Artist Gopalan AI illustration by Surya for Prathibhavam

കാമ്പിശേരി പുരസ്കാരം അക്ഷരശില്പി ആർട്ടിസ്റ്റ് ഗോപാലന്

പത്രപ്രവര്‍ത്തന മേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം:

കൊല്ലം: പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ സ്മരണാർത്ഥം കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറി ഏർപ്പെടുത്തിയിട്ടുള്ള ഏഴാമത് ‘കാമ്പിശേരി പുരസ്കാരം’ ആർട്ടിസ്റ്റ് ഗോപാലന് ലഭിച്ചു. പത്രപ്രവര്‍ത്തന മേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം.

അഞ്ച് പതിറ്റാണ്ടിലേറെയായി കേരളത്തിലെ മാധ്യമ-കലാ രംഗത്ത് സജീവ സാന്നിധ്യമായ ഗോപാലൻ, ജനയുഗം പത്രത്തിലൂടെയാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജനയുഗം പത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരനുമായി ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം ജനയുഗം ആഴ്ചപ്പതിപ്പ്, സിനിരമ, ബാലയുഗം തുടങ്ങി നിരവധി മാധ്യമങ്ങൾക്ക് ഇലസ്ട്രേഷന്‍ ചെയ്തിട്ടുണ്ട്. ആദ്യ കാലത്ത് പല പത്രങ്ങളുടെയും മാസികകളുടെയും തലക്കെട്ടുകൾ കൈകൊണ്ട് മനോഹരമായി വരച്ചുണ്ടാക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു അദ്ദേഹം.

മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ കഥകൾക്കും നോവലുകൾക്കും വരച്ച രേഖാചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. കൂടാതെ, കെ.പി.എ.സി ഉൾപ്പെടെയുള്ള പ്രമുഖ നാടക സമിതികളുടെ നാടകങ്ങൾക്ക് വേണ്ടി ഒരുക്കിയിരുന്ന പശ്ചാത്തല ദൃശ്യങ്ങളിലും നാടക പോസ്റ്ററുകളിലും അദ്ദേഹത്തിന്റെ കൈമുദ്രയുണ്ടായിരുന്നു. നിരവധി രാഷ്ട്രീയ-സാമൂഹിക കാർട്ടൂണുകളും വരച്ചിട്ടുള്ള അദ്ദേഹം പരസ്യകലാ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.

25,000 രൂപയും ശില്പി അജിത് പ്ലാക്കാട് രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായിരുന്ന കെ. വി. മോഹന്‍കുമാര്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായിരുന്ന എം. ജി. രാധാകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തക ഗീത നസീര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിഏകകണ്ഠമായാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Trending Now

Join with us