Ramesh Chennithala Speaks-Vrithanthavritham
സി.എ. കൃഷ്ണൻ രചിച്ച ‘വൃത്താന്തവൃത്തം’ പുസ്തകത്തിന്റെ പ്രകാശനത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു.

'വൃത്താന്തവൃത്തം' പ്രകാശനം

തൃശൂർ: മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി.എ. കൃഷ്ണൻ രചിച്ച ‘വൃത്താന്തവൃത്തം’ ഭൂതകാല പത്രസ്മരണകളുടെ സമാഹാരം മാത്രമല്ല, സമകാലിക പത്രപ്രവർത്തനത്തിനുള്ള ഒരു പ്രധാന റഫറൻസ് ഗ്രന്ഥമായും കണക്കാക്കപ്പെടേണ്ടതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ‘വൃത്താന്തവൃത്തം’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എ. കൃഷ്ണനുമായുള്ള തന്റെ ബന്ധത്തിന് ദീർഘകാലത്തെ പഴക്കമുണ്ടെന്നും, കെ. കരുണാകരന്റെ പ്രസ് സെക്രട്ടറിയായിരുന്ന കാലം മുതൽ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും ചെന്നിത്തല അനുസ്മരിച്ചു. ആ ബന്ധം ഇന്നും തുടരുന്നതായും അദ്ദേഹം പറഞ്ഞു.

പത്രപ്രവർത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സി.എ. കൃഷ്ണൻ സാഹിത്യരംഗത്തും തനതായ സ്ഥാനം നേടിയിട്ടുണ്ടെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. പത്രപ്രവർത്തനാനുഭവങ്ങളും ചരിത്രസാക്ഷ്യങ്ങളും സമന്വയിപ്പിക്കുന്ന കൃതിയാണ് ‘വൃത്താന്തവൃത്തം’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ramesh Chennithala releases Vrithanthavritham written by C A Krishnan
സി. എ. കൃഷ്ണന്റെ ‘വൃത്താന്തവൃത്തം’ രമേശ് ചെന്നിത്തല പ്രകാശനം ചെയ്യുന്നു.

മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. സേതുമാധവൻ പുസ്തകം ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു അധ്യക്ഷത വഹിച്ചു. രാജൻ പല്ലൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത് ബാലൻ, മുതിർന്ന പത്രപ്രവർത്തകൻ എൻ. ശ്രീകുമാർ, പ്രസ് ക്ലബ് ഭരണസമിതി അംഗം ടി.എസ്. നീലാംബരൻ എന്നിവർ സംസാരിച്ചു. സി.എ. കൃഷ്ണൻ മറുപടി പ്രസംഗം നടത്തി.

തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ അടുത്തിരിക്കെയാണ് മധ്യകേരളത്തിന്റെയും പ്രത്യേകിച്ച് തൃശൂരിന്റെയും പത്രപ്രവർത്തന ചരിത്രത്തിലെ ശ്രദ്ധേയമായ ഏടുകൾ രേഖപ്പെടുത്തുന്ന ‘വൃത്താന്തവൃത്തം’ പുറത്തിറങ്ങിയിരിക്കുന്നത്. ഗ്രീൻ ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.

തൃശ്ശൂർ നഗരത്തെയും നഗരത്തിലെ പ്രധാന സ്ഥാപനങ്ങളെയും വ്യക്തികളെയും സംഭവങ്ങളെയും സമഗ്രമായി പ്രതിപാദിക്കുന്ന ‘അഞ്ചുവിളക്ക്’, കേരളത്തിലെ പൂരങ്ങളെയും ഉത്സവാഘോഷങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ‘ദേശവലത്ത്’, ‘ വി ആർ കൃഷ്ണൻ എഴുത്തച്ഛൻ’, തന്റെ ജന്മദേശമായ ചൂരക്കാട്ടുക്കരയെ കുറിച്ചുള്ള ‘‘കാഴ്ചക്കുറിപ്പുകൾ’ എന്നീ കൃതികളും സി.എ. കൃഷ്ണൻ രചിച്ചിട്ടുണ്ട്.

C A Krishnan speaks-Vrithanthavritham
‘വൃത്താന്തവൃത്തം’ പ്രകാശന ചടങ്ങിൽ സി. എ. കൃഷ്ണൻ മറുപടി പ്രസംഗം നടത്തുന്നു.

Join with us