ഓണം സ്‌പെഷ്യൽ- 2026

കവിത ഗാനരൂപത്തിൽ കേൾക്കാൻ:

AI illustration by Surya for the Malayalam poem about Onam- Porunnokkoode Pookkalam Kandunadakkan by Sathish Kalathil

പോരുന്നോ കൂടെ,
പൂക്കളം കണ്ട് നടക്കാൻ…

ഒന്നാം ദിനം അത്തം നാൾ,
ആദിത്യന്റെ പൊൻതിരുന്നാൾ;
മഞ്ഞമുത്തുകൾ പൊഴിഞ്ഞു കിടക്കും;
ഒരു നിരയിട്ട പൂക്കളം കാണാം;
സമ്പൽ സമൃദ്ധിയുടെ പൂക്കളം കാണാം.

ചിത്തിരപ്പൂക്കും രണ്ടാം നാൾ,
ചിത്തിരത്തുമ്പികൾ പാറി നടക്കും;
വെൺതളിർ പ്രവാളങ്ങൾ ഈണമിട്ട,
രണ്ട് നിരയിട്ട പൂക്കളം കാണാം.

മൂന്നാം നാൾ,
ചോതിപ്പെണ്ണിന്റെ ചോന്ന ചേലൊത്ത
ഗോമേദകപ്പൂക്കൾ മിന്നും
മൂന്ന് നിരയൊത്ത പൂക്കളം കാണാം.

നാലാം നാളിൽ
പുഷ്പരാഗങ്ങൾ നാലായ് വിരിപ്പിട്ട
വിശാഖപ്പൂക്കളം കാണാം.
അഞ്ചാം നാളിൽ
ഇന്ദ്രനീലപ്പൂക്കൾ അഞ്ചായ് വിരിപ്പിട്ട
അനിഴപ്പൂക്കളം കാണാം.
ആറാം നാളിൽ
മരതകപ്പൂക്കൾ മയങ്ങിക്കിടക്കും
തൃക്കേട്ടപ്പൂക്കളം കാണാം.
ഏഴാം നാളിൽ
വൈഡൂര്യപ്പൂക്കൾ ഇന്ദ്രജാലം കാട്ടും
മൂലപ്പൂക്കളം കാണാം.
എട്ടാം നാളിൽ
കാക്കപ്പൂപ്പാടം നിറഞ്ഞ
പൂരാടപ്പൂക്കളം കാണാം.
ഒമ്പതാം നാളിൽ
മാണിക്യപ്പൂക്കൾ പൂത്തുലഞ്ഞ
ഉത്രാടപ്പൂക്കളം കാണാം.

ഒടുവിലൊടുവിൽ പത്താം നാൾ,
പത്തുനിരയിട്ട പൂക്കളം കാണാം;
മാരിവിൽ മുത്തുകൾ കോർത്ത
തിരുവോണപ്പൂക്കളം കാണാം.

പോരുന്നോ കൂടെ,
ഓണപ്പൂക്കളം കണ്ട് നടക്കാൻ;
തുമ്പപ്പൂക്കളുടെ തൂവെള്ള ചിരി കേൾക്കാൻ!

രണ്ടാം ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

Join with us

Latest Posts