AI illustration by Surya for the Malayalam Shortstory Aazhangalile Verukal by Joy P Y

ആഴങ്ങളിലെ വേരുകള്‍

“ജീവിതം പല വഴികളിലൂടെ കടന്നുപോയി. ചില വഴികൾ മറക്കാൻ കഴിയാത്തതാണ്. നിന്നെയും മോളെയും കാണണമെന്ന് തോന്നി വിലാസിനി. മോളെ കണ്ടപ്പോൾ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവൾ ഒരു യുവതിയായിരിക്കുന്നു,” അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

നഗരത്തിലെ തിരക്കുകൾ പിന്നിട്ട് ബസ് മുന്നോട്ടു നീങ്ങുമ്പോൾ, യാത്രാക്ഷീണത്തേക്കാൾ അയാളുടെ മനസ്സിൽ നിറഞ്ഞുനിന്നത് ഇരുപത്തിരണ്ട് വർഷം പുറകോട്ടുള്ള ആ പഴയ കാലമായിരുന്നു. യാത്ര അവസാനിപ്പിക്കേണ്ട ടൗണിന്റെ പേര് കണ്ടക്ടറോട് ചോദിച്ചപ്പോഴാണ് ഇനി പത്ത് കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ എന്ന് അയാൾ അറിഞ്ഞത്. ബസ് ഗ്രാമത്തിലേക്ക് പ്രവേശിച്ചപ്പോൾ റോഡിനിരുവശത്തും തെങ്ങും കവുങ്ങും വാഴയും നിറഞ്ഞ പച്ചപ്പ് തെളിഞ്ഞുതുടങ്ങി. പഴയ വിശാലമായ പറമ്പുകളെല്ലാം ഇന്ന് കോൺക്രീറ്റ് പുരയിടങ്ങൾക്ക് വഴിമാറിയിരിക്കുന്നുവെന്ന് അയാൾ ഓർത്തു.

മനസ്സിനെ അടക്കിനിർത്താൻ അയാൾക്ക് കഴിയുന്നില്ലായിരുന്നു. ഈ യാത്ര എന്തിനാണെന്ന് പോലും കൃത്യമായ നിശ്ചയമില്ലായിരുന്നു. വിലാസിനിയെയും മകളെയും ഒരുനോക്ക് കാണുക, സംസാരിക്കുക, ഉടനെ മടങ്ങുക. അത്രമാത്രം.

അയാളുടെ ചിന്തകൾ പിന്നോട്ട് സഞ്ചരിച്ചു. കണ്ണൂരിലെ തലശ്ശേരിയിൽനിന്ന് ചിത്രാലക്കര എസ്റ്റേറ്റിലെ റബ്ബർ ടാപ്പിംഗിന് എത്തിയ ചന്ദ്രേട്ടനെ കുട്ടികൾ പോലും അറിഞ്ഞിരുന്ന കാലം. റബ്ബർ മരങ്ങൾക്കിടയിലെ ചെറിയൊരു ഷെഡിലായിരുന്നു താമസം. പാവപ്പെട്ടവർ എന്തിനെങ്കിലും ഓടിവന്നാൽ വെറുംകൈയോടെ മടക്കി അയക്കാത്ത മനുഷ്യൻ എന്ന പേര് ആ നാട് വിട്ടുപോകുന്നതുവരെ അയാൾ നിലനിർത്തി. ഒറ്റയാനായതുകൊണ്ട് അത്തരം ചെലവുകൾ അയാൾക്ക് ഒരിക്കലും ഒരു ഭാരമായിരുന്നില്ല.

ഓർമ്മകൾ പെട്ടെന്ന് മറ്റൊരു കർക്കടക സായാഹ്നത്തിലേക്ക് വഴിമാറി. നിർത്താതെ പെയ്ത മഴയിൽ, വയലിലെ പണികൾ കഴിഞ്ഞ് പതിവ് കുളിക്കായി അയാൾ കുളക്കടവിലെത്തിയതായിരുന്നു. അപ്പോഴാണ് ഹൃദയം പിളർക്കുന്ന ആ നിലവിളി ഉയർന്നത്. എസ്റ്റേറ്റ് തൊഴിലാളിയായ വിലാസിനി തന്റെ മകളോടൊപ്പം തുണി അലക്കാനെത്തിയതായിരുന്നു. പായൽ പിടിച്ച കൽപ്പടവുകളിൽ കളിച്ചുനിന്ന മൂന്ന് വയസ്സുകാരി അപർണ, ഒരു നിമിഷം കൊണ്ട് ആഴമേറിയ കുളത്തിലേക്ക് വഴുതിവീണു. നീന്തൽ വശമില്ലാത്ത വിലാസിനി എന്തുചെയ്യണമെന്നറിയാതെ അലമുറയിട്ട് കരയുകയായിരുന്നു.

ആ നിലവിളി കേട്ട് ഒട്ടും ആലോചിക്കാതെ അയാൾ കലങ്ങിമറിഞ്ഞുകിടന്നിരുന്ന കുളത്തിന്റെ ആഴങ്ങളിലേക്ക് എടുത്തുചാടി. ഒടുവിൽ, ചേറിൽ പുതയാൻ തുടങ്ങിയ കുഞ്ഞുകൈകളിൽ അയാളുടെ കൈകൾ തടഞ്ഞു. അവളെ നെഞ്ചോടു ചേർത്ത് അയാൾ കരയ്ക്കടുപ്പിച്ചു.

“ചന്ദ്രേട്ടനെ ദൈവം അയച്ചതാണ്…” എന്ന് പറഞ്ഞ് തൊഴുതുനിന്ന വിലാസിനിയുടെ നിറഞ്ഞ കണ്ണുകൾ എത്രയോ രാത്രികളിൽ അയാളുടെ സ്വപ്നങ്ങളിൽ കടന്നുവന്നിട്ടുണ്ട്.

ബസ് എപ്പോഴാണ് നിർത്തിയതെന്ന് അയാൾ അറിഞ്ഞിരുന്നില്ല. കണ്ടക്ടർ സ്റ്റോപ്പിന്റെ പേര് ഉറക്കെ വിളിച്ചു പറഞ്ഞപ്പോഴാണ് അയാൾ ചിന്തകളിൽനിന്നുണർന്നത്. പഴയ ടൗൺ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. ഉയർന്ന റോഡിനപ്പുറത്തെ വയലുകൾക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പഴയ കുളക്കടവ് കരിങ്കല്ല് കെട്ടി ‘പഞ്ചായത്ത് കുളം’ എന്ന് നാമകരണം ചെയ്തിരിക്കുന്നു.

കുളക്കടവിൽനിന്ന് അല്പം നടന്നാൽ എത്തുന്ന വയലോരത്താണ് വിലാസിനിയുടെ വീടെന്ന് അയാൾ ഓർത്തു. വരമ്പിലൂടെ നടന്നുതുടങ്ങിയപ്പോൾ ദൂരെ വീട് കണ്ടു. പണ്ട് ഓടിട്ട വീടായിരുന്നിടത്ത് ഇന്ന് ചെറിയൊരു വാർക്കവീട് ഉയർന്നിരിക്കുന്നു. മുറ്റത്ത് തുണി ഉണക്കാനിടുകയായിരുന്ന യുവതിയുടെ പ്രസന്നമായ മുഖം കണ്ടപ്പോൾ വിലാസിനിയുടെ അതേ ഛായ തോന്നി.

“ആരെയാ നോക്കുന്നത്?” അവൾ ചോദിച്ചു.

“ഇത്… വിലാസിനിയുടെ വീടാണോ?” അയാൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“അതെ, എന്റെ അമ്മയാണ്. ആരാണെന്ന് പറഞ്ഞാൽ…” മെലിഞ്ഞ ശരീരവും പ്രായത്തിന്റെ ക്ഷീണം പ്രകടമായ മുഖവുമുള്ള അയാളെ യുവതി കൗതുകത്തോടെ വീക്ഷിച്ചു.

“ഞാൻ പണ്ട് ഇവിടത്തെ എസ്റ്റേറ്റിലെ ഒരു തൊഴിലാളിയായിരുന്നു. അമ്മയെ ഒന്ന് കാണാൻ പറ്റുമോ?”

അവൾ അകത്തേക്ക് നോക്കി വിളിച്ചു: “അമ്മേ, ആരോ വന്നിരിക്കുന്നു.”

സാരിത്തുമ്പ് ഇടുപ്പിൽ തിരുകി, പാതി നരച്ച മുടിയുള്ള ഒരു സ്ത്രീ ഉമ്മറത്തേക്ക് നടന്നു വന്നു. അയാളെ കണ്ടതും വിലാസിനി ഒരു നിമിഷം തറഞ്ഞുനിന്നു. അവരുടെ മുഖത്ത് മിന്നിമറഞ്ഞ തിരിച്ചറിവിന്റെ മിന്നലാട്ടം അയാൾ കണ്ടു.

“ചന്ദ്രേട്ടൻ…?” വിലാസിനിയുടെ ശബ്ദം ഇടറി. ഇരുപത്തിരണ്ട് വർഷം മുമ്പ് തന്റെ മകൾക്ക് പുനർജന്മം നൽകിയ ആ മനുഷ്യനെ അവർ മറന്നിരുന്നില്ല.

Read Also  സമത്വവാദം മണ്ടന്മാരുടെ തലമുറയെ സൃഷ്ടിക്കുന്നു; സ്ത്രീയും പുരുഷനും തുല്യരല്ല: കങ്കണ റണൗട്ട്

“അതെ, വിലാസിനിക്ക് എന്നെ ഓര്‍മ്മയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു,” അയാൾ പറഞ്ഞു. വിലാസിനിയുടെ കണ്ണുകൾ നിറഞ്ഞു.

“ഇത്രയും കാലം എവിടെയായിരുന്നു ചന്ദ്രേട്ടാ? ഒരിക്കൽപ്പോലും ഈ വഴിക്ക് വന്നില്ലല്ലോ?”

“ജീവിതം പല വഴികളിലൂടെ കടന്നുപോയി. ചില വഴികൾ മറക്കാൻ കഴിയാത്തതാണ്. നിന്നെയും മോളെയും കാണണമെന്ന് തോന്നി വിലാസിനി. മോളെ കണ്ടപ്പോൾ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവൾ ഒരു യുവതിയായിരിക്കുന്നു,” അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

വിലാസിനി അപർണയെ അടുത്തേക്ക് വിളിച്ച് അവളുടെ കൈ പിടിച്ചു പറഞ്ഞു,
“മോളേ, നീ എന്നും ചോദിക്കില്ലേ കുളക്കടവിൽ അന്ന് നിന്നെ രക്ഷിച്ച ആ ദൈവത്തെക്കുറിച്ച്… ഇതാണ് അദ്ദേഹം. ചന്ദ്രേട്ടൻ.”

അപർണയുടെ കണ്ണുകൾ വിടർന്നു. അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു; പിന്നെ അയാളുടെ അടുത്തെത്തി കൈകൂപ്പി.

“അമ്മ എന്നും പറയുമായിരുന്നു ആ അപകടത്തെക്കുറിച്ച്. അത് കേൾക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല.” അവൾ ആദരവോടെ പറഞ്ഞു.

അവർ ഉമ്മറത്തെ കസേരയിലേക്ക് അയാളെ ക്ഷണിച്ചിരുത്തി. സംസാരത്തിനിടയിൽ പഴയ കാര്യങ്ങൾ കടന്നുവന്നു. മദ്യപാനം ശിവദാസന്റെ ജീവൻ കവർന്നതും, ഒറ്റയ്ക്ക് മക്കളെ വളർത്താൻ വിലാസിനി അനുഭവിച്ച കഷ്ടപ്പാടുകളും അയാൾ വേദനയോടെ കേട്ടു. അപർണ ഇന്ന് ഒരു സർക്കാർ ആശുപത്രിയിലെ നഴ്‌സാണ്. ഇളയവൻ സതീഷ് പോലീസ് ഉദ്യോഗസ്ഥനും. താൻ അന്ന് ജീവൻ രക്ഷിച്ച ആ കൊച്ചുകുട്ടി ഇന്ന് രോഗികൾക്ക് സാന്ത്വനവും പരിചരണവും നൽകുന്ന ഒരാളായി മാറിയിരിക്കുന്നു എന്ന അറിവ് അയാളിൽ സന്തോഷം നിറച്ചു.

അല്പനേരത്തെ മൗനത്തിനുശേഷം അയാൾ തന്റെ ഇപ്പോഴത്തെ അവസ്ഥ പങ്കുവെച്ചു:
“ഞാനിപ്പോൾ പാലക്കാട് ഒരു എസ്റ്റേറ്റിലാണ്. കുടുംബം വേണമെന്ന് നല്ല കാലത്ത് തോന്നിയില്ല. ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അധികകാലം തുടരില്ലെന്നറിയാം. ഒരു വൃദ്ധസദനമാണ് അവസാനത്തെ ആശ്രയം.”

ഉള്ളിലെ സങ്കടം പുറത്തുകാണിക്കാതെ അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. വിലാസിനിയുടെ കണ്ണുകളിലെ നന്ദിയും അപർണയുടെ പുഞ്ചിരിയും തന്റെ യാത്രയെ അർത്ഥവത്താക്കിയിരിക്കുന്നതായി അയാൾ മനസിലാക്കി. വിലാസിനിയും അപർണയും പലവുരു നിർബന്ധിച്ചിട്ടും അവിടെ തങ്ങാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. ആ അമ്മയുടെയും മകളുടെയും മുഖങ്ങളിൽ തെളിഞ്ഞു നിന്നിരുന്ന വെളിച്ചത്തെമാത്രം കൈപ്പിടിച്ച് അയാൾ യാത്രപറഞ്ഞിറങ്ങി.

തിരികെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ വെയിലിന്റെ ചൂട് കുറഞ്ഞിരുന്നു. തണുത്ത വയൽക്കാറ്റ് അയാളെ തഴുകി കടന്നുപോയി.

Trending Now
Showing Slide 1 of 10: പോരുന്നോ കൂടെ, പൂക്കളം കണ്ടു നടക്കാൻ/സതീഷ് കളത്തിൽ എഴുതിയ ഓണക്കവിത/ഓണം 2026

Join with us