The Solitary Daffodil/Malayalam Translation of Lekshmi V’s English Poem, ‘The Mighty Daffodil’ Translated by Sathish Kalathil

AI illustration by Surya for the Malayalam Translation poem The Solitary Daffodil by Sathish Kalathil

ഏകാകിനിയായ ഡാഫോഡിൽ

ആഞ്ഞടിച്ച കൊടുങ്കാറ്റുകൾ,
ഭീതിദമായ ഇടിമിന്നലുകൾ,
നിലയ്ക്കാതെ പെയ്തിറങ്ങിയ
രജതരേഖകൾ തീർത്ത ചാറ്റൽമഴ,
പതിവിലേറെ ഇരുളിൽ മൂടപ്പെട്ട,
ഹാലോവീൻ രാവിന്റെ ആകാശം.

വിജനതയിൽ അവൾ തനിച്ചുനിന്നു,
അനുപമസുന്ദരമായ ദളങ്ങളോടെ,
ഡാഫോഡിൽ എന്ന പുഷ്പം.
വളഞ്ഞുപുളഞ്ഞ് ഇളകിയാടുന്ന ഇലകൾ;
എന്നിട്ടും അവയോതുന്നു,
നിശ്ശബ്ദമായ അതിജീവനത്തിന്റെ കഥകൾ.

വിധിയാൽ പരിത്യക്തയായവളെപ്പോലെ,
ഏകാകിനിയായവളെപ്പോലെ തോന്നുമ്പോഴും,
സ്വർണ്ണനിറമാർന്ന മെയ്യിലെ സിരകളിൽ
ദിവ്യമായൊരു പ്രഭ പ്രസരിക്കുന്നു.

വിഭ്രാന്തിയോടെ,
ഉള്ളിന്റെ ഉള്ളിലെ മർമ്മരങ്ങൾക്ക്
അവൾ സ്വരം നൽകി.
ആരും കേൾക്കാനില്ലാത്ത,
ആരും വാഴ്ത്താനില്ലാത്ത സ്വരം.

എന്നിട്ടും, തന്റെ ലോലമായ തണ്ടിനെ
അവൾ ഉയർത്തിപ്പിടിച്ചു;
വിടർന്നുകൊണ്ടിരിക്കുന്ന പുഷ്പങ്ങളെയും
സ്വർണ്ണത്തിളക്കമാർന്ന
ഓമനമുകുളങ്ങളെയും
വാത്സല്യത്തോടെ പരിലാളിച്ചു.

അവൾ ഒരിക്കലും യാചിച്ചില്ല,
ഒരിക്കലും കീഴടങ്ങിയില്ല.
ചുറ്റുമുള്ള പ്രതിലോമശക്തികളെ
വെല്ലുവിളിച്ചുകൊണ്ട്,
അചഞ്ചലമായ ആത്മനിശ്ചയത്തോടെ
അവളുടെ മൗനസ്വരം മുഴങ്ങി.

പൗലോ കൊയ്‌ലോയുടെ
കാലാതീതമായ ചിന്തയെ പ്രതിധ്വനിപ്പിച്ചുകൊണ്ട്,
തന്റെ തീവ്രാഭിലാഷങ്ങളുടെ സാക്ഷാത്കാരത്തിനായി
പ്രപഞ്ചം മുഴുവൻ ഒത്തുചേരുമെന്ന്
അവൾ അടിയുറച്ചു വിശ്വസിച്ചു.

ഒടുവിൽ,
സൂര്യന്റെ കനകപ്രഭയാൽ
കിരീടമണിഞ്ഞവളായി,
അവൾ തലയുയർത്തി നിന്നു!

Join with us