ഓണം സ്‌പെഷ്യൽ- 2026

അച്ഛൻ വിടപറഞ്ഞു പോയ ദിവസം
അന്ന്… അച്ഛൻ വിടപറഞ്ഞുപോയ ദിവസം.
എന്നത്തേയുംപോലെ ഒരു സാധാരണ ദിവസമായിരുന്നില്ല അത്. പ്രകൃതിയിലും വൃക്ഷലതാദികളിലും പക്ഷിമൃഗാദികളിലും എന്തോ ഒരു പന്തിക്കേടുണ്ടെന്ന തോന്നൽ ഉണർന്നപ്പോൾ മുതൽ മനസ്സിൽ ശക്തമായിരുന്നു.
തോരാമഴയിലെ ആ പുലർക്കാലം എന്നെ തൊട്ടുണർത്തിയത് ചേർത്തടച്ച വാതിലുകളിലും ജനാലകളിലും കാറ്റുവന്ന് അതിശക്തമായി തട്ടിവിളിച്ചുകൊണ്ടായിരുന്നു. കാലവർഷം കനത്തതിന്റെ ആഘാതമായിരിക്കാം അതെല്ലാം എന്ന ചിന്ത മാത്രമാണ് ആ നേരത്ത് ഉള്ളിലുണർന്നത്.
പക്ഷേ, ആർത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദത്തിൽ തറവാട്ടുവീട്ടിലെ ഉമ്മറത്തുനിന്നും കേൾക്കാറുള്ള അച്ഛന്റെ പഴഞ്ചൻ തയ്യൽ മെഷീനിന്റെ കടകട ശബ്ദവും ചാരുകസേരയുടെ ഞെരുക്കവും ഇടതടവില്ലാതെ വരുന്ന അച്ഛന്റെ ചുമയും കലർന്നിരിക്കുന്നതുപോലെ തോന്നിത്തുടങ്ങിയ നിമിഷം മുതൽ മനസ്സിൽ ആപത്ശങ്ക നിറയാൻ തുടങ്ങി.
അകലങ്ങളിൽനിന്ന്,
‘അഭീ…’
എന്ന അച്ഛന്റെ നീട്ടിവിളി കാതിൽ വന്നലയ്ക്കുന്നതുപോലെ…
ആ കിടപ്പിൽ അനങ്ങാനാകാതെ കുറച്ചുനേരംകൂടി കിടന്നു.
തലേന്നാൾ നെടുമ്പാളിൽ പോയിരുന്നതാണ്. അന്നേരം, തീരെ അവശനായി തോന്നിയിരുന്നെങ്കിലും അച്ഛൻ കിടപ്പിലായിരുന്നില്ല. രണ്ടു തവണ അറ്റാക്ക് വന്നതിന്റെയും ഷുഗറിന്റെ രൂക്ഷമായ ആക്രമണത്തിന്റെയും പതിവു ലക്ഷണങ്ങൾക്കപ്പുറം മറ്റൊന്നും തോന്നിയില്ല.
തയ്യൽ മെഷീനുമൊത്ത് രാപ്പകലില്ലാതെ അധ്വാനിച്ച് രണ്ടു പെൺകുട്ടികളെ വളർത്തി മാന്യമായി വിവാഹം കഴിപ്പിച്ച അച്ഛൻ. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനുള്ള അത്യാവശ്യ സൗകര്യങ്ങളെല്ലാം സ്വരൂപിച്ച്, അമ്മയ്ക്കൊപ്പം ശാന്തമായൊരു ജീവിതസായാഹ്നം കഴിച്ചുകൂട്ടിവരികയായിരുന്നു.
മടങ്ങിപ്പോരുമ്പോൾ മക്കൾക്ക് ഓണക്കോടി വാങ്ങാനുള്ള പൈസ നിറഞ്ഞ ചിരിയോടെ എന്റെ കയ്യിൽ ഏൽപ്പിച്ചിരുന്നു.
വീടിന്റെ പുറകുവശത്തെ പാടത്ത് ഉദയസൂര്യൻ എത്തേണ്ട സമയം അതിക്രമിച്ചെന്നറിഞ്ഞിട്ടും എണീക്കാൻ തോന്നിയില്ല. പടിഞ്ഞാറുവശത്തെ വാഴത്തോപ്പിൽ ഒരു ആളനക്കം കേൾക്കുന്നതുപോലെ…
അച്ഛൻ മൂർക്കനാട് വന്നുനിൽക്കാറുള്ള ദിവസങ്ങളിൽ, കാറ്റും മഴയുമുള്ള രാത്രികൾക്കുശേഷമുള്ള പുലർക്കാലങ്ങളിൽ കുലച്ചുനിന്നിരുന്ന വാഴകൾ ഒടിഞ്ഞുവീണിട്ടുണ്ടോ എന്ന് അതിരാവിലെ ചെന്നുനോക്കുന്ന പതിവുണ്ടായിരുന്നു അച്ഛന്.
ആ ഓർമ്മ കടന്നുവന്നതോടെ, കിണറ്റിൻപടിയിലെ കപ്പി കരയുന്നതും തൊട്ടിയിലെ വെള്ളത്തിൽ കാൽ കഴുകുന്നതും അടുക്കളപ്പുറത്തെ ചായ്പ്പിൽ അന്തിയുറങ്ങാറുള്ള നായയുടെ തണുത്തുവിറങ്ങലിച്ച ഓരിയിടലും കേട്ടു. പതിയെ പിന്നാമ്പുറത്തുനിന്ന് പതിഞ്ഞ കാലൊച്ച ഉമ്മറപ്പടിയിലെത്തുന്നതും കേട്ടു. അതോടൊപ്പം വലിയൊരു ഇടിമുഴക്കമുണ്ടായി!
ആ സമയം നിറമില്ലാത്ത… മണമില്ലാത്ത… നിശ്ശബ്ദമായ ഒരു ശ്വാസോച്ഛ്വാസം എന്നെ വലയം ചെയ്യുന്നതും ഉള്ളിലേക്കത് തുളച്ചുകയറുന്നതും, കത്രികത്തഴമ്പുകൾ പതിഞ്ഞുകിടക്കുന്ന ഒരു കരലാളനം എന്നെ തൊട്ടുഴിഞ്ഞുപോകുന്നതും, തിമിരം പടർന്നതുപോലെ അടഞ്ഞുകിടക്കുന്ന മനക്കണ്ണിൽ തെളിയാൻ തുടങ്ങി.
വീടാകെ മൂടിക്കെട്ടിനിന്നിരുന്ന പുലർകാലത്തെ നേർത്ത വെളിച്ചത്തിൽ, അടുക്കളപ്പുറത്തിരുന്ന ഒരു ചില്ലുഗ്ലാസ് താഴെ വീണു പൊട്ടിച്ചിതറിയതിന്റെ ശബ്ദം നൂറായിരം ചീളുകളായി വീടിനെ ഉണർത്തുന്നതും, അവ എനിക്കുമേൽ ആർത്തലയ്ക്കാൻ കാത്തുനിൽക്കുന്നതായും മനസ്സ് മന്ത്രിച്ചു.
സുഭാഷേട്ടന്റെ ഫോണിലേക്ക് അമ്മയുടെ വിളിയെത്തിയതും ആ സമയത്തായിരുന്നു. അതോടെ ഉള്ളിൽ പെയ്തുകൊണ്ടിരുന്ന ആപത്ശങ്ക പൂർവാധികം ശക്തമായി. നെടുമ്പാളിലെ മേൽക്കൂരയ്ക്കു മുകളിൽ അനാഥത്വത്തിന്റെ പെരുമഴ പെയ്തു തുടങ്ങിയത് ആ നിമിഷം മുതൽ എന്റെ പ്രജ്ഞയിൽ വന്നുനിറഞ്ഞു.

രണ്ടാം ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം
Join with us

അഭിതാ സുഭാഷ്: തൃശ്ശൂർ ഇരിങ്ങാലക്കുട മൂർക്കനാട് സ്വദേശിനി. യോഗ ഇൻസ്ട്രക്ടർ. കുറച്ചുനാൾ പ്രതിഭാവം സബ് എഡിറ്റർ ആയിരുന്നു. ഭർത്താവ്: സുഭാഷ്. മക്കൾ: അർച്ചന, അഭിഷേക്, അയന.







