
വാതിൽപ്പുറചിത്രീകരണം
കൊച്ചിന് കാതുകുത്തണ്ടേന്ന്
അമ്മച്ചി ചോദിച്ചതിന്റെ പിറ്റേന്ന്
അപ്പന്റെയൊരു വാരിയെല്ല്
എഴുന്നുനിന്നു.
കാതുകുത്തുമ്പോൾ
ഞാൻ കരഞ്ഞത്രേ!
അമ്മച്ചി ചിരിച്ചു.
അപ്പൻമാത്രം നിസ്സംഗനായ് നിന്നു.
കൂട്ടുകാരിക്കുണ്ടൊരു
സ്വർണ്ണമാലയെന്ന്
കണ്ണുനിറച്ചതിന്റെ പിറ്റേന്ന്
അപ്പന്റെ, രണ്ടാമത്തെ വാരിയെല്ലും
എഴുന്നു നിന്നെന്നെ തുറിച്ചു നോക്കി.
ഞാനത് കണ്ടില്ലെന്നുവെച്ചു.
വെയിലും മഴയുമേറ്റപ്പൻ
കൂപ്പിൽ തടിപിടിക്കുന്നതു കണ്ടിട്ടും
ഞാനങ്ങനെ കാണാത്തപോലെ നടന്നു.
അപ്പനങ്ങനെ വെന്തുനിന്നു.
“ന്റെ മോള് പഠിച്ചു വല്യ ആളാവണെന്ന്”
അപ്പൻ പിന്നേം പിന്നേം പറഞ്ഞിട്ടും
അയാളെയേ കെട്ടൂന്ന് ചിണുങ്ങിച്ചിണുങ്ങി ഞാൻ,
പത്തിൽ രണ്ടുവട്ടം തോറ്റു.
ജീവിതത്തിൽ പലവട്ടം തോറ്റ അപ്പന്റെ,
ശേഷിച്ച വാരിയെല്ലുകൾ,
ഇരുപത് പവനും ചെലവുകളുമായി
എഴുന്നുനിന്നു.
കുഞ്ഞമ്മുവിന്റെ കാതുകുത്തിന്റെ
തലേന്നപ്പൻ മരിച്ചപ്പോ,
“കൊച്ചിന്റെ കാതുകുത്തണ്ടേന്ന്”
അമ്മ അലമുറയിട്ടു.
കേട്ടുനിന്നവരെല്ലാം കണ്ണുനിറച്ചപ്പോ
ഞാനപ്പനെത്തന്നെ നോക്കിയിരുന്നു.
വെള്ളത്തുണിക്കുള്ളിലൂടെ
അപ്പന്റെ വാരിയെല്ലുകളപ്പോളും എഴുന്നുനിന്നു.
വേണം വേണമെന്നല്ലാതെ
അപ്പനെന്തെങ്കിലും വേണോന്ന്…
നെഞ്ചു നീറിയിട്ടല്ലാതെ
അപ്പനെന്നെങ്കിലും ചിരിച്ചോന്ന്…
തടിക്കൂപ്പും വീടുമല്ലാതെ
അപ്പനെവിടേലും പോണോന്ന്…
ചോറും മീൻകറീം അല്ലാതെ
അപ്പനെന്തെങ്കിലും കഴിച്ചോന്ന്…
ഞങ്ങൾക്കിനിയാരുണ്ടെന്നല്ലാതെ
അപ്പനിനി ആരുണ്ടെന്ന്…
ഒരിക്കലെങ്കിലും ചോദിക്കാൻമാത്രമായി
അപ്പനൊന്നു തിരികെ വന്നെങ്കിൽ..!
Join with us

റിസ്വാന സിനി: കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശിനി.






