുരസ്കാരം, യുവധാര സാഹിത്യ പുരസ്കാരം, ദോഹ നവയുഗം കവിതാ പുരസ്കാരം, അനിയാവാ സാഹിത്യ പുരസ്കാരം, മുത്താന സാംബശിവൻ പുരസ്കാരം, ഋതു സാഹിത്യ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ജീവനക്കാരിയും എഴുത്തുകാരിയുമായ ഡോ. കവിതയാണ് ഭാര്യ.







