ഓണം സ്‌പെഷ്യൽ- 2026

ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്ന ഏതൊരു കലാരൂപവും പെട്ടെന്നുണ്ടാകുന്ന ഒന്നല്ല; അത് വിവിധ സംസ്കാരങ്ങളുടെയും ചരിത്രസന്ധികളുടെയും സ്വാഭാവികമായ കൈമാറ്റമാണ്. തൃശ്ശൂരിലെ സ്വരാജ് റൗണ്ടിൽ ഇന്ന് നാം കാണുന്ന പുലിക്കളി എന്ന ആയോധന മഹാമഹത്തിനു പിന്നിലും നിരവധി ചരിത്ര-സാംസ്‌കാരിക കഥകൾ ഉറങ്ങിക്കിടപ്പുണ്ട്.
കേരളത്തിന്റെ തനത് ഉത്സവങ്ങളിൽ ഏറ്റവും ജനകീയവും വിപുലവുമായ ഓണത്തിന്റെ പത്തുനാൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപനമായി നാലാം ഓണ നാളിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ അരങ്ങേറുന്ന കടുവക്കളി അഥവാ പുലിക്കളി, നാടോടി-ആയോധനകലകളുടെ ഒരു സമ്മിശ്ര ദൃശ്യവിസ്മയ വിരുന്നാണ്.
തൃശ്ശൂരിനു പുറമെ പാലക്കാട്, കൊല്ലം, തിരുവനന്തപുരം, കാസർകോട് തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും പുലിക്കളി അരങ്ങേറുന്നുണ്ട്. എങ്കിലും തൃശ്ശൂരിലെ പുലിക്കളിയാണ് കേരളത്തിലെ ഈ കലാരൂപത്തിന്റെ ഏറ്റവും പഴക്കമേറിയതും വികസിച്ചതുമായ രൂപമായി കണക്കാക്കപ്പെടുന്നത്.
ഒരു സംസ്ഥാന ആഘോഷത്തിനപ്പുറം, ‘കേരളത്തിന്റെ ദേശീയോത്സവം’ എന്ന പരിവേഷത്തിലേക്ക് ഓണത്തെ എത്തിക്കുന്നതിൽ ഈ നാടോടി നൃത്ത-വാദ്യ കലാരൂപത്തിനും തനതായ സ്ഥാനമുണ്ട്. അതിപുരാതനക്കാലത്ത് രൂപംകൊണ്ടതെന്നു കരുതപ്പെടുന്ന പുലിക്കളിയുടെ നരവംശശാസ്ത്രപരമായ പശ്ചാത്തലവും ചരിത്ര-സാംസ്കാരിക വികാസപരിണാമങ്ങളും നൂറ്റാണ്ടുകളോളം ആഴത്തിൽ വേരൂന്നിക്കിടക്കുന്ന ഒന്നാണ്.
ആദിമ മനുഷ്യൻ പ്രകൃതിയെയും വന്യജീവികളെയും ഭയപ്പാടോടെയും ആദരവോടെയും വീക്ഷിച്ചിരുന്ന കാലത്ത്, വന്യമൃഗങ്ങളുടെ ശൗര്യവും കരുത്തും തങ്ങളിലേക്ക് ആവാഹിച്ചെടുക്കാനും അവയെ കീഴ്‌പ്പെടുത്താനുമായി മൃഗങ്ങളോട് ഒരു മാനസിക താദാത്മ്യപ്പെടൽ അവലംബിച്ചിരുന്നു. വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും മുൻപേ, പ്രകൃതിദത്തമായ വിവിധ രൂപകങ്ങൾക്ക് പുറമെ, മൃഗരൂപങ്ങൾ ശരീരത്തിൽ വരച്ചു ചേർത്തോ, അവ കൃത്രിമമായി ഉണ്ടാക്കി ധരിച്ചോ, അവയുടെ തോലും തലയും മറ്റും അണിഞ്ഞോ ജീവിച്ചിരുന്ന രീതികൾ പ്രാചീന ഗോത്രസമൂഹങ്ങളുടെ സ്വഭാവങ്ങളിൽ നിലനിന്നിരുന്നതായി കാണാം.
ഇതിന്റെയൊരു സാമ്യത പുലിക്കളിയിലും കാണാവുന്നതാണ്. നരവംശശാസ്ത്രപരമായി പറയുകയാണെങ്കിൽ, കാടിന്റെ (പ്രകൃതിയുടെ) വന്യതയെ സ്വന്തം ശരീരത്തിലേക്ക് വരച്ചുചേർത്തുകൊണ്ട് നടത്തുന്ന ആദ്യകാല വേട്ടയാടൽ ശീലത്തിന്റെയും, മെയ്യെഴുത്തിലൂടെ തങ്ങളുടെ ഗോത്ര അടയാളങ്ങളും പ്രകൃതിബന്ധവും പ്രകടിപ്പിച്ചിരുന്ന രീതിയുടെയും സാംസ്കാരിക തുടർച്ചയായി വന്നതാകണം പുലിക്കളി എന്ന ഈ പ്രാചീന കലാരൂപം.
വനഭൂമികൾ കൃഷിഭൂമികളായും ഗ്രാമങ്ങളായും നഗരങ്ങളായും മാറിയപ്പോഴും ആദിമ വേട്ടയാടൽ സംസ്കാരത്തിന്റെ സ്മരണകൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കലാരൂപങ്ങളിലും അവശേഷിച്ചു. പുലിക്കളിപോലെയുള്ള കലകളിൽ കാണപ്പെടുന്ന, വേട്ടക്കാരനും ഇരയും തമ്മിലുള്ള സംഘർഷങ്ങളിലും താളവാദ്യങ്ങളിലും ചുവടുവെപ്പുകളിലും ആദിമകാല വേട്ടയാടൽ സംസ്കാരത്തിന്റെ ബഹിർസ്ഫുരണങ്ങൾ കാണാം.
പുലിവേഷക്കളിയിലെ സംഘകാല സ്വാധീനം:
കായികക്ഷമതയും ആയോധനമുറകളും താളബോധവും ഒത്തുചേരുന്ന അപൂർവ്വം നാടോടിക്കലകളിൽ ഒന്നായ പുലിക്കളിയ്ക്ക് എഴുതപ്പെട്ട ഒരു പ്രാഥമിക ചരിത്രത്തിന്റെ അഭാവമുണ്ടെങ്കിലും, പ്രാചീന മൃഗവേഷ നൃത്തരൂപങ്ങൾക്ക് സംഘകാലത്തെ കുറിഞ്ചി, വെട്ചി, കരന്തൈ തിണകളിലെ ചില അനുഷ്ഠാനങ്ങളോട് അഭേദ്യമായ സാമ്യമുള്ളതായി കാണാം.
ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ മധുരൈക്കാണ്ഡത്തിലെ 12-ാം ഭാഗമായ ‘വേട്ടുവവരി’ എന്ന കാവ്യഭാഗത്ത് വേട്ടക്കാർ തങ്ങളുടെ കുലദൈവമായ കൊറ്റവൈ(കാളി) യെ പ്രസാദിപ്പിക്കാനായി നടത്തുന്ന നൃത്തങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
ഇതിലെ 20 മുതൽ 35 വരെയുള്ള വരികൾ, ശാലോനി എന്ന വേടപ്പെണ്ണിനെ കൊറ്റവൈയെപ്പോലെ ഒരുക്കി, മാനിന്റെ പുറത്ത് ഇരുത്തുന്നതിന്റെ വർണ്ണനയാണ്. “ഇട്ടു തലൈയെണ്ണും എയിനരല്ലതു” എന്നു പറഞ്ഞു തുടങ്ങുന്ന ഈ ഭാഗത്ത്, തലയെണ്ണി തലകൊയ്യുന്ന വില്ലാളികളുള്ള കുടിയിലെ കന്യകയുടെ ചുരുളൻ മുടിയെ വെള്ളപ്പാമ്പിന്റെ കുട്ടിയെ ചരടാക്കി കെട്ടിവെച്ച്, കാവൽ മരങ്ങൾ നിറഞ്ഞ വേലിക്കെട്ടിനുള്ളിൽ കടന്നുകയറിയ ആനയുടെ വളഞ്ഞു വെളുത്ത കൊമ്പ് പിഴുതെടുത്ത്, ഉദിച്ചുയരുന്ന അർദ്ധചന്ദ്രനെപ്പോലെ അവളുടെ നെറ്റിയിൽ ചാർത്തുന്നതും, ശൗര്യമുള്ള പുലിയുടെ വായ് പിളർന്നെടുത്ത വെളുത്ത പല്ലുകൾ കോർത്ത താലിമാല അവളുടെ കഴുത്തിൽ അണിയിക്കുന്നതും, വരകളും പുള്ളികളും നിറഞ്ഞ വലിയ പുലിത്തോൽ അരയിൽ ഉടുപ്പായി ധരിപ്പിക്കുന്നതുമെല്ലാം വിവരിക്കുന്നുണ്ട്. പ്രാചീന മൃഗവേഷ ആചാരങ്ങളുടെ വ്യക്തമായ സൂചനകളാണ് ഈ വരികളിലുള്ളത്.
ഇതുപോലെ മൃഗങ്ങളെ, പ്രത്യേകിച്ച് പുലിവേഷത്തെ ആധാരമാക്കി രചിക്കപ്പെട്ട നിരവധി വരികൾ ഇതിൽ കാണാം. വരയൻ/പുള്ളിപ്പുലിയുടെ തോൽ ധരിച്ചും പുലിപ്പല്ലിന്റെ മാലയണിഞ്ഞും മാനിന്റെയോ മറ്റോ കൊമ്പുകൾ കയ്യിലേന്തി താളം കൊട്ടി, മൃഗങ്ങളുടെ ഭാവങ്ങളും ചലനങ്ങളും അനുകരിച്ച് വേടന്മാർ നൃത്തം ചെയ്യുന്ന വിവരണങ്ങൾ ഇതിന് തെളിവാണ്.
‘മറവർ’, ‘എയ്നർ’ തുടങ്ങിയ വേടവിഭാഗക്കാരുടെ പോരാട്ടവീര്യത്തെയും വേട്ടയാടൽ ആചാരങ്ങളെയും കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നുണ്ട്. നായാട്ടിനോ യുദ്ധത്തിനോ തയ്യാറെടുക്കുമ്പോൾ ‘തുടി’ എന്ന പ്രാചീന വാദ്യത്തിൽ ശബ്ദമുണ്ടാക്കി മൃഗങ്ങളുടെയും പോരാളികളുടെയും വീരഭാവങ്ങൾ പ്രകടിപ്പിക്കുന്ന നൃത്ത-വാദ്യ അനുഷ്ഠാനകലാരൂപം സംഘകാലത്തു നിലനിന്നിരുന്നു എന്ന വ്യക്തമായ സൂചന പുറനാനൂറിലെ ‘തുടിനിലൈ’യിലും കാണാം. മൃഗത്തോൽ വലിച്ചുകെട്ടിയുണ്ടാക്കുന്ന ‘തുടി’ (തണ്ണുമൈ) എന്ന പ്രാചീന വാദ്യോപകരണം കൊട്ടുന്ന ആളെ ‘ഇഴിചിനൻ’ എന്നാണ് വിളിച്ചിരുന്നത്. തമിഴ്‌നാട്ടിൽ ഇന്നും ‘പുലിയാട്ടം’ എന്ന പേരിൽ നിലനിൽക്കുന്ന നാടോടികലയും ഈ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ്.
അതേസമയം, സംഘകാലപാരമ്പര്യത്തിൽ നിന്നാണ് ഇന്നുകാണുന്ന പുലിക്കളി നേരിട്ട് രൂപംകൊണ്ടതെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാനുള്ള തെളിവുകൾ അപര്യാപ്തമാണ്. തൃശ്ശൂരിലെ/ കേരളത്തിലെ പുലിക്കളിപോലെയുള്ള മൃഗവേഷ കായികസംസ്കാരം തനതു വാദ്യങ്ങളോടെ തമിഴ്‌നാടിനു പുറമെ, അക്കാലത്തെ ഒട്ടുമിക്ക ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലും നിലനിന്നിരുന്നു എന്നത് നരവംശശാസ്ത്രപരമായ ഒരു വസ്തുതയാണ്.
ഇന്ത്യൻ ആഘോഷങ്ങളിലെ പുലിവേഷ പ്രകടനങ്ങളും ചരിത്ര വസ്തുതകളും:
കേരളത്തിനു പുറമെ മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ത്രിപുര, അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ ഇന്ത്യയിലെ ചില ഗോത്രമേഖലകളിലും നടന്നുവരുന്ന വിവിധ ആഘോഷങ്ങളിൽ പുലിവേഷധാരികളുടെ പ്രകടനങ്ങൾ കാണാം. ഇതിൽ ഭൂരിഭാഗവും നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന നാടോടി പാരമ്പര്യങ്ങളാണ്.
ഒഡീഷയിലെ ഗഞ്ചാം–ബെർഹാംപൂർ പ്രദേശത്ത് ചൈത്രമാസത്തിൽ നടക്കുന്ന ‘മാ ബുധി ഠാകുറാണി’ യാത്രയോടനുബന്ധിച്ച് ‘ബാഗ നാച്ച’ എന്ന പേരിൽ ഈ പുലിവേഷ നൃത്തം അവതരിപ്പിക്കപ്പെടുന്നു; പശ്ചിമ ബംഗാളിലും ഈ പേരിൽ തനത് പുലിവേഷങ്ങളുണ്ട്. ആന്ധ്രാപ്രദേശിൽ ‘പുലി വേഷ’ എന്നും തെലങ്കാനയിൽ ‘പേട പുലി’ (Peda Puli) എന്നും ഇതറിയപ്പെടുന്നു. തമിഴ്‌നാട്ടിലെ ‘പുലിയാട്ടം’ സ്വാമി അയ്യപ്പന്റെ നാടോടി സങ്കൽപ്പങ്ങളുമായും മഴയ്ക്കും കാർഷിക അഭിവൃദ്ധിക്കുമുള്ള ഗ്രാമീണ ചടങ്ങുകളുമായും ബന്ധപ്പെട്ടുക്കിടക്കുന്നു. മഹാരാഷ്ട്ര, കർണ്ണാടക, ഗോവ തുടങ്ങിയ ഇടങ്ങളിൽ പ്രധാനമായും മുഹറം, ദസറ, നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഇവ അരങ്ങേറുന്നത്. മംഗലാപുരം-ഉഡുപ്പി തുളുനാട് മേഖലയിൽ ‘പിലി വേഷ’/ ഹുലിവേഷ എന്ന പേരിൽ ദുർഗ്ഗാദേവിയുടെ വാഹനമായ കടുവയെ പ്രീതിപ്പെടുത്താനുള്ള വഴിപാടായി ഇത് നടക്കുന്നു.
ഇത്തരം ആഘോഷങ്ങളിൽ പുലിവേഷ പ്രകടനങ്ങൾ ഉത്ഭവിച്ചത് എന്ന് മുതലാണെന്നതിന് കൃത്യമായ ചരിത്രരേഖകൾ ലഭ്യമല്ലെങ്കിലും, ഇന്ത്യയിലെ പുലിവേഷ ചരിത്രത്തെയും പാരമ്പര്യങ്ങളെയും അടുത്തറിയാൻ ഏറ്റവും ശക്തമായ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങൾ കർണ്ണാടകയും മഹാരാഷ്ട്രയുമാണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിനും പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിനുമിടയിലാണ് ദക്ഷിണേന്ത്യയിൽ ഈ പ്രവണത സജീവമായതെന്ന നിഗമനത്തിലേക്ക് ചില ലിഖിത-ദൃശ്യാടയാളങ്ങൾ വിരൽചൂണ്ടുന്നു. ഇറാഖിലെ കർബലയിൽ നടന്ന, പ്രവാചകൻ മുഹമ്മദ് നബിയുടെ പൗത്രനായ ഇമാം ഹുസൈന്റെയും അനുചരന്മാരുടെയും രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന മുഹറം ആശൂറ ദിനത്തിൽ നടത്തപ്പെടുന്ന തബൂത്ത്/താസിയ ഘോഷയാത്രകളിലും ആലം (പഞ്ചാ) പ്രകടനങ്ങളിലുമാണ് ഇത് കൂടുതലായും അടയാളപ്പെട്ടു കാണുന്നത്.

എന്നാൽ, പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യക്കാലഘട്ടങ്ങളിലാണ് ഇത്തരം പുലിവേഷപ്രകടനങ്ങൾ ഈ ആഘോഷങ്ങളിലേക്ക് കടന്നുവന്നത് എന്നു കരുതുന്നു. 1666-ൽ, ഹൈദരാബാദിലെ ഗോൽക്കൊണ്ടയിൽ നടന്ന ഒരു മുഹറം ആഘോഷം നേരിട്ട് കണ്ടതായി രേഖപ്പെടുത്തിയ ഫ്രഞ്ച് യാത്രികനായ ജീൻ ഡി തെവെനോട്ട് (Jean de Thévenot) ഈ ആഘോഷത്തിൽ പുലിവേഷ പ്രകടനങ്ങൾ ഉള്ളതായി പറയുന്നില്ല. വിവിധ വേഷങ്ങളിലുള്ള സംഘങ്ങൾക്കു പുറമെ, നഗ്നവാളുകൾ മുകളിലേക്ക് പിടിച്ച് വട്ടത്തിൽ നൃത്തം ചെയ്യുകയും വാളുകൾ തമ്മിൽ കൂട്ടിയിടിപ്പിക്കുകയും “ഹുസ്സൈൻ” എന്ന് വിളിച്ചുപറയുകയും ചെയ്യുന്നവരെകുറിച്ച് വിവരിക്കുന്ന അദ്ദേഹം, ഗോൽക്കൊണ്ടയിലെ മുഹറം ആഘോഷം പേർഷ്യയിലേതിനേക്കാൾ പ്രകടനപരവും ജനകീയവുമാണെന്ന് അഭിപ്രായപ്പെടുന്നു.
അതുപോലെ, കൊളംബിയ യൂണിവേഴ്സിറ്റി ആർക്കൈവ്സിലെ 1790–1800 കാലഘട്ടത്തിലുള്ളതെന്നു കരുതപ്പെടുന്ന ഒരു ഉത്തരേന്ത്യൻ താസിയ നിർമാർജ്ജന ചിത്രത്തിൽ ആളുകൾ അർദ്ധനഗ്നരായി വാദ്യമേളങ്ങളോടെ നൃത്തം ചെയ്യുന്നത് കാണാമെങ്കിലും, പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ശൈലിയിലുള്ള ഈ ചിത്രത്തിൽ, കളിക്കാരുടെ ദേഹത്ത് പുലിവേഷമോ മെയ്യെഴുത്തോ പ്രത്യക്ഷപ്പെടുന്നില്ല.
അതേസമയം 1832ൽ, ഹൈദരാബാദിലെ പണ്ഡിതനായ ജാഫർ ഷെരീഫ് എഴുതി, ജി.എ. ഹെർക്ലോട്ട്സ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ‘Qanoon-e-Islam’ (Customs of the Moosulmans of India – 1832) എന്ന ഗ്രന്ഥത്തിൽ മുഹറത്തിലെ പുലിവേഷത്തെക്കുറിച്ചുള്ള സൂചനകളുണ്ട്. മുഹറം ആഘോഷങ്ങളുടെ ഭാഗമായി കൃത്രിമ കടുവയുടെ (ബാഘ്) തല ഉൾപ്പെടെയുള്ള വേഷം ധരിക്കുന്നവരെയും, ശരീരം കടുവയെപ്പോലെ ചായം പൂശുന്നവരെയും കുറിച്ച് ഇതിൽ സൂചിപ്പിക്കുന്നു. അരയിൽ ചങ്ങലയോ കയറോ കെട്ടി, മുളകൊണ്ടുണ്ടാക്കിയ നീണ്ട വാലുകൾ പിടിപ്പിച്ച്, യഥാർത്ഥ കടുവകളുടെ ചലനങ്ങളെ അനുകരിച്ച് ചാടുന്ന വേഷക്കാരെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു.
1858-ലെ ‘Bombay Times and Journal of Commerce’ രേഖകളെ ഉദ്ധരിച്ചുള്ള അടുത്ത കാലത്തു നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്, ബോംബെയിലെ മുഹറം ഘോഷയാത്രകളിൽ ശരീരത്തിൽ പുലിയെപ്പോലെ പെയിന്റ് ചെയ്ത്, മുളകൊണ്ടുള്ള നീണ്ട വാലുകൾ പിടിപ്പിച്ച് മൈം പോരാട്ടങ്ങൾ (Mime Battles) നടത്തുന്ന രീതി സാർവത്രികമായിരുന്നു എന്നാണ്.
ഫ്രഞ്ച് സഞ്ചാരിയായ ലൂയി റൂസലെ 1876-ൽ പ്രസിദ്ധീകരിച്ച ‘L’Inde des Princes’ എന്ന ഗ്രന്ഥത്തിൽ, ബോംബെയിൽ നടന്ന ഒരു തബൂത്ത് നിർമാർജ്ജനം ചിത്രീകരിക്കുന്ന എമൈൽ ബയാർഡിന്റെ എൻഗ്രേവിങ് ചിത്രത്തിൽ, വാദ്യമേളങ്ങൾക്കൊപ്പം ദേഹത്ത് കടുവ വരകൾ വരച്ച് ചുവടുവെക്കുന്ന വേഷക്കാരെയും താളവാദ്യക്കാരെയും കാണാം. 1876 സെപ്റ്റംബർ 30-ലെ ‘The Illustrated London News’ വാരികയിൽ അച്ചടിച്ചുവന്ന മറ്റൊരു ചിത്രത്തിലും, കൊളോണിയൽ കാലത്തെ കടുവക്കളി കാണാം. അതുപോലെ, ബ്രിട്ടീഷുകാരോ സൈനിക വേഷം ധരിച്ചവരോ ഇത്തരം കടുവക്കളികളിൽ പങ്കെടുത്തിരുന്നെന്ന് ‘A Human Tiger: A Black-and-Yellow Devotee’ എന്ന ചിത്രം പറയുന്നു. ചിത്രത്തിൽ, കൈകളും കാലുകളും മണ്ണിലൂന്നി, ‘നാലുകാലിൽ ഇരിക്കുന്ന’ രീതിൽ മുട്ടുകുത്തി ഇരിക്കുന്ന കടുവ വേഷധാരിയെ ഒരു ബ്രിട്ടീഷുകാരൻ/വേഷധാരി മുട്ടുകുത്തിനിന്ന് തോക്കിൽ നിന്നും നിറയൊഴിക്കുന്നതും കടുവ വേഷധാരിയുടെ പിന്നിൽ ഘടിപ്പിച്ച കൃത്രിമ വാൽ വീഴാതിരിക്കാൻ മറ്റൊരു ഗ്രാമീണൻ താങ്ങിപ്പിടിച്ചു നിൽക്കുന്നതും ഒരല്പം ദൂരെ നിന്ന് മറ്റു മൂന്നുപേർ വാദ്യോപകരണങ്ങൾ മുഴക്കുന്നതും കാണാം. അതോടൊപ്പം, ഉയരമുള്ള പറമ്പിന്റെ മുകളിൽ നിന്നും ആ കാഴ്ച കാണാൻ നിൽക്കുന്ന ഏതാനും ആളുകളെയും ഈ അപൂർവ്വ ചിത്രം കാട്ടിത്തരുന്നു.
ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ആർ.വി. റസൽ (R.V. Russell) തന്റെ ‘The Tribes and Castes of the Central Provinces of India’ (1916) എന്ന ഗ്രന്ഥത്തിൽ, കർണ്ണാടകയിലെയും സെൻട്രൽ പ്രൊവിൻസിലെയും മുഹറം ആഘോഷങ്ങളിൽ പ്രതിഫലത്തിനായി പുരുഷന്മാരും ആൺകുട്ടികളും പുലിവേഷമിട്ട് ചുറ്റിനടന്നിരുന്നതായി പറയുന്നു. ഇതിന്റെ ഒന്നാം വാല്യത്തിൽ, ‘Representing a tiger at the Muharram festival’ എന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും ചേർത്തിട്ടുണ്ട്. ഈ ചിത്രത്തിൽ, പുലിവേഷധാരിയെ ഇരുവശങ്ങളിലും ചങ്ങലയിൽ ബന്ധിപ്പിച്ച്, ഇരുഭാഗത്തും നില്കുന്ന ആളുകൾ പിടിച്ചിരിക്കുന്നതും മുഖംമൂടിയണിഞ്ഞ പുലിവേഷധാരി നൽക്കാലിയെപോലെ നിൽക്കുന്നതും കുട്ടികളും പുരുഷന്മാരുമായ ഗ്രാമവാസികൾ അതു കണ്ടു നിൽക്കുന്നതും കാണാം. ഈ ചിത്രത്തിൽ, പുലിക്ക് വാലും കാണാം. കളിക്കൊപ്പം ഡ്രംസുകളും കുഴൽവാദ്യവും മുഴക്കുന്ന വാദ്യക്കാരും അകമ്പടിയായി ചിത്രത്തിലുണ്ട്.
എന്നാൽ, ഇറാഖിലെയോ മധ്യപൂർവേഷ്യയിലെയോ താസിയ നാടകങ്ങളിലോ മുഹറം ആഘോഷങ്ങളിലോ ഇത്തരം മെയ്യെഴുത്ത് തുള്ളലുകൾ ഉണ്ടായിരുന്നില്ലെന്നു നിരീക്ഷിക്കുന്ന റസ്സൽ, കർബലയിൽ രക്തസാക്ഷിയായ ഇമാം ഹുസൈന്റെ ഭൗതികശരീരത്തിന് കാവൽ നിന്നിരുന്നതെന്നു പറയപ്പെടുന്ന ‘സിംഹത്തിന്റെ’ സ്മരണയുമായി ഇതിന് ആഴത്തിലുള്ള ബന്ധമുണ്ടെന്നും സൂചിപ്പിക്കുന്നു. ഈ ‘സിംഹസങ്കൽപ്പ’ ഐതിഹ്യം ദക്ഷിണേന്ത്യൻ-ഡെക്കാൻ മേഖലകളിലേക്ക് കടന്നുവന്നപ്പോൾ, തദ്ദേശീയ സംസ്കാരത്തിൽ സിംഹവും പുലിയും പരസ്പരമാറ്റം ചെയ്യപ്പെട്ടതാകാമെന്നും റസൽ നിരീക്ഷിക്കുന്നുണ്ട്.
ഇസ്‌ലാമിക പാരമ്പര്യത്തിൽ, പ്രവാചകൻ മുഹമ്മദ് നബിയുടെ പിതൃസഹോദര പുത്രനും മകൾ ഫാത്തിമയുടെ ഭർത്താവും കർബലയിൽ രക്തസാക്ഷിത്വം വരിച്ച ഇമാം ഹുസൈന്റെ പിതാവുമായ, ‘അസദുല്ലാഹ്’ (ദൈവത്തിന്റെ സിംഹം) എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഹസ്രത്ത് അലിയുമായി ബന്ധപ്പെട്ടും ദക്ഷിണേഷ്യയിലെ ചില മുസ്ലിം സമൂഹങ്ങളിലും സിലോൺ (ശ്രീലങ്ക) മുസ്ലിമുകൾക്കുള്ളിലും പുലിവേഷം ധരിച്ചുള്ള പ്രകടനങ്ങൾ ഉണ്ടായിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. താസിയ നാടകങ്ങളിൽ പ്രത്യക്ഷമാകുന്ന ‘കർബലയിലെ സിംഹം’ എന്ന പ്രതീകാത്മകതയിലെ ‘സിംഹം’ പുലിയായി മാറിപ്പോയതാകാമെന്ന റസലിന്റെ നിരീക്ഷണം കണക്കിലെടുത്താൽ, ഹസ്രത്ത് അലിയുമായി ബന്ധപ്പെട്ടാണ് താസിയ നാടകങ്ങളിലെ ‘കർബലയിലെ സിംഹം’ എന്ന പ്രതീകാത്മകത കിടക്കുന്നതെന്ന അനുമാനത്തിലേക്ക് എത്താവുന്നതാണ്. മുഹറം–ആശൂറാ ആചരണങ്ങളിൽ ഉൾപ്പെട്ടിരുന്ന ഈ മൃഗവേഷ കായിക വിനോദം ‘അലി പുലിയാട്ടം’ എന്ന പേരിലാണ് നടത്തിയിരുന്നത്. എന്നാൽ, സിലോൺ പുലിവേഷ പ്രകടനങ്ങൾക്ക് അധികക്കാലം പഴക്കമുള്ളതായി കാണുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നും സിലോണിൽ കുടിയേറിയവരാണ് ഇത് അവിടെ പ്രചരിപ്പിച്ചതെന്നാണ് അനുമാനിക്കപ്പെടുന്നത്.
1890 സെപ്തംബർ 4നു പുറത്തിറങ്ങിയ, സിലോണിലെ ‘ദി സിലോൺ ഒബ്സെർവെർ’ ഇംഗ്ലീഷ് ദിനപത്രത്തെ ഉദ്ധരിച്ചുകൊണ്ട്, ഓക്‌സ്‌ഫോർഡ് ബ്രസെനോസ് കോളേജിലെ ഷമറ വെട്ടിമുനി തയ്യാറാക്കിയ, ‘The 1915 Anti-Moor Pogrom and Ethno-Religious Violence in Ceylon, 1853 – 1915’ എന്ന ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി തീസിസിസിൽ സിലോൺ പുലിക്കളിയെകുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.
മുഹറം–ആശൂറാ കാലത്ത് ഇമാം ഹുസൈന്റെ സ്മരണയ്ക്കായി പത്ത് ദിവസം വീടുകളിൽ ‘ഹുസൈൻ മൗലിദ്’ പാരായണം ചെയ്തിരുന്നതായും അതിനോടനുബന്ധിച്ച് ഒരാൾ ശരീരമാകെ മഞ്ഞ വരകൾ വരച്ച്, നീണ്ട വാൽ ഘടിപ്പിച്ച് പുലിയുടെ രൂപത്തിൽ ഒരുങ്ങുകയും, വീടുതോറും നൃത്തം ചെയ്ത് “അലി പുലി ജൗസൻ ജലിമാൻ” എന്ന് വിളിച്ചുപറയുകയും ചെയ്തിരുന്നുവെന്നും പാരിതോഷികങ്ങൾ കൈപ്പറ്റിയിരുന്നെന്നും ചില പ്രാദേശിക ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു.



ഇപ്രകാരം ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ, പതിനെട്ട്, പത്തൊൻപത് നൂറ്റാണ്ടുകളോടെ ദക്ഷിണേന്ത്യയിൽ വേരൂന്നിയ പുലിവേഷക്കളി ഇരുപതാം നൂറ്റാണ്ടോടെ വ്യാപകമായതായും ബ്രിട്ടീഷ് കൊളോണിയൽ ഇന്ത്യയിൽ, മുഹറം ഘോഷയാത്രയോടനുബന്ധിച്ച് ‘കടുവ വേഷ’ പ്രകടനങ്ങൾ നടന്നു വന്നിരുന്നതായും വ്യക്തമാകുന്നു.
ദേഹത്ത് കറുപ്പും മഞ്ഞയും നിറങ്ങൾ വരച്ചു ചേർത്ത്, കടുവയുടെ കാതുകളും മുഖസാദൃശ്യവുമുള്ള തൊപ്പികളും ഇക്കാലത്ത് ഉപയോഗത്തിൽ ഉണ്ടായിരുന്നതായും ചിത്രങ്ങളിൽ കാണാം. ശരീരത്തിൽ കെട്ടിയ കയറിൽ(ചങ്ങല) ലോ കടുവ വേഷക്കാരന്റെ വാലിലോ പിടിച്ചുകൊണ്ട്, കടുവ വേഷക്കാരനെ ചാട്ടവാറുകൊണ്ട് നിയന്ത്രിക്കുന്ന വേട്ടക്കാരന്റെയും ഇരയുടെയും പ്രതീകങ്ങളായാണ് അക്കാലത്തെ ഇത്തരം പ്രകടനങ്ങൾ കൂടുതലും നടത്തപ്പെട്ടത്.
ബ്രിട്ടീഷ് ഭരണകൂടത്തിനെ ഇരയെ(പുലിയെ) വെടിവെച്ചിടുന്ന വേട്ടക്കാരനായും കടുവ വേഷക്കാരനെ പ്രാദേശിക- ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രതിനിധിയായും ചിത്രീകരിച്ചുകൊണ്ട്, കൊളോണിയൽ പട്ടാള ക്യാമ്പുകളിൽ രൂപം കൊണ്ട ഒരു ആക്ഷേപഹാസ്യ കലാരൂപമായും ഇതിനെ കാണാനുള്ള ഒരു സാധ്യതയും ‘A Human Tiger: A Black-and-Yellow Devotee’ പോലെയുള്ള കൊളോണിയൽ കമ്പനി ചിത്രങ്ങൾ ഇതോടൊപ്പം തുറന്നിടുന്നുണ്ട്.

ഡെക്കാൻ വഴി സ്വരാജ് റൗണ്ടിലെത്തിയ പുലിക്കെട്ടുക്കളി; ഒരു ചരിത്രാനുമാനം:
നിലവിൽ ലഭ്യമായ തെളിവുകളുടെയും അവയുടെ താരതമ്യവിശകലനത്തിന്റെയും അടിസ്ഥാനത്തിൽ, ദക്ഷിണേഷ്യയിലെ ഷിആ–പേർഷ്യൻ മുഹറം–ആശൂറാ ആചാരപരിസരങ്ങളിൽ വളർന്നുവന്ന ചില പുലിവേഷ/മൃഗവേഷ പ്രകടനങ്ങൾ, ഡെക്കാൻ വഴിയുള്ള സാംസ്കാരിക-സൈനിക സമ്പർക്കങ്ങളിലൂടെ തൃശൂരിലേക്ക് എത്തിയിരിക്കാമെന്ന് അനുമാനിക്കാവുന്നതാണ്. ഇത്, നിലവിലെ ഐതിഹ്യവുമായി പൊരുത്തപ്പെട്ടു കിടക്കുന്നു.
തൃശൂരിലെ നിലവിലെ പുലിക്കളി ഐതിഹ്യവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രധാന കഥ മൈസൂർ ഭരണാധികാരികളായ ഹൈദർ അലിയുടെയും ടിപ്പു സുൽത്താന്റെയും സൈനിക സാന്നിധ്യവുമായി ബന്ധപ്പെടുന്നതാണ്. 1776 ഓഗസ്റ്റിൽ ഹൈദർ അലിയുടെ സൈന്യാധിപൻ സർദാർ ഖാൻ സൈന്യവുമായി വടക്കൻ കൊച്ചിയിലേക്കു വന്ന് തൃശൂർ കോട്ട പിടിച്ചെടുക്കുകയും തൃശൂർ മൈസൂർ സൈന്യത്തിന്റെ നേരിട്ടുള്ള ഭാഗമാകുകയും ചെയ്തിരുന്നു. 1789–92 കാലത്തെ ടിപ്പു സുൽത്താന്റെ കൊച്ചി–തിരുവിതാംകൂർ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ തൃശൂർ വീണ്ടും പ്രധാന സൈനിക മേഖലയായി.
ഈ സാഹചര്യത്തിൽ, മൈസൂർ സൈന്യത്തോടൊപ്പം ഡെക്കാൻ സംസ്കാരത്തിൽ നിലനിന്നിരുന്ന മുഹറം ആചാരങ്ങളും അതോടൊപ്പമുള്ള പുലിവേഷ കലാപ്രകടനങ്ങളും തൃശൂരിലെത്തിയിരിക്കാമെന്ന സാധ്യത തള്ളിക്കളയാനാവില്ല. പിൽക്കാലത്തെ വാമൊഴി ചരിത്രങ്ങളിൽ, തൃശൂർ ചെട്ടിയങ്ങാടിയിലെ പോസ്റ്റ് ഓഫീസ് റോഡിലുള്ള ഹനഫി സുന്നത്ത് ജുമാ മസ്ജിദിന്റെ പറമ്പിലാണ് കേരളത്തിലെ ആദ്യകാല പുലിക്കളി അരങ്ങേറിയതെന്നും, ആ ഭാഗം ‘ഷേർഖാന’ അഥവാ ‘കടുവകളുടെ പറമ്പ്’ എന്നറിയപ്പെട്ടിരുന്നുവെന്നും പറയപ്പെടുന്നു. മുഹറം ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഈ പ്രകടനങ്ങൾ പോസ്റ്റ് ഓഫീസ് റോഡിൽനിന്ന് കൊക്കാല വരെ ഘോഷയാത്രായായി നടത്തിയിരുന്നെന്നും പറയപ്പെടുന്നു.
പൂത്തോൾ സ്വദേശിയും കൈയ്യാങ്കളി അഭ്യാസിയുമായിരുന്ന വെളുത്തേടൻ ശങ്കരൻ പഠാണി സൈനികരോടൊപ്പം ചേർന്ന് ഈ പ്രകടനത്തിൽ പങ്കെടുത്തുവെന്നും, അതിനെ തൃശൂരിലെ ജനകീയ ആഘോഷമാക്കി മാറ്റുന്നതിൽ പങ്കുവഹിച്ചുവെന്നും ഒരു കഥയുണ്ട്. അതേസമയം, ശങ്കരനല്ല, പൂത്തോളിലെ വേലായുധനാണ് പുലിക്കളിയെ ജനകീയമാക്കാൻ മുൻകൈ എടുത്തതെന്ന മറ്റൊരു വാദവും നിലനിൽക്കുന്നു. ഒരുപക്ഷേ, പേരുകളെക്കുറിച്ചുള്ള പിൽക്കാല ഓർമ്മപ്പിഴവോ, ശങ്കരനും വേലായുധനും ഉൾപ്പെടെയുള്ള തദ്ദേശീയരുടെ ഒരു സംഘത്തിന്റെ കൂട്ടായ ഇടപെടലോ ആയിരിക്കാം ആധുനിക തൃശൂർ പുലിക്കളിയുടെ ജനകീയവൽക്കരണത്തിന് പിന്നിൽ.
പുലിക്കളിയുടെ ഭാഗമായി ഇന്നു നടത്തിവരുന്ന ‘പുലിമേളം’ എഴുപത് വർഷം മുമ്പ് തൃശ്ശൂർകാരനായ തോട്ടുങ്കൽ രാമൻകുട്ടി ആശാനാണ് ചിട്ടപ്പെടുത്തിയതെന്ന് ഒരു വായ്മൊഴിയുണ്ട്. ചെണ്ട, തകിൽ (വീക്ക), ഇലത്താളം എന്നിവയാണ് പുലിമേളത്തിന്റെ പ്രധാന വാദ്യോപകരണങ്ങൾ. ആദ്യകാലത്ത് ഉടുക്കും ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. മേളത്തിനൊപ്പം വേഷക്കാരും സഹായികളും ‘പുലിക്കൊട്ടും പനംതേങ്ങേം…’ എന്ന വായ്ത്താരിയും മുഴക്കാറുണ്ട്. അക്കാലത്ത് ഈ പ്രകടനം ‘പുലിക്കെട്ടിക്കളി’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നതെന്നും പറയപ്പെടുന്നു.
അതേസമയം, വെളുത്തേടൻ ശങ്കരൻ മുതൽ തോട്ടുങ്കൽ രാമൻകുട്ടി ആശാൻ വരെയുള്ള പേരുകൾക്കും അതിനോടൊന്നിച്ചുള്ള കഥകൾക്കും അധികക്കാലത്തെ പഴക്കമില്ലെന്നും അവ സോഷ്യൽ മീഡിയയോടെ കടന്നുവരവോടെ ആവിർഭവിച്ചതാണെന്നും ഉള്ള വാദങ്ങളും നിലനിൽക്കുന്നു.
ആദ്യക്കാല ഐതിഹ്യം അനുസരിച്ച്, തൃശ്ശൂരിൽ നിന്നുമുള്ള ടിപ്പുവിന്റെ പിന്മാറ്റത്തിനു ശേഷവും തൃശ്ശൂരിൽതന്നെ ജീവിതം തുടർന്നു വന്ന മൈസൂർ സൈന്യത്തിലെ പഠാണി/പട്ടാണി വിഭാഗക്കാരിലെ ഏതാനും പട്ടാളക്കാരും തദ്ദേശീയരും തൃശൂരിന്റെ തെരുവുകളിൽ അവതരിപ്പിച്ചിരുന്ന ഈ ആയോധന-മെയ്യഭ്യാസ പ്രകടനത്തെ കൊച്ചി മഹാരാജാവായ ശക്തൻ തമ്പുരാൻ ഓണാഘോഷങ്ങളുമായി സമന്വയിപ്പിച്ചു. 1886-ഓടെയാണ് ഇത് ഇന്നത്തെ പുലിക്കളിയുടെ രൂപത്തിലേക്ക് പരിണമിച്ചതെന്നും നാലോണത്തിന് വടക്കുംനാഥ ക്ഷേത്രത്തെ ചുറ്റിയുള്ള സ്വരാജ് റൗണ്ടിലേക്ക് മാറ്റിയതെന്നും പറയപ്പെടുന്നു.
സ്വാതന്ത്ര്യാനന്തരം, പുലിക്കളി ഏതാനും കാലം മുടങ്ങുകയും, പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തദ്ദേശീയരും പഴയ പഠാണി സൈനികരുടെ പിന്മുറക്കാരും ചേർന്ന് ഇത് പുനരാരംഭിക്കുകയും ചെയ്തതായുള്ള പ്രാദേശിക ഓർമ്മകളും നിലനിൽക്കുന്നു. ഓണത്തിന്റെ ഭാഗമായി പുലിക്കളി നടത്തിത്തുടങ്ങിയ ആദ്യകാലത്ത്, തിരുവോണം നാളിലായിരുന്നുവെന്നു ഇതു നടത്തപ്പെട്ടിരുന്നതെന്നും പിന്നീട് തൃശൂരിലെ ഓണാഘോഷങ്ങളുടെ സമാപനമായ നാലോണം നാളിലേക്ക് മാറ്റിയതാണെന്നും പറയപ്പെടുന്നു.
മുഹറം കാലവും ഓണക്കാലവും പലപ്പോഴും അടുത്തടുത്തായി വന്നിരുന്നതും, തൃശൂരിലെ ഭൂരിപക്ഷ ജനസമൂഹം ഹിന്ദുക്കളായിരുന്നതും പരിഗണിക്കുമ്പോൾ, മുഹറം ആചാരത്തിൽ നിലനിന്നിരുന്ന ഈ മെയ്യഭ്യാസ- മൃഗവേഷ പ്രകടനം പിന്നീട് നഗരത്തിലെ പൊതുസാംസ്കാരിക ആഘോഷമായ ഓണത്തിലേക്ക് ഉൾക്കൊള്ളപ്പെട്ടിരിക്കാമെന്ന സാധ്യതയാണുള്ളത്.

കോളോണിയൽ രേഖകളിലെ നിശബ്ദത:
പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലെയും പ്രമുഖ ബ്രിട്ടീഷ്- നാട്ടുരാജ്യ ഭരണരേഖകളിലോ, കേരളത്തിലെ നാടോടി-ആയോധന കലകളെക്കുറിച്ച് പഠിച്ച ചരിത്രഗ്രന്ഥങ്ങളിലോ തൃശ്ശൂരിലെ പുലിക്കളിയെക്കുറിച്ച് പരാമർശമില്ല എന്നത് ശ്രദ്ധേയമായ ഒരു ചരിത്ര വസ്തുതയാണ്.
തൃശ്ശൂർ നഗരത്തിന്റെ ശില്പിയും ഐതിഹ്യപ്രകാരം പുലിക്കളിയെ ഓണവുമായി ബന്ധിപ്പിച്ച ഭരണാധികാരിയുമായിരുന്ന ശക്തൻ തമ്പുരാനെക്കുറിച്ചുള്ള കൊളോണിയൽ രേഖകളിൽ പോലും ഇത്തരം ഒരു പരാമർശം കണ്ടെത്തിയിട്ടില്ല. ഇതിൽ നിന്നും, കേരളത്തിന്റെ സംസ്കാരം, ആഘോഷങ്ങൾ, കലകൾ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന അക്കാലത്തെ പ്രമുഖ ചരിത്ര രേഖകളിലെല്ലാം ഈ കലാരൂപം നിശബ്ദമാക്കപ്പെടുകയോ പ്രാധാന്യമില്ലാതെ മാറ്റിനിർത്തപ്പെടുകയോ ചെയ്തു എന്ന് വേണം അനുമാനിക്കാൻ.
ചരിത്രരേഖകളിലെ ഈ മൗനത്തിൽ ഏറ്റവും സവിശേഷമായ ശ്രദ്ധ അർഹിക്കുന്നത്, 1911-ൽ പുറത്തിറങ്ങിയ സി. അച്യുതമേനോന്റെ ‘കൊച്ചി സ്റ്റേറ്റ് മാനുവൽ’ (Cochin State Manual) ആണ്. 1862-ൽ ഗുരുവായൂരിലെ ചങ്ങരംപൊന്നത്ത് നായർ തറവാട്ടിൽ ജനിച്ച അച്യുതമേനോൻ കേവലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ മാത്രമായിരുന്നില്ല; അക്കാലത്തെ പ്രമുഖ ചരിത്രകാരനും സാഹിത്യനിരൂപകനും ‘വിദ്യാ വിനോദിനി’ സാഹിത്യ മാസികയുടെ പത്രാധിപരും കൊച്ചി ഭാഷാ പോഷിണി സഭയുടെ സജീവ പ്രവർത്തകനുമായിരുന്നു.
തൃശ്ശൂരിലെ ഹൈദര്‍ അലി- ടിപ്പു പടയോട്ടങ്ങളെയും ശക്തന്‍ തമ്പുരാന്റെ ഭരണപരിഷ്‌കാരങ്ങളെയും തൃശ്ശൂര്‍ നഗര വികസനത്തെയും സവിസ്തരം പ്രതിപാദിക്കുകയും, കൊച്ചി നാട്ടുരാജ്യത്തിലെ തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ക്ഷേത്രോത്സവങ്ങള്‍, തിരുവാതിര, ഓണം, പൂരങ്ങള്‍, നാടന്‍ കായിക വിനോദങ്ങള്‍ എന്നിവയെല്ലാം രേഖപ്പെടുത്തുകയും ചെയ്ത അദ്ദേഹം, സ്വരാജ് റൗണ്ടിലെ പുലിക്കളിയെക്കുറിച്ചോ മൈസൂര്‍ പട നടത്തിയെന്നു പറയപ്പെടുന്ന മുഹറം അഭ്യാസങ്ങളെക്കുറിച്ചോ പൂര്‍ണ്ണമായും മൗനം പാലിച്ചു. തൃശ്ശൂരിലെ പുലിക്കളിക്കുള്ളത്, ശക്തന്‍ തമ്പുരാന്റെ കാലത്തെ 200 വര്‍ഷത്തെ പഴക്കമോ, അല്ലെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അവസാനത്തോടെയോ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ഉത്ഭവിച്ചതോ ആധുനികവല്‍ക്കരിക്കപ്പെട്ടതോ ആയ ഐതിഹ്യമോ നിഗമനങ്ങളോ ആണെങ്കില്‍പോലും, അക്കാലത്തെ തൃശ്ശൂരുകാരനായ ഒരു ചരിത്രകാരന് അത് അറിയാതിരിക്കാന്‍ വഴിയില്ല എന്നതൊരു പ്രധാന വസ്തുതയായി മുന്നില്‍ നില്‍ക്കുന്നു.
കൊച്ചി സ്റ്റേറ്റ് മാനുവലിൽ മാത്രമല്ല, തൃശൂർ- കൊച്ചി പ്രദേശത്തിന്റെ ചരിത്രം, ജനജീവിതം, മതാചാരങ്ങൾ, ജാതി- സമുദായ ഘടന എന്നിവ രേഖപ്പെടുത്തിയിരിക്കുന്ന മറ്റു പ്രമുഖ കൊളോണിയൽകാല ഗ്രന്ഥങ്ങളിലും ഈ നിശ്ശബ്ദത ശ്രദ്ധേയമാണ്. ഫ്രാ പൗലീനോ ദ സാൻ ബാർത്തലോമിയോ തന്റെ 1776–1789 കാലത്തെ നേരിട്ടുള്ള നിരീക്ഷണങ്ങളെ ആധാരമാക്കി രചിച്ച ‘A Voyage to the East Indies’ എന്ന ഇറ്റാലിയൻ കൃതി, ഫ്രാൻസിസ് ബുക്കാനന്റെ ‘A Journey from Madras through the Countries of Mysore’, ‘Canara and Malabar (1807)’, കേണൽ മാർക്ക് വിൽക്സിന്റെ ‘Historical Sketches of the South of India (1810)’, ഡോ. ക്ലോഡിയസ് ബുക്കാനന്റെ തൃശ്ശൂർ സന്ദർശനം ഉൾപ്പെടുന്ന ‘Christian Researches in Asia (1811)’ യാത്രാവിവരണം, ഫ്രാൻസിസ് ഡേയുടെ ‘The Land of the Permauls or Cochin’, ‘Its Past and Its Present (1863)’, വില്യം ലോഗന്റെ ‘Malabar Manual (1887)’, എഡ്ഗാർ തെർസ്റ്റന്റെ ‘Castes and Tribes of Southern India (1909)’, ഇംപീരിയൽ ഗസറ്റിയർ ഓഫ് ഇന്ത്യ, കൂടാതെ കൊച്ചി സർക്കാരിന്റെ എത്നോഗ്രാഫിക് സർവ്വേയുടെ ഭാഗമായി എൽ. കെ. അനന്തകൃഷ്ണ അയ്യർ തയ്യാറാക്കിയ ‘The Cochin Tribes and Castes (1909, 1912)’ എന്നിവ പരിശോധിക്കുമ്പോൾ, തൃശൂർ നഗരത്തിലെ മുഹറം- പുലിവേഷ പ്രകടനമോ പിന്നീട് പുലിക്കളിയായി പരിണമിച്ചുവെന്ന് പറയപ്പെടുന്ന അതിന്റെ പ്രാദേശിക പാരമ്പര്യമോ സംബന്ധിച്ച ഒരു സൂചനയും ലഭ്യമാകുന്നില്ല.
ഇവയിൽ, സി. അച്യുതമേനോന്റെ കൊച്ചി സ്റ്റേറ്റ് മാനുവൽപോലെത്തന്നെ, അനന്തകൃഷ്ണ അയ്യരുടെ The Cochin Tribes and Castes, ഫ്രാൻസിസ് ഡേയുടെ കൊച്ചി ചരിത്രം എന്നിവയുടെ നിശ്ശബ്ദത കൂടുതൽ ശ്രദ്ധേയമാണ്; കാരണം ഇവ തിരുകൊച്ചി- തൃശൂർ പ്രദേശത്തെ ജനജീവിതവും ആചാരങ്ങളും സമുദായങ്ങളും വിശദമായി രേഖപ്പെടുത്താൻ ഉദ്ദേശിച്ച കൃതികളാണ്.
ദക്ഷിണേന്ത്യയിലെ സമുദായങ്ങളെക്കുറിച്ചുള്ള അനന്തകൃഷ്ണ അയ്യരുടെയും എഡ്ഗാർ തെർസ്റ്റന്റെയും കൃതികളിൽ വടക്കുംനാഥ ക്ഷേത്രം, സ്മാർത്തവിചാരം, തെയ്യം, വേലൻ തുള്ളൽ, കാടർ-പുലയർ ആചാരങ്ങൾ, ഓണം, വിഷു എന്നിവയെല്ലാം വിശദീകരിക്കുന്നുമുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓണത്തല്ല്, തിരുവാതിരക്കളി, കോൽക്കളി, പന്തുകളി തുടങ്ങിയവ വിസ്തരിക്കുന്ന ഇവർ പുലിക്കളിയെക്കുറിച്ച് മിണ്ടുന്നില്ല. പ്രധാനമായും ജാതി- ഗോത്ര സമുദായ പഠനങ്ങൾ (Ethnographic Surveys) നടത്തിയിരുന്ന ഇവർ, ഒരു പ്രത്യേക സമുദായത്തിന്റെ വ്രതാനുഷ്ഠാനമോ കുലത്തൊഴിലോ അല്ലാത്ത, സാധാരണക്കാർ തെരുവിൽ നടത്തിയിരുന്ന ഒരു പ്രാദേശിക വിനോദത്തെ തങ്ങളുടെ പഠനപരിധിയിൽ ഉൾപ്പെടുത്താതിരുന്നതാകാം ഇതിനു കാരണം.
എന്നാൽ, ഒന്നര പതിറ്റാണ്ടിനുമേൽ നീണ്ടുനിന്ന തൃശ്ശൂരിലെ മൈസൂർ പടയുടെ സാന്നിദ്ധ്യവും കൊച്ചി രാജ്യത്തിന്റെ പൊതുവായ രാഷ്ട്രീയ- സാമൂഹിക ജീവിതക്രമങ്ങളും ഉത്സവങ്ങളും രേഖപ്പെട്ടു കിടക്കുന്ന അച്യുതമേനോന്റെ കൊച്ചി സ്റ്റേറ്റ് മാനുവലിൽ ഇത് അടയാളപ്പെടാതെപോയതിന്റെ കാരണം വ്യക്തമല്ല. അക്കാലത്ത് പുലിക്കളിയെയൊരു അനൗദ്യോഗിക നാടോടി വിനോദം (Informal Folk Carnival) അഥവാ, ഒരു തെരുവുകലമാത്രമായി കണ്ടിരുന്നതിനാലാകാം അച്യുതമേനോൻ ഉൾപ്പെടെയുള്ള അന്നത്തെ ഭരണകൂട ചരിത്രകാരന്മാർ ഇതിനെ അടയാളപ്പെടുത്താതെ പോയത്.
ഒരുപക്ഷെ, ഒരു പണമിടയെങ്കിലും അന്നേ അടയാളപ്പെട്ടിരുന്നെങ്കിൽ, പുലിവേഷക്കളി അഥവാ പുലിക്കെട്ടുക്കളിയെന്ന ഈ കലാരൂപത്തിന്റെ തൃശ്ശൂരിലെ ഉദയത്തിനു സ്വന്തമായൊരു ചരിത്രമെങ്കിലും ലഭിക്കുമായിരുന്നു എന്നൊരു ചരിത്യ്രസത്യം ഇന്ന് അവശേഷിക്കുന്നു.
ആധുനികക്കാല അടയാളപ്പെടുത്തലുകൾ:
കൊളോണിയല്‍ കാലഘട്ടത്തിനുശേഷം, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ആധുനിക ചരിത്രപണ്ഡിതന്മാരുടെയും ഫോക്ലോര്‍ ഗവേഷകരുടെയും ശ്രദ്ധയിലേക്ക് തൃശ്ശൂരിലെ പുലിക്കളി എത്തിത്തുടങ്ങുന്നത്. ഇതില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ‘പുലിക്കളി’യെ രേഖപ്പെടുത്തിയ ആദ്യകാല ഭരണകൂട- ഔദ്യോഗിക ചരിത്രരേഖ എ. ശ്രീധരമേനോന്‍ എഡിറ്റ് ചെയ്ത് 1962-ല്‍ പുറത്തിറക്കിയ ‘കേരള ഡിസ്ട്രിക്റ്റ് ഗസറ്റിയര്‍: തൃശ്ശൂര്‍’ ആണെന്ന് കരുതപ്പെടുന്നു. പുലിക്കളിയുടെ പഠാന്‍/പട്ടാള പശ്ചാത്തലത്തെക്കുറിച്ചുള്ള വാമൊഴി ചരിത്രങ്ങളുടെയും ഐതീഹ്യങ്ങളുടെയും ആദ്യത്തെ ലിഖിതരൂപം, 1974-ല്‍ പുത്തേഴത്ത് രാമമേനോന്‍ പുറത്തിറക്കിയ ‘തൃശൂര്‍ ട്രിച്ചൂര്‍’ എന്ന ചരിത്ര ഗ്രന്ഥത്തിലൂടെയാണ് വെളിച്ചത്തുവരുന്നത്.
ശ്രീധരമേനോന്റെയും പുത്തേഴത്തിന്റെയും പഠനങ്ങള്‍ക്കു ശേഷം, കേരള ത്തിലെ ഫോക്ലോര്‍ ഗവേഷണ ശാഖയില്‍ പ്രമുഖരായിരുന്ന വി.ആര്‍. പരമേശ്വരന്‍ പിള്ള, ഡോ. എം.വി. വിഷ്ണു നമ്പൂതിരി, ഡോ. എസ്.കെ. വസന്തന്‍, ഡോ. ശരണ്‍ എസ്., എം.ജി. ശശിഭൂഷണ്‍, മുരളി മട്ടാഞ്ചേരി തുടങ്ങിയവരുടെ പഠനങ്ങളിലും പുലിക്കളി രേഖപ്പെടുത്തപ്പെട്ടു. ഈ നിരീക്ഷണങ്ങളിലൂടെയാണ്, പില്‍ക്കാലത്ത് തൃശ്ശൂരിലെ പുലിക്കളി അതിലെ ദേശപങ്കാളിത്തവും നഗരത്തിലെ സംഘാടക സമിതികളുടെയും ക്ലബ്ബുകളുടെയും സ്വാധീനവും മൂലം ഇന്നത്തെ കൂറ്റന്‍ ‘നഗര മാമാങ്കമായി’ പരിണമിച്ച ചരിത്രം വ്യക്തമാകുന്നത്.
രണ്ടാം ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം
Join with us

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്‘ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്‘, ‘കുഞ്ഞമ്മാവൻ‘ എന്നീ പേരുകളിൽ എഐ കാർട്ടൂൺ കോളങ്ങളും സൂര്യ എന്ന പേരിൽ എഐ ഇല്ലുസ്ട്രേഷനുകളും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.







