AI illustration-1 by Surya for the Malayalam story Viralonnu Muttiyal by Surab

2019ൽ, സാഹിത്യ പ്രവർത്തക കോ- ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിദ്ധീകരിച്ച, സുറാബിന്റെ ‘നഗരത്തിൽ സംഭവിക്കുന്നത്’ എന്ന കഥാസമാഹാരത്തിലെ 21 കഥകളിൽ എട്ടാമത്തെ കഥയാണ്, ‘വിരലൊന്നു മുട്ടിയാൽ.’ ഈ സമാഹാരത്തിലെ മുഴുവൻ കഥകളും ഇവിടെ വായിക്കാം.

വിരലൊന്നു മുട്ടിയാൽ

യും ബിയും ചാറ്റിങ്ങിലാണ്. അവർ അടുത്ത് പരിചയപ്പെട്ടവരാണ്. എ എന്ന ആബിദും ബി എന്ന ബൽക്കീസും. ഇതൊക്കെ ഇവരുടെ ശരിയായ പേരോ, ഇവർ പറയുന്നത് ശരിക്കുമുള്ള വയസ്സോ ജീവിതമോ, എന്നൊന്നും അറിയില്ല. എന്നാലും അവർ രണ്ടുപേരും ചാറ്റിങ്ങിലൂടെ അങ്ങ് വെച്ചുകാച്ചുകയാണ്. നാടു കടക്കുകയാണ്. വീടു പൂട്ടുകയാണ്.

എ പറഞ്ഞു: ഒരു മടുപ്പിൽനിന്നാണ് എനിക്ക് നിന്നെ വീണുകിട്ടിയത്. അതിനു മറുപടി ബി എഴുതി: അതെന്താണ് ആ മടുപ്പ്….?
എ: കുറേ കാലമായി ഏകാന്തതയിലാണ്…. ഒറ്റപ്പെടൽ…
ബി: ജയിലായിരുന്നോ….?
എ: വേണമെങ്കിൽ അങ്ങനേയും പറയാം.
ബി: തെളിച്ചു പറ.
എ: ഇതുവരെ ഏകാന്തതയായിരുന്നു എറ്റവും വലിയ ചങ്ങാതി.
ബി: ഇപ്പോൾ ചങ്ങാതി മാറിയോ…?
എ: (ആ ചോദ്യംതന്നെ തിരിച്ച് അങ്ങോട്ടും ചോദിച്ച്) മാറിയോ…?
ബി: അത് ഞാനെങ്ങനെ പറയും….?
എ: എന്നാൽ അത് പറയേണ്ട. പകരം താനാരാണെന്നു പറ, അതിനു ശേഷം ഞാനാരാണെന്നു പറയാം. എന്റെ കഥ പറയാം.
ബി: കഥയോ? അതിനു താങ്കൾ കഥ എഴുതുന്ന ആളോമറ്റോ ആണോ…?
എ: ഒരു കഥ പറയാൻ, ജീവിതം പറയാൻ എന്തിനു കഥാകൃത്താവണം? അല്ലെങ്കിലും ഈ കഥാകൃത്തുക്കൾ എഴുതുന്നതു മുഴുവനും ഭാവനയല്ലേ? കല്ലുവെച്ച നുണകൾ… അതിലെവിടെയാണ് ജീവിതമുള്ളത്…? ജീവനുള്ളത്….?
ബി: അത് ശരിയാണ്. പെണ്ണിനേയും പൂവിനേയും വർണ്ണിക്കുന്ന വർഗ്ഗം,
എ: ഹഹഹഹ…. ഹ….
ബി: അതെന്നതാ ചിരിച്ചത്…? പരിഹസിച്ചതാണോ…?
എ: ഒരു മഴക്കോൾ ആകാശം കണ്ട് അങ്ങ് ചിരിച്ചുപോയതാണ്.
ബി: അപ്പോൾ വാനംനോക്കിയാണല്ലേ…?
എ: വാനം നോക്കാറില്ല. പകരം, വാണം വിടാറുണ്ട്.
ബി: വെടിക്കാരനാണോ…?
എ: നല്ല വെടിയാണെങ്കിൽ ഒന്ന് പൊട്ടിക്കും.
ബി: നല്ല തമാശ.
എ: തമാശ ഇഷ്ടമാണോ?
ബി: ആണെങ്കിൽ…?
എ: എന്റെ പെട്ടിയിൽ നിറയെ തമാശകളാ…
ബി: എത്ര കിലോ കാണും…?
എ: കിലോ അല്ല. ഉണ്ടകൾ, അരിയുണ്ട, പൊരിയുണ്ട, എള്ളുണ്ട.
ബി: ദാ, പിന്നെയും തമാശ..
എ: എന്റെ തമാശകൾക്കൊക്കെ പല നിറങ്ങളാണ്.
ബി: അതിൽ ഏതു നിറമാണ് കൂടുതൽ…?
എ: മനുഷ്യനിറം.
ബി: ബ്രൗണായിരിക്കും…?
എ: അതെന്തേ, അത്ര പെട്ടെന്ന്…?
ബി; പെട്ടെന്നല്ല, നമ്മൾ ഇന്ത്യക്കാരല്ലേ…? നമ്മുടെ നിറം അതല്ലേ…?
എ: നമ്മളിൽത്തന്നെ വെള്ളക്കാരുണ്ടല്ലോ…. അപ്പോൾ…?
ബി: അപ്പോൾ കുന്തം…
എ: ഹഹഹഹ…ഹ…
ബി: നിങ്ങൾ ഇങ്ങനെ ചിരിച്ചുകൊണ്ടിരിക്ക്. എനിക്ക് പണിയുണ്ട്. ഞാൻ പോകുന്നു.
എ: പോയോ…?

അവൾ പോയി. എ വീണ്ടും കീബോർഡിൽ ഹായ്, ഹായ് ടൈപ്പ് ചെയ്തു കൊണ്ടിരുന്നു. ആ രാത്രിയും അയാൾ ഏകാന്തതയിൽ, അയാളുടെ നിറങ്ങ ളിൽ, സ്വപ്നങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിച്ചു. അല്ലെങ്കിലും അയാൾ എന്നും ഒറ്റയ്ക്കാണല്ലോ…

ഒരു വലിയ വൻകര ഒറ്റയ്ക്ക് നടന്നുതീർത്ത ആളായിരുന്നു. അതിനെ പ്രോത്സാഹിപ്പിക്കുവാനും കയ്യടിക്കുവാനും വലിയൊരു ആൾക്കൂട്ടവും. എന്നിട്ടും, എന്നിട്ടും ഇന്നയാൾ ആൾക്കൂട്ടത്തിനു വെളിയിലാണ്. പുറത്താണ്. ആർക്കും വേണ്ടാതായ, ഭക്ഷിച്ചു വലിച്ചെറിഞ്ഞ ഒരില. കാക്കയും പൂച്ചയും നക്കിത്തുടച്ച എച്ചിൽ. ഒറ്റപ്പെടൽ വല്ലാത്തൊരു വേദനയാണ്. അസഹ്യമായ നീറ്റൽ.

പിറ്റേന്നും അതിനു പിറ്റേന്നും തന്റെ കമ്പ്യൂട്ടറിൽ, ചാറ്റിങ്ങിൽ അവൾ വന്നില്ല. മൗസിൽ കൈവിരലൂന്നി വെറുതെ ചലിപ്പിച്ചുകൊണ്ടിരുന്നു. അയാൾ മദ്യപിക്കാറില്ല. മദ്യപിക്കുമെങ്കിൽ ഏതെങ്കിലും ബാറിൽ പോയി സമയം ഛർദ്ദിക്കാമായിരുന്നു. എന്തുചെയ്യാം… മദ്യത്തോട് പണ്ടേ വെറുപ്പായിരുന്നു. അതിനു തക്ക കാരണവുമുണ്ട്.

എന്നും മൂക്കറ്റം മദ്യപിച്ചെത്തുന്ന അമ്മാമൻ. വലിയ വിദ്യാഭ്യാസവും ജോലിയും കൂലിയും ഉണ്ടായിരുന്നു. അതൊക്കെ ഓർക്കാപ്പുറത്ത് ഒലിച്ചു പോയി. മലവെള്ളം കയറിയിറങ്ങിയതുപോലെ. ആ വെള്ളത്തിൽ, അടിയൊഴുക്കിൽ അമ്മാമന്റെ ജീവിതം കടപുഴകി വീണു. അതോടെ അദ്ദേഹം വെള്ളത്തിൽനിന്നും കരകയറിയിട്ടില്ല. ഒക്കെ അമ്മാമന്റെ തലയിലെഴുത്ത്. അയൽപക്കത്തെ അത്തറുകാരന്റെ മകളെ പ്രണയിച്ചെന്നു കേട്ടിരുന്നു. പിന്നെ കെട്ടിയെന്നും. എന്നാൽ അമ്മാമൻ അത്തറുകുപ്പിയിൽനിന്നും മദ്യക്കുപ്പിയിലേക്കു കാലു മാറി. എന്തൊരു മാറ്റം, സംശയമായിരുന്നുപോലും, വെറുതെ അത്തറിനെയും മണത്തെയും അമ്മാമൻ സംശയിച്ചു. വാസ്തവത്തിൽ അമ്മാമന്റെ പെണ്ണ് പൂവെണ്ണയായിരുന്നു. അതിന്റെ മണമായിരുന്നു. എന്നിട്ടും സംശത്തിന്റെ പേരിൽ അമ്മാമനെ നാട്ടുകാർ വെന്ത നെയ്യാക്കി. ഓരോരോ പോയത്തങ്ങൾ.

തീർന്നില്ല. നാട്ടുകാർക്ക് പിന്നേയും പറയാൻ ഒരുപാടു കഥകളുണ്ട്. അത്തറിൽനിന്നും കള്ളുംകുപ്പിയിലേക്കെത്തിയ നാറ്റക്കഥകൾ.

ഇങ്ങനെ കഥകൾ ഓരോന്ന് ഓർത്തോർത്തിരിക്കുമ്പോഴാണ് നെറ്റിൽ ബി പ്രത്യക്ഷപ്പെട്ടത്.
ബി: ഹായ്.
എ: എവിടെയായിരുന്നു….?
ബി: അങ്ങേര് വന്നു.
എ: ആര്…?
ബി: ശ്ശെടാ അറിയാത്തതുപോലെ.
എ: ഇല്ല, സത്യമായും അങ്ങേരെ എനിക്കറിയില്ല.
ബി: എന്നാൽ അധികം ആലോചിച്ചു തല പുണ്ണാക്കേണ്ട, അത് അങ്ങേരുമിങ്ങേരുമൊന്നുമല്ല. ഞങ്ങൾക്കു മാസത്തിൽ വരുന്നത്.
എ: ഹോ, സമാധാനമായി. എന്നാലും അങ്ങേര് വരുമ്പോൾ ഇങ്ങനെ മാറിനിൽക്കണോ…?
അയിത്തം വല്ലതുമാണോ…?
ബി: അല്ല, അങ്ങേരു വന്നാൽ എനിക്കു വലിയ നടുവേദനയാണ്. ഒരു സ്ഥലത്തുതന്നെ ഇങ്ങനെ ഇരിക്കാൻ പറ്റില്ല. അതുകൊണ്ടാണ്.
എ: ഇപ്പോൾ അങ്ങേര് പോയോ…?
ബി: പോയി.
എ: എങ്ങോട്ട്…?
ബി: പുറത്തേക്ക്.
എ: എന്നിട്ട് അങ്ങേരോടൊപ്പം പോയില്ലേ…?
ബി: ഇല്ല.
എ: എന്നാൽ എന്റെകൂടെ വാ…
ബി: വരണോ…?
എ: വിളിച്ചാൽ വരുമോ…?
ബി: വരാം. പക്ഷേ, അവിടെ വേറെയാരും ഇല്ലല്ലോ…?

AI illustration by Surya for the Malayalam story Viralonnu Muttiyal by Surab

അയാൾ കുറേ സമയത്തേക്ക് അതിന് ഉത്തരം കൊടുത്തില്ല. അവൾ കാത്തുകാത്തു മടുത്തുകാണും. അതിനിടയിൽ കുറെ ‘ഹായ്’ വന്നുകൊണ്ടിരുന്നു. ഒടുവിൽ അതും ഇല്ലാതായി. ആരുമില്ലാത്ത ഒരാളാണ് ഇന്നയാൾ. അല്ലെങ്കിൽ അതൊക്കെ എന്തിന് ഇവളോടു പറയണം? പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ, ഉദയനു പറ്റിയ അമളി പോലെ ഇതും ആയിത്തീർന്നേനെ.

കണ്ണിൽക്കണ്ട പെണ്ണുങ്ങളോടൊക്കെ ചാറ്റുചെയ്യുന്ന സ്വഭാവം ഉദയനുണ്ട്. ഒരിക്കൽ പുതിയ അക്കൗണ്ടിലേക്ക് അവനൊരു പൂ എറിഞ്ഞു. അതൊരു പൂന്തോട്ടമായിരുന്നു. പൂ കൊടുത്തു കിട്ടിയ പൂന്തോട്ടം. ആ പൂന്തോപ്പിലിരുന്ന് അവൻ പലതും പറഞ്ഞു ചിരിച്ചു. കൂട്ടത്തിൽ സ്വന്തം ഭാര്യയുടെ പോരായ്മകളെക്കുറിച്ചും. എല്ലാ ആൺകുതിരകൾക്കും പെൺകുതിരയുടെ കഴിവുകേടിനെക്കുറിച്ചു പറയാൻ വലിയ നാവാണ്. ഉദയൻ ഏറെക്കാലം ഗൾഫിലായിരുന്നു. പലരും പറയുമ്പോലെ അവൻ പായ്ക്കപ്പലിലോ പത്തേമാരിയിലോ പോയവനല്ല. അന്തസ്സായി വിമാനത്തിൽത്തന്നെ കടലു കടന്നവനാണ്. ആ കാലത്തും വിമാനത്തിൽ പോയാലും കപ്പലിൽ പോയാലും എത്തുന്നത് മറുകരയ്ക്കുതന്നെയാണ്. വിമാനത്തിൽ വന്നവന് ഉയർന്ന ജോലി, കപ്പലിൽ വന്നവനു താഴ്ന്ന ജോലി എന്നൊന്നില്ല. ശാന്തമായ വഴി. ശാന്തമായ ആകാശം. ഇങ്ങനെ ശാന്തമാണെങ്കിലും ചില കാലത്ത് ആകാശം ചുട്ടു പൊള്ളും. ഭൂമി വിയർക്കും. ഇത്തരം വിയർപ്പും വേദനയും സഹിച്ചാണ് പലരും ജീവിക്കുന്നത്. പൊടിക്കാറ്റും മണലും ശ്വസിച്ച്. എന്നിട്ടും, അരവയറും മുഴുവയറും മുറുക്കി ഒടുവിൽ നാട്ടിലേക്ക് ഡ്രാഫ്റ്റ് അയച്ചാലോ? കിട്ടിയ വർക്കും കിട്ടാത്തവർക്കും ഒരേ ഒച്ച. പരാതികളുടെ, പരിഭവങ്ങളുടെ, ഇല്ലായ്മകളുടെ ആദിതാളം.

ഇന്നലെ ഒരു സ്വപ്നം കണ്ടു. തൊടിയിലെ അലക്കുകല്ലിൽ ഒരാൾ ഇരിക്കുന്നു. മുഷിഞ്ഞ ഒരു മനുഷ്യൻ. കുറച്ചു കഴിഞ്ഞപ്പോൾ അയാളെ കാണാനില്ല. അലക്കുകല്ലും… ഈ വിവരം വീട്ടുകാരിയോടു പറഞ്ഞപ്പോൾ അവൾ പറഞ്ഞു. “കല്ല് അയാളോടൊപ്പം പോയതായിരിക്കും…” എന്തിനാണ് അവൾ അങ്ങനെ പറഞ്ഞത്..? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒടുവിൽ പിടി തരാതെ സോപ്പുപോലെ വഴുതി അവൾ അടുക്കളയിലേക്കു പോയി.

Read Also  വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ അവസാന ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

ഇത്തരം സ്വപ്നത്തിനും ഭ്രാന്തിനും ഇടയിലേക്ക് വീണ്ടും അയാൾ കടന്നുവരുന്നു. മുഷിഞ്ഞ ആ മനുഷ്യൻ. ഇക്കുറി അയാൾ എവിടെയായിരിക്കും ഇരിക്കുക? വാഷിംഗ് മെഷീൻ ഇല്ലാത്ത ഒരു വീടാണ് ഇത്… ഇപ്പോൾ ഒന്നുമില്ല. മോന്തായവും മോഹങ്ങളും ഒന്നും. എല്ലാം അഴിഞ്ഞുവീണിരിക്കുന്നു. അഴിച്ചെടുത്തതാണ്. ഓരോരുത്തരായി. ഉദയൻ കരയുകാണ്. ആരോടെന്നില്ലാതെ, തന്നോടുതന്നെ. മുഖത്തു ചായമില്ല. പിന്നിൽ തിരശ്ശീല മുന്നിൽ കാണികളും. ഇങ്ങനെ ജീവിതം നടനവൈഭവത്തിന്റെ വേദി, പെരുവഴി.

ബി: ഏതു വഴിയിലാണ് ഇപ്പോൾ നിങ്ങൾ…?
എ: ഉദയന്റെ വഴിയിൽ.
ബി: അതിന് ഉദയൻ നേരത്തേ വന്നുപോയില്ലേ…. ഇപ്പോൾ രാത്രിയല്ലേ…?
എ: അവനു രാത്രിയില്ല, പകലും.
ബി: നിങ്ങൾക്ക് അതു വല്ലതും ഉണ്ടോ..?
എ. ഉണ്ടായിരുന്നു പണ്ട്, ഞാനൊരു നടനാകുന്നതിനുമുമ്പ്.
ബി: അപ്പോൾ നിങ്ങൾ ഒരു നടനുമാണ്?
എ: എന്താ ഇത്ര സംശയം..?
ബി: എനിക്കൊന്നും മനസ്സിലാകുന്നില്ല.
എ. മനസ്സിലാകാത്തത് ജീവിതം… മനസ്സിലാകുന്നത് നാടകം…. അഭിനയം…
ബി: എന്താണ് ഈ പറഞ്ഞതിന്റെ അർത്ഥം…?
എ: പലായനം എന്ന് കേട്ടിട്ടുണ്ടോ….?
ബി: ഒന്നു തെളിച്ചു പറ…
എ: സ്വന്തം നാട്ടിൽനിന്നും ആട്ടിയോടിക്കുക എന്നു പറഞ്ഞാൽ മനസ്സിലാകുമോ? അതുതന്നെ.
ബി: എന്നിട്ട്…?
എ: എന്നിട്ട് അതുതന്നെ. ഭാര്യയെ വിശ്വസിച്ചു സമ്പാദിച്ചതു മുഴുവനും അവളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഒടുവിൽ അതുതന്നെ സംഭവിച്ചു. അതൊക്കെ എണ്ണി അവൾ അവളുടെ ബന്ധുക്കൾക്കും കാമുകനും കൊടുത്തു. അപ്പോഴേക്കും ഉദയൻ പൂർണ്ണമായും ചരക്കു നീക്കിയ ഗോഡൗണായി. ഒഴിഞ്ഞുപോയ വീടായി.
ബി: അപ്പോൾ ഉദയൻ പണ്ട് നിറഞ്ഞ ഒരു പത്തായമായിരുന്നു എന്നർത്ഥം.
എ: അതൊക്കെ ഒരു കാലം. അന്ന് നമുക്ക് ഗ്രാമമുണ്ടായിരുന്നു, വയലും കിളികളും ഉണ്ടായിരുന്നു. സമ്പൽസമൃദ്ധിയുടെ, കാർഷികവിളയുടെ പൂക്കാലം. എന്നിട്ടും ഉദയനു നാടില്ല. എനിക്കു വീടും.
ബി: നിങ്ങൾക്ക് ഇല്ലായ്മക്കഥകൾ മാത്രമേ ഉള്ളൂ…. ഉള്ളതെന്തെങ്കിലും പറഞ്ഞുകൂടേ…? അതു കേൾക്കാനാണ് എനിക്കിഷ്ടം.
എ: എല്ലാ സ്ത്രീകൾക്കും വേണ്ടത് നേടുന്നതുമാത്രമാണ്. നഷ്ടപ്പെടുന്നത് സഹിക്കില്ല. അങ്ങനെ വരുമ്പോൾ അവൾ പുറംതള്ളും. പുച്ഛിക്കും. ഉദയനെ പുച്ഛിച്ചതും പുറംതള്ളിയതും അവന്റെ ഭാര്യയാണ്. മക്കളാണ്. ചില കുടുംബത്തിൽ കാണുന്ന പെൺഭരണംപോലെ….
ബി: നിങ്ങളെന്തൊക്കെയോ എഴുതുന്നു, പറയുന്നു. എനിക്കൊന്നും മന സ്സിലാകുന്നില്ല. ഞാൻ പോട്ടെ. പിന്നെ വരാം…

അവളും പോയി. ചാറ്റിൽനിന്നും അവൾ ഡിസ്കണക്ടായി. ഇങ്ങനെ പോകുന്നവരുടെ പാതയിൽ എ തനിച്ചായി. ഉദയനെപ്പോലെ ആബിദും ഒറ്റയ്ക്കായി. ഈ ഒറ്റപ്പെടലിൽനിന്നും രക്ഷപ്പെടാനായിരുന്നു ഉദയൻ ചാറ്റിൽ കണ്ട പുതിയ പേരുമായി അടുത്തത്. പറഞ്ഞുപറഞ്ഞ് അവർ കാടുകയറിയത്. കൊടും തണുപ്പിൽ തീ കാഞ്ഞത്. ഒടുവിൽ കാട്ടിലേക്കെത്തിയപ്പോഴാണ്, ചൂട് തട്ടിയപ്പോഴാണ് അവൾ തന്റെ പാതിതന്നെയായിരുന്നു എന്ന സത്യം ഉദയൻ തിരിച്ചറിഞ്ഞത്. അവർ രണ്ടുപേരും ഒന്ന്, അവർക്ക് പറയാനുള്ളതും പങ്കിടാനുള്ളതും ഒന്ന്, ഈ ഒന്നാണ് ദാമ്പത്യത്തിലെ മഹത്തായ ഏറ്റവും വലിയ സത്യം. സത്യം, വേർപെടുമ്പോഴാണ് ഒന്നിന്റെ, ഒന്നിക്കലിന്റെ തീവ്രത അനുഭവപ്പെടുന്നത്.

ഉദയനെപോലെ എയും ഒരബദ്ധത്തിൽ ചെന്നുചാടണോ? വാസ്തവത്തിൽ ബി എന്ന ഇവൾ ആരായിരിക്കും? എയിൽനിന്നും പിണങ്ങിപ്പോയ, തനിച്ചാക്കിപോയ പ്രിയപത്നിതന്നെയായിരിക്കുമോ? ഹേയ്, അങ്ങനെയാവാൻ തരമില്ല.

ഇനി അവൾ വരുമ്പോൾ തീർച്ചയായും ചോദിക്കണം. നീ ആരാണ് പെണ്ണേ..? എന്താണ് നിന്റെ ജീവിതം…? ഒരുപക്ഷേ, അതിന് അവൾ പറയുമായിരിക്കും, “എന്നെ എന്റെ കെട്ടിയവൻ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാനയാളുടെ നാല് മക്കളെ പ്രസവിച്ചവളാണ്. മക്കളെ നല്ല നിലയിൽ നോക്കിയവളാണ്. ഞാനെന്റെ കുടുംബത്തേക്കാളും അങ്ങേരുടെ കുടുംബത്തെ, രോഗിയായ ഉമ്മയെ ശുശ്രൂഷിച്ചവളാണ്….”

ഒക്കെ ശരിതന്നെ, ഭാര്യാഭർതൃബന്ധം ചോക്കുകൊണ്ടെഴുതുന്ന അക്ഷരങ്ങൾപോലെയാണ്. എഴുതി പഠിച്ചശേഷം മായിക്കാൻ പറ്റുന്നത്. എന്നാൽ എഴുതിയതൊക്കെ ഒന്നും പഠിക്കാതെ എത്ര പെട്ടെന്നാണ് അയാളുടെ ഭാര്യ മായിച്ചുകളഞ്ഞത്? ഒരായുസ്സിന്റെ പാതിയിലേറെ അയാളും മറ്റൊരു ഭൂഖണ്ഡത്തിലായിരുന്നു. ജീവിക്കാനും ജീവിപ്പിക്കാനും വേണ്ടി നാടുവിട്ടുപോയത്. ചെയ്യാത്ത ജോലി ഒന്നുമില്ല. പറയാത്ത ഭാഷകൾ, കേൾക്കാത്ത ശകാരങ്ങൾ, പഠിക്കാത്ത പാഠങ്ങൾ… ഇല്ല, അവസാനം എല്ലാം കഴിഞ്ഞു തിരിച്ചെത്തുമ്പോഴേക്കും അയാൾക്കു നഷ്ടപ്പെട്ടത് സ്വന്തം മേൽവിലാസമായിരുന്നു. നാടായിരുന്നു, വീടായിരുന്നു, ഓടിക്കളിച്ച മുറ്റമായിരുന്നു. മഴ പകർത്തിയ ശരത്, ഹേമന്തം, ഗ്രീഷ്മം വീശിയ വാതിലുകളായിരുന്നു.

“മക്കൾക്കു വേണ്ട, പൊട്ടിപ്പൊളിഞ്ഞ നിങ്ങളുടെ തറവാട്. എനിക്കും വേണ്ട. അവിടെ ഇരിക്കാൻ കൊള്ളില്ല. അയൽക്കാർ വൻമതിലുകളാണ്. ബന്ധക്കാർ ഭൂതങ്ങളാണ്…” അങ്ങനെ പറഞ്ഞു പറഞ്ഞു ഭ്രാന്താക്കിയാണ് ഒടുവിൽ അയാൾ ആ പഴങ്കഥ വില്പനയ്ക്കു വെച്ചത്. മറ്റൊരിടത്തേക്കു കുടിയേറിയത്. മേൽവിലാസം മാറ്റിയെഴുതിയത്. മേൽവിലാസങ്ങൾ തമ്മിൽ അത വലിയ ദൂരമൊന്നുമില്ല. എന്നിട്ടും ജനിച്ച മണ്ണിൽനിന്നും മറ്റൊരിടത്തേക്ക് വേരിറങ്ങിപ്പോകുമ്പോൾ, പിഴുതുമാറ്റുമ്പോൾ, ആ നോവിന്, നീറ്റലിന് മറ്റൊരു പര്യായമില്ല. പണ്ട് മഹാത്മജിയും ജിന്നാ സാഹിബും വേർപിരിഞ്ഞപ്പോൾ, രണ്ടു രാജ്യമായിത്തീർന്നപ്പോൾ അന്നത്തെ ജനങ്ങൾ അനുഭവിച്ച മനോവേദന അയാൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. വേർപെടലിന്റെ, പലായനത്തിന്റെ മുറിപ്പാടുകൾ.

മുറിഞ്ഞും നീറിയും ഇങ്ങനെ തന്റെ ഏകാന്തതയിൽ ബിയുമായി അടുത്തുകൊണ്ടിരിക്കുകയാണ് എ. പണ്ട് “ഞാനും എന്റെ പെണ്ണും ഒരു കൂരയ്ക്കു കീഴിലാണു കഴിഞ്ഞത്. എന്നാൽ എന്റെ കിടപ്പുമുറിയിൽനിന്നും എത്രയോ അകലെയാണ് അവളുടെ രാജ്യം. ഞാനെന്നും അന്യസംസ്ഥാനത്ത്. അവൾ അവളുടെ ചുമരിൽ മാളമുണ്ടാക്കി ഒളിച്ചു കഴിയുന്നു…”

ഇതൊരു ഒളിച്ചുകളിയാണ് സഹോദരാ….. എയും ബിയും, എയുടെ ഭാര്യയും ബിയുടെ ഭർത്താവും, ഉദയനും അവന്റെ സഹധർമ്മിണിയും ഒക്കെ ചേർന്നുള്ള ഒളിച്ചുകളി, അപനാടകം. ആ നാടകത്തിൽ അഭിനയിച്ചു ജീവിച്ചു വിജയിക്കുകയാണ്. അല്ലെങ്കിൽ പരാജയപ്പെടുകയാണ് ഇവിടെ കുറേ കഥാപാത്രങ്ങൾ. ഒട്ടും ചായമില്ലാതെ, അവരവരുടെ വേഷം അണിഞ്ഞ് തകർത്തഭിനയിക്കുകയാണ്.

വേഷപ്പകർച്ചകൾക്കിടയിൽ, മോണിട്ടറിൽ എ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ബി അയാളെ ചുറ്റിവരിയുന്നു. എ ചോദിക്കുന്നു. ബി മറുപടി പറയുന്നു. ബി ചോദിക്കുന്നു, എ മറുപടി പറയുന്നു. ചോദ്യവും ഉത്തരവുംകൊണ്ട് ജീവിതം മുന്നേറുകയാണ് ചാറ്റിങ്ങിൽ.

അതൊരു വീടാണ്. അയാൾ ജനിച്ചു വളരുന്ന തറവാട്. കല്യാണം, മാർക്കക്കല്യാണം, കാതുകുത്ത്, നാളു നിശ്ചയം, നേർച്ച, ഒപ്പന, കോൽക്കളി, ദമുട്ട്, റാത്തീബ്, കുത്ത് റാത്തീബ് അരങ്ങേറിയ താവളം, അതിപ്പോൾ ആരോ വിലയ്ക്കെടുത്തിരിക്കുകയാണ്. വിലയ്ക്കെടുത്തവർ ഇതുവരെ അവിടെ താമസം തുടങ്ങിയില്ല. ഒരുപക്ഷേ, ആ വീട് അവർ ഇടിച്ചു നിരപ്പാക്കുമായിരിക്കും. അല്ലെങ്കിൽ പുതുക്കിപ്പണിയുമായിരിക്കും.
മൈലുകൾക്കിപ്പുറത്ത്, പുതിയ മേൽവിലാസത്തിലിരുന്ന് അയാൾ തന്റെ പഴയ വീടിന്റെ രേഖാചിത്രം ഒന്നുകൂടി കമ്പ്യൂട്ടറിൽ വാർത്തെടുത്തു. പതിയെ ആരവങ്ങളടങ്ങിയ അയാളുടെ മുറിയിൽ ഏകാന്തത കാടുപോലെ വളർന്നു. ഇരുട്ടു നിറഞ്ഞു. വൈറസ് ബാധിച്ച ഒരു ജീവിതംപോലെ….

Trending Now

Join with us